മേരിക്ക സാമ്പത്തികമായി എടുക്കുന്ന ഏതൊരു തീരുമാനവും ലോകസമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. മറ്റ് രാജ്യങ്ങള്‍ക്ക് പണികൊടുക്കാന്‍ കരുതിക്കൂട്ടിയുള്ള തീരുമാനമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരമൊന്നായിരുന്നു അമേരിക്കയുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം. ഇതുണ്ടാക്കിയ ആഘാതത്തില്‍ പകച്ചുനില്‍ക്കുകയാണ് വിവിധ ലോകരാജ്യങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായിരുന്നിട്ടും ഇന്ത്യയ്ക്ക് വലിയ ഇളവൊന്നും ട്രംപില്‍നിന്ന് കിട്ടിയിരുന്നില്ല. ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിട്ട ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തോടെ പല ഓഹരിവിപണികളിലുമുണ്ടായ ഇടിവ് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണ്. ഇന്ത്യയ്ക്കും ട്രംപിന്റെ പകരച്ചുങ്കം തിരിച്ചടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ സുപ്രധാനമായ ചില മേഖലകളില്‍ എതിരാളികളായ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്നിലാക്കാനുള്ള സുവര്‍ണാവസരവും ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ട്രംപ് തന്ന പണിയില്‍ ഇന്ത്യ എങ്ങനെ നേട്ടമുണ്ടാക്കും? ട്രംപില്‍നിന്ന് കൂടുതല്‍ ഇളവുകളെന്തെങ്കിലും ഇന്ത്യ പ്രതീക്ഷിക്കേണ്ടതുണ്ടോ?

To advertise here,

ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇനി മുതല്‍ നല്‍കേണ്ട തീരുവ 26 ശതമാനമാണ്. ട്രംപിന്റെ ഭാഷയില്‍ പറഞ്ഞാല്‍, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതിന്റെ പകുതി മാത്രം. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. പോയവര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 12,920 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യ കയറ്റി അയച്ചത് 8,740 കോടി ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങള്‍. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്തതാകട്ടെ 4,180 കോടി ഡോളറിന്റേതും. അതായത് ഇന്ത്യയ്ക്ക് 4,570 കോടി ഡോളറിന്റെ വ്യാപാരമിച്ചം. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഇന്ത്യയ്ക്കുള്ള ഈ ലാഭമാണ് ട്രംപിന്റെ അനിഷ്ടത്തിനുള്ള പ്രധാന കാരണം. 

എതിരാളികള്‍ക്ക് കനത്ത തീരുവഭാരം

അമേരിക്കയുടെ പകരച്ചുങ്കം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 2.5 ലക്ഷം കോടിയുടെ വരെ കുറവുണ്ടാക്കിയേക്കാമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 0.70 ശതമാനം വരുമിത്. എങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തുന്ന തരത്തിലേക്ക് ഇത് പോകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ വിപണിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളികളായ രാജ്യങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം എത്രയാണെന്ന് കൂടിയൊന്ന് നോക്കാം, 

ചൈന - 54 ശതമാനം
വിയറ്റ്‌നാം - 46 ശതമാനം 
ബംഗ്ലാദേശ് - 37 ശതമാനം 
തായ്‌ലാന്‍ഡ് - 36 ശതമാനം 

അതായത് എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ എത്രയോ ഭേദമാണ് ഇന്ത്യയുടെ അവസ്ഥ. മുഖ്യഎതിരാളികള്‍ കൂടുതല്‍ കനത്ത തീരുവഭാരം നേരിടുന്നത് ഇന്ത്യയ്ക്ക് അവസരങ്ങള്‍ തുറക്കുകയാണ്. ഈ സാധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്താനായാല്‍ യുഎസ് വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. അതായത് പകരച്ചുങ്കം ഒറ്റനോട്ടത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാണെങ്കിലും മുന്നോട്ടുള്ള വ്യാപാരത്തില്‍ ചില മേഖലകളില്‍ ഇന്ത്യയ്ക്ക് നേട്ടമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ നഷ്ടം ഇന്ത്യയ്ക്ക് നേട്ടമാകുമെന്നതാണ് ഏറ്റവും വലിയ സാധ്യത. 

ഇന്ത്യയ്ക്ക് ആധിപത്യം ഉറപ്പിക്കാനാകുമോ? 

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി ഫാര്‍മ മേഖലയിലാണ്. ആ മേഖലയെ ട്രംപിന്റെ പകരച്ചുങ്കം തൊട്ടിട്ടില്ല എന്നതാണ് ഇന്ത്യയ്ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന കാര്യം. പ്രതിവര്‍ഷം ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്ക് 74,000 കോടി രൂപയുടെ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജനറിക് മരുന്നകളടക്കം അമേരിക്കയുടെ ഇറക്കുമതിയുടെ 47 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഈ മേഖലയെ അധിക തീരുവയില്‍നിന്ന് ഒഴിവാക്കിയത് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് നേട്ടമാണ്. നിലവില്‍ ഇന്ത്യയില്‍നിന്നുള്ള ഫാര്‍മ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 10 ശതമാനമാണ് തീരുവ. അടിസ്ഥാന തീരുവ 10 ശതമാനമായതിനാല്‍ തുടര്‍ന്നും ഈ നിരക്കില്‍ കയറ്റുമതി സാധ്യമാകും.

പ്രതിവര്‍ഷം 11.1 ബില്യണ്‍ ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതില്‍ വലിയൊരു പങ്കും മൊബൈല്‍ ഫോണുകളാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ അസംബിള്‍ ചെയ്യുന്ന ആപ്പിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ട്രംപിന്റെ പ്രതികാരച്ചുങ്കം ഗുണം ചെയ്‌തേക്കും. ഈ മേഖലയിലെ മുഖ്യ എതിരാളികളായ ചൈനയ്ക്കും വിയറ്റ്‌നാമിനും ഇന്ത്യയെക്കാള്‍ തീരുവ ബാധകമാണ് എന്നതാണ് ഇതിന് കാരണം. വിയറ്റ്‌നാമിനെക്കാള്‍ 20 ശതമാനവും ചൈനയെക്കാള്‍ 28 ശതമാനവും തീരുവ ഇന്ത്യയ്ക്ക് കുറവാണ്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക്‌സ് മേഖലയിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനും സാധ്യതകളേറെയാണ്.

ഇതിന് സമാനമായി വസ്ത്ര വ്യാപാര മേഖലയിലും ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിക്കും. നിലവില്‍ യുഎസിലേക്കുള്ള വസ്ത്ര ഇറക്കുമതി ഏതാണ് 8,000 കോടി ഡോളറിന്റേതാണ്. ഇതില്‍ ഭൂരിഭാഗവും ചൈന, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നാണ്. ഇവര്‍ക്ക് പിന്നിലായി നാലാമതായാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ പുതിയ തീരുവയില്‍ എതിരാളികളായ മൂന്ന് രാജ്യങ്ങള്‍ക്കും ഇന്ത്യയെക്കാള്‍ തീരുവ ചുമത്തിയിട്ടുള്ളതിനാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അവിടേയും നേട്ടമുണ്ടാക്കാനാകും. ആവശ്യമനുസരിച്ച് പരമാവധി ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനായാല്‍ ഈ മേഖലയിലും ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞേക്കും.

കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ മുന്നിലുള്ള ശ്രീലങ്കയ്ക്ക് 44 ശതമാനമാണ് തീരുവ. അതായത് ആ മേഖലയിലും ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിച്ചേക്കാം. കയറ്റുമതിയില്‍ ഇന്ത്യയ്ക്കൊപ്പം മത്സരിക്കുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ കാര്യമെടുത്താലും ഇന്ത്യയെക്കാള്‍ വലിയ തീരുവയാണ് അമേരിക്ക ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യം ഫലപ്രദമായി ഉപയോഗിക്കാനായാല്‍ ട്രംപ് തന്നെ പണി ഇന്ത്യയ്ക്ക് അനുകൂലമാകാനും സാധ്യതകളേറെ.

പക്ഷേ, നഷ്ടം ചില്ലറയൊന്നുമല്ല

ട്രംപിന്റെ പകരച്ചുങ്കം ഇന്ത്യയില്‍നിന്നുള്ള രത്‌ന-ആഭരണ കയറ്റുമതിക്ക് വലിയ ആഘാതമുണ്ടാക്കും. നിലവില്‍ ഈ വിഭാഗങ്ങളില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം 1000 കോടി ഡോളറാണ്. ഇതില്‍ ഏറെയും വജ്രങ്ങളും 14, 18 കാരറ്റ് ആഭരണങ്ങളുമാണ്. ഈ മേഖലയിലെ നിര്‍മാതാക്കള്‍ക്കെല്ലാം പകരച്ചുങ്കം വലിയ നഷ്ടമുണ്ടാക്കും. ഏകദേശം 3 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി അമേരിക്കയിലേക്ക് നടക്കുന്ന ഓട്ടോമോട്ടീവ് കംമ്പോണന്റ്‌സ് മേഖലയിലും സമാനമായ നഷ്ടം ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ടാകും. 

പകരച്ചുങ്കം കാര്യമായി ബാധിക്കുന്ന മറ്റൊരു മേഖല സമുദ്രോത്പന്നങ്ങളാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 255 കോടി ഡോളര്‍ മൂല്യമുള്ള സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. തീരുവ വര്‍ധന ഈ മേഖലയിലെ ഇന്ത്യയുടെ കയറ്റുമതിക്ക് ചെലവ് വര്‍ധിപ്പിക്കും. നിലവില്‍ അമേരിക്കയിലേക്ക് ഏറ്റവും വലിയ ചെമ്മീന്‍ കയറ്റുമതിക്കാര്‍ ഇന്ത്യയായിരുന്നു. എന്നാല്‍ ഇന്ത്യയെക്കാള്‍ തീരുവ കുറവുള്ള എക്വഡോര്‍ നിലവിലെ സാഹചര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യ പിന്തള്ളപ്പെടും. ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി ഏറെയുള്ളത് കേരളത്തില്‍നിന്നായതിനാല്‍ നഷ്ടം കേരളത്തിനുമുണ്ടാകും.

ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്

അമേരിക്കയില്‍ എത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനമാണ് അടിസ്ഥാന തീരുവ. ഇത് ഏപ്രില്‍ അഞ്ച് മുതലും ഓരോ രാജ്യങ്ങള്‍ക്കും ബാധകമായ ഉയര്‍ന്ന തീരുവ ഏപ്രില്‍ ഒമ്പത് മുതലുമാണ് നിലവില്‍വരുക. അതായത് ട്രംപിന്റെ പ്രഖ്യാപനം വന്നെങ്കിലും അധിക തീരുവ നടപ്പാക്കാന്‍ ഓരാഴ്ചയിലേറെ ഇനിയും സമയമുണ്ട്. ഈ സമയദൈര്‍ഘ്യം നയതന്ത്രപരമായി വിലപേശാനും തുടര്‍ ചര്‍ച്ചകള്‍ക്കുമുള്ള ട്രംപിന്റെ സന്നദ്ധതയും സൂചിപ്പിക്കുന്നതാണ്. അതായത് പരസ്പരം വിട്ടുവീഴ്ചകള്‍ക്ക് മറ്റ് രാജ്യങ്ങള്‍ തയ്യാറാണെങ്കില്‍ കൂട്ടിയ തീരുവ തങ്ങള്‍ കുറച്ചേക്കുമെന്ന സൂചന കൂടിയാണ് ട്രംപ് നല്‍കുന്നത്. അമേരിക്കയുമായി വളരെ നല്ല ബന്ധമുള്ള ഇന്ത്യയ്ക്ക് മുന്നില്‍ ട്രംപ് വാതില്‍ കൊട്ടിയടച്ചിട്ടുമില്ല.

പകരച്ചുങ്കം ചുമത്തുമെന്ന് സൂചന കിട്ടിയ ഉടന്‍തന്നെ ട്രംപിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഹാര്‍ലി ഡേവിഡ്‌സണ്‍, ബേബണ്‍ വിസ്‌കി തുടങ്ങിയ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറച്ചിരുന്നു. ബേബണ്‍ വിസ്‌കിയുടേത് 150 ശതമാനത്തില്‍നിന്ന് 50 ശതമാനമാനമായും ഹാര്‍ലിയുടേത് 50 ശതമാനത്തില്‍നിന്ന് 30 ശതമാനവുമായാണ് കുറച്ചത്. എന്നാല്‍ ആ ഇളവൊന്നും തങ്ങള്‍ക്ക് പോര എന്നതിന്റെ തെളിവാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരേ ചുമത്തിയ 26 ശതമാനം പകരച്ചുങ്കം. 

അമേരിക്കയുമായി നടന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാറിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷയത്രയും. ഈ വര്‍ഷം സെപ്തംബര്‍ ഒക്ടോബറോടെ ഇതിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായേക്കും. 2030ഓടെ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം 50,000 കോടി ഡോളറാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാര്‍. ഇത് സാധ്യമായാല്‍ ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ച തീരുവ കുറഞ്ഞേക്കാം. അടിസ്ഥാന തീരുവ നിരക്കായ 10 ശതമാനത്തിലേക്ക് തീരുവ എത്തിക്കാനായാല്‍ ഇന്ത്യയ്ക്ക് അത് വലിയ നേട്ടമായും മാറും. എന്നാല്‍ അതിലേക്ക് ട്രംപിനെ എത്തിക്കാന്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യയും വലിയ വിട്ടുവീഴ്ചകള്‍ നടത്തേണ്ടി വന്നേക്കും.

തിരിച്ചടിക്കൊരുങ്ങി ലോകരാജ്യങ്ങള്‍

ഏതായാലും പകരച്ചുങ്കത്തിലൂടെ ആഗോള വ്യാപാരയുദ്ധം പ്രഖ്യാപിച്ച അമേരിക്കയ്ക്കെതിരേ ഇന്ത്യയും ജപ്പാനുമെല്ലാം മൗനത്തിലാണെങ്കിലും തിരിച്ചടിക്കുമെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച ചൈനയ്‌ക്കൊപ്പം അതേ ഭാഷയില്‍ പ്രതികരിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ, മെക്സിക്കോ, ഇറ്റലി, ബ്രസീല്‍, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ചെറിയ നികുതിക്ക് വേണ്ടി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം അറുത്തുമുറിക്കുന്നത് ശരിയാണോ എന്ന് ട്രംപ് ചിന്തിക്കണമെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍. ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുവയ്‌ക്കെതിരേ ലോകവ്യാപാര സംഘടനയില്‍ കേസുനല്‍കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ബ്രസീലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ ഇറങ്ങിത്തിരിച്ച ട്രംപ് ഇതൊന്നും കേട്ട മട്ടില്ല. 

ഏതായാലും ഇനിയറിയേണ്ടത് വിട്ടുവീഴ്ചയില്ലാത്ത ട്രംപിന്റെ തീരുമാനം കൊണ്ട് അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നാണ്. പകരച്ചുങ്കം മൂലം അമേരിക്കയില്‍ വലിയ വിലക്കയറ്റവും പണപ്പെരുപ്പവും വരാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Inshort - Analysis of US tariffs on Indian goods, including opportunities and challenges for various sectors. Impact on India`s GDP and future trade relations.