ഇന്ത്യയുടെ പല കോണുകളിൽ നിന്നും ആളുകളെത്തുന്ന ഡൽഹി റെയിൽവേ സ്റ്റേഷൻ. 16 പ്ലാറ്റ്ഫോമുകളിലായി യാത്രക്കാർ ഇടതിങ്ങി നീങ്ങുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ അന്ന് പതിവിന് വിപരീതമായി അനിയന്ത്രിതമായ ജനക്കൂട്ടമെത്തി. മഹാകുംഭമേള നടക്കുന്ന പ്രയാ​ഗിലേക്കുള്ള തീർഥാടനത്തിനെത്തിയ ഭക്തരായിരുന്നു അക്കൂട്ടത്തിലേറെയും. മണിക്കൂറുകൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞു. സുരക്ഷാ ഉദ്യോ​ഗസ്ഥർ വിചാരിച്ചിടത്ത് കാര്യങ്ങൾ നിന്നില്ല. ഇരച്ചെത്തിയ ആൾക്കൂട്ടത്തിനിടയിൽ മനുഷ്യർ ഞെരിഞ്ഞു. ഭീതിജനകമായ ആ രാത്രിയിൽ പൊലിഞ്ഞത് സ്ത്രീകളും കുട്ടികളുമടക്കം 18 ജീവനുകളാണ്...

To advertise here,

അപ്രതീക്ഷിതമല്ലായിരുന്നു അന്നത്തെ ജനക്കൂട്ടം. അവസാന പത്തുനാളുകളിലേക്ക് കടന്ന കുംഭമേളയിൽ പങ്കെടുക്കാൻ ഭക്തർ ഇരച്ചെത്തുമെന്നത് സർക്കാരിനെ സംബന്ധിച്ച് അറിയാത്ത കാര്യമല്ലായിരുന്നു. ഒരു നിയന്ത്രണവുമില്ലാതെ അന്ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് വിതരണം നടന്നു. അനിയന്ത്രിതമായ തിരക്കിന് മുന്നിൽ നിസ്സഹായമായിപ്പോയ സുരക്ഷാസംവിധാനത്തിലെ അനാസ്ഥയ്ക്ക് ഇനി ആര് മറുപടി പറയും? ആരാണ് ഈ മരണങ്ങളുടെ ഉത്തരവാദി?

വടിയെടുത്ത് ഹൈക്കോടതിയും
ജനബഹുലമായൊരു മഹാകുംഭമേള പ്രയാഗ്‌രാജിൽ നടക്കുമ്പോൾ അവിടേക്കുള്ള പൊതു​ഗതാ​ഗത സംവിധാനം എത്രത്തോളം പരിമിതമാണ് എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഡൽഹിയിലേത്. സാധാരണക്കാരായ യാത്രക്കാർ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ കയറിപ്പറ്റാൻ കാണിക്കുന്ന സാഹസങ്ങളുടെ റിപ്പോർട്ടുകൾ കഴിഞ്ഞ കുറേ നാളുകളായി പുറത്തുവരുന്നുണ്ടെങ്കിലും അത് പരകോടിയിലെത്തിയ ദിവസമായിരുന്നു ശനിയാഴ്ച. ദുരന്തം സാങ്കേതികമല്ലായിരുന്നു എന്നത് നമ്മുടെ സംവിധാനങ്ങൾ ഇന്നും അരക്ഷിതമായി തുടരുന്നതിന്റെ ലക്ഷണമാണ്. കൺമുന്നിൽ ഒരു ദുരന്തം നടന്നതിന്റെ പശ്ചാത്തലത്തിലാണ് തുടർ അപകടമെന്നതും വിരൽചൂണ്ടുന്നത് അധികാരികളുടെ സൂക്ഷ്മതക്കുറവിലേക്കാണ്.

ഒരു നിയന്ത്രണവുമില്ലാത്ത ജനറൽ ടിക്കറ്റ് വിതരണം എന്നായിരിക്കും റെയിൽവേ അവസാനിപ്പിക്കുന്നത്. മണിക്കൂറിൽ 1500 ടിക്കറ്റുകൾ ഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് വിതരണം ചെയ്തതായാണ് പുറത്തുവരുന്ന വിവരം. അതായത്, ആകെ ട്രെയിനിൽ കയറാൻ സാധിക്കുന്നതിലും കൂടുതൽ ജനറൽ ടിക്കറ്റുകൾ മാത്രം റെയിൽവേ വിതരണം ചെയ്യുന്നു. ഈ ലാഭത്തിന് കൊടുക്കേണ്ടിവന്ന വിലയോ, 18 ജീവൻ. ഇപ്പോഴിതാ, റെയിൽവേയ്ക്കെതിരേ രൂക്ഷവിമർശനവുമായി ഡൽഹി ഹൈക്കോടതിയും രം​ഗത്തെത്തിയിട്ടുണ്ട്. കോച്ചുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്താമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി ടിക്കറ്റില്ലാതെ യാത്രക്കാർ അവർക്ക് അനുവദാമില്ലാത്ത കോച്ചുകളിൽ പ്രവേശിക്കുന്നതിന് റെയിൽവേ എന്ത് നടപടിയെടുത്തുവെന്നും ചോദിച്ചു. ഈ ചെറിയ കാര്യം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ മനുഷ്യരെ രക്ഷിക്കാമായിരുന്നല്ലോ എന്നും കോടതി ചോദ്യമുന്നയിച്ചു. 

placeholder
ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം | Photo: PTI

ദുരന്തത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള വാദഗതിയിലമുണ്ട് വൈരുധ്യം. ദൃക്സാക്ഷികൾ പറയുന്ന കാര്യമല്ല റെയിൽവേയുടെ ഔദ്യോ​ഗിക വിശദീകരണത്തിലുള്ളത്. പ്രയാഗ്‌രാജിലേക്കുള്ള സ്പെഷ്യൽ ട്രെയിനിന്റെ പ്ലാറ്റ്‌ഫോം മാറിയത് അവസാനനിമിഷം അധികൃതർ അറിയിച്ചതാണ് തിരക്കിലേക്ക് കാര്യങ്ങൾ നയിച്ചത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ, ഇക്കാര്യം റെയിൽവേ പൂർണമായും നിഷേധിക്കുന്നു. 14-ാം നമ്പർ പ്ലാറ്റ്‌ഫോമിൽ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുണ്ടായിരുന്നു എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഈ സമയത്ത് 12-ാംനമ്പർ പ്ലാറ്റ്‌ഫോമിലേക്കു  പ്രയാഗ്‌രാജിലേക്കുള്ള സ്പെഷ്യൽ ട്രെയിനെത്തിയതു സംബന്ധിച്ച് യാത്രക്കാരിലുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഇവരുടെ വാദം.

തിരക്ക് നിയന്ത്രിക്കേണ്ടത് ആരുടെ ഉത്തരവാദിത്വം?

ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ച് ഓരോ സ്റ്റേഷന്റേയും ഭരണനിർവഹണച്ചുമതല സ്റ്റേഷൻ സൂപ്രണ്ടുമാർക്കും സ്റ്റേഷൻ മാസ്റ്റർക്കുമാണ്. ട്രെയിനുകളുടെ വരവും പോക്കും മുതൽ റേക്കുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും ഇവരുടേതാണ് തീരുമാനം. എന്നാൽ, ആർ.പി.എഫിനും ജി.ആർ.പി.യ്ക്കുമാണ് (ഗവൺമെൻ്റ് റെയിൽവേ പോലീസ്) സ്റ്റേഷനിലെ  ക്രമസമാധാനത്തിന്റേയും സുരക്ഷയുടേയും ചുമതല. 

ഇരു സേനകളും ഒരേ സ്ഥലത്താണ് പ്രവർത്തിക്കുന്നതെങ്കിലും ഇരുവരുടേയും ഉത്തരവാദിത്വങ്ങൾ വ്യത്യസ്തമാണ്. റെയിൽവേ മന്ത്രാലയത്തിന് കീഴിലെ സേനയാണ് ആർ.പി.എഫ് എങ്കിൽ സംസ്ഥാന സർക്കാരിന് കീഴിലാണ് ജി.ആർ.പി.യുടെ പ്രവർത്തനം. റെയിൽവേയുടെ സ്വത്തിന് സംരക്ഷണമേകുക എന്നതാണ് ആർ.പി.എഫിന്റെ പ്രാഥമിക ചുമതല. ഓടുന്ന ട്രെയിനുകളിലെ യാത്രക്കാരുടെ സംരക്ഷണവും ഇവരുടെ ഉത്തരവാദിത്വമാണ്. അതേസമയം, യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന ദിവസങ്ങളിലാണ് ജി.ആർ.പി ചിത്രത്തിലേക്ക് കടന്നുവരുന്നത്. ദീപാവലി, ദുർ​ഗാ പൂജ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാൻ ഇരുവരും ചേർന്ന് പ്രവർത്തിക്കും. 

എന്നാൽ, ഇത്തരമൊരു ദുരന്തം രാജ്യതലസ്ഥാനത്തുണ്ടാകുമ്പോൾ എല്ലാം റെയിൽവേയുടെ തലയിൽ കെട്ടിവെച്ച് തടിയൂരാനാകില്ല പ്രാദേശിക ഭരണകൂടത്തിന്. പ്രതിദിനം ശരാശരി അഞ്ച് ലക്ഷം യാത്രക്കാർ ഡൽഹി സ്റ്റേഷനിലെത്തുന്നുണ്ട് എന്നാണ് കണക്കുകൾ. ഉത്സവ സീസണുകളിലും അവധി ദിവസങ്ങളിലും ഇത് ആറ് ലക്ഷംവരെയായി വർധിക്കുന്നു. ഇവിടെയാണ് പ്രാദേശിക ഭരണകൂടവും സംസ്ഥാന സർക്കാരും ഇടപെടേണ്ടത്. അനിയന്ത്രിതമായി തിരക്ക് വർധിച്ചേക്കാം എന്ന് മുൻകൂട്ടി കാണാനുള്ള ഇന്റലിജൻസ് സംവിധാനങ്ങളുടെ പരാജയത്തിന് നാം കൊടുക്കുന്ന വിലയാണ് ഇത്തരം ദുരന്തങ്ങൾ. 

സ്റ്റേഷന് അകത്തുള്ള എൺപതോ നൂറോ സുരക്ഷാ ഉദ്യോ​ഗസ്ഥരെ കാഴ്ചക്കാരാക്കി ജനങ്ങൾ  ഇരച്ചെത്തുന്നത് മുൻകൂട്ടി കണ്ട് നിർദേശങ്ങൾ നൽകാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. ഈ സാധ്യത മുന്നിൽക്കണ്ട് ആർ.പി.എഫിനോ ജി.ആർ.പി.യ്ക്കോ കൃത്യമായ വിവരമെത്തിയിരുന്നെങ്കിൽ സുരക്ഷാസേന ഒരുപക്ഷേ കൂടുതൽ ജാ​ഗ്രതയോടെ പ്രവർത്തിച്ചേനെ. ആ 18 പേരെ മരണത്തിലേക്ക് തള്ളിവിടാതെ ഭരണകൂടത്തിന് രക്ഷയൊരുക്കാമായിരുന്നു. 

അടിതെറ്റുന്ന റെയിൽവേ
സുരക്ഷയ്ക്കാണ് ആദ്യ പരിഗണനയെന്ന് റെയിൽവേ ബോർഡ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ച് എട്ടുനാൾ പിന്നിടുമ്പോഴായിരുന്നു രാജ്യം നടുങ്ങിയ ബാലസോർ ദുരന്തം. 290-ലധികം പേർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടതായാണ് സർക്കാർ കണക്കുകൾ. 1000-ത്തിലധികം പേർക്ക് പരിക്കേറ്റു. ഷാലിമാറിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡൽ എക്സ്‌പ്രസും യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ–ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസും ഒരു ചരക്കുതീവണ്ടിയുമാണ് അന്ന് അപകടത്തിൽപ്പെട്ടത്. സി​ഗ്നലിങ് പിഴവാണ് വൻ ദുരന്തത്തിന് വഴിവെച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ചില റെയിൽവേ ഉദ്യോ​ഗസ്ഥരെ സി.ബി.ഐ. അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. 

ബാലസോർ ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് മുമ്പേ, കൃത്യം ഒരുവർഷത്തിനുശേഷം മറ്റൊരു അപകടത്തിനുകൂടെ രാജ്യം സാക്ഷിയായി. പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ വെച്ച് കാഞ്ചൻജംഗ എക്സ്പ്രസിന് പിന്നിലേക്ക് സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ നാല് ബോ​ഗികൾ പൂർണമായും തകർന്നു. പത്ത് പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. 40-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിഗ്നലിങ്ങിലെ തകരാറും ചരക്കുതീവണ്ടിയുടെ ലോക്കോപൈലറ്റിന്റെ അശ്രദ്ധയുമാണ് തീവണ്ടിദുരന്തത്തിന് വഴിവെച്ചത് എന്നായിരുന്നു റെയിൽവേയുടെ വിശദീകരണം.

placeholder
ബാലസോർ തീവണ്ടിയപകടത്തിൽ തകർന്ന ബോഗികൾ | Photo: AFP

സ്ഥാനം തെറിച്ച റെയിൽവേ മന്ത്രിമാർ
റെയിൽവേ മന്ത്രിയായി ചുമതലയേറ്റ നാൾമുതൽ റെയിൽവേയെ നവീകരിക്കുന്നതിലും നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച അശ്വിനി വൈഷ്ണവിനേറ്റ തിരിച്ചടിയായിരുന്നു ആവർത്തിച്ചുണ്ടായ അപകടങ്ങൾ. ഇതോടെ, റെയിൽവേയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്കയുയർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ റെയിൽവേ സോണുകളിലുണ്ടായ അപകടങ്ങളിലായി 350-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴാകട്ടെ, ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തംകൂടി  പുറത്തുവന്നതോടെ റെയിൽവേ മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടുകയാണ് പ്രതിപക്ഷം.

ഇത് ആദ്യമായല്ല രാജ്യത്ത് തീവണ്ടി അപകടങ്ങളുണ്ടാകുമ്പോൾ റെയിൽവേ മന്ത്രി സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷം രം​ഗത്തെത്തുന്നത്. ഈ രീതിയിലുള്ള അപകടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയവരുമുണ്ട് ഇന്ത്യയിൽ. 

1956-ൽ ലാൽ ബഹദൂർ ശാസ്ത്രിയാണ് തീവണ്ടി അപകടങ്ങളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സ്ഥാനം രാജിവെച്ച് പുറത്തുപോയ ആദ്യ റെയിൽവേ മന്ത്രി. രണ്ട് തീവണ്ടി അപകടങ്ങൾക്കാണ് അന്ന് രാജ്യം സാക്ഷിയായത്. ഹൈദരാബാദിൽ കനത്ത മഴയിൽ പാലം തകർന്ന് ട്രെയിൻ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 125 പേർ മരിച്ചതായാണ് കണക്കുകൾ. അതേവർഷം, തമിഴ്നാട്ടിലെ അരിയല്ലൂരിലും പാലം തകർന്ന് ട്രെയിൻ നദിയിലേക്ക് മറിഞ്ഞു. 150-ലധികം യാത്രക്കാർക്കാണ് അന്ന് ജീവൻ നഷ്ടമായത്.  ആദ്യത്തെ അപകടമുണ്ടായപ്പോൾ തന്നെ ശാസ്ത്രി പ്രധാനമന്ത്രി നെഹ്‌റുവിനെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ആദ്യതവണ ശാസ്ത്രിയെ പിന്തുണച്ച പ്രധാനമന്ത്രി പക്ഷേ രണ്ടാമതും അപകടം ആവർത്തിച്ചതോടെ അദ്ദേഹത്തിൽ നിന്ന് രാജി സ്വീകരിച്ചു.

നിതീഷ് കുമാറാണ് സമാനസാഹചര്യത്തിൽ രാജിവെയ്ക്കേണ്ടിവന്ന രണ്ടാമത്തെ റെയിൽവേമന്ത്രി. 1999-ൽ ബം​ഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 280-ലധികം പേർ മരിക്കുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ്, ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് നിതീഷ് രാജി സമർപ്പിച്ചത്. 

placeholder
അശ്വിനി വൈഷ്ണവ് | Photo: PTI

പിന്നീട് രണ്ട് റെയിൽവേ മന്ത്രിമാർ തങ്ങളുടെ ഭരണകാലത്ത് രാജിയുടെ വക്കിൽ വരെയെത്തിയെങ്കിലും ഇരുവർക്കും അന്നത്തെ പ്രധാനമന്ത്രിമാർ സംരക്ഷണമേകി. നിലവിലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് ആദ്യത്തെ ആൾ. 2000-ത്തിൽ മമതയുടെ ഭരണത്തിന് കീഴിലാണ് ഹൗറ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് പാളംതെറ്റി അപകടത്തിൽപ്പെടുന്നത്. ഇതേവർഷം തന്നെ പഞ്ചാബിൽ ട്രെയിനുകൾ കൂട്ടിയിടിച്ചും നിരവധി പേർക്ക് മരണം സംഭവിച്ചു. ഈ സംഭവങ്ങളെത്തുടർന്ന്, രണ്ടുതവണ മമത രാജി സമർപ്പിച്ചെങ്കിലും അന്നത്തെപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി അവരുടെ രാജി സ്വീകരിച്ചില്ല.

2017 ഓ​ഗസ്റ്റിൽ നാലുദിവസത്തിനിടെ രണ്ടുതവണ തീവണ്ടി പാളംതെറ്റിയുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ കലിംഗ ഉത്കൽ എക്‌സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തിൽ 20-ലധികം പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഉത്തർപ്രദേശിലെ ഔറയ്യയിൽ കൈഫിയാത് എക്സ്പ്രസ് പാളം തെറ്റി 80-ഓളം പേർക്കും പരിക്കേറ്റു. ഈ രണ്ട് അപകടങ്ങളുടേയും പശ്ചാത്തലത്തിൽ അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രി മോദിയെ തന്റെ രാജി സന്നദ്ധത അറിയിച്ചു. എന്നാൽ, കാത്തിരിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. തുടർന്ന്, കുറച്ച് നാളുകൾക്ക് ശേഷം സുരേഷ് പ്രഭുവിനെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലേക്ക് മാറ്റി.

ആവർത്തിക്കുന്ന ദുരന്തങ്ങൾ
ജനങ്ങളെ കുംഭമേളയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര, യു.പി. സർക്കാരുകൾ പ്രവർത്തിച്ചത്. കോടികളാണ് ഓരോ ദിവസവും സർക്കാർ ഖജനാവിലേക്കെത്തുന്നത്. എന്നാൽ, ആവേശത്തോടെ ഭക്തരേയും വിനോദസഞ്ചാരികളേയും ക്ഷണിക്കുമ്പോഴും ഇവർക്ക് ആവശ്യമായ സുരക്ഷയൊരുക്കുന്നതിൽ സർക്കാരിന് ജാ​ഗ്രതക്കുറവുണ്ടായോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഉദ്യോ​ഗസ്ഥരുടെ അനാസ്ഥ മൂലം ഒരാളുടെ ജീവനെങ്കിലും ആപത്ത് സംഭവിക്കുന്നുവെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണ്. ഇവിടെയാണെങ്കിലോ, രണ്ട് ദുരന്തങ്ങളിലായി 48 ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. 

placeholder
കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട ഭക്തർ തങ്ങളുടെ സാധനങ്ങൾ തിരയുന്നു | Photo: ANI

പുണ്യസ്നാനത്തിനായി ജനലക്ഷങ്ങളെത്തിയ മൗനി അമാവാസി ദിനത്തിലാണ് തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചത്. ആറുപതിലേറെ പേർക്ക് അന്ന് പരിക്കേറ്റു. ജനക്കൂട്ടം വേലിക്കെട്ടുകൾ മറികടന്ന് കുതിച്ചെത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. അഭൂതപൂർവമായ തിരക്കുള്ളിടത്ത് ഏതൊരു ദുരന്തസാഹചര്യവും മുന്നിൽകണ്ട് പ്രവർത്തിക്കേണ്ടതാണ് ഭരണകൂടം. എന്നാൽ, ഇവിടെ എങ്ങിനെയായിരുന്നു കാര്യങ്ങൾ. വ്യാഴാഴ്ച പുലർച്ചെ 1.30-ഓടെയുണ്ടായ ദുരന്തം യു.പി. സർക്കാർ സ്ഥിരീകരിച്ചത് വ്യാഴാഴ്ച വൈകീട്ടു മാത്രമാണ്. കടുത്ത ആശയക്കുഴപ്പങ്ങൾക്കും ആശങ്കകൾക്കുമാണ് സർക്കാരിന്റെ ഈ നീക്കം വഴിവെച്ചത്. വി.ഐ.പി.കളുടെ സന്ദർശനത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സർക്കാർ സാധാരണക്കാരുടെ ജീവന് ഒരുവിലയും കൽപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രം​ഗത്തെത്തി. വിഷയത്തിൽ പാർലമെന്റിലടക്കം പ്രതിപക്ഷം ശബ്ദമുയർത്തുകയും ചെയ്തു. എന്നാൽ, ഒരു ദുരന്തത്തിനുശേഷവും ഭരണകൂടം ഉണർന്നു പ്രവർത്തിക്കാതെയിരുന്നതിന്റെ ഫലമാണ് ഡൽഹിയിൽ സംഭവിച്ചത്. വി.ഐ.പി.കളിൽ ഒരാൾക്കാണ് ഈ വിധത്തിലൊരു അപകടമുണ്ടായതെങ്കിൽ ഈ വിധത്തിലായിരിക്കുമോ സർക്കാർ പ്രതികരിക്കുക. ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങൾ അനവധിയാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടത് അനിവാര്യമാണ്. ഉത്തരമില്ലാത്ത പോകുന്ന ഇത്തരം ചോദ്യങ്ങളും സമസ്യകളും അനാസ്ഥകളും വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്കുള്ള ദൂരം കൂട്ടുകയേ ഉള്ളൂ. ഇതൊട്ടും അശാസ്യമല്ലെന്ന് ഇത്തരം മാപ്പർഹിക്കാത്ത ദുരന്തങ്ങൾ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.