ന്യൂഡൽഹി: ഓൺലൈനിലൂടെ നൽകുന്ന ടിക്കറ്റുകൾക്ക് മാത്രമല്ല റിസർവേഷൻ കൗണ്ടറുകളിലൂടെ നൽകുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഇന്ത്യൻ റെയിൽവേക്ക് കർശന നിർദേശം നൽകി സുപ്രീംകോടതി. ഒക്ടോബർ 27 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുത്തണം.

To advertise here,

ഓൺലൈനായി ടിക്കറ്റുകൾ വാങ്ങുമ്പോൾ ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ കൗണ്ടറുകളിൽനിന്ന് വാങ്ങുന്നവയ്ക്കും ലഭിക്കണമെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നാമമാത്രമായ അധിക തുക നൽകി ഓൺലൈനായി റെയിൽവേ ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമാണ് നിലവിൽ ഇൻഷുറൻസ് പരിരക്ഷയുള്ളത്.

ഇതുമായി ബന്ധപ്പെട്ട് കേസ് നേരത്തെ പരിഗണിച്ചിരുന്ന ഘട്ടത്തിൽ ഓഫ്‌ലൈനായി ടിക്കറ്റ് വാങ്ങുന്നവർക്കും ഓൺലൈൻ ടിക്കറ്റെടുക്കുന്നവർക്ക് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ബെഞ്ച് റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരടക്കം ഓഫ്‌ലൈനായി ടിക്കറ്റെടുക്കുന്നവരാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ, ആവശ്യമായ സമയം അനുവദിച്ചിട്ടും റെയിൽവേ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും സുപ്രീംകോടതി അറിയിച്ചു.

'റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ആളുകൾക്ക് ഇത്തരം പരിരക്ഷ വ്യാപിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം രൂപീകരിക്കുന്നതിന് അധികാരികൾക്ക് കോടതി മതിയായ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലാത്തതിനാൽ, രണ്ടാഴ്ചയ്ക്കുള്ളിൽ, അതായത് 27.10.2026 മുതൽ, എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും കൗണ്ടറുകൾ വഴി വിൽക്കുന്ന എല്ലാ ടിക്കറ്റുകൾക്കും ഓൺലൈനായി വാങ്ങുന്ന ടിക്കറ്റുകൾക്ക് സമാനമായ രീതിയിൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ഉത്തരവിടുന്നു. മുൻകാലങ്ങളിൽ പറഞ്ഞിട്ടുള്ള ഈ നിർദ്ദേശം നിർബന്ധമായും നടപ്പിലാക്കണം, അല്ലാത്തപക്ഷം അതിന്റെ ഉത്തരവാദിത്തം നേരിട്ട് റെയിൽവേ ബോർഡിൽ നിക്ഷിപ്തമായിരിക്കും' എന്ന് സുപ്രീംകോടതി അറിയിച്ചു.

ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യത്തിൽ ഓൺലൈനായും ഓഫ്ലൈനായും ടിക്കറ്റ് എടുക്കുന്നവർക്കിടയിൽ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് വിശദീകരിക്കാൻ റെയിൽവേയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.

റെയിൽവേ ഉദ്യോഗസ്ഥരുടെ സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നവംബർ 16-ന് ഉച്ചയ്ക്ക് 3:00 മണിക്ക് റെയിൽവേ ബോർഡ് ചെയർമാനോടും അംഗങ്ങളോടും നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് നൽകുന്ന ഉറപ്പുകൾ ഗൗരവമുള്ളതല്ലെങ്കിൽ റെയിൽവേ ബോർഡ് ഉത്തരവാദിയായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.