ന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലാണ് നിൽക്കുന്നത്. കേരളം കൂടി നഷ്ടമായതോടെ അഞ്ചു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിൽ ഒരു തുണ്ടുഭൂമിപോലും ഇടതുപക്ഷ ഭരണത്തിൻ കീഴിലില്ലാതായി. പശ്ചിമ ബംഗാൾ, ത്രിപുര, കേരളം എന്നിവിടങ്ങളിലായിരുന്നു ഇടതുപക്ഷത്തിന് ശക്തമായ ഭരണ അടിത്തറയുണ്ടായിരുന്നത്. ഈ മൂന്ന് പ്രധാന കോട്ടകൾക്ക് പുറമെ, നിയമസഭകളിലും പാർലമെന്റിലും പ്രതിപ്രതിനിധികളെ എത്തിക്കാൻ തക്കവണ്ണം കർഷക-തൊഴിലാളി മേഖലകളിൽ ഇടതുപക്ഷത്തിന് ശക്തമായ പോക്കറ്റുകൾ ഉണ്ടായിരുന്നത് ബിഹാർ, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളായിരുന്നു.

To advertise here,

ബംഗാളിനു പിന്നാലെ ത്രിപുരയിലും ഒടുവിൽ കേരളത്തിലും നേരിട്ട പരാജയങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയെയും നിലനിൽപ്പിനെയും തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ പതനം പെട്ടെന്നുണ്ടായ ഒന്നല്ല, മറിച്ച് ദീർഘനാളത്തെ രാഷ്ട്രീയ അലംഭാവത്തിന്റെയും ജനങ്ങളിൽനിന്നുള്ള അകൽച്ചയുടെയും ഫലമാണ്.

34 വർഷത്തെ സാമ്രാജ്യത്തിന്റെ പതനം

ജ്യോതി ബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും നേതൃത്വത്തിൽ 1977 മുതൽ 2011 വരെ തുടർച്ചയായി 34 വർഷമാണ് ഇടതുമുന്നണി ബംഗാൾ ഭരിച്ചത്. ആദ്യകാലങ്ങളിലെ ഓപ്പറേഷൻ ബർഗയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തീകരണവും വഴി അവർ ജനഹൃദയങ്ങളിൽ ആഴത്തിൽ ഇടംനേടി. ഓപ്പറേഷൻ ബർഗ ഇടതുപക്ഷ സർക്കാർ പശ്ചിമ ബംഗാളിൽ നടപ്പിലാക്കിയ ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ പദ്ധതിയാണ്. ബംഗാളിലെ കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഇതിന് സാധിച്ചു. 'ബർഗാദാർമാർ' എന്നറിയപ്പെടുന്ന പങ്കുകൃഷിക്കാർക്ക് അവർ കൃഷി ചെയ്യുന്ന ഭൂമിയിൽ നിയമപരമായ അവകാശവും സുരക്ഷിതത്വവും ഉറപ്പാക്കുക, ജന്മിമാർ പങ്കുകൃഷിക്കാരെ അന്യായമായി ഒഴിപ്പിക്കുന്നത് തടയുക, വിളവെടുക്കുന്ന ധാന്യത്തിന്റെ കൃത്യമായ പങ്ക് കൃഷിക്കാരന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ.

പരമ്പരാഗതമായി, ഭൂമിയുടെ രേഖകളിലൊന്നും ഈ പങ്കുകൃഷിക്കാരുടെ പേരുകൾ ഉണ്ടായിരുന്നില്ല. അതിനാൽതന്നെ ജന്മികൾക്ക് എപ്പോൾ വേണമെങ്കിലും ഇവരെ ഇറക്കിവിടാനാകുമായിരുന്നു. ഓപ്പറേഷൻ ബർഗയിലൂടെ സർക്കാർ താഴെത്തട്ടിൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥരുടെയും കർഷക സംഘടനകളുടെയും സഹായത്തോടെ പങ്കുകൃഷിക്കാരുടെ പേരുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഇതിന്റെ പ്രധാനനേട്ടം ലക്ഷക്കണക്കിന് കർഷകർക്ക് ഭൂമിയിൽനിന്ന് പെട്ടെന്ന് ഒഴിപ്പിക്കപ്പെടില്ലെന്ന നിയമപരമായ ഉറപ്പ് ലഭിച്ചുവെന്നതാണ്. ഭൂമിയിൽ അവകാശം ലഭിച്ചതോടെ കർഷകർ കൂടുതൽ താൽപ്പര്യത്തോടെ കൃഷി ഇറക്കുകയും ബംഗാളിലെ നെല്ലുൽപ്പാദനം വൻതോതിൽ വർദ്ധിക്കുകയും ചെയ്തു. ഈ പദ്ധതി ഗ്രാമീണ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തമായ ജനപിന്തുണ നേടിക്കൊടുത്തു. ഇത് പതിറ്റാണ്ടുകളോളം ഭരണം നിലനിർത്താൻ അവരെ സഹായിച്ചു.

പശ്ചിമ ബംഗാളിലെ പാവപ്പെട്ട കർഷകരെ ജന്മിമാരുടെ ചൂഷണത്തിൽനിന്ന് രക്ഷിക്കാനും അവർക്ക് അന്തസ്സോടെ ജീവിക്കാനും വഴിയൊരുക്കിയ സുപ്രധാന കാർഷിക വിപ്ലവമായിരുന്നു ഓപ്പറേഷൻ ബർഗ. അവിടെനിന്നാണ് നീണ്ടകാലത്തെ ഭരണത്തിന്റെ വഴിതെറ്റലിനൊടുവിൽ മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യം ഉയർത്തിയ മമത ബാനർജിയും തൃണമൂൽ കോൺഗ്രസും ജനങ്ങൾക്കിടയിൽ തരംഗമായതും ഇടതുപക്ഷത്തെ തൂത്തെറിഞ്ഞതും. 1977 മുതൽ 2011 വരെ നീണ്ട ഭരണകാലം സി.പി.എം എന്ന പാർട്ടിയെയും ഭരണകൂടത്തെയും സമ്പൂർണമായ ജീർണ്ണതയിലേക്ക് നയിച്ചു. പ്രത്യക്ഷത്തിൽ എല്ലാവരുമറിയുന്ന അതിന്റെ പ്രധാന കാരണങ്ങൾ സിംഗൂരും നന്ദിഗ്രാമും (നിർബന്ധിത ഭൂമി ഏറ്റെടുക്കൽ)മാണ്. അതിനുമപ്പുറത്തേക്ക് കാരണങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.

മുപ്പത് വർഷത്തിലേറെ കർഷക പ്രസ്ഥാനങ്ങളുടെ കരുത്തിൽ ഭരിച്ച പാർട്ടി, വ്യവസായവൽക്കരണത്തിന്റെ പേരിൽ കർഷകരുടെ ഭൂമി നിർബന്ധപൂർവ്വം ഏറ്റെടുക്കാൻ ശ്രമിച്ചതാണ് ഏറ്റവും വലിയ വിനയായത്. തുടക്കത്തിൽ യൂണിയൻ രാജിന്റെ ഭാഗമായി വ്യവസായികളെ ശത്രുപക്ഷത്ത് നിർത്തിയതോടെ യുവാക്കൾ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു നടുക്കയത്തിലായിരുന്നു. കാർഷിക വ്യവസ്ഥയെ അടിസ്ഥാനമാക്കി ജനങ്ങൾ ജീവിതം നയിച്ചുപോന്ന ആദ്യകാലത്ത് അത് തിരിച്ചറിയാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. യുവാക്കൾക്ക് തൊഴിൽ കിട്ടാൻ വ്യവസായം വരണമെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.

ടാറ്റാ മോട്ടോഴ്‌സിന്റെ നാനോ കാർ ഫാക്ടറിക്കായി സിംഗൂരിലെ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുത്തതും കെമിക്കൽ ഹബ്ബിനായി നന്ദിഗ്രാമിൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി കണ്ടെത്താൻ ശ്രമിച്ചതും വലിയ ജനരോഷത്തിന് കാരണമായി. ഇടതുപക്ഷം എപ്പോഴും ജനങ്ങളെ പറഞ്ഞു പഠിപ്പിച്ചത് വ്യവസായികൾ ശത്രുക്കളെന്നാണ്. 'ആ ശത്രുക്കളെ' ഒടുവിൽ 'ആത്മമിത്രങ്ങളാക്കി' വിളിച്ചുകൊണ്ടുവന്നു. അവർക്ക് വേണ്ട ഭൂമി ജനങ്ങളുടേതായിരുന്നു. അത് അവരെ ബോധ്യപ്പെടുത്തി ഏറ്റെടുക്കുന്നതിനു പകരം പിടിച്ചുവാങ്ങാനാണ് ശ്രമിച്ചത്.

നന്ദിഗ്രാമിൽ പോലീസും സി.പി.എം കേഡറുകളും ചേർന്ന് നടത്തിയ വെടിവെയ്പ്പിൽ ഒട്ടേറെ കർഷകർ കൊല്ലപ്പെട്ടു. ഇതു പാർട്ടിയുടെ കർഷക അനുകൂല പ്രതിച്ഛായ പൂർണ്ണമായി തകർത്തു. ഭൂപരിഷ്‌കരണത്തിലൂടെ കർഷകരെ കൂടെ നിർത്തി വളർന്ന ഇടതുപക്ഷത്തിന്, കർഷകരെത്തന്നെ ശത്രുക്കളാക്കേണ്ടി വന്നു. ഈ സംഭവങ്ങൾ വലിയൊരു രാഷ്ട്രീയ ആയുധമാക്കിയാണ് അമ്മ, മണ്ണ്, മനുഷ്യൻ മുദ്രാവാക്യമുയർത്തി മമതയുടെ വരവ്. ബുദ്ധിജീവികളെ കൂടെക്കൂട്ടിയ മമത ടാഗോറിന്റെ ഏക് ലാ ചലോ രേ എന്ന് പാടിക്കൊണ്ടായിരുന്നു വന്നത്. അതു ബംഗാളിന്റെ ഹൃദയം കീഴടക്കുന്നതായിരുന്നു.

'ജദി തൊർ ഡാക് ശുനെ ക്യൂ നാനോഡെ ആഷ്‌ബെ തൊബ് ഏക് ലാ ചലോ രേ...'
ഏക് ലാ ചലോ, ഏക് ലാ ചലോ, ഏക് ലാ ചലോ. ഏക് ലാ ചലോ രേ... ('നിന്റെ വിളി കേട്ട് ആരും വന്നില്ലെങ്കിൽ, നീ ഒറ്റയ്ക്ക് മുന്നോട്ട് പോവുക...')

ആരും കൂടെ വരാനില്ലെന്ന് കരുതി ലക്ഷ്യത്തിൽനിന്ന് പിന്മാറരുത്, നിന്റെ മനസ്സാക്ഷി പറയുന്നത് ശരിയാണെന്ന് തോന്നിയാൽ ആ വഴിയിൽ പ്രതിസന്ധികൾ ഉണ്ടായാലും തനിച്ചാണെങ്കിലും മുന്നോട്ട് നടക്കുക എന്ന ഈ വരികൾ മമത കർഷകരെക്കൊണ്ടു മാത്രമല്ല സമസ്ത ബംഗാളികളെക്കൊണ്ടും പാടിച്ചു.

കർഷകരെ അകറ്റിയത് മാത്രമല്ല ഇടതുപക്ഷത്തിന്റെ തകർച്ചയ്ക്ക് കാരണം. അതിലുമേറെ അടിസ്ഥാനപരമായ കാരണങ്ങളുണ്ട്. അതിലൊന്നാണ്. 'പാർട്ടികോക്രസി' അഥവാ കേഡർ രാജ്. മലയാളികൾക്ക് കൂടുതൽ മനസിലാകുന്നത് ‘സെൽഭരണം’ എന്നതാകും. ബംഗാളിൽ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും പാർട്ടി തീരുമാനിക്കുന്ന അവസ്ഥ വന്നു (Partykocracy). റേഷൻ കാർഡ് കിട്ടണമെങ്കിലും സ്‌കൂളിൽ ജോലി ലഭിക്കണമെങ്കിലും പ്രാദേശിക തർക്കങ്ങൾ പരിഹരിക്കണമെങ്കിലും ലോക്കൽ കമ്മിറ്റി ഓഫീസുകൾ കയറിയിറങ്ങണമായിരുന്നു. ഭരണസംവിധാനവും പോലീസും പാർട്ടിയുടെ ആജ്ഞാനുവർത്തികളായി മാറി. ഇത് സാധാരണ ജനങ്ങളിലും നിഷ്പക്ഷമതികളിലും വലിയ അമർഷം ഉണ്ടാക്കി.

ജനാധിപത്യരാജ്യത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനേക്കാളും ഭരണഘടനയെക്കാളും രാഷ്ട്രീയ പാർട്ടികൾക്ക് പരമാധികാരം ലഭിക്കുന്ന രാഷ്ട്രീയ അവസ്ഥയാണ് പാർട്ടികോക്രസി. ഇറ്റാലിയൻ വാക്കായ partitocrazia എന്നവാക്കിൽ നിന്നാണ് ഈ വാക്കിന്റെ പിറവി. അവിടെ എല്ലാം പാർട്ടി തീരുമാനിക്കുന്ന അവസ്ഥയിലായി. പാർട്ടി ഒടുവിൽ നേതാക്കളായി. എല്ലാം നേതാക്കൾക്ക് മാത്രമായി. ആദ്യം എതിർ പാർട്ടിക്കാർക്കും പിന്നീട് സാധാരണക്കാർക്കും ഒടുവിൽ പാർട്ടി അണികൾക്കും നീതി നഷ്ടപ്പെട്ടു. നേതാക്കൾ മാത്രമായി ശരി. ആ ശരികളിൽനിന്നാണ് തെറ്റുകളുടെ കൂമ്പാരമുയർന്നുവന്നത്.

പിന്നെയുമുണ്ട് കാരണങ്ങൾ. വ്യവസായ മുരടിപ്പും തൊഴിലില്ലായ്മയും. ആദ്യകാലങ്ങളിൽ ഇടതുപക്ഷം പ്രോത്സാഹിപ്പിച്ച തീവ്ര ട്രേഡ് യൂണിയൻ സംസ്‌കാരവും (ഘെരാവോ, ഹർത്താലുകൾ) സി.ഐ.ടി.യുവിന്റെ അമിത ഇടപെടലുകളും ബംഗാളിൽനിന്ന് വ്യവസായങ്ങൾ പൂട്ടിക്കെട്ടാൻ കാരണമായി. പുതിയ നിക്ഷേപങ്ങൾ വരാതായി. ബുദ്ധദേവ് ഭട്ടാചാര്യ വ്യവസായ സൗഹൃദ നയങ്ങളുമായി വന്നപ്പോഴേക്കും കാലം വൈകിയിരുന്നു. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ബംഗാളി യുവാക്കൾക്ക് തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടി വന്നു.

ബുദ്ധിജീവികൾ അകന്നുപോയി. ബംഗാളിന്റെ സാംസ്‌കാരിക തനിമയിൽ ഇടതുപക്ഷത്തിന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ നന്ദിഗ്രാം, സിംഗൂർ സംഭവങ്ങളോടെ മഹാശ്വേത ദേവി, ശംഖ ഘോഷ് തുടങ്ങിയ പ്രമുഖ ബുദ്ധിജീവികളും കലാകാരന്മാരും ഇടതുപക്ഷത്തെ തള്ളിപ്പറയുകയും മമത ബാനർജിയുടെ 'മാ മാട്ടി മാനുഷ്' പ്രസ്ഥാനത്തിന് ഒപ്പം നിൽക്കുകയും ചെയ്തു.

2011-ൽ മമത അധികാരം പിടിച്ച ശേഷം ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടു. തൃണമൂലിന്റെ ഈ അക്രമ രാഷ്ട്രീയത്തിൽനിന്ന് തങ്ങളെ സംരക്ഷിക്കാൻ സി.പി.എം നേതൃത്വത്തിന് കഴിയാതെ വന്നതോടെ, ജീവൻ രക്ഷിക്കാൻ വലിയൊരു വിഭാഗം കേഡർമാരും വോട്ടർമാരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറി. അങ്ങനെ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് തകർന്ന് തരിപ്പണമായി.

മനഃസാക്ഷി മരവിക്കുന്ന കൊലപാതക പരമ്പരകൾ

പശ്ചിമ ബംഗാളിൽ 1977 മുതൽ 2011 വരെയുള്ള 34 വർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് രാഷ്ട്രീയ എതിരാളികൾക്കെതിരെയും ജനകീയ പ്രക്ഷോഭങ്ങൾക്കെതിരെയും കടുത്ത അക്രമങ്ങളും വലിയ കൂട്ടക്കൊലകളും നടന്നു. പാർട്ടിയുടെ ആധിപത്യം നിലനിർത്താൻ 'കേഡർ ഫോഴ്‌സുകളെ' ഉപയോഗിച്ച് നടത്തിയ ഈ അക്രമങ്ങൾ ബംഗാൾ രാഷ്ട്രീയത്തിലെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കറുത്ത അധ്യായങ്ങളാണ്. കൊലപ്പെടുത്തിയവരെ ഉപ്പിട്ടു മൂടുന്നതിന്റെ വിശദീകരണങ്ങൾ പാർട്ടി ക്ലാസുകളിൽ പഠിച്ചത്, ചിലർ കളം മാറ്റിയപ്പോൾ, പിന്നീട് പുറത്തുപറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്.

സിപിഎം ഭരണത്തിന്റെ ആദ്യനാളുകളിൽ നടന്ന ഏറ്റവും വിവാദ കൂട്ടക്കൊലകളിലൊന്നാണ് മരീച്ഝാപ്പി കൂട്ടക്കൊല(1979). ബംഗ്ലാദേശ് വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥികളായി എത്തിയ ദളിത് വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കൾ (നാമസൂദ്രർ) സുന്ദർബൻസിലെ ജനവാസമില്ലാത്ത 'മരീച്ഝാപ്പി' ദ്വീപിലാണ് താമസിച്ചത്. ഈ ദ്വീപ് ഒരു വന്യജീവി സങ്കേതത്തിന്റെ ഭാഗമാണെന്നും അഭയാർത്ഥികൾ നിയമവിരുദ്ധമായാണ് അവിടെ താമസിക്കുന്നതെന്നും സർക്കാർ നിലപാടെടുത്തു. 1979 ജനുവരിയിൽ സർക്കാർ ദ്വീപിന് ചുറ്റും സാമ്പത്തിക-ഭക്ഷണ ഉപരോധം ഏർപ്പെടുത്തി. ഉപരോധം ലംഘിക്കാൻ ശ്രമിച്ച അഭയാർത്ഥികൾക്ക് നേരെ പോലീസും സിപിഎം കേഡർമാരും ചേർന്ന് വെടിവെയ്പ്പ് നടത്തുകയും അവരുടെ കുടിലുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ കുറവാണെങ്കിലും, പട്ടിണി മൂലവും വെടിവെയ്പ്പിലും വഞ്ചി മുക്കിയും രണ്ടായിരത്തിലധികം ദളിത് അഭയാർത്ഥികൾ കൊല്ലപ്പെട്ടതായാണ് ഇതിനെക്കുറിച്ച് പഠിച്ച സംഘടനകൾ പറയുന്നത്.

ആനന്ദമാർഗ്ഗി സന്യാസിമാരെ ജീവനോടെ കത്തിച്ച സംഭവമാണ് മറ്റൊന്ന്. കൊൽക്കത്തയിലെ ബിജോൺ സേതുവിന് സമീപംവെച്ച് പകൽവെളിച്ചത്തിൽ നടന്ന അതിക്രൂരമായ കൂട്ടക്കൊലയാണിത്. 1982 ഏപ്രിൽ 30-ന് 'ആനന്ദമാർഗ്ഗ' എന്ന ആത്മീയ സംഘടനയിലെ 16 സന്യാസിമാരെയും ഒരു സന്യാസിനിയെയും ജനക്കൂട്ടം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും ജീവനോടെ തീകൊളുത്തി കൊല്ലുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് ഇവരെ ആക്രമിച്ചത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനയായതിനാൽ സിപിഎം പ്രാദേശിക നേതാക്കളുടെ ആസൂത്രിതമായ നേതൃത്വത്തിലാണ് ഈ കൊലപാതകം നടന്നതെന്ന് ശക്തമായ ആരോപണമുയർന്നു. ഇതിൽ ആരും ശിക്ഷിക്കപ്പെട്ടില്ല എന്നതുതന്നെയാണ് ഇതിൽ സർക്കാരുമായി ബന്ധപ്പെട്ടവർക്ക് പങ്കുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവ്.

സെയ്ൻബാരി കൂട്ടക്കൊല

മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയ ഒന്നാണ്‌ സെയ്ൻബാരി കൂട്ടക്കൊല. ഇടതുപക്ഷ മുന്നണി ഭരണം വരുന്നതിന് മുൻപ്, ബംഗാളിൽ കടുത്ത രാഷ്ട്രീയ അസ്ഥിരത നിലനിന്നിരുന്ന കാലത്താണ് ഇത് നടന്നത്. ബർദ്വാൻ ജില്ലയിലെ കോൺഗ്രസ് അനുഭാവികളായ സെയ്ൻ കുടുംബത്തിന്റെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ചു. പ്രണബ് സെയ്ൻ, മലയ് സെയ്ൻ എന്നീ സഹോദരന്മാരെ ക്രൂരമായി കൊലപ്പെടുത്തി. കൊല്ലപ്പെട്ട സഹോദരന്മാരുടെ രക്തം ചോറിൽ കുഴച്ചശേഷം ആ ചോറ് അവരുടെ അമ്മയെക്കൊണ്ട് നിർബന്ധിതമായി ഊട്ടിച്ചു. ഈ വാർത്ത അക്കാലത്ത് ഇന്ത്യയൊട്ടാകെ വലിയ ഞെട്ടലുണ്ടാക്കി. സി.പി.എം. ഭരണം തുടങ്ങുന്നതിനു മുമ്പാണെങ്കിലും ഈ ഭീകരകൃത്യം ഇന്നും അവരുടെ കൊലപാതകപ്പട്ടികയിൽ ആദ്യമായി എണ്ണുന്നതാണ്.

 

നന്ദിഗ്രാം, സിംഗൂർ വെടിവെയ്പ്പുകൾ

എറ്റവും ഒടുവിൽ തങ്ങളുടെ ശവപ്പെട്ടിയിൽ പാർട്ടി അടിച്ച അവസാനത്തെ ആണിയായിരുന്നു 2007-ലെ നന്ദിഗ്രാം, സിംഗൂർ വെടിവെയ്പ്പുകൾ. ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പതനത്തിന് ആക്കം കൂട്ടിയ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സംഭവങ്ങളാണിത്. 2006-ൽ ടാറ്റാ മോട്ടോഴ്‌സിന്റെ കാർ ഫാക്ടറിക്കായി കൃഷിഭൂമി ബലമായി ഏറ്റെടുക്കാൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ സർക്കാർ ശ്രമിച്ചതിനെതിരെ കർഷകർ രംഗത്തിറങ്ങി. പ്രക്ഷോഭകരെ അടിച്ചമർത്താൻ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ചതായി ആരോപണമുയർന്നു. അതിൽ 'താപസി മാലിക്' എന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വലിയ ജനരോഷമുണ്ടാക്കി. സിംഗൂരിലെ ഒരു സാധാരണ കർഷക കുടുംബത്തിലെ അംഗമായിരുന്ന 18 വയസ്സുകാരിയായിരുന്നു താപസി. കാർ ഫാക്ടറിക്കായി കൃഷിഭൂമി ബലമായി ഏറ്റെടുക്കുന്നതിനെതിരെ രൂപീകരിച്ച 'സിംഗൂർ കൃഷി ജമീൻ രക്ഷാ കമ്മിറ്റി'യിലെ സജീവ പ്രവർത്തകയായിരുന്നു. 2006 ഡിസംബർ 18-ന് വെളുപ്പിന്, ടാറ്റാ പ്രോജക്ടിനായി വേലി കെട്ടിത്തിരിച്ച പ്രദേശത്തിനുള്ളിൽ താപസി മാലിക്കിന്റെ മൃതദേഹം ക്രൂരമായി കൊലപ്പെടുത്തി, പെട്രോളൊഴിച്ച് കത്തിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന കർഷകരെ ഭയപ്പെടുത്താനും പ്രതിഷേധം അടിച്ചമർത്താനുമായി നടന്ന ക്രൂരതയായിരുന്നു ഇത്.

2007-ൽ ഇൻഡോനേഷ്യൻ കമ്പനിക്ക് കെമിക്കൽ ഹബ്ബ് നിർമ്മിക്കാനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നന്ദിഗ്രാമിലെ കർഷകർ പ്രതിഷേധിച്ചു. 2007 മാർച്ച് 14-ന് പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെയ്പ്പിൽ 14 കർഷകർ കൊല്ലപ്പെട്ടു. പോലീസിനൊപ്പം സിപിഎം കേഡർമാരും യൂണിഫോം ധരിച്ച് വെടിവെയ്പ്പിൽ പങ്കെടുത്തതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. 2001-ലെ ഛോട്ടാ അങ്കാരിയ സംഭവമാണ് മറ്റൊന്ന്. മിഡ്‌നാപൂർ ജില്ലയിലെ ഒരു വീട്ടിൽ തമ്പടിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം സംഘം ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തു. അഞ്ചുപേരാണ് ആ സംഭവത്തിൽ കൊല്ലപ്പെട്ടത്. കേസിൽ പിന്നീട് സിബിഐ അന്വേഷണം നടന്നു.

2011-ൽ നേതായ് ഗ്രാമത്തിലെ വെടിവെയ്പ്പ്

ലാൽഗഡിന് സമീപമുള്ള നേതായ് ഗ്രാമത്തിൽ സിപിഎം നേതാവിന്റെ വീട്ടിൽ ക്യാമ്പ് ചെയ്തിരുന്ന സായുധ പാർട്ടി കേഡർമാർ ഗ്രാമവാസികൾക്ക് നേരെ വെടിവെയ്പ്പ് നടത്തുകയും നാല് സ്ത്രീകളടക്കം ഒമ്പതുപേർ കൊല്ലപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ അവസാനത്തെ വലിയ അക്രമമായിരുന്നു ഇത്.

ഇത്തരം തുടർച്ചയായ രാഷ്ട്രീയ അക്രമങ്ങളും കർഷക വിരുദ്ധ ഭൂമി ഏറ്റെടുക്കലുകളുമാണ് ബംഗാളിലെ സാധാരണക്കാരായ ജനങ്ങളെ സിപിഎമ്മിൽനിന്ന് അകറ്റിയത്. കർഷകരുടെയും ദളിതരുടെയും സംരക്ഷകരായി വന്ന് അധികാരത്തിലേറിയ പാർട്ടി, പിന്നീട് അതേ വിഭാഗങ്ങൾക്ക് നേരെ ആയുധമെടുത്തത് 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചെടുക്കുന്നതിലേക്ക് വഴിമാറ്റി.

 

കാവിപ്പടയ്ക്ക് മുന്നിൽ വീണ ചുവപ്പ് കോട്ട

മണിക് സർക്കാരിന്റെ ലളിതജീവിതവും ജനകീയമുഖവും മുൻനിർത്തി 25 വർഷത്തോളം (1993-2018) ഇടതുപക്ഷം തുടർച്ചയായി ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ആദിവാസി-ബംഗാളി വിഭാഗങ്ങൾക്കിടയിലുള്ള ഐക്യവും സമാധാന അന്തരീക്ഷവും പാർട്ടിയുടെ കരുത്തായിരുന്നു. എന്നാൽ, പുറമെ ശാന്തമെന്ന് തോന്നിച്ച ത്രിപുരയ്ക്കുള്ളിൽ വലിയൊരു ഭരണവിരുദ്ധ വികാരം പുകയുന്നുണ്ടായിരുന്നു. 2018-ൽ ബി.ജെ.പിയുടെ ശക്തമായ കാമ്പെയ്നുകൾക്കും 'ചലോ പൾട്ടായ്' (മാറ്റത്തിന് തയ്യാറാകൂ) എന്ന മുദ്രാവാക്യത്തിനും മുന്നിൽ ഇടതുപക്ഷം വീണു.

10,323 അധ്യാപകരുടെ നിയമന അഴിമതിയും പിരിച്ചുവിടലും

ത്രിപുരയിലെ ഇടതുപക്ഷ സർക്കാരിന്റെ പതനത്തിന് ആക്കം കൂട്ടിയ ഏറ്റവും വലിയ ഭരണപരമായ വീഴ്ചയായിരുന്നു 10,323 സ്‌കൂൾ അധ്യാപകരുടെ നിയമനം. കൃത്യമായ യോഗ്യത മാനദണ്ഡങ്ങളോ സുതാര്യതയോ പാലിക്കാതെ, പാർട്ടി താല്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് ഈ നിയമനങ്ങൾ നടത്തിയതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2014-ൽ ത്രിപുര ഹൈക്കോടതി ഈ നിയമനങ്ങൾ റദ്ദാക്കി. തുടർന്ന് 2017-ൽ സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെ പതിനായിരത്തിലധികം അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.

ഇത് ബാധിച്ച കുടുംബങ്ങളും അവരുടെ ആശ്രിതരും ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞു. യുവാക്കൾക്കിടയിൽ സർക്കാരിന്റെ വിശ്വാസ്യത പാടെ തകരാൻ ഇത് കാരണമായി. ഈ സംഭവവുമായി ബന്ധപ്പെട്ട് പാർട്ടി കേഡർമാർ തന്നെ നേതാക്കൾക്കെതിരേ രംഗത്തെത്തി. മൂന്നുദിവസം കൊണ്ട് 114 പാർട്ടി ഓഫീസുകളാണ് സ്വന്തം പാർട്ടിക്കാർ തന്നെ തകർത്തത്. ഇതിൽ 73 എണ്ണത്തിന് തീയിടുകയായിരുന്നു.

യുവതലമുറയിലെ തൊഴിലില്ലായ്മ

ത്രിപുരയിൽ സാക്ഷരതാനിരക്ക് ഉയർന്നുനിന്നെങ്കിലും അഭ്യസ്തവിദ്യരായ യുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. വ്യവസായങ്ങളുടെ അഭാവവും സർക്കാർ ജോലികളെ മാത്രം ആശ്രയിക്കേണ്ടി വന്നതും യുവാക്കളെ നിരാശരാക്കി. ഈ നിരാശയെ മാറ്റത്തിനായുള്ള ഊർജ്ജമാക്കി മാറ്റാൻ ബി.ജെ.പിക്ക് സാധിച്ചു.

ആദിവാസി വോട്ടുകളിലെ ചോർച്ച

ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പ്രധാന ശക്തികേന്ദ്രങ്ങൾ അവിടുത്തെ ആദിവാസി മേഖലകളായിരുന്നു. എന്നാൽ ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രാദേശിക പാർട്ടിയായ ഐ.പി.എഫ്.ടി രംഗത്തുവന്നു. ബി.ജെ.പി ഈ പാർട്ടിയുമായി സഖ്യമുണ്ടാക്കുകയും ആദിവാസി മേഖലകളിലെ ഇടതുപക്ഷ കുത്തക തകർക്കുകയും ചെയ്തു.

ത്രിപുരയിൽ ഇടതുപക്ഷത്തിന്റെ വീഴ്ചയ്ക്കു കാരണമായ പൊതുമണ്ഡലത്തിന്റെ ശ്രദ്ധയിൽ ഉയർന്നു വരുന്ന കാരണങ്ങളാണിവയൊക്കെ. എന്നാൽ ഇതിലുമപ്പുറമായിരുന്നു അവിടുത്തെ ജീർണ്ണത. മണിക് സർക്കാരിനെ ഉയർത്തിക്കാട്ടിയ തിരഞ്ഞെടുപ്പുകളിലൊന്നും സി.പി.എം ജയിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെട്ടിട്ടില്ല. 1998-ൽ ആദ്യമായി മുഖ്യമന്ത്രിയായ കാലംതൊട്ട് ഇന്നോളം അങ്ങനെയായിരുന്നു. അഴിമതിയില്ലാത്ത, ലളിതജീവിതം നയിക്കുന്ന, ദരിദ്രനായ മുഖ്യമന്ത്രിയായ മണിക് സർക്കാരിനെപ്പോലെ മറ്റൊരു മുഖ്യമന്ത്രി ഇല്ലാത്തതുകൊണ്ടു തന്നെ ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പോസ്റ്റർ ബോയിയായിരുന്നു അദ്ദേഹം. എന്നിട്ടും സി.പി.എം ത്രിപുരയിൽ തോറ്റു. 

ഹിന്ദുത്വത്തിന്റെ മൂടുപടമായി ബി.ജെ.പി. അടൽ ബിഹാരി വാജ്പേയിയെ എങ്ങനെ ഉപയോഗിച്ചോ അതുതന്നെയായിരുന്നു ത്രിപുരയിൽ സി.പി.എമ്മിന് മണിക് സർക്കാരും. ഒരു അഴിമതിയുടെ കറയും മണിക് സർക്കാരിന്റെ പേരിലുള്ളതായി ഇന്ത്യയിൽ എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. പക്ഷേ, അദ്ദേഹം നേതൃത്വം നൽകിയ ഇടതുസർക്കാരിന് 12 അഴിമതിക്കേസുകൾക്ക് ജനങ്ങളോട് കണക്ക് പറയേണ്ടി വന്നു. 34 വർഷത്തെ തുടർച്ചയായ ഭരണം എങ്ങനെയാണോ ബംഗാളിലെ പാർട്ടിയെ ജീർണിപ്പിച്ചത് അതുതന്നെ തിപുരയിലും സംഭവിച്ചു. ബംഗാളിലെ ജീർണത ചൂണ്ടിക്കാട്ടാൻ നൃപൻ ചക്രബർത്തിയുണ്ടായിരുന്നു, ത്രിപുരയിൽ പാർട്ടിയുടെ പോക്ക് ശരിയല്ലെന്ന് പറയാൻ ആരുമുണ്ടായിരുന്നില്ല. മണിക് സർക്കാരിനു കീഴിൽ എല്ലാം ഭദ്രമാണെന്ന് പാർട്ടി ധരിച്ചു. അങ്ങനെ പ്രചരിപ്പിച്ചു.

നോട്ടുകെട്ടുകൾക്ക് മുകളിൽ കിടന്ന് പാർട്ടി നേതാവ് ചിരിക്കുന്നു

2013 ഒക്ടോബർ 17-ന് വൈകിട് ആറരയോടെയാണ് ത്രിപുരയിലെ പ്രാദേശിക ചാനലുകൾ 70 ലക്ഷം രൂപയ്ക്കു മുകളിൽ സി.പി.എം നേതാവ് കിടക്കുന്ന വീഡിയോ പുറത്തുവിടുന്നത്. ഈ ദൃശ്യങ്ങൾ പാർട്ടിയുടെ ജീർണതയുടെ ഏറ്റവും വലിയ തെളിവായിരുന്നു. പാർട്ടി പറയുന്നത് മാത്രം വിശ്വസിച്ചിരുന്ന പട്ടിണിപ്പാവങ്ങൾ ഈ വാർത്തയറിഞ്ഞ് ഞെട്ടി. ഈ സംഭവങ്ങൾ പുറത്തുവന്നതിന് ആഴ്ചകൾക്ക് ശേഷം ത്രിപുരയിൽ ചേർന്ന പാർട്ടി നേതൃയോഗം അഴിമതിയില്ലാത്ത സുതാര്യവും സംശുദ്ധവുമായ ഭരണമാണ് ത്രിപുരയിൽ നടക്കുന്നതെന്നാണ് പ്രഖ്യാപിച്ചത്.

70 ലക്ഷം രൂപ നിരത്തിയിട്ട കിടക്കയിൽ കിടക്കുന്ന സി.പി.എം നേതാവിന്റെ ചിത്രങ്ങൾ സി.പി.എമ്മിന്റെ ശവപ്പെട്ടിയിൽ അടിക്കപ്പെട്ട ആണികളിലൊന്നായിരുന്നു. സാദർ ഡിവിഷനിലെ ബങ്കുമാരിലോക്കൽ കമ്മിറ്റിയംഗം ബാബുൽ(സമർ) ആചാർജിയുടെ ചിത്രമാണ് വീഡിയോയിൽ കണ്ടത്. നോട്ടുകെട്ടുകൾക്ക് മുകളിൽ കിടന്നുകൊണ് ഞാൻ പണക്കാരനായി എന്ന് അദ്ദേഹം അലറിവിളിക്കുന്നു. ഇപ്പോൾ ലക്ഷങ്ങൾ, ഇനി ഞാൻ ഒരു കോടിയുണ്ടാക്കും നേതാവ് പുലമ്പിക്കൊണ്ടിരുന്നു.

അഗർത്തലയിൽ പൊതുകക്കൂസുകൾ നിർമിച്ച വകയിൽ ആചാർജിയടക്കം നാലുപേർക്കായി ലഭിച്ച പണമാണെന്നാണ് സി.പി.എം ഇത് സംബന്ധിച്ച് വിശദീകരിച്ചത്. നാലുപേർ ചേർന്നാണത്രെ ഈ ജോലിയുടെ കരാർ എടുത്തത്. ഈ വിശദീകരണങ്ങളൊന്നും വിലപ്പോയില്ല. 70 ലക്ഷം രൂപയാണ് കിടക്കയിൽ ഉണ്ടായിരുന്നതെങ്കിലും പാർട്ടി അന്വേഷണത്തിൽ അത് 17 ലക്ഷം രൂപയായി കുറഞ്ഞു.

സംസ്ഥാനത്ത് ഏറെകോളിളക്കം സൃഷ്ടിച്ച റോസ് വാലി ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ചിട്ടിഫണ്ടിന്റെ മുതിർന്ന എക്‌സിക്യൂട്ടിവുകളിലൊരാളായ സഞ്ജയ് ദാസ്ഗുപ്തയെ ഈ സംഭവത്തിനു ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റുചെയ്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി ബിജാൻ ധാറിന്റെ ബന്ധുവായ ഇദ്ദേഹം ഉടൻ തന്നെ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടില്ല. ഈ വിഷയം ഉയർത്തി പ്രതിപക്ഷം രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് ലോക്കൽ കമ്മിറ്റി അംഗമായ സമർ ആചാർജിയുടെ വീഡിയോ ചിത്രം ചാനലുകൾക്ക് ലഭിച്ചതും അത് പുറത്തുവിട്ടതും. അതോടെ സഞ്ജയ് ദാസ്ഗുപ്തയെ വിട്ട്‌ മാധ്യമങ്ങൾ സമർ അചാർജിയുടെ പിന്നാലെയായി. ചെറുമീനിടെ വിട്ടുകൊടുത്ത് വലിയ മീനിനെ രക്ഷിക്കുക എന്ന തന്ത്രമായിരുന്നു. ഒരു അഴിമതി മറയ്ക്കാൻ മറ്റൊരു അഴിമതി. അങ്ങനെയായിരുന്നു ഇടതു സർക്കാരിന്റെ പോക്ക്.

മണിക് സർക്കാരും അഴിമതികളും

അധ്യാപകനിയമനത്തിലെ അഴിമതി, സർക്കാർ ജോലി നൽകാത്തതിന് സി.പി.എം. ഓഫീസുകൾ പ്രവർത്തകർ ആക്രമിച്ചു. മണിക് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച അധ്യാപക നിയമന അഴിമതിയുടെ തുടക്കം ഇങ്ങനെയായിരുന്നു പത്രങ്ങളിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014 ജനുവരി രണ്ടിനായിരുന്നു ഈ സംഭവം. ടീച്ചർ നിയമനത്തിനുള്ള ഉത്തരവ് കിട്ടാത്തതിന്റെ പേരിലാണ് സി.പി.എം. പ്രവർത്തകർ പാർട്ടി ഓഫിസുകൾക്ക് തീയിട്ടത്. പാർട്ടിക്കുവേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന തങ്ങളെ ഒഴിവാക്കി നേതാക്കളുടെ ബന്ധുക്കൾക്കും മറ്റും നിയമന ഉത്തരവ് നൽകിയെന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പാർട്ടി ഓഫീസുകൾ ആക്രമിക്കുകയും തീയിടുകയും ചെയ്തത്. അക്രമത്തിന് നേതൃത്വം നൽകിയത് പാർട്ടി പ്രവർത്തകർ തന്നെയായതിനാൽ പോലീസിന് കയ്യുംകെട്ടി നിൽക്കാനേ കഴിഞ്ഞുള്ളു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായിരുന്നു ഈ സംഭവം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരിക്കെ മുഖംമിനുക്കൽ നടപടികളുടെ ഭാഗമായി 4,606 അണ്ടർ ഗ്രാജേറ്റ് ടീച്ചർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് അയയ്ക്കുകയും ചെയ്തു. ത്രിപുരയിലെ സർക്കാർ ജോലി സി.പി.എം. നേതൃത്വം വീതംവെച്ചെടുക്കുകയാണെന്ന ആക്ഷേപം കാലങ്ങളായുണ്ട്...

80,000-ത്തോളം പേരാണ് തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചത്. ജോലിക്കുള്ള അടിസ്ഥാനയോഗ്യത ടി.ടി.സി.ക്ക് സമാനമായ ബേസിക് ട്രെയിനിങ് ആണ്. ഉത്തരവ് ലഭിച്ചവരിൽ പലരും ഇതുകഴിഞ്ഞിട്ടില്ലാത്തവരാണെന്നും പരിശീലനം നേടിയ തങ്ങൾക്ക് നൽകാതെ ഇവർക്ക് കൊടുത്തത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പ്രതിഷേധക്കാർ പറഞ്ഞത്.

2014 ജനവരി ആറിന് ജോലിയിൽ പ്രവേശിക്കണമെന്നുകാട്ടി ഡിസംബർ 31-നും ജനവരി ഒന്നിനുമായാണ് പോസ്റ്റൽ വകുപ്പ് മുഖേന നിയമന ഉത്തരവ് കിട്ടിയത്. ചില പ്രദേശങ്ങളിൽ ആദിവാസിവിഭാഗത്തിൽ നിന്നുള്ള ഒരാൾപോലും പട്ടികയിൽ ഇല്ലാഞ്ഞത് വംശീയ വേർതിരിവ് കാട്ടിയെന്നതിന് തെളിവാണെന്നും പരാതി വന്നു. ഖൊവായിലാണ് ആദ്യം അക്രമമുണ്ടായത്. പ്രശ്‌നം ചൂണ്ടിക്കാട്ടി പാർട്ടി ഓഫീസിലെത്തിയ സി.പി.എം. പ്രവർത്തകരും അനുഭാവികളുമായ ഉദ്യോഗാർഥികൾ ഓഫീസ് തല്ലിത്തകർത്തു. അംപുര, രാമചന്ദ്രഗഡ്, ദർഗാബസാർ, തീലിയമുറയിലെ ഹഡ്രായി, ദസ്‌കി എന്നിവിടങ്ങളിലെ ലോക്കൽ കമ്മിറ്റി ഓഫീസുകളാണ് ആദ്യദിവസം ആക്രമിക്കപ്പെട്ടത്. നാഗബൻഷി, രാജ്നഗർ എന്നിവിടങ്ങളിൽ പാർട്ടിനേതാക്കളെ തടഞ്ഞുവെച്ചു. കുമാർഗട്ടിലെയും ദുർഗാപൂരിലെയും ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തകർ പൂട്ടിയിട്ടു.

നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു ഉദ്യോഗാർഥി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ഏതാനും ഉദ്യോഗാർഥികൾ മരണംവരെ നിരാഹാരമാരംഭിക്കുകയും ചെയ്തതോടെ സംഭവം കൂടുതൽ വിവാദമായി. ഛേബ്രി മേഖലയിൽ നിന്നുള്ള മഞ്ചുറാണി ദേബ്നാഥാണ് വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആരോഗ്യനില വഷളായ ഇവരെ ഖൊവായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പച്ചക്കറിക്കച്ചവടം നടത്തുന്നയാളുടെ ഭാര്യയായ മഞ്ചുറാണിക്ക് നിയമനം നൽകാമെന്ന് പാർട്ടിയുടെ പ്രാദേശികനേതൃത്വം ഉറപ്പുനൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇവർ ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ തുടങ്ങിയത്. മഞ്ചുറാണി ആശുപത്രിയിലായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രവർത്തകർ രാമചന്ദ്രഗട്ട് ലോക്കൽ കമ്മിറ്റി സെക്രട്ടറി നന്ദലാൽ ഗോപിനെ ഛേബ്രിയിലെ പാർട്ടി ഓഫീസിനുമുന്നിൽവെച്ച് ആക്രമിച്ചു. ഇദ്ദേഹത്തിന്റെ ബൈക്കും തീയിട്ടു.

സാദർ സബ്ഡിവിഷനിലെ ഹാപ്പാനിയയിൽ ഉദ്യോഗാർഥികളും കുടുംബാംഗങ്ങളും മരണംവരെ നിരാഹാരസമരമാരംഭിച്ചു. 20 വർഷമായി പാർട്ടി അംഗമായ രാജേഷ് സർക്കാർ ഉൾപ്പടെയുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഉന്നതനേതാക്കളും മന്ത്രിമാരും എം.എൽ.എ.മാരും ചേർന്ന് അവരുടെ കുടുംബാംഗങ്ങൾക്കും അടുത്തബന്ധുക്കൾക്കുമായി നിയമനം വീതിച്ചുനൽകിയെന്നാണ് ആരോപണം. ടൂറിസം മന്ത്രി രത്തൻ ഭൗമിക്, മാധബ് സാഹ എം.എൽ.എ., മുതിർന്ന നേതാവ് നിതായ് ബിശ്വാസ് എന്നിവർക്കെതിരെയാണ് വലിയ ആരോപണമുയർന്നത്.

ഇടതുപക്ഷ തുടർച്ചയായി അധികാരത്തിലിരിക്കുന്ന ത്രിപുരയിൽ 1993 മുതൽ ഒട്ടുമിക്ക ബന്ധുക്കൾക്കും സർക്കാർജോലി വാങ്ങിക്കൊടുത്തിട്ടുള്ള രത്തൻ ഭൗമിക് അധ്യാപക തസ്തികയിലേക്കുള്ള നിയമനപട്ടികയിലും തന്റെ ബന്ധുക്കളെ തിരുകിക്കയറ്റി. രത്തൻ ഭൗമിക്കിന്റെ അടുത്തബന്ധുക്കളായ സഞ്ജോയ് ഭൗമിക്, ലിറ്റൻ ഭൗമിക് എന്നിവർക്ക് ഈ ദിവസങ്ങളിൽ നിയമന ഉത്തരവ് ലഭിച്ചിരുന്നു. സംഭവത്തെത്തുടർന്ന് പല പ്രാദേശികനേതാക്കളും പ്രവർത്തകരുടെ ആക്രമണം ഭയന്നാണ് കഴിഞ്ഞുകൂടിയത്.

സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കേസിൽ സർക്കാർ അനങ്ങാപ്പാറനയം സ്വീകരിച്ചെങ്കിലും കോടതിയിൽനിന്ന് വൻ തിരിച്ചടി കിട്ടി. ഇതുസംബന്ധിച്ച പരാതി പരിഗണിച്ച കോടതി 2010 മുതൽ സർക്കാർ നടത്തിയ മുഴുവൻ അധ്യാപന നിയമനങ്ങളും റദ്ദുചെയ്യാൻ ഉത്തരവിട്ടു. അണ്ടർ ഗ്രാജേറ്റ്, ഗ്രാജേറ്റ്, പോസ്റ്റ് ഗ്രാജേറ്റ് വിഭാഗങ്ങളിലായി 10,323 പേരെയാണ് ഇക്കാലയളവിൽ സർക്കാർ നിയമിച്ചത്. അതേസമയം, ഉത്തരവ് സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ നിയമനം നേടിയവർക്ക് 2014 ഡിസംബർ 31 വരെ തുടരാമെന്നും കോടതി നിർദ്ദേശിച്ചു.

ബിശാൽഗഡിലെ 16.87 കോടിയുടെ അഴിമതി:   തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് പലയിടത്തും അഴിമതി നടന്നിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ബിശാൽഗഡ് ആർ.ഡി. ബ്ലോക്ക് അഴിമതി. ഒന്നരവർഷത്തെ തൊഴിലുറപ്പുപദ്ധതിക്കുള്ള ഫണ്ട് വിനിയോഗത്തിൽ 2.22 കോടിയുടെ തിരിമറി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. തുടർന്നാണ് ബിശാൽഗഡ് ബി.ഡി.ഓ. ബിമൽ ചക്രവർത്തിയടക്കം 12 പേരെ പ്രതിയാക്കി കേസെടുക്കുന്നത്. ഈ കേസിൽ അറസ്റ്റിലായ ബിമൽ ചക്രബർത്ഥി ജാമ്യത്തിലിറങ്ങി. എന്നാൽ, മറ്റുള്ളവർ ആരും അറസ്റ്റിലാകുകയോ തുടർനടപടികളുണ്ടാകുകയോ ചെയ്തില്ല. ഡി.വൈ.എഫ്.ഐ. നേതാവായ സഹോദരൻ അമലിനെയും ഭാര്യാപിതാവിനെയും ബിനാമിയാക്കിക്കൊണ്ടാണ് ചക്രബർത്ഥി പണം തിരിമറി നടത്തിയത്. കേസിൽപ്പെട്ട മറ്റുള്ളവരിൽ ഇടതുപക്ഷ യൂണിയന്റെ മുതിർന്ന നേതാക്കളായിരുന്നു.

24 കോടിയുടെ എൻ.ആർ.എച്ച്.എം. അഴിമതി: ഉനകൊട്ടി ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടന്ന അഴിമതി 24 കോടിരൂപയുടേതാണ്. എട്ടുവർഷംകൊണ്ടാണ് അഴിമതി നടത്തിയത്. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം വഴി കേന്ദ്രം അനുവദിച്ച ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ വലിയ പ്രതിഷേധങ്ങളുണ്ടായതോടെ അന്വേഷണത്തിന് സർക്കാരിന് ഉത്തരവിടേണ്ടിവന്നു.

ഇഞ്ചിവാങ്ങിയതിൽ രണ്ടുകോടിയുടെ അഴിമതി: 2011-ൽ സത്ചന്ദ് ബ്ലോക്കിൽ ഇഞ്ചി വാങ്ങിയതിൽ രണ്ടു കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണമുയർന്നത്. ഈ സംഭവത്തിൽ മുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറടക്കം 16 ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ. ഫയൽചെയ്തു. 3,00,000 കിലോ ഇഞ്ചി വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്. ആവശ്യമില്ലാതിരുന്നിട്ടും 3,22,000 കിലോ ഇഞ്ചി വാങ്ങിയത് വഴി സർക്കാരിന് ഒന്നരക്കോടിയോളം നഷ്ടമുണ്ടാക്കിയതിന് മറ്റൊരു ബി.ഡി.ഓ.ക്കെതിരെയും നടപടിയെടുക്കേണ്ടിവന്നു.

ശിശുമരണങ്ങൾക്കിടയാക്കിയ അഴിമതി: നിലവാരമില്ലാത്ത മരുന്നുകൾ വാങ്ങിയതുവഴി ശിശുമരണങ്ങൾക്ക് ഇടയാക്കിയത് ത്രിപുരയിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഗുവാഹട്ടി റീജണൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മരുന്നിന് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടും അത് ഉപയോഗിച്ചതുവഴി സർക്കാർ മെഡിക്കൽ കോളേജിലടക്കം നിരവധി കുട്ടികൾ മരിച്ചിരുന്നു. ഹിമാചൽപ്രദേശിലെ വർധമാൻ ഫാർമയിൽനിന്നാണ് മരുന്നുകൾ വാങ്ങിയത്. വ്യാജമരുന്നുകൾ വാങ്ങിയതുവഴി ആരോഗ്യവകുപ്പധികൃതർ വൻതോതിൽ കമ്മീഷൻ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ആരോഗ്യമന്ത്രിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചെങ്കിലും മരുന്നുവിതരണം നിർത്തിവെക്കുക മാത്രമാണ് സർക്കാർ ചെയ്തത്.

തൊഴിലുറപ്പുപദ്ധതികളിലെ അഴിമതി: ത്രിപുരയിലെ തൊഴിലുറപ്പുപദ്ധതി അഴിമതി സുപ്രീംകോടതിയിൽ വരെയെത്തിയിരുന്നു. സ്വരാജ് അഭിയാൻ നൽകിയ പരാതിയിലാണ് ത്രിപുരയിലെ അഴിമതി കോടതിയിൽ പരാമർശിക്കപ്പെട്ടത്. ത്രിപുരയിലെ തൊഴിലുറപ്പുപദ്ധതി നടത്തിപ്പിൽ ക്രമക്കേടുള്ളതായി ഗൗരവതരമായ ആരോപണമുയർന്നിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ഓഡിറ്റ് സംഘം ക്രമക്കേടുകൾ വിശദമായി പരിശോധിക്കുമെന്നുമാണ് കേസിൽ ഹാജരായ കേന്ദ്രസർക്കാരിന്റെ അഭിഭാഷക വി. മോഹന പറഞ്ഞത്. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിൽ തൊഴിൽദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോഴാണ് കേന്ദ്രം സംസ്ഥാനത്ത് നടക്കുന്ന അഴിമതിയെക്കുറിച്ച് മറുപടി നൽകിയത്.

ആർ.എം.എസ്.എ. അഴിമതി: അഞ്ച് കോടി രൂപയുടെ അഴിമതിയാണ് സ്‌കൂൾ വിദ്യാഭ്യാസ അഴിമതിയായി അറിയപ്പെട്ടത്. ആർ.എം.എസ്.എ. വഴി ലഭിച്ച പണം പിൻവലിച്ചെങ്കിലും ആവശ്യങ്ങൾക്കൊന്നും ഉപയോഗിച്ചുകണ്ടില്ല. ഇത് വൻ വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. ആർ.എം.എസ്.എ. യിൽ കാഷ്യറായ അർണബ് ചക്രബർത്തിക്കെതിരെ കേസെടുത്തു. അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സംഭവത്തിൽ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെക്കൂടി സസ്പെന്റ് ചെയ്തു. എന്നാൽ, ഇതിൽ ഉന്നതർക്ക് പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ല.

മെഡിക്കൽ കോളേജ് അഴിമതി: 2011 ജൂലൈ 11-ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു പ്രതിഷേധ റാലി നടത്തി. സംസ്ഥാനത്തെ സംവരണനയത്തിന് വിരുദ്ധമായി ത്രിപുര മെഡിക്കൽ കോളേജിൽ നടക്കുന്ന പുതിയ പ്രവേശന നടപടികൾക്ക് എതിരെയായിരുന്നു റാലി. റാലിക്കുനേരെ പോലീസ് വെടിവെച്ചു. പത്രംവിറ്റ് ജീവിക്കുന്ന പപായ് സിൻഹ എന്ന ചെറുപ്പക്കാരൻ തലയ്ക്ക് വെടിയേറ്റ് സംഭവസ്ഥലത്ത് മരിച്ചു. മറ്റ് ആറ് പേർ വെടിയേറ്റ് ഗുരുതരാവസ്ഥയിലായി. നൂറുകണക്കിന് പ്രവർത്തകർക്ക് മർദ്ദനമേറ്റു.

അഴിമതിയുടെ ബലിയാടായി ബിരേഷ്ദാസ്

ദസ്പരയിലെ ബിരേഷ്ദാസ് എന്ന ഗ്രാമീണന്റെ മനോനില തകർത്തത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അഴിമതിക്കൂട്ടുകെട്ടാണ്. സി.പി.എം. തുടർച്ചയായി അധികാരത്തിലിരിക്കുന്ന ത്രിപുരയിൽ അഴിമതി എങ്ങനെയാണ് സാധാരണക്കാരനെ ബാധിച്ചത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ബിരേഷ്ദാസ്. ജഗന്നാഥ്പുർ പഞ്ചായത്തിൽ മനു നദിക്കരയിൽ ഇരുന്ന് വിലപിക്കുന്ന 28 കുടുംബങ്ങൾ അഴിമതിയെ മാത്രമാണ് കുറ്റം പറയുന്നത്. കരയിടിച്ചിൽ തുടർച്ചയായുണ്ടാകുന്ന മനുനദിയുടെ തീരങ്ങളിൽ കൽക്കെട്ട് നിർമിക്കുന്നതിൽ കാട്ടിയ അഴിമതിയാണ് ഈ കുടുംബങ്ങളെ അനാഥമാക്കിയത്.

അനുവദിച്ച ഒരു കോടി രൂപയിൽ 10 ശതമാനം പോലും ചിലവഴിച്ചില്ല. തുച്ഛമായ തുക മുടക്കി, ഉറപ്പില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും തട്ടിക്കൂട്ടിയ കൽക്കെട്ട് ദിവസങ്ങൾകൊണ്ട് തകർന്നു. ഇതോടെ, 400 ഏക്കറോളം തീരം നദി കവർന്നു. പാവപ്പെട്ട ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഭൂമിയാണ് നദി കവർന്നത്.

ഇതോടെ, ഭൂമിയില്ലാതായതിന്റെ ദുഃഖത്തിൽ ബിരേഷ്ദാസിന്റെ മനോനില തകർന്നു. 10 ഏക്കറോളം ഭൂമിയും വീടുമാണ് ബിരേഷ്ദാസിന് നഷ്ടപ്പെട്ടത്. നേരത്തെ ഇങ്ങനെ നദിയിടിഞ്ഞ് വീടുകൾ നഷ്ടപ്പെട്ട 25 കുടുംബങ്ങൾ ഇവിടെനിന്ന് എവിടേക്കോ പോയിരുന്നു. ഓരോ വർഷവും കരയിടിച്ചിൽ തടയുന്നതിന് കൽക്കെട്ട് കെട്ടാൻ തുകയനുവദിക്കും. ആരെങ്കിലും കരാറെടുക്കും. അത് സി.പി.എം. പ്രവർത്തകർ മാത്രമായിരിക്കുമെന്നത് നിർബന്ധം. എന്തെങ്കിലും ചെയ്തെന്ന് വരുത്തും. ബില്ല് മാറും. പണം കൊണ്ടുപോകും. ജനങ്ങൾക്ക് ഭൂമിയും വീടും ജീവിതവും നഷ്ടമാകും. ഈ പ്രക്രിയ ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. അഴിമതിക്കാരനല്ലെന്ന് സമൂഹം വിശ്വസിക്കുന്ന മണിക് സർക്കാരിന്റെ ചിറകിനടിയിൽ നിന്നുകൊണ്ട് മന്ത്രിമാരും പാർട്ടിനേതാക്കളും പ്രവർത്തകരും ഉദ്യോഗസ്ഥരുമൊക്കെ അഴിമതി നടത്തുമ്പോൾ അതുകണ്ടുകൊണ്ടുനിന്ന മണിക് സർക്കാറിന് മൻമോഹൻ സിങ്ങിന്റെ അതേ വിധി നേരിടേണ്ടിവന്നു.

 

നൃപൻ ചക്രവർത്തി: പാർട്ടിയെ തിരുത്തിയ ശക്തി

നൃപൻ ചക്രവർത്തിയെ തള്ളിയാണ് 1993-ൽ പാർട്ടിനേതൃത്വം ദശരഥ് ദേബിനെ മുഖ്യമന്ത്രിയാക്കിയത്. അന്ന് പാർട്ടിയിൽ ആരെങ്കിലും നൃപനുവേണ്ടി വാദിച്ചിരുന്നോ എന്നതും പ്രധാന ചോദ്യമാണ്. സംഘർഷത്തിന്റെ നടുവിൽ നിൽക്കുമ്പോൾ ആദിവാസികൾക്ക് അധികാരം നൽകിയെന്ന രാഷ്ട്രീയ സന്ദേശം നൽകാനാണോ പാർട്ടി ലക്ഷ്യമിട്ടത്? അതോ പാർട്ടിയേക്കാളും വളർന്നുപോയ നേതാവിന്റെ ഏകാധിപത്യത്തെയാണോ തള്ളിക്കളഞ്ഞത്? നൃപൻ ചക്രവർത്തിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ചരിത്രം ഇങ്ങനെയും വായിക്കപ്പെട്ടിട്ടുണ്ട്.

ബംഗാളിൽ ജനിച്ച നൃപൻ ചക്രവർത്തി ജീവിതത്തിൽ പ്രകടിപ്പിച്ച ലാളിത്യം കൊണ്ടാണ് കമ്മ്യൂണിസ്റ്റ് നേതാവ് എന്ന സ്ഥാനത്ത് കൂടുതൽ ആദരിക്കപ്പെടുന്നത്. 1934-ൽ ബംഗാളിൽ പാർട്ടി പ്രവർത്തനമാരംഭിച്ച നൃപൻ ത്രിപുരയിലേക്ക് വരുന്നത് 1950-ലാണ്. ദശരഥ് ദേബിനൊപ്പം ആദിവാസികൾക്കിടയിലിറങ്ങി പ്രവർത്തിച്ച അദ്ദേഹത്തെ 'ജഗത് ദാ' എന്നാണ് അവർ വിളിച്ചത്. ത്രിപുര സംസ്ഥാനമാകുന്നതിന് ഏറെക്കാലം മുമ്പ് തന്നെ നൃപൻ ചക്രവർത്തി പാർലമെന്ററി രാഷ്ട്രീയത്തിലുണ്ട്. 1951 മുതൽ ത്രിപുര നിയമസഭയിലേക്ക് ഏഴുതവണ തിരഞ്ഞെടുക്കപ്പെട്ടു. പൂർണ്ണമായ അർത്ഥത്തിൽ നിയമസഭയാകുന്നതിന് മുമ്പേ ജനപ്രതിനിധിയായി നിന്നുകൊണ്ട് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഒരു ചെറിയ തകരപ്പെട്ടിക്കുള്ളിൽ കൊള്ളാവുന്ന സാധനങ്ങളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്നുവരികയും ചുമതല ഒഴിഞ്ഞപ്പോൾ അതേ തകരപ്പെട്ടിയുമായി സൈക്കിൾ റിക്ഷയിൽ കയറിപ്പോകുകയും ചെയ്ത മനുഷ്യൻ - നൃപൻ ചക്രവർത്തി ചുമതലയേറ്റതിനെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്. സ്വന്തം ഔദ്യോഗിക വാഹനം പരമാവധി ഉപയോഗിക്കാതിരിക്കുകയും മറ്റുള്ള മന്ത്രിമാരുടെ കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിപ്പോകുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ ഇനി കാണാൻ സാധിക്കുമോ? ഡ്രൈവറോട് നൃപൻ ഇങ്ങനെ പറയും - 'കാർ നിങ്ങൾ ഗാരേജിൽ ഇട്ടിട്ട് വീട്ടിൽ പൊയ്ക്കൊള്ളൂ, വിഷമിക്കണ്ട, ആരെങ്കിലും എനിക്ക് ലിഫ്റ്റ് തരും.' ഇങ്ങനെയാണ് നൃപൻ ജീവിച്ചത്. 1972-ൽ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിലും 1984-ൽ പൊളിറ്റ്ബ്യൂറോയിലും അംഗമായി.

പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ മകൻ ശുഭബ്രത ബസു (ചന്ദൻ ബസു) ഭരണത്തിൽ അവിഹിതമായി ഇടപെടുന്നുവെന്നും ഭരണത്തിന്റെ മറവിൽ അനധികൃതമായി നേട്ടമുണ്ടാക്കുന്നുവെന്നും പരസ്യമായി വിമർശിച്ചപ്പോഴാണ് 1995 ഏപ്രിൽ 13-ന് നൃപനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി അച്ചടക്കം ലംഘിച്ചു എന്നതായിരുന്നു കുറ്റം. ജ്യോതി ബസുവിനെതിരെ തെളിവില്ലാതെയാണ് ആരോപണം ഉന്നയിച്ചതെന്ന് പാർട്ടി കണ്ടെടുത്തു. മൂന്നുവർഷത്തെ ബിസിനസ് കൊണ്ട് വർഷം രണ്ട് കോടിക്ക് മേൽ വരുമാനമുള്ള മൂന്ന് വമ്പൻ കമ്പനികളുടെ തലപ്പത്ത് ചന്ദൻ ബസു എങ്ങനെയെത്തിയെന്ന് ആരും അന്വേഷിച്ചില്ല. ബാങ്ക് മാനേജർമാർ വായ്പയുമായി ചന്ദൻ ബസുവിന് പിന്നാലെ നടക്കുന്നതും പാർട്ടി അറിഞ്ഞില്ല.

ചങ്ങാത്ത മുതലാളിത്തം ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രധാന ചർച്ചാവിഷയമായി ഉയർന്നുവന്നിട്ടുണ്ട്. അന്ന് ചങ്ങാത്ത മുതലാളിത്തം കമ്മ്യൂണിസത്തിന് ചേർന്നതല്ലെന്നും അഴിമതിയാണെന്നും നൃപൻ പറഞ്ഞപ്പോൾ അത് കുറ്റമായിപ്പോയി. നൃപൻ തെളിവുകൾ നിരത്തിയില്ല; പക്ഷേ നൃപന്റെ ആരോപണങ്ങൾക്ക് ശേഷം ചന്ദൻ ബസുവിന്റെ പെട്ടെന്നുള്ള വളർച്ചയും അതിന് മുഖ്യമന്ത്രിയായ അച്ഛന്റെ വിലാസം എങ്ങനെ ഉപയോഗപ്പെട്ടുവെന്നും കൽക്കത്തയിലെയും ദേശീയതലത്തിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവയൊന്നും അന്വേഷിക്കാൻ നൃപന്റെ ചോരയ്ക്കുവേണ്ടി വാദിച്ചവർ തയ്യാറായില്ല.

(തുടരും)