ലോകരാജ്യങ്ങള്‍ ആശങ്കയോടെ കാത്തിരുന്ന വാര്‍ത്തയെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയില്‍ 'വിമോചനദിന'മായ ഏപ്രില്‍ രണ്ടിന് രാത്രിയില്‍  ഇന്ത്യയടക്കമുള്ള നൂറ്റി എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കുത്തനെ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് തീരുവ. ട്രംപിന്റെ ഭാഷയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതിന്റെ പകുതി മാത്രമാണിത്. പകരച്ചുങ്കം വര്‍ധിപ്പിച്ചതിനുള്ള ഇന്ത്യന്‍ പ്രതികരണം കരുതലോടെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീരുവവര്‍ദ്ധന വലിയൊരു തിരിച്ചടിയല്ല, മറികടക്കാന്‍ ആവാത്തതുമല്ല എന്നാണ് വാണിജ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

To advertise here,

വ്യാപാരരംഗത്തെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ ഭേദമാണ് ഇന്ത്യയുടെ അവസ്ഥ. ട്രംപിന്റെ പകരത്തീരുവയുടെ ഏറ്റവും വലിയ ഇരകള്‍ കംബോഡിയ (49 ശതമാനം), ബോട്സ്വാന (37), തായ്ലന്‍ഡ് (36), ശ്രീലങ്കയും മ്യാന്‍മാറും (44 വീതം), തായ്വാനും ഇന്തോനേഷ്യയും (32 വീതം), സ്വിറ്റ്സര്‍ലന്‍ഡ് (31) ശതമാനം, യൂറോപ്യന്‍ യൂണിയന്‍ (20), ഇംഗ്ലണ്ട് (10), ജപ്പാന്‍ (24), ദക്ഷിണകൊറിയ (25 ശതമാനം) എന്നിങ്ങനെയാണ്. ചൈനയ്ക്ക് 34 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, നേരത്തേ തന്നെ 20 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഫലത്തില്‍ ചൈന നല്‍കേണ്ട തീരുവ 54 ശതമാനമാവും. ചൈനയടക്കമുള്ള രാജ്യങ്ങള്‍ കോപതാപങ്ങളോടെയാണ് പകരച്ചുങ്ക പ്രഖ്യാപനത്തെ വരവേറ്റിരിക്കുന്നത്.

എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ പത്തുശതമാനം തീരുവവര്‍ദ്ധന ഏപ്രില്‍ അഞ്ചിന് ഇന്ത്യന്‍ സമയം രാവിലെ 9 30-ന് നിലവില്‍ വരും. ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകമായുള്ള ഉയര്‍ന്ന തീരുവകള്‍ ഏപ്രില്‍ ഒമ്പതു മുതലും. വാഹന ഇറക്കുമതിക്ക് പ്രത്യേകമായുള്ള 25 ശതമാനം തീരുവ ഏപ്രില്‍ നാലാം തീയതി നടപ്പില്‍ വരും. എങ്കിലും ഏപ്രില്‍ ഒമ്പത് എന്ന അവസാനത്തീയതി ഇന്ത്യയിലെ ഉല്‍പ്പാദകര്‍ക്ക് കടുപ്പമാണ്. എങ്കിലും തീരുമാനം പതുക്കെപ്പതുക്കെ നടപ്പാക്കാനുള്ള നീക്കം ഇക്കാര്യത്തില്‍ ട്രംപിനുള്ള ദൃഢനിശ്ചയത്തെ മാത്രമല്ല, നയതന്ത്രപരമായി വിലപേശാനുള്ള സന്നദ്ധതയെയും സൂചിപ്പിക്കുന്നതാണ്.

പ്രതീക്ഷിക്കാന്‍ ചില കാരണങ്ങള്‍

അടിസ്ഥാനപരമായി ട്രംപ് ഒരു ഡീല്‍ മേക്കറാണ്. അദ്ദേഹം ഉയര്‍ത്തുന്ന പല ഭീഷണികളും എതിര്‍ഭാഗത്തെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമാക്കാനുള്ള തന്ത്രങ്ങളാണ്. അത് ഇന്ത്യയ്ക്ക് നന്നായി അറിയാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷ പകരുന്നത് അമേരിക്കയുമായി നടക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാര്‍ (ബി.ടി.എ) ചര്‍ച്ചകളാണ്. ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബറോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തീരുവയുടെ പ്രത്യാഘാതത്തെ കുറയ്ക്കാനുള്ള ചര്‍ച്ച നടത്താന്‍ ഇന്ത്യയ്ക്ക് സമയം കിട്ടുമെന്നര്‍ത്ഥം. ഉഭയകക്ഷി വ്യാപാര കരാര്‍ സാധ്യമായാല്‍ തീരുവകള്‍ കുറഞ്ഞേക്കും. കരാര്‍ നടപ്പാക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സ്ഥിരത ആര്‍ജ്ജിക്കും. ബി.ടി.എ വിജയകരമായി നടപ്പാക്കിയാല്‍ കയറ്റുമതിയെ ആധാരമാക്കിയ ഫാര്‍മസ്യൂട്ടിക്കല്‍, ഐടി മേഖലകളില്‍ ഗണ്യമായ നേട്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപിനെ പ്രകോപിപ്പിക്കാതെ കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. നേരത്തെ തന്നെ ഇന്ത്യ കരുതല്‍ നടപടികള്‍ എടുത്തിരുന്നു അമേരിക്കന്‍ ഉല്‍പ്പന്നങ്ങളായ ബേബണ്‍ വിസ്‌കിയുടെ ഇറക്കുമതിത്തീരുവ 150 ശതമാനത്തില്‍ നിന്നും നൂറായും ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകളുടെ തീരുവ അമ്പതു ശതമാനത്തില്‍ നിന്നും മുപ്പതായും കുറച്ചു, ഈദര്‍നെറ്റ് സ്വിച്ചുകളുടെ നികുതി ഇരുപതില്‍ നിന്നും പത്തായി കുറച്ചു. നോമുറയടെ റിപ്പോര്‍ട്ട് അനുസരിച്ച് പന്നിയിറച്ചി, വിലകൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍, ആഡംബരം മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും തീരുവ കുറയ്ക്കാന്‍ ഇന്ത്യ സന്നദ്ധമായേക്കും. പകരമായി ഇന്ത്യയും സൗജന്യങ്ങള്‍ ആവശ്യപ്പെടുമെന്നുറപ്പ്. ഇന്ത്യയിലെ തീരുവ കൂടാതെയുള്ള ചില നിയന്ത്രണങ്ങളെ അമേരിക്ക വിമര്‍ശിച്ചിരുന്നു. രാസവസ്തുക്കള്‍ക്കും മെഡിക്കല്‍ ഉത്പന്നങ്ങള്‍ക്കും ഒക്കെയുള്ള നിര്‍ബന്ധമായ പരിശോധനകള്‍ പോലെ. അവയില്‍ ഇളവ് വരുത്തിയാല്‍ അമേരിക്കയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവും.

ഇന്ത്യയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ചുങ്കം ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചുമത്തിയതിനെക്കാള്‍ വളരെ കുറവാണ്. അത് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അമേരിക്കന്‍ വിപണിയില്‍ ആപേക്ഷികമായ മുന്‍തൂക്കം നല്‍കും. തീരുവയിലെ ഈ വ്യത്യാസം കൂടുതല്‍ തീരുവഭാരമുള്ള രാജ്യങ്ങളില്‍ നിന്നും വിപണി പങ്കാളിത്തം പിടിച്ചെടുക്കുന്നതിന് ഇന്ത്യയെ സഹായിച്ചേക്കും.

അമേരിക്കയിലേക്കുള്ള കയറ്റുമതിയെക്കാള്‍ തുച്ഛമാണ് ഇന്ത്യയുടെ ഇറക്കുമതി. അതിനാല്‍ ശ്രദ്ധാപൂര്‍വം ചില നിയന്ത്രണങ്ങള്‍ നീക്കാവുന്നതാണെന്ന് കരുതുന്നു ഒരു വിഭാഗം വിദഗ്ധര്‍. എന്തായാലും ഏഷ്യയിലെ ചില രാജ്യങ്ങളെപ്പോലെ അമേരിക്കയെ മാത്രം ആശ്രയിച്ചല്ല ഇന്ത്യയുടെ കയറ്റുമതി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം വിയറ്റ്നാമിന്റെ ജി.ഡി.പിയുടെ (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) 25 ശതമാനമാണ് അമേരിക്കയിലേക്കുള്ള കയറ്റുമതി. തായ്വാന്റെ ജി.ഡി.പിയുടെ 14 ശതമാനവും തായ്ലണ്ടിന്റെയും മലേഷ്യയുടെയും പത്തു ശതമാനത്തിലധികവും അമേരിക്കന്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനമാണ്. അതുപോലെ, സിംഗപ്പുര്‍, ഹോങ്കോങ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കും വര്‍ധിപ്പിച്ച അമേരിക്കന്‍ തീരുവ എടുക്കാവുന്നതിലും വലിയ ചുമടാണ്. ഇന്ത്യയുടെ ജി.ഡി.പിയുടെ 2.2 ശതമാനം മാത്രമാണ് അമേരിക്കന്‍ കയറ്റുമതിയെ ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ തീരുവഭീഷണി തിരിച്ചടിക്കൊപ്പം അവസരങ്ങളും തുറക്കുമെന്നതില്‍ സംശയമില്ല.

വിഷമിപ്പിക്കുന്ന മേഖലകള്‍

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. പോയവര്‍ഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 12,920 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യ കയറ്റി അയച്ചത് 8,740 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍, ഇറക്കുമതി ചെയ്തത് 4,180 കോടി ഡോളറിന്റേതും. 4,570 കോടി ഡോളറിന്റെ വ്യാപാരമിച്ചം. 2024-ല്‍ ഇന്ത്യയുടെ മൊത്തം ഉല്‍പ്പന്ന കയറ്റുമതിയുടെ 18 ശതമാനം- ഏതാണ്ട് 74 ബില്യണ്‍ ഡോളര്‍- അവിടേയ്ക്കായിരുന്നു. തീരുവവര്‍ദ്ധന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമതയെ ബാധിക്കും, അമേരിക്കന്‍ ഉപഭോക്താക്കളുടെ ചെലവ് വര്‍ദ്ധിപ്പിക്കും, വിതരണ ശൃംഖലകള്‍ തകരാറിലാക്കും.

ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ, 2024-ല്‍ അമേരിക്ക ഇറക്കുമതി ചെയ്ത ജനറിക് മരുന്നുകളുടെ 47 ശതമാനവും (ഏതാണ്ട് 800 കോടി ഡോളര്‍) വരുന്നത് ഇന്ത്യയില്‍ നിന്നാണ്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ തീരുവയില്‍ നിന്നും ഒഴിവാക്കുമെന്ന് തുടക്കത്തില്‍ സൂചന ഉണ്ടായിരുന്നെങ്കിലും വ്യക്തത വന്നിട്ടില്ല. തീരുവ കൂടിയാല്‍ തീരുവ വളരെ കുറവുള്ള രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

അമേരിക്കയിലേക്ക് ഇന്ത്യ 110 കോടി ഡോളര്‍ വില വരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കഴിഞ്ഞവര്‍ഷം കയറ്റിയയച്ചത്. ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 14ശതമാനം. ഇതില്‍ പ്രധാനമായും മൊബൈല്‍ ഫോണുകളാണ്; അതില്‍ തന്നെ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്ന ഐഫോണുകളുമുണ്ട്. തീരുവയില്‍ വ്യത്യാസം വന്നാല്‍ കാര്യമായ പ്രശ്നം ഉണ്ടാകും. ആപ്പിളിനെപ്പോലുള്ള കമ്പനികള്‍ തീരുവ കുറഞ്ഞ രാജ്യങ്ങളിലേക്ക് ഉല്‍പ്പാദനം മാറ്റുന്നത് ആലോചിക്കാന്‍ അത് കാരണമാവും. അമേരിക്കയിലേക്ക് 990 കോടി ഡോളറിന്റെ വിലയുള്ള രത്നങ്ങളും ആഭരണങ്ങളും ഇന്ത്യ കയറ്റിയേക്കുന്നുണ്ട്. വളരെയധികം തൊഴിലാളികള്‍ ജോലിചെയ്യുന്ന ഒരു മേഖലയാണിത്. പകരച്ചുങ്കം ഈ മേഖലയെ ശരിക്കും ബാധിച്ചേക്കും.

2024-ല്‍  ഇന്ത്യ 258 കോടി ഡോളര്‍ മൂല്യമുള്ള മീനും ഇറച്ചിയും സംസ്‌കരിച്ച സമുദ്രവിഭവങ്ങളും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഈ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നികുതികള്‍ തമ്മില്‍ ഏതാണ്ട് 28 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. പക്ഷേ, ഈ രംഗത്ത് ഇന്ത്യയുടെ തീരുവ ചൈനയുടേതിനെക്കാള്‍ കുറവാണ്. ഐ.ടി രംഗത്ത് ഇന്ത്യയുടെ കയറ്റുമതി കൂടുതലും സേവനമേഖലയിലാണ്. അതായത് അത് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവയുമായി നേരിട്ട് ബന്ധമില്ല. പക്ഷേ, ഐ.ടി സേവനങ്ങള്‍ക്കും തീരുവ ചുമത്താന്‍ സാധ്യതയുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം 10,000 കോടി ഡോളറിന്റെ വ്യവസായമാണിത്. ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ജോലി ചെയ്യുന്ന മേഖല.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്ക ഏര്‍പ്പെടുത്തിയ തിരിച്ചടിത്തീരുവ ലോകത്തിന്റെ അവസാനമൊന്നുമല്ല. ആദ്യത്തെ കാരണം, ചര്‍ച്ചകള്‍ക്കുള്ള വഴി തുറന്നു കിടക്കുന്നു എന്നതാണ്, ഉഭയകക്ഷിക്കരാറിന്റെ ആദ്യഘട്ട വിലപേശല്‍ തുടരുകയുമാണ്. രണ്ടാമതായി, അമേരിക്കയിലേക്കുള്ള കയറ്റുമതിക്കാര്യത്തില്‍ രാജ്യത്തിന്റെ മുഖ്യഎതിരാളികള്‍ കൂടുതല്‍ കനത്ത തീരുവഭാരം നേരിടുന്നത് അവസരങ്ങള്‍ തുറക്കുകയാണ്. മൂന്നാമതായി, ഇന്ത്യയുടെ ജനസംഖ്യാപരമായ മുന്‍തൂക്കവും അതിശക്തമായ ആഭ്യന്തരവിപണിയും. നാലാമത്, വലിയ സമ്പദ്വ്യവസ്ഥകളില്‍ ലോകത്തിലേക്കും വേഗത്തില്‍ വളരുന്ന രാജ്യ െഎന്ന മുന്‍തൂക്കം. അഞ്ചാമതായി, ചൈനയ്ക്കെതിരായ മത്സരത്തില്‍, ഇന്തോ- പസിഫിക്ക് മേഖലയില്‍ പ്രത്യേകിച്ചും, ഭാരതത്തിന്റെ തുണ അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്. ആറാമതായി, ഇന്ത്യക്ക് കയറ്റുമതി ചെയ്യാന്‍ ലോകത്ത് വേറെയും സ്ഥലമുണ്ട്- യൂറോപ്യന്‍ യൂണിയനും, യു.കെയും, റഷ്യയും, ലാറ്റിനമേരിക്കയുമൊക്കെ. അതിനുള്ള വഴി വെട്ടിത്തുടങ്ങി!