കുട്ടികള്‍ക്ക് മാനസികാരോഗ്യത്തെ കുറിച്ചുള്ള പരിശീലനം കൊടുക്കണം, അത്. പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മേലില്‍ ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ അത് വ്യക്തമായി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയണം.

പാലക്കാട് പല്ലന്‍ ചാത്തന്നൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയത് കേരളത്തെ ഞെട്ടിച്ചു. ഇന്‍സ്റ്റഗ്രാമില്‍ നടന്ന ഒരു തര്‍ക്കത്തെ ചൊല്ലി അധ്യാപിക ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുട്ടി കടുത്ത തീരുമാനമെടുത്തത് എന്ന് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നു. എവിടെയാണ് പിഴച്ചത്? പ്രമുഖ മാനസികാരോഗ്യ വിദഗ്ധര്‍ സംസാരിക്കുന്നു.
വേണം അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം
വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടി വൈകാരികമായി പ്രതികരിക്കുക എന്നതാണ് കൗമാരപ്രായത്തിലെ കുട്ടികളുടെ സവിശേഷത. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ വഴക്കുകൂടിയ പ്രശ്നം പരിഹരിക്കപ്പെട്ട് കഴിഞ്ഞതാണ്. മറ്റു കുട്ടികളുടെ മുന്നില്‍വച്ച് സൈബര്‍ പോലീസിനെ വിളിക്കുകയും വലിയ തുക ഫൈനടപ്പിക്കുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും ടീച്ചര്‍ പറയുമ്പോള്‍ കുട്ടി സമ്മര്‍ദത്തിലാവും. കടുത്ത ഉല്‍ക്കണ്ഠയ്ക്ക് അടിമപ്പെടും. എടുത്തുചാടി എന്തെങ്കിലും ചെയ്യാനുള്ള പ്രവണത ഉണ്ടാകും. അതൊക്കെ അധ്യാപകര്‍ മനസ്സിലാക്കേണ്ടതാണ്. ഇന്നത്തെ കാലത്ത് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. കുട്ടികള്‍ പരസ്പരം നേരിട്ട് പെരുമാറുന്നതുപോലെ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലും പ്രതികരിക്കുന്നത്.
ഇതൊക്കെ മനസ്സിലാക്കി കുട്ടികളോട് വൈകാരികക്ഷമതയോടെ പെരുമാറാനുള്ള ശേഷി ടീച്ചര്‍മാര്‍ ആര്‍ജിക്കേണ്ടിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരിശീലന ക്ലാസുകള്‍ നടക്കുകയാണെങ്കിലും അതിലൊന്നും പെടാതെ പോകുന്നവരും നന്നാകാന്‍ തയ്യാറാകാത്തവരും വൈകാരികക്ഷമത കൈവരിക്കാന്‍ കഴിവില്ലാത്തവരുമായ ഒരുപാടുപേര്‍ ഇപ്പോഴും സര്‍വീസില്‍ ഉണ്ടെന്നാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മീഡിയ എന്നിവയിലെ സാക്ഷരതയെക്കുറിച്ച് കുട്ടികള്‍ക്ക് പരിശീലനം കൊടുക്കേണ്ടതാണ്. കുട്ടികളോട്, പ്രത്യേകിച്ച് കൗമാരപ്രായക്കാരോട് പെരുമാറേണ്ടത് എങ്ങനെയാണെന്ന് അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കണം. പാലക്കാട്ട് കണ്ടതുപോലെയുള്ള ദേഷ്യപ്രകടനങ്ങളും കുറ്റപ്പെടുത്തലുകളും മറ്റും ലോകത്തിന്റെ ജീവിതത്തിന്റെ അവസാനത്തെക്കുറിച്ചുള്ള ചിന്ത കുട്ടികളില്‍ ഉണ്ടാക്കും. അവര്‍ പെട്ടെന്ന് പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.
പൊതുവേ നോക്കിയാല്‍ ഇത്തരം വിഷയങ്ങളില്‍ വീട്ടുകാരുടെ സമീപനവും കൃത്യമല്ല. കൗമാരപ്രായക്കാരുടെ മാനസികാവസ്ഥ മനസ്സിലാക്കിക്കൊണ്ടല്ല മിക്കവാറും മാതാപിതാക്കളും വീട്ടുകാരും പെരുമാറുന്നത്. ഈ കേസില്‍ വീട്ടുകാരുടെ ഇടപെടല്‍ കുട്ടിക്ക് കുറച്ച് മാനസികസമ്മര്‍ദം ഉണ്ടായിരിക്കണം. കുട്ടിയുടെ അമ്മാവന്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വീട്ടിലും കുട്ടിക്ക് വളരെയധികം ഹരാസ്മെന്റ് ഉണ്ടായി എന്ന് തോന്നുന്നുണ്ട്. അതിന്റെ മേലെ ടീച്ചറുടെ വക. ഇത് രണ്ടും ചേര്‍ന്നുണ്ടായ കടുത്ത സമ്മര്‍ദമാണ് ജീവിതം അവസാനിപ്പിക്കണം എന്ന തോന്നലില്‍ കുട്ടിയെ എത്തിച്ചിട്ടുണ്ടാവുക.
കുട്ടികള്‍ക്ക് വൈകാരികക്ഷമത കുറഞ്ഞ ഒരു കാലം കൂടിയാണിത് എന്നതും പ്രധാനമാണ്. വഴക്കും ശകാരവുമൊക്കെ സഹിക്കാനുള്ള ശേഷി കുട്ടികള്‍ക്ക് മുമ്പത്തേക്കാള്‍ കുറഞ്ഞുവരികയാണ്. അതിനാല്‍ പുതിയ കാലത്തെ കുട്ടികളോട് ഇടപെടുമ്പോള്‍ വേണ്ടുന്ന മാറ്റങ്ങളെക്കുറിച്ച് രക്ഷാകര്‍ത്താക്കളും അധ്യാപകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുട്ടിയെ ഒറ്റയ്ക്ക് വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാവില്ലായിരുന്നു. കുട്ടികളെ ടീച്ചേഴ്സ് റൂമില്‍ വിളിച്ചു വരുത്തി എല്ലാ ടീച്ചര്‍മാരും കൂടി കുട്ടിയെ കുറ്റപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന രീതിയുണ്ട്. കുട്ടിയെ കീഴ്‌പ്പെടുത്തുകയാവരുത് ലക്ഷ്യം, തിരുത്തുക എന്നതാവണം.
കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി തിരുത്തുന്നതിന് പകരം കീഴ്‌പ്പെടുത്താനും പരാജയപ്പെടുത്താനും ആണ് പലപ്പോഴും ശ്രമമുണ്ടാവുക. കുട്ടികളോട് ശത്രുവിനോട് എന്നവണ്ണം പെരുമാറുകയും കുറ്റം ചെയ്താല്‍ ശിക്ഷിച്ചിരിക്കണം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യും. ശിക്ഷിച്ച് അനുസരണ പഠിപ്പിക്കണം. അത് മറ്റു കുട്ടികള്‍ക്ക് പാഠമാകണം എന്ന രീതി മാറേണ്ട കാലം കഴിഞ്ഞു. ഇത്തരം കേസുകളില്‍ പിടിഎ ഇടപെട്ട് കുട്ടികളെ സസ്പെന്‍ഡ് ചെയ്യുന്ന സംഭവങ്ങളുണ്ട്.
ശിക്ഷയും തിരുത്തലും രണ്ടും രണ്ടാണ്, അതിന് ഉപയോഗിക്കുന്ന ഭാഷയും വൈകാരികക്ഷമതയും വ്യത്യസ്തമാണ്. ശിക്ഷയുടെ ഭാഷ കുട്ടികളില്‍ കടുത്ത മാനസികാഘാതം ഉണ്ടാക്കുകയും വൈകാരിക പ്രതികരണത്തിലേക്ക് നയിക്കുകയും ചെയ്യും. കുറ്റവും ശിക്ഷയും എന്ന ദ്വന്ദ്വത്തില്‍ നിന്ന് പുറത്തുകടന്ന് കുട്ടിയെ തിരുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സമീപനവും പ്രയോഗവും ഭാഷയും അധ്യാപകര്‍ സ്വായത്തമാക്കണം. ആ രീതിയില്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കണം.
ഡോ. ആര്‍. ജയപ്രകാശ്
(പീഡിയാട്രിക്സ് പ്രൊഫസറും ചൈല്‍ഡ് സൈക്കിയാട്രിസ്റ്റും ബിഹേവിയറല്‍ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയും. തിരുവനന്തപുരം മെഡിക്കല്‍ കോളജ്)
അധ്യാപകർക്കുമുണ്ട് വൈകാരികമായ അപക്വതകള്‍
കാലം മാറിയിരിക്കുന്നു. കുട്ടികള്‍ കാണുന്നതിന്റെയും കേള്‍ക്കുന്നതിന്റെയും മനസ്സിലാക്കുന്നതിന്റെയും വിലയിരുത്തുന്നതിന്റെയും തലങ്ങള്‍ ഒരുപാട് മാറി. ഇന്‍സ്റ്റയുടെയും റീലിന്റെയും കാലമാണ്. പ്രശ്നങ്ങളെ നേരിടാനോ അതിജീവിക്കാനോ കരുത്തുള്ള മനസ്സ് ഇന്ന് പല കുട്ടികളിലും കാണുന്നില്ല. അവര്‍ പ്രസംഗിക്കാനും കലാപരിപാടികള്‍ അവതരിപ്പിക്കാനും റീലുണ്ടാക്കാനുമൊക്കെ മിടുക്കരായിരിക്കും. പക്ഷേ, വൈകാരികമായ കാര്യങ്ങളില്‍ വെല്ലുവിളി നേരിട്ടാല്‍ അതിനെ നേരിടാനോ മറികടക്കാനോ അവര്‍ക്ക് പറ്റുന്നില്ലെന്നാണ് പലപ്പോഴും നമ്മള്‍ കാണുന്നത്.
അധ്യാപക പരിശീലന പരിപാടികളില്‍ പോകുമ്പോള്‍ വിരമിക്കലിന്റെ വക്കിലെത്തിയ അധ്യാപകര്‍ പറയും തങ്ങള്‍ പണ്ടു പഠിപ്പിച്ച കുട്ടികളല്ല ഇന്നുള്ളത് എന്ന്. പുതിയ കുട്ടികള്‍ വളരെ വ്യത്യസ്തരാണ്, അവരുടെ പ്രതികരണങ്ങള്‍ വ്യത്യസ്തമാണ്. ആരെയും സ്നേഹിക്കാനോ ബഹുമാനിക്കാനോ കരുതാനോ കഴിവില്ലാത്ത കുട്ടികള്‍ കൂടുന്നു എന്നും കേള്‍ക്കാറുണ്ട്. നല്ല കുട്ടികളില്ല എന്നല്ല അതിനര്‍ഥം. കുട്ടികളും അധ്യാപകരും തമ്മിലുള്ള മാനസിക ഐക്യം ശക്തിപ്പെടാത്തതിനുള്ള ഒരു കാരണം കുട്ടികളെപ്പോലെ വൈകാരികമായ അപക്വതകള്‍ അധ്യാപകര്‍ക്കുമുണ്ട് എന്നതാണ്. വൈകാരികമായ അപക്വതകളുള്ള കുട്ടികള്‍ മറുത്തു പറയും, അസൈന്‍മെന്റുകളും ഗൃഹപാഠവും സമയത്ത് ചെയ്യില്ല, കുരുത്തക്കേട് കാട്ടും.
അധ്യാപകരും വ്യക്തിപരവും ഔദ്യോഗികവുമായ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. കുട്ടികളും അധ്യാപകരും ഒരുപോലെ അസ്വസ്ഥരാകുമ്പോള്‍ വളരെ പക്വതയോടെ സമീപിച്ച് പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ കൈവിട്ടു പോകാം. അധ്യാപകര്‍ കുട്ടികളെ തല്ലുന്നതും കുട്ടികള്‍ പ്രധാനാധ്യാപകരെ മര്‍ദിക്കുന്നതുമായ കാഴ്ചകള്‍ വരുന്നു. കുട്ടികളും അധ്യാപകരും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളത നഷ്ടപ്പെട്ടാല്‍ അധ്യാപകരുടെ ഇടപെടല്‍ തങ്ങളുടെ നല്ലതിനാണ് എന്ന് മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയാത്ത അവസ്ഥയുണ്ടാകും.
പാലക്കാട് സംഭവത്തിന്റെ യാഥാര്‍ഥ്യം എന്തായാലും ആ കുട്ടിയുടെ മനസ് തകര്‍ന്നിട്ടുണ്ട്. അവന്‍ ശരിക്കും പേടിച്ചിട്ടുണ്ടാകും- ഈ പ്രശ്നം തന്റെ ജീവിതത്തിന് വെല്ലുവിളിയാവും പോലീസ് കേസാവും ജീവിതം നഷ്ടപ്പെട്ടുപോകും എന്നൊക്കെയുള്ള ആശങ്കകള്‍ ഉണ്ടായിട്ടുണ്ടാകും. ജീവിച്ചിരുന്നാല്‍ താന്‍ അപമാനിക്കപ്പെടും, കുടുംബത്തിന് ദോഷമാകും, തന്റെ ജീവിതം നഷ്ടമാവും എന്നൊക്കെ ചിന്തിച്ചുകൂട്ടിയതിനെ തുടര്‍ന്നുണ്ടായ കടുത്ത സമ്മര്‍ദമായിരിക്കാം കടുത്ത തീരുമാനത്തില്‍ അവനെ എത്തിച്ചത്. ആ സമയത്ത് അവന് നല്ല മാനസിക പിന്തുണ കൊടുക്കാന്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ മുതിര്‍ന്നവര്‍ക്കോ അധ്യാപകര്‍ക്കോ കഴിഞ്ഞില്ല. എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാമെന്നും വീട്ടുകാരും സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ഒപ്പം നില്‍ക്കുമെന്നും മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്.
എന്തു പ്രശ്നമാണെങ്കിലും അതെത്ര വലുതാണെങ്കിലും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടെന്നും ഭയപ്പെടേണ്ടെന്നും അവന് പറഞ്ഞുകൊടുക്കണമായിരുന്നു. മനുഷ്യജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ വരാത്തവരില്ലെന്നും അവ തിരുത്തി മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും പറഞ്ഞ് പ്രശ്നപരിഹാരത്തിന്റെ ഭാഗമാവേണ്ടവരായിരുന്നു അധ്യാപകരും രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം. പ്രശ്നപരിഹാരത്തിന് പകരം പ്രശ്നത്തെ ഊതിക്കത്തിച്ച് മാനസികപീഡനം ഉണ്ടാക്കിയത് ന്യായീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഇത്തരം പ്രശ്നങ്ങളില്‍ കൂടി കടന്നുപോകുന്ന ഒരു കുട്ടി ഉറങ്ങുന്നുണ്ടോ, മുറിയില്‍ ഒറ്റയ്ക്കാണോ, അവിടെ ആരെങ്കിലും കൂട്ടിനുണ്ടോ എന്നൊക്കെ ശ്രദ്ധിക്കാന്‍ മാതാപിതാക്കളും സഹോദരങ്ങളും ശ്രമിക്കണം. കൗണ്‍സലിങ്ങും കണ്‍സള്‍ട്ടേഷനും മാനസിക പിന്തുണയും കൊടുത്ത് പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു ഒരു കുട്ടി ജീവനെടുക്കുന്നതില്‍ അവസാനിച്ചത്.
ഡോ. വിപിന്‍ റോള്‍ഡന്റ്
(സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, റോള്‍ഡന്റ് റിജൂവനേഷന്‍, കൊച്ചി)
പ്രശ്നങ്ങള്‍ സധൈര്യം നേരിടാൻ പഠിക്കട്ടെ കുട്ടികൾ
കൗമാരപ്രായത്തിലെ കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയുടെ ഭാഗമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചാറ്റ് ചെയ്യുക, ലൈംഗിക ഉള്ളടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക, അപരിചിതനുമായി ചങ്ങാത്തം കൂടുക, പരിചയമില്ലാത്തവരുമായി ബന്ധം സ്ഥാപിക്കുക പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക അതിനുള്ള ത്വര ഉണ്ടാവുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. മറ്റൊരാളില്‍ ആകൃഷ്ടനാവുക, പ്രണയിക്കുക, ലൈംഗികാഭിലാഷങ്ങള്‍ ഉണ്ടാവുക, ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിരുക തുടങ്ങിയ കാര്യങ്ങളും സ്വാഭാവികമാണ്. തലച്ചോറില്‍ ഇത്തരം ചിന്തകള്‍ വരുന്ന ഭാഗം കൗമാരമെത്തുമ്പോള്‍ പൂര്‍ണ വളര്‍ച്ചയെത്തും. അപ്പോള്‍ ശരി തെറ്റിനെ വിവേചിച്ചറിയാന്‍ ശേഷിയുണ്ടാവണമെന്നില്ല. തലച്ചോറില്‍ അതിനെ നിയന്ത്രിക്കാനുള്ള സംവിധാനമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്സ്- തലച്ചോറിന്റെ മുന്‍വശത്താണ് അത്- പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 23, 24 വയസ്സ് ആകും. അതുവരെ കുട്ടികള്‍ക്ക് ഇത്തരം അബദ്ധങ്ങളില്‍ ചെന്ന് പെടാനുള്ള സാധ്യത കൂടുതലാണ്.
വളരെ നിര്‍ണായകമായ ഈ കൗമാരകാലത്തെ അധ്യാപകരും രക്ഷിതാക്കളും വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ കുട്ടികള്‍ ദുരന്തങ്ങളില്‍ പെട്ടുപോകാം. പ്രണയം, ലൈംഗികത, പരിചയമില്ലാത്തവരുമായി ബന്ധം വെക്കല്‍, ചാറ്റ് ചെയ്യല്‍ എന്നിങ്ങനെ പലവിധ കാര്യങ്ങളില്‍ കുട്ടികള്‍ 'പിടിക്കപ്പെടാം'. അങ്ങനെ ഒരു കുട്ടി പിടിക്കപ്പെട്ടാല്‍ എന്തോ വലിയൊരു കുറ്റകൃത്യം ചെയ്തു എന്ന രീതിക്കല്ല. കുറ്റബോധം കുത്തിച്ചെലുത്തുന്ന രീതിയിലല്ല പ്രശ്നം കൈകാര്യം ചെയ്യേണ്ടത്. അത് പ്രായവുമായി ബന്ധപ്പെട്ട ചാപല്യമാണെന്ന് സ്വയം മനസ്സിലാക്കി അതിന്റെ വരുംവരായ്കകള്‍ മനസ്സിലാക്കി കൊടുക്കണം. പാലക്കാട്ടെ സംഭവത്തില്‍ അധ്യാപകര്‍ ഇക്കാര്യത്തില്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം സൈബര്‍ സെല്ലിനെ കൊണ്ടു പിടിപ്പിക്കും വലിയ പിഴ അടപ്പിക്കും ഒന്നര വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും എന്നൊക്കെ പേടിപ്പിച്ചതാണ്. ഇത്തരം ഭീഷണികള്‍ വരുമ്പോള്‍ കുട്ടികള്‍ സ്വാഭാവികമായും മാനസിക സമ്മര്‍ദത്തിന് അടിമപ്പെടും.
പതിനാലാം വയസ്സില്‍ ജയിലില്‍ കിടക്കും എന്നു പറയുന്നത് ഒരു കുട്ടിക്ക് ഉള്‍ക്കൊള്ളാനാവുന്ന കാര്യമല്ല. മറ്റൊരു കാര്യം മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് അപമാനിതനായതാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും മാനാഭിമാനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. സ്വയം ബഹുമാനം വ്രണപ്പെട്ടാല്‍ ഏത് പ്രായത്തിലും ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളുടെയും സഹപാഠികളുടെയും മറ്റും മുമ്പില്‍വെച്ച് തൊലിയുരിക്കപ്പെടുന്നത് കുട്ടിക്ക് താങ്ങാന്‍ കഴിയില്ല. അത്തരത്തില്‍ വലിയൊരു അഭിമാനക്ഷതം ഉണ്ടായാല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നത് സ്വാഭാവികമാണ്. ഇത്തരത്തിലുള്ള വലിയ പ്രശ്നങ്ങള്‍ ആരുടെ ജീവിതത്തിലും വരാവുന്നതാണ് പല തരത്തിലുള്ള നഷ്ടങ്ങള്‍, അപകടങ്ങള്‍, രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവ എപ്പോള്‍ വേണമെങ്കിലും ആരുടെ ജീവിതത്തിലും കടന്നുവരാം. ആത്മഹത്യ ഇതിനൊന്നും പരിഹാരമല്ലെന്ന് ഓരോ കുട്ടിയേയും പഠിപ്പിക്കേണ്ടതാണ്. അവര്‍ പ്രശ്നങ്ങള്‍ സധൈര്യം നേരിടേണ്ടതെങ്ങനെ എന്നു പഠിച്ചെടുക്കുകയും അവയെ ചാടിക്കടക്കാനുള്ള ആത്മധൈര്യവും അറിവും ആര്‍ജിക്കുകയും വേണം.
മരിക്കുംമുമ്പ് ഈ കുട്ടി താന്‍ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണ് എന്ന് മറ്റൊരു കുട്ടിയോട് പറയുകയും അവനെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. അത് വലിയൊരു മുന്നറിയിപ്പ് ആയിരുന്നു. ആരെങ്കിലും മരണത്തെക്കുറിച്ച് തുറന്നു പറയുകയോ താന്‍ മരിക്കാന്‍ പോകുകയാണ് എന്നു പറയുകയോ ചെയ്താല്‍ അത് വളരെ ഗൗരവമായി കാണണം. പരിശീലനം ഉണ്ടായിരുന്നെങ്കില്‍ അതു കേട്ട വിദ്യാര്‍ഥി തീര്‍ച്ചയായും അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കുമായിരുന്നു. കുട്ടികള്‍ക്ക് മാനസികാരോഗ്യത്തെ കുറിച്ചുള്ള പരിശീലനം കൊടുക്കണം. അത്. പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. മേലില്‍ ഇത്തരം ഒരു സംഭവം ഉണ്ടായാല്‍ അത് വ്യക്തമായി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിയണം. അത്തരം പ്രവണതയുള്ള കുട്ടികളെ നമ്മള്‍ കണ്ണിമ വെട്ടാതെ നോക്കണം. അപകടസാധ്യത കഴിയുംവരെ നമ്മള്‍ ആ കുട്ടിയെ സംരക്ഷണവലയത്തില്‍ നിര്‍ത്തണം.
ഡോ. എല്‍സി ഉമ്മന്‍
(കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കൊച്ചി)
Published: 17 Oct 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented