ലോകരാജ്യങ്ങളെ ദിവസങ്ങളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ ആ പ്രഖ്യാപനം വന്നിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയടക്കമുള്ള നൂറ്റി എണ്‍പതിലധികം രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 27 ശതമാനമാണ് തീരുവ. കംബോഡിയയും ബോട്‌സ്വാനയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. അതേസമയം ട്രംപിന്റെ താരിഫ് പട്ടികയിലെ ചില രാജ്യങ്ങളുടെയും ദ്വീപുകളുടെയും പേര് എല്ലാവര്‍ക്കും അത്ര സുപരിചിതമല്ല. പലരും ആദ്യമായിട്ടാവും ഈ പ്രദേശങ്ങളുടെ പേര് കേള്‍ക്കുന്നത് തന്നെ.

To advertise here,

ഇക്കൂട്ടത്തിലുള്ള രണ്ട് ദ്വീപുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവിടെ കച്ചവടവും കയറ്റുമതിയും പോയിട്ട് ജനവാസം പോലുമില്ല. അന്റാര്‍ട്ടിക്കയ്ക്ക് സമീപമായി ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഹേര്‍ഡ്, മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് പത്ത് ശതമാനമാണ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമുള്ള ഈ ദ്വീപുകളില്‍ നിന്ന് ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ 10 ശതമാനം ചുങ്കം നല്‍കണം. പല രാജ്യങ്ങളും കച്ചവടത്തില്‍ അമേരിക്കയെ ദീര്‍ഘകാലമായി മുതലെടുക്കുകയാണെന്നായിരുന്നു താരിഫ് ഏര്‍പ്പെടുത്താനുള്ള ന്യായമായി ട്രംപ് പറഞ്ഞുകൊണ്ടിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ട് അമേരിക്കയെ മുതലെടുത്തുകൊണ്ടിരുന്ന ഹേര്‍ഡിലെയും മക്‌ഡൊണാള്‍ഡിലെയും പെന്‍ഗ്വിനുകള്‍ക്കുള്ള തിരിച്ചടിയാണിതെന്നുള്ള ട്രോള്‍ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. 

placeholder
ട്രംപ് താരിഫ് പ്രഖ്യാപിക്കുന്നു

താരിഫ് അടയ്‌ക്കേണ്ടത് പെന്‍ഗ്വിനുകളോ

അന്റാര്‍ട്ടിക്കയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ആള്‍പ്പാര്‍പ്പില്ലാത്ത അഗ്നിപര്‍വത ദ്വീപുകളായ ഹേര്‍ഡ് ദ്വീപിനും മക്‌ഡൊണാള്‍ഡ് ദ്വീപിനുമാണ് ട്രംപ് പത്ത് ശതമാനം താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിന്റെ അറ്റം എന്നൊക്കെ പറയാവുന്ന ഈ ദ്വീപുകള്‍ ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ തീരമായ പെര്‍ത്തില്‍ നിന്ന് 4100 കിലോമീറ്റര്‍ അകലെയും അന്റാര്‍ട്ടിക്കയില്‍ നിന്ന് 1700 കിലോമീറ്റര്‍ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്. പെര്‍ത്തില്‍ നിന്ന് രണ്ടാഴ്ച ബോട്ടില്‍ സഞ്ചരിച്ചാല്‍ മാത്രമേ ഈ ദ്വീപുകളില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ഓസ്‌ട്രേലിയയുടെ കൈവശമുള്ള ഈ ദ്വീപുകള്‍ വര്‍ഷം മുഴുവന്‍ മഞ്ഞില്‍ മൂടിക്കിടക്കുന്ന പ്രദേശങ്ങളാണ്. വെറും 380,000 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇരു ദ്വീപസമൂഹങ്ങളും ചേര്‍ന്നുള്ള വിസ്തീര്‍ണം. നാല്‍പ്പത് കിലോമീറ്റര്‍ മാത്രമാണ് ഹേര്‍ഡ് ദ്വീപിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരേയുള്ള നീളം. സമുദ്രനിരപ്പില്‍ നിന്ന് 2745 കിലോമീറ്റര്‍ ഉയരത്തിലുള്ള ബിഗ് ബെന്‍ എന്ന അഗ്നിപര്‍വതമാണ് ഹേര്‍ഡ് ദ്വീപിന്റെ പ്രധാന ആകര്‍ഷണം. ബാക്കി ഭാഗങ്ങള്‍ മുഴുവനും മഞ്ഞും ഹിമാനികളുമാണ്. പാറകളും മഞ്ഞും നിറഞ്ഞ കുഞ്ഞുദ്വീപാണ് മക്‌ഡൊണാള്‍ഡ്. നൂറ് ഹെക്ടറില്‍ താഴെയാണ് ഈ ദ്വീപിന്റെ വിസ്തീര്‍ണം. 

placeholder
Photo: australian antarctic program

ട്രംപ് ഈ ദ്വീപുകള്‍ക്ക് പത്ത് ശതമാനം തീരുവ പ്രഖ്യാപിച്ചതോടെ ഉയരുന്ന ചോദ്യം ഇവിടെ ഏതെങ്കിലും തരത്തിലുള്ള മനുഷ്യവാസമുണ്ടോ എന്നതാണ്. ഇല്ല എന്ന് തന്നെയാണ് ഉത്തരം. മനുഷ്യവാസമുള്ള കരപ്രദേശത്ത് നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരത്തായതിനാലും ജീവിക്കാന്‍ അനുയോജ്യമല്ലാത്തതിനാലും വളരെ അപൂര്‍വമായി മാത്രമേ ഇവിടെ മനുഷ്യരെത്താറുള്ളൂ. ഐക്യരാഷ്ട്രസഭയുടെ രേഖകള്‍ പരിശോധിച്ചാല്‍ പത്ത് വര്‍ഷം മുന്‍പാണ് ഇവിടെ അവസാനമായി മനുഷ്യര്‍ എത്തിയത്. ഇപ്പോള്‍ കടല്‍പ്പക്ഷികളും നീര്‍നായകളും പെന്‍ഗ്വിനുകളുമാണ് ഇവിടുത്തെ താമസക്കാര്‍. നിലവില്‍ പെര്‍മിറ്റുള്ള ആളുകള്‍ക്ക് മാത്രമേ ഈ ദ്വീപിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഹെലികോപ്റ്ററിലോ കുറേ ദൂരം കപ്പലില്‍ പോയശേഷം പിന്നീട് ഫൈബര്‍ ബോട്ടുകളിലോ മാത്രമാണ് ഇങ്ങോട്ട് പ്രവേശിക്കാന്‍ സാധിക്കുക. 1853ല്‍ അമേരിക്കന്‍ നാവികനായ ജോണ്‍ ഹേര്‍ഡാണ് ദ്വീപ് കണ്ടെത്തുന്നത്‌. പിന്നീടിങ്ങോട്ട് 240 തവണ മാത്രമാണ് കരയില്‍ നിന്ന് മനുഷ്യര്‍ ഈ ദ്വീപിലേക്ക് പോയിട്ടുള്ളതെന്നാണ് ഓസ്‌ട്രേലിയന്‍ അന്റാര്‍ട്ടിക്കന്‍ പ്രോഗ്രാമിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. മക്‌ഡൊണാള്‍ഡ് ദ്വീപിലാകട്ടെ വളരെ അപൂര്‍വമായി മാത്രമാണ് മനുഷ്യര്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളത്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ഈ ദ്വീപുകള്‍ 1947 ലാണ് ഓസ്‌ട്രേലിയക്ക് കൈമാറുന്നത്. അന്റാര്‍ട്ടിക്ക് പ്രദേശത്തെ സജീവ അഗ്നിപര്‍വത ദ്വീപുകള്‍ എന്ന നിലയില്‍ ഭൂമിയുടെ ജാലകങ്ങളെന്നാണ് ഇവയെ വിളിക്കുന്നത്. എന്നും മഴയും മഞ്ഞും ശക്തമായ കാറ്റുകളുമുള്ള ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോലും കടുത്ത നിയന്ത്രണങ്ങളുണ്ട്.

എന്തുകൊണ്ട് താരിഫ്?

ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ദ്വീപുകളില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റിയയക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം ഇറക്കുമതിച്ചുങ്കം നല്‍കണം. വൈറ്റ് ഹൗസ് പുറത്തുവിട്ട പുതിയ താരിഫ് ബാധകമായ രാജ്യങ്ങളുടേയും പ്രദേശങ്ങളുടെയും പട്ടികയില്‍ ഹേര്‍ഡ് ദ്വീപും മക്‌ഡൊണാള്‍ഡ് ദ്വീപും ഇടംപിടിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ അനധികൃത വേട്ടക്കാര്‍ ദ്വീപിലെത്തി എലിഫന്റ് സീലുകളെ വ്യാപകമായി വേട്ടയാടുകയും ഇവയെ ഉപയോഗിച്ച് പല മരുന്നുകളും നിര്‍മ്മിച്ചതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇത് 1877ല്‍ തന്നെ തന്നെ ഇത് നിര്‍ത്തലാക്കിയിരുന്നു. ഇത് മാത്രമാണ് വേണമെങ്കില്‍ ഈ ദ്വീപുകളില്‍ ഉണ്ടായിരുന്നു എന്ന് പറയാവുന്ന ഏക വ്യവസായം. ഇതല്ലതെ ഉത്പന്നം പോയിട്ട് മനുഷ്യവാസം പോലുമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്ന ഈ ദ്വീപുകള്‍ക്ക് എന്തിനാണ് ട്രംപ് താരിഫ് ഏര്‍പ്പെടുത്തിയത് എന്ന ചോദ്യത്തിന് നിലവില്‍ ഔദ്യോഗികമായി മറുപടികളൊന്നുമില്ല. വൈറ്റ്ഹൗസ് ഇക്കാര്യത്തില്‍ യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഇത് ഓസ്‌ട്രേലിയയുടെ കൈവശമുള്ളതിനാല്‍ മാത്രം ഉള്‍പ്പെടുത്തിയതാണ് എന്നാണ് രാഷ്ട്രീയ വിദഗ്ധർ നൽകുന്ന വിശദീകരണം. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രാലയവും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറില്‍ താഴെ ജനസംഖ്യയുള്ള ഓസ്‌ട്രേലിയയിലെ നോര്‍ഫോക് ദ്വീപിനും (29%) അറുന്നൂറില്‍ താഴെ ജനസംഖ്യയുള്ള കോകോസ് ദ്വീപിനും നിലവില്‍ താരിഫ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തൊരിടവും ഇതില്‍ നിന്ന് രക്ഷപ്പെടില്ലെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനിസ് ഇതിനോട് പ്രതികരിച്ചത്. ഭൂമിശാസ്ത്രപരമായ പ്രാധാന്യമല്ല ട്രംപിന്റെ താരിഫ് പട്ടികയുടെ അടിസ്ഥാനം എന്ന കാര്യം വ്യക്തമാണ്. കാരണം, ലോകത്തിലെ ഏറ്റവും വലിയ ഭൂവിസ്തൃതിയും രാഷ്ട്രീയ പ്രാധാന്യവുമുള്ള ഒരു പ്രദേശം ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല- റഷ്യ.

placeholder
ഹേര്‍ഡ്, മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍

ട്രംപിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രവചനാതീതവും വിചിത്രവും അസംബന്ധങ്ങള്‍ നിറഞ്ഞതുമാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയരുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് താരിഫ് പ്രഖ്യാപനം. പലപ്പോഴും ഇതിനായി പറഞ്ഞ കാരണങ്ങള്‍ പലതായിരുന്നു. മെക്സികോയ്ക്ക് താരിഫ് വര്‍ധിപ്പിച്ചത് കുടിയേറ്റ, മയക്കുമരുന്ന് വിഷയങ്ങളിലാണെന്ന് പറഞ്ഞപ്പോള്‍ ചൈനയ്ക്കെതിരായ നടപടി വ്യാപാര അന്തരം കുറയ്ക്കാനാണെന്നായിരുന്നു വിശദീകരണം. ഓരോ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താരിഫ് നിരക്കിന്റെ കാര്യത്തിലും വിചിത്രമായ ന്യായങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പലപ്പോഴും അപ്രതീക്ഷിതമായ മാറ്റങ്ങളുമുണ്ടായി. സഖ്യരാജ്യങ്ങള്‍ മുതല്‍ ശത്രുരാജ്യങ്ങളുമായി വരെയുള്ള ഈ താരിഫ് യുദ്ധം അമേരിക്കയെ തന്നെ തിരിച്ചടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുമ്പോഴും അതില്‍ നിന്ന് പുറകോട്ട് പോകാന്‍ ട്രംപ് തയ്യാറല്ല. ഇതില്‍ നിന്നെല്ലാം താരിഫില്‍ നിന്നുള്ള സാമ്പത്തികനേട്ടം മാത്രമല്ല ട്രംപ് ലക്ഷ്യം വെക്കുന്നതെന്ന കാര്യം വ്യക്തമാണ്. അതിനപ്പുറത്തേക്ക് രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ ലക്ഷ്യങ്ങള്‍ ട്രംപിനുണ്ട്. അത്തരത്തില്‍ ഏതെങ്കിലും വിചിത്രമായ ലക്ഷ്യങ്ങളുടെ ഭാഗമാവാം ഈ ദ്വീപുകള്‍ക്കുള്ള താരിഫെന്നും ഒരു വിഭാഗം വിലയിരുത്തുന്നു.

placeholder
Photo: UNESCO

ആഘോഷമാക്കി സാമൂഹിക മാധ്യമങ്ങള്‍

അന്റാര്‍ട്ടിക്കയിലെ വിജനമായ ദ്വീപുകള്‍ക്കുള്ള താരിഫ് പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്. പെന്‍ഗ്വിനുകള്‍ എന്താണ് അമേരിക്കയ്ക്ക് വില്‍ക്കാന്‍ പോകുന്നതെന്നാണ് ട്വിറ്ററില്‍ ഉയര്‍ന്നുവരുന്ന ചോദ്യം. ഇനി നീര്‍നായകള്‍ക്കെതിരായ ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടി വരുമെന്നാണ് മറ്റൊരു പരിഹാസം. വൈറ്റ്ഹൗസിലെ ഏതോ ട്രെയിനി ജീവനക്കാരന്‍ വിക്കിപീഡിയയില്‍ രാജ്യങ്ങളുടെ പേര് സെര്‍ച്ച് ചെയ്തതിലെ അബദ്ധമായി ഇതിനെ വിലയിരുത്തുന്നവരും കുറവല്ല. വെറും പത്ത് ശതമാനം ചുമത്തപ്പെട്ട ഈ ദ്വീപുകളിലെ പെന്‍ഗ്വിനുകളോട് മാത്രമാണ് ട്രംപ് നീതി കാണിച്ചതെന്നും പെന്‍ഗ്വിനുകളും കടല്‍പക്ഷികളും ഇത് അടയ്ക്കുക തന്നെ വേണമെന്നും ചിലര്‍ ഉപദേശിക്കുന്നു.