
2015 ഏപ്രില്‍ 18.
ചുവന്നു തുടുത്തു തന്നെ നില്‍ക്കുകയാണ് തുറമുഖനഗരമായ വിശാഖപട്ടണം. അന്നത്തെ രാത്രി കടലിനെ തഴുകിയെത്തുന്ന കാറ്റിലുമുണ്ടായിരുന്നു, അഭ്യൂഹങ്ങളുടെ വേലിയേറ്റം. വിശാഖ് പോര്‍ട്ട് സ്‌റ്റേഡിയത്തില്‍ സിപിഎം പൊളിറ്റ്ബ്യൂറോ യോഗം നടക്കുന്നു. സമര്‍ മുഖര്‍ജി നഗര്‍ എന്ന പേരില്‍ വേദിയൊരുക്കിയ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസമായ 19ന് അടുത്ത ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കണം. അതിനുള്ള ചര്‍ച്ചകളാണ് അകത്തെ മുറിയില്‍. അര്‍ധരാത്രി കഴിഞ്ഞിട്ടും യോഗം നീളുന്നു. അകത്ത് നേതാക്കളും പുറത്ത് മാധ്യമപ്രവര്‍ത്തകരും ഉറക്കമൊഴിച്ച് കാത്തിരിക്കുന്നു. ചൂടുപിടിച്ച ചര്‍ച്ച മാത്രമല്ല, ഇരുപക്ഷവും തമ്മില്‍ തീര്‍പ്പാകാത്ത തര്‍ക്കമാണെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ചു. ഒടുവില്‍ രാത്രി രണ്ടു മണിയോടെ നേതാക്കള്‍ പുറത്തിറങ്ങി. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുഞ്ചിരിക്കുമ്പോഴും മുഖങ്ങളില്‍ പിരിമുറുക്കം വായിച്ചെടുക്കാമായിരുന്നു. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത ഒരു പ്രതിസന്ധിഘട്ടത്തിലായിരുന്നു സിപിഎം.
ഏറെക്കാലം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് കാരാട്ട് ഒഴിയുന്ന വേളയായിരുന്നു വിശാഖപട്ടണത്തെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്. പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നതു രണ്ടു പേരുകള്‍. ഒന്ന്, സീതാറാം യെച്ചൂരി. രണ്ടാമന്‍ എസ്.രാമചന്ദ്രന്‍ പിള്ള. കേരളഘടകത്തിന്റെ ഉറച്ച പിന്തുണയോടെ എസ്.ആര്‍.പിക്കു വേണ്ടി പ്രകാശ് കാരാട്ട് തര്‍ക്കിച്ചു. 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരികയും പാര്‍ട്ടിയുടെ ലോക്‌സഭാ പ്രാതിനിധ്യം കുറയുമൊക്കെ ചെയ്ത നിര്‍ണായക രാഷ്ട്രീയസന്ദര്‍ഭത്തില്‍ യെച്ചൂരിയെപ്പോലൊരാള്‍ നയിക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി അന്ന് തിളങ്ങി നില്‍ക്കുകയായിരുന്നു യെച്ചൂരി. സംസ്ഥാനത്തെ വിഭാഗീയതയില്‍ വി.എസ്.അച്യുതാനന്ദനെ അനുകൂലിച്ചു നിന്ന യെച്ചൂരിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിക്കാന്‍ കേരള ഘടകം തയ്യാറായിരുന്നില്ല.
സമ്മേളനത്തിന് ഒരുങ്ങും മുമ്പേ കാരാട്ടും കേരള ഘടകവും ചരടുവലി തുടങ്ങി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തലേന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ നിര്‍ദേശിക്കാനുള്ള പിബിയിലും ഈ നീക്കങ്ങള്‍ പ്രകടമായി. പക്ഷെ, വിട്ടു കൊടുക്കാന്‍ മറുപക്ഷം തയ്യാറായിരുന്നില്ല. തര്‍ക്കങ്ങളുടെ പുകച്ചുരുളില്‍ ഏപ്രില്‍ 18നു അര്‍ധരാത്രിയിലേറെ നീണ്ട പിബി യോഗം വീര്‍പ്പുമുട്ടി. പാര്‍ട്ടിയില്‍ ആധിപത്യം കാരാട്ടിനും കേരള ഘടകത്തിനുമായതിനാല്‍ 'എസ്ആര്‍പി ജനറല്‍ സെക്രട്ടറി' എന്ന നിലയില്‍ ടെലിവിഷന്‍ ചാനലുകള്‍ ബ്രേയ്ക്കിങ് ന്യൂസ് നല്‍കി. വാസ്തവം മറിച്ചായിരുന്നു. പിറ്റേന്നു രാവിലെ വീണ്ടും ചര്‍ച്ചയാവാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. പിന്നാലെ, നേതാക്കളുടെ മുറികളില്‍ കരുനീക്കങ്ങളുടെ പതിഞ്ഞ ശബ്ദം രാവേറെ നീണ്ടു.
പിറ്റേന്ന് രാവിലെ മണിക് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമങ്ങള്‍. എസ്.ആര്‍.പിയെ ജനറല്‍ സെക്രട്ടറിയായി നിര്‍ദേശിച്ചാല്‍ യെച്ചൂരിയെ മത്സരിപ്പിക്കുമെന്ന് ബംഗാള്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. ആവശ്യമെങ്കില്‍ മത്സരിക്കുമെന്ന് യെച്ചൂരിയും നിലപാട് അറിയിച്ചു. ഇതോടെ, പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് വേണ്ടി വരുമെന്ന സ്ഥിതിയായി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസം രാവിലത്തെ അന്തരീക്ഷം പിരിമുറുക്കത്തിലായി. എന്തുവന്നാലും കീഴടങ്ങില്ലെന്ന മട്ടിലായിരുന്നു ബംഗാള്‍ ഘടകം. അപകടം മണത്തതോടെ എസ്.ആര്‍.പി പിന്മാറി. അങ്ങനെ, സിപിഎം കേന്ദ്രനേതൃത്വത്തിലെ രൂക്ഷമായ വിഭാഗീയതയ്ക്ക് സംഘര്‍ഷങ്ങളില്ലാതെ തല്‍ക്കാലം സമാപനമായി. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി.

ആദ്യആയുധം ബദല്‍രേഖ
സിപിഎം കേന്ദ്രനേതൃത്വത്തിലെ ഉള്‍പാര്‍ട്ടി തര്‍ക്കങ്ങള്‍ക്ക് കേരളത്തിലെ വി.എസ്-പിണറായി പോര് മാത്രമല്ല, യുപിഎ സര്‍ക്കാറിനു പിന്തുണ പിന്‍വലിച്ചതിലും ബംഗാളിലെ ഭരണത്തകര്‍ച്ച പാര്‍ട്ടി കൈകാര്യം ചെയ്തതുമൊക്കെ ഭിന്നതയുടെ ആഴം കൂട്ടി. നന്ദിഗ്രാം വെടിവെയ്പ്പുണ്ടായപ്പോള്‍ ബംഗാള്‍ നേതൃത്വത്തെ ഒറ്റപ്പെടുത്തുന്ന വിധത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംഘവും പെരുമാറിയെന്നും വിമര്‍ശനമുണ്ടായി. ആണവക്കരാറിനെ എതിര്‍ക്കുമ്പോള്‍ ഐഎഇഎയിലേക്കു പോവാന്‍ യുപിഎ സര്‍ക്കാറിനെ അനുവദിച്ചതും ചോദ്യമായി ഉയര്‍ന്നു. ഇങ്ങനെ, പലവിധത്തിലുള്ള നയപരമായ വിഷയങ്ങളെച്ചൊല്ലി നേതൃനിരയില്‍ തര്‍ക്കം മുറുകി.
വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനായി തയ്യാറാക്കുന്ന കരടു രാഷ്ട്രീയ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ ആദ്യപൊട്ടിത്തെറി ഉടലെടുത്തു. 2014 ഒക്ടോബറില്‍ നടന്ന കേന്ദ്രകമ്മിറ്റിയില്‍ ഔദ്യോഗിക പ്രമേയത്തിനു ബദലായി അന്ന് പിബിയംഗമായിരുന്ന യെച്ചൂരി രേഖ അവതരിപ്പിച്ചു. മുന്‍കാലനയങ്ങളില്‍ ആത്മപരിശോധന വേണമെന്നും പാര്‍ട്ടി നേതൃത്വം ആത്മനിഷ്ഠവാദം തിരുത്തണമെന്നും അദ്ദേഹം ആവശ്യയപ്പെട്ടു. മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേതനം പരിഷ്‌കരിക്കുന്നതടക്കമുള്ള ശാസ്ത്രീയസമീപനത്തിനും വാദിച്ചു. പിബി മുതലുള്ള സംഘടനാപരിശോധനയ്ക്കും തെറ്റുതിരുത്തലിനും മുറവിളി മുഴക്കുന്നതായിരുന്നു യെച്ചൂരിയുടെ ബദല്‍ രേഖ.
ഇതാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ യുദ്ധമുഖം തുറന്നത്. ബദല്‍രേഖക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത വന്നതിനാല്‍ വെല്ലുവിളികളെ അതിജീവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. തെറ്റു തിരുത്തലിനായി 2015ല്‍ കൊല്‍ക്കത്തയില്‍ പ്ലീനം വിളിച്ചു ചേര്‍ത്തു. പാര്‍ട്ടി ഘടകങ്ങളില്‍ 25 ശതമാനം വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കല്‍, നേതാക്കളുടെ പ്രായപരിധി തുടങ്ങിയ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ പ്ലീനം ചര്‍ച്ചകളുടെ തുടര്‍ച്ചയായിരുന്നു. ദേശീയനേതൃത്വം പിബിയില്‍ കേന്ദ്രീകരിക്കുന്ന പതിവ് മാറ്റി ഉന്നതസമിതിയായ കേന്ദ്രകമ്മിറ്റി തീരുമാനങ്ങളെടുക്കുന്ന സംഘടനാരീതിയും നടപ്പാക്കി. ഇങ്ങനെ, കേന്ദ്രകമ്മിറ്റിയെ ഒരു നയനിര്‍ണയസമിതിയാക്കി.
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണോ?
സിപിഎമ്മില്‍ ഒരു വഴിത്തിരിവായിരുന്നു വിശാഖപട്ടണം. യെച്ചൂരി ജനറല്‍ സെക്രട്ടറിയായതു മാത്രമല്ല, രാഷ്ട്രീയദിശ മാറിയ ഇന്ത്യയില്‍ ഇടതുപക്ഷം എങ്ങനെ സഞ്ചരിക്കണമെന്ന സംവാദവും ശക്തമായി. ബംഗാളിലെ ഭരണത്തകര്‍ച്ച തുടര്‍ന്നതും ലോക്‌സഭയിലെ അംഗസംഖ്യ കുറഞ്ഞതും മാത്രമല്ല, വര്‍ഷങ്ങളായി ഇടതുഭരണമുള്ള ത്രിപുരയില്‍ ബിജെപി അധികാരം പിടിച്ചതും യെച്ചൂരിയുടെ മുന്നില്‍ വെല്ലുവിളിയായി. ഇതിനിടെ, 2016ല്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വന്നതു മാത്രമായിരുന്നു പിടിവള്ളി. ഒരര്‍ഥത്തില്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കുതിപ്പില്‍ ഇന്ത്യയില്‍ ആടിയുലഞ്ഞ സിപിഎമ്മിനെ നിയന്ത്രണം തെറ്റാതെ മുന്നോട്ടു നയിക്കാനുള്ള കപ്പിത്താന്റെ ഭാരമായിരുന്നു യെച്ചൂരിയുടെ ചുമലില്‍.
വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായെങ്കിലും പിബിയിലും കേന്ദ്രകമ്മിറ്റിയിലും സംഘടനാപരമായ മേല്‍ക്കൈ അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാല്‍, ബംഗാളിലെ തകര്‍ച്ചയിലേയ്ക്കു നയിച്ചതടക്കം കേന്ദ്രനേതൃത്വത്തിന്റെയും പാര്‍ട്ടിയുടെയും പിഴവുകള്‍ തിരുത്തി മുന്നേറാനുള്ള ബദല്‍രേഖ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പായി യെച്ചൂരി അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിവിധ തട്ടുകളില്‍ സംഘപരിവാറും മോദി സര്‍ക്കാറും പിടിമുറുക്കുമ്പോഴും രാജ്യസഭാംഗമെന്ന നിലയിലും സിപിഎം ജനറല്‍ സെക്രട്ടറി എന്ന നിലയിലും പ്രതിപക്ഷത്തിന്റെ ഉറച്ച നാവായി യെച്ചൂരി നിലയുറപ്പിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി അദ്ദേഹത്തിന് മറ്റു നേതാക്കളുമായുള്ള ബന്ധം സിപിഎമ്മിനെ പ്രതിപക്ഷനിരയിലെ കരുത്തുറ്റ കണ്ണിയാക്കി. ഇങ്ങനെ, ബിജെപി സര്‍ക്കാറിനെതിരേയുള്ള പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമാക്കി അദ്ദേഹം സിപിഎമ്മിനെ ചേര്‍ത്തുപിടിച്ചു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വരാഷ്ട്രീയം ഉയിര്‍ത്തെഴുന്നേറ്റെന്നും അതിനെ ഐക്യനിര കെട്ടിപ്പടുത്ത് ചെറുക്കണമെന്നും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. അതേസമയം, കോണ്‍ഗ്രസ് ഒഴികെയുള്ള മതേതര-ജനാധിപത്യപാര്‍ട്ടികളുമായി ഐക്യമെന്ന് പ്രത്യേകം അടിവരയിട്ടു. എന്നാല്‍, പശ്ചിമബംഗാളിലെ ഐക്യപരീക്ഷണം പാര്‍ട്ടിക്കുള്ളില്‍ വിവാദമായി. 2016ലെ തിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചു. പക്ഷെ, തൃണമൂല്‍ ഭരണത്തിനു തടയിടാനായില്ല. പാര്‍ട്ടിനയത്തിനു വിരുദ്ധമായി കോണ്‍ഗ്രസുമായുള്ള സഖ്യം പ്രകാശ് കാരാട്ട് പക്ഷം ആയുധമാക്കി. രൂക്ഷമായ ഏറ്റുമുട്ടലുകള്‍ക്ക് കേന്ദ്രകമ്മിറ്റിയോഗം സാക്ഷിയായി. അച്ചടക്കനടപടിക്ക് വാളോങ്ങി നിന്നെങ്കിലും 'പാര്‍ട്ടി നയം ലംഘിച്ചു' എന്ന വിലയിരുത്തലിനു പകരം, 'പാര്‍ട്ടി നയത്തിനു വിധേയമായിരുന്നില്ല ബംഗാളിലെ സഖ്യം' എന്ന തന്ത്രപരമായ പദപ്രയോഗം അവലോകന റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്ത് യെച്ചൂരി ബംഗാളിന്റെ രക്ഷകനായി. പാര്‍ട്ടി നയം ലംഘിച്ചെന്നു വിലയിരുത്തിയാല്‍ അച്ചടക്കനടപടി വേണ്ടി വരും. ഇതൊഴിവാക്കാനായിരുന്നു പദപ്രയോഗത്തിലെ സൂത്രപ്പണി.
പക്ഷെ, അപ്പോഴേയ്ക്കും രാഷ്ട്രീയസാഹചര്യം മാറിമാറി വന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും ബീഫിന്റെയും മറ്റും പേരിലുള്ള വര്‍ഗീയ അതിക്രമങ്ങളുമൊക്കെ വ്യാപകമായി ബിജെപി ഭരണത്തിനെതിരേ രാജ്യമെങ്ങും വന്‍തോതിലുള്ള ജനവികാരമുയര്‍ന്നു. പ്രതിപക്ഷനിരയില്‍ ദുര്‍ബലപ്പെട്ട കോണ്‍ഗ്രസിന് ഒറ്റയ്ക്കു പിടിച്ചുനില്‍ക്കാന്‍ വയ്യാതായി. ബിജെപിയുടെ മുന്നേറ്റത്തില്‍ രാഷ്ട്രീയമായ നിലനില്‍പ്പിന് എല്ലാ പാര്‍ട്ടികളിലും കൂട്ടായി നില്‍ക്കണമെന്ന ചിന്ത ശക്തിപ്പെട്ടു. മോദി സര്‍ക്കാറിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ യോജിച്ച പോരാട്ടം ഫലം കണ്ടു. സര്‍ക്കാര്‍ ആ ബില്‍ പിന്‍വലിച്ചു. ഇതു പ്രതിപക്ഷ ഐക്യത്തിന് ബലമേകി. ഇതിനിടെ, പശ്ചിമബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗത്വം തുടരാന്‍ യെച്ചൂരിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും അത്തരമൊരു രാഷ്ട്രീയസഖ്യം പാടില്ലെന്ന സിപിഎമ്മിലെ കടുംപിടുത്തം തടസ്സമായി.
തൃണമൂലിനെ തോല്‍പിക്കാന്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം ഐക്യപ്പെട്ടതും യെച്ചൂരിയുടെ രാജ്യസഭാംഗത്വത്തിലെ കടുംപിടുത്തതിനുമൊക്കെ കാതലായ കാരണം എന്തായിരുന്നു? കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും കോണ്‍ഗ്രസ് വിരോധം തന്നെ. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സിപിഎമ്മില്‍ മറ്റൊരു ആശയസംവാദം രൂക്ഷമായി. മോദി സര്‍ക്കാറിന്റെ സ്വഭാവത്തെ പാര്‍ട്ടി എങ്ങനെ കാണണമെന്നതായിരുന്നു തര്‍ക്കം. 2016ല്‍ ഇംഗ്ലീഷ് ദിനപത്രത്തില്‍ കാരാട്ട് എഴുതിയ ലേഖനത്തോടെ ഇതിനു തുടക്കമായി. അര്‍ധഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് നയിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വേച്ഛാധിപത്യഭരണകൂടമാവാനാണ് സാധ്യതയെന്ന് അദ്ദേഹം വാദിച്ചു. വര്‍ത്തമാന ഇന്ത്യയില്‍ ഫാസിസം സ്ഥാപിക്കപ്പെട്ടിട്ടില്ല. നവ ഉദാരീകരണവും വര്‍ഗീയതയും ചേര്‍ന്നുള്ള സ്വേച്ഛാധിപത്യവികാസത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. നവ ഉദാരീകരണനയം മാറി മാറി കൈകാര്യം ചെയ്യുന്നവരാണ് ബിജെപിയും കോണ്‍ഗ്രസും. അതിനാല്‍, കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ നേരിടാനാവില്ല.- ഇതായിരുന്നു പ്രകാശ് കാരാട്ടിന്റെ ലേഖനത്തിലെ രത്‌നച്ചുരുക്കം.
2016ല്‍ തന്നെ പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ മുഖപത്രമായ ഗണശക്തിയിലെ അഭിമുഖത്തിലൂടെ യെച്ചൂരി ഇതു തിരുത്തി. ആര്‍എസ്എസും ബിജെപിയും അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നത്തെ ഇന്ത്യയില്‍ ഫാസിസം വളരാനോ സ്ഥാപിക്കപ്പെടാനോ അനുവദിക്കാനാവില്ല. രാജ്യത്തിന്റെ മതേതര-ജനാധിപത്യശിലകള്‍ സംരക്ഷിക്കാന്‍ എല്ലാ ശക്തികളെയും കണ്ണി ചേര്‍ക്കണമെന്നും യെച്ചൂരി വാദിച്ചു. തര്‍ക്കം കേന്ദ്രകമ്മിറ്റിയിലേക്കും പിബിയിലേക്കുമൊക്കെ നീണ്ടു. മോദി സര്‍ക്കാറിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നു തന്നെ വിശേഷിപ്പിക്കണമെന്ന് യെച്ചൂരി വാദിച്ചപ്പോള്‍ ഇന്ത്യയില്‍ ഫാസിസം വന്നിട്ടില്ലെന്നും സ്വേച്ഛാധിപത്യ സര്‍ക്കാര്‍ മാത്രമാണെന്നുമായിരുന്നു കാരാട്ടിന്റെ വാദം. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഫാസിസമെന്ന കാഴ്ചപ്പാട് അംഗീകരിച്ചാല്‍ അതിനെ ചെറുക്കാനുള്ള ഐക്യനിര കെട്ടിപ്പടുക്കണം. കോണ്‍ഗ്രസ് ബന്ധമായിരുന്നു ഈ തര്‍ക്കങ്ങളുടെ കാതല്‍. കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്താന്‍ കാരാട്ട് പരിശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളെയും അണിനിരത്താന്‍ യെച്ചൂരി വാദിച്ചു.

കേന്ദ്രകമ്മിറ്റിയില്‍ തോല്‍ക്കുന്നു; പാര്‍ട്ടി കോണ്‍ഗ്രസില്‍ ജയിക്കുന്നു
മോദി സര്‍ക്കാറിനെ എങ്ങനെ വിശേഷിപ്പിക്കണമെന്ന തര്‍ക്കം 2018ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലേക്കും നീണ്ടു. അതിനു മുന്നോടിയായി കരടുരാഷ്ട്രീയപ്രമേയത്തില്‍ 'ബിജെപിക്കെതിരേ വിശാലമായ മതേതര-ജനാധിപത്യസഖ്യം' എന്ന നിലപാട് യെച്ചൂരി എഴുതിച്ചേര്‍ത്തു. കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന് നേരത്തേ പാര്‍ട്ടി തീരുമാനിച്ചതാണെന്നു വാദിച്ച് പ്രകാശ് കാരാട്ട് പക്ഷം ഇതിനെ എതിര്‍ത്തു. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിച്ചതോടെ, ജനറല്‍ സെക്രട്ടറിയുടെ കരടുപ്രമേയം പിന്തള്ളപ്പെട്ടു. ഇതോടെ, പാര്‍ട്ടിയില്‍ ന്യൂനപക്ഷപിന്തുണ മാത്രമുള്ള ജനറല്‍ സെക്രട്ടറിയായി യെച്ചൂരി മാറി. പാര്‍ട്ടിയുടെ നയം തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റിയിലെ ഭൂരിപക്ഷവും ജനറല്‍ സെക്രട്ടറിയെ തള്ളിയതിനാല്‍, അങ്ങനെയൊരാള്‍ എങ്ങനെ തുടരുമെന്ന ചോദ്യമുയര്‍ന്നു. ഇതോടെ, 2018 ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി. പക്ഷെ, പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിനു തലേദിവസത്തെ കേന്ദ്രകമ്മിറ്റിയില്‍ തന്റെ നിലപാട് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ യെച്ചൂരി അനുമതി വാങ്ങി. ആശയസംവാദം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കു മുമ്പാകെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
തന്നെ കോണ്‍ഗ്രസ് അനുകൂലിയായി അടക്കം ചിത്രീകരിക്കുന്ന വിമര്‍ശനങ്ങള്‍ക്കും എന്തുകൊണ്ട് ബിജെപിക്കെതിരേ ഐക്യനിര വേണമെന്നതിനെക്കുറിച്ചുമൊക്കെ വാദവും ന്യായങ്ങളും നിരത്തി അദ്ദേഹം പ്രതിനിധികളോടു വിശദീകരിച്ചു. അതിലെ ഉള്ളടക്കം ഇങ്ങനെ: '2002ലെ 17-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്നാണ് വാദം. അതു ശരിയല്ല. ബിജെപിയാണ് മുഖ്യശത്രുവെന്നും അവരെയാണ് തോല്പിക്കേണ്ടതെന്നുമാണ് അന്നത്തെ തീരുമാനം. കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാടില്ലെന്നും തീരുമാനിച്ചു. കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന പരാമര്‍ശം ആ രേഖയിലില്ല. അതു ഭൂരിപക്ഷരേഖ (കാരാട്ട് പക്ഷം കൊണ്ടുവന്നത്)യില്‍ ഒളിച്ചുകടത്തിയതാണ്.
അതിഗുരുതരമാണ് ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം. വര്‍ഗീയധ്രുവീകരണം, നവ ഉദാരവത്കരണ നയങ്ങളുടെ കടന്നാക്രണം, പാര്‍ലമെന്ററി-ജനാധിപത്യ സ്ഥാപനങ്ങളെ കീഴടക്കല്‍ തുടങ്ങിയവ അരങ്ങേറുന്നു. ഭരണകൂടത്തിന്റെ അധികാരം ഹിന്ദുത്വ ഭീകരവാദപരമായ കടന്നാക്രമണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.
മഹത്തായ തത്വശാസ്ത്രപാരമ്പര്യമുള്ള ജര്‍മന്‍ ജനത എങ്ങനെ ഫാസിസ്റ്റ് സ്വാധീനത്തില്‍ അകപ്പെട്ടെന്ന് അത്ഭുതപ്പെട്ടവരാണ് നമ്മള്‍. ഗോരക്ഷകരുടെ പേരിലുള്ള സ്വകാര്യസേനയും മോറല്‍ പോലീസിങ്ങുമൊക്കെ ഇന്ത്യയില്‍ നാം കാണുന്നത് ഫാസിസ്റ്റ് രീതികളാണ്. ഫാസിസം ഒരു ദിവസം ഇരുട്ടിവെളുക്കുമ്പോള്‍ വരുന്നതല്ലെന്നും ഏതെങ്കിലുമൊരു കമ്മിറ്റി ദിവസം കുറിച്ചു നടപ്പാക്കുന്നതല്ലെന്നും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ജോര്‍ജി ദിമിത്രോവ് നല്‍കിയ നിര്‍വചനം നാമോര്‍ക്കണം. ഇന്നത്തെ ഇന്ത്യയില്‍ ഫാസിസം വളരുന്നതും ഫാസിസ്റ്റ് വാഴ്ചയും അനുവദിക്കാന്‍ പാടില്ല. എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി അതിനെ നേരിടാനാവണം.
ഈ ഭരണകൂടത്തില്‍ നിന്നു രക്ഷ നേടാന്‍ ജനങ്ങള്‍ സംഘടിക്കുമ്പോള്‍ നാമെവിടെ നില്‍ക്കണം? 1996ലും 2004ലും കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അന്നൊക്കെ, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാതെ നാം സര്‍ക്കാറിനെ പിന്തുണച്ചു. കോണ്‍ഗ്രസ് രാജ്യത്തെ ഒരു ഭരണവര്‍ഗ പാര്‍ട്ടിയാണെന്ന നമുക്കറിയാം. അവരെ പകരം വെയ്ക്കുന്ന തരത്തില്‍ ബിജെപി ഉയര്‍ന്നു കഴിഞ്ഞു. ബിജെപിയെ താഴെയിറക്കാന്‍ എല്ലാ ജനാധിപത്യപാര്‍ട്ടികളും ഒന്നിച്ചണിനിരക്കുമ്പോള്‍ കോണ്‍ഗ്രസുമായി ധാരണയില്ലെന്നു വാദിച്ച് നാം മാറി നിന്നാല്‍ അതു സാധ്യമാവുമോ?
വിപ്ലവപരമായ അടവുനയത്തിന് രണ്ടു ദിശകളുണ്ട്. ഒന്ന്, വിപ്ലവലക്ഷ്യത്തില്‍ മുന്നേറാന്‍ വര്‍ഗസമരം ഊര്‍ജിതമാക്കുക. ഭരണവര്‍ഗത്തിനിടയിലെ ഭിന്നത പ്രയോജനപ്പെടുത്തിയും വര്‍ഗശത്രുവിനെ ദുര്‍ബലപ്പെടുത്തിയും മുന്നേറുകയെന്നതാണ് രണ്ടാമത്തേത്. തന്ത്രപരമായ ലക്ഷ്യം മുന്‍നിര്‍ത്തി സ്വീകരിക്കേണ്ടതാണ് അടവുനയം. ഇന്ന് ബിജെപിയാണ് മുഖ്യശത്രു. അവര്‍ക്കെതിരെയുള്ള ഐക്യനിരയില്‍ സിപിഎം ഒറ്റപ്പെടാന്‍ പാടില്ല.
ഫാസിസത്തിനെതിരേ പോരാടാത്തവര്‍ അതിനെ സഹായിക്കുന്നവരാണെന്ന് ദിമിത്രോവ് പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ ബിജെപി വിരുദ്ധ ഐക്യനിരയെ ദുര്‍ബലപ്പെടുത്തുന്ന 'പാര്‍ട്ടി പിരിച്ചുവിടല്‍ വാദപരമായ ലൈന്‍' അംഗീകരിക്കാനാവില്ല.'
മേല്‍പറഞ്ഞ വാദങ്ങളിലൂടെ, ബിജെപിയെ തോല്പിക്കാനുള്ള പ്രതിപക്ഷസഖ്യത്തില്‍ സിപിഎം നിര്‍ബന്ധമായും പങ്കാളിയാവണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താന്‍ യെച്ചൂരിക്കായി. പക്ഷെ, കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ട ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. അവിടെയും യെച്ചൂരി തുറുപ്പുചീട്ടിറക്കി. തന്റെ ന്യൂനപക്ഷരേഖ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടിനിട്ടു പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങളിറക്കി. അന്നത്തെ പത്രസമ്മേളനത്തിനിടയില്‍ കണ്ടപ്പോള്‍, ന്യൂനപക്ഷരേഖ വോട്ടിനിടാന്‍ പാര്‍ട്ടി ഘടനയില്‍ വ്യവസ്ഥയുണ്ടോയെന്ന് ഈ ലേഖകന്‍ ചോദിച്ചപ്പോള്‍, വോട്ടിനിടേണ്ടെന്നു ഭരണഘടനയില്‍ പറയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പക്ഷെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ ഭൂരിപക്ഷവും യെച്ചൂരിയുടെ നിലപാട് അംഗീകരിച്ചെന്നു ബോധ്യപ്പെട്ടതോടെ മറുപക്ഷം പിന്മാറി. ഇതോടെ, ഭൂരിപക്ഷരേഖ തള്ളി, കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്നും എന്നാല്‍, അവര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ഐക്യമുണ്ടാക്കി ബിജെപിയെ ചെറുക്കണമെന്നും ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതോടെ, സീതാറാം യെച്ചൂരി പാര്‍ട്ടിയില്‍ അജയ്യനായി.
ഐക്യനിര വളരുന്നു; കര്‍ഷക പ്രക്ഷോഭത്തില്‍ മോദിക്ക് അടി തെറ്റുന്നു
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തോടെ, സിപിഎം പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായെങ്കിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടായില്ല. കേരളത്തില്‍ തകര്‍ന്നടിഞ്ഞു. പക്ഷെ, തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ രണ്ടു സീറ്റ് നേടാനായി. ബിഹാറിലും ബംഗാളിലുമൊക്കെ പ്രതിപക്ഷസഖ്യത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ പാര്‍ട്ടിക്കായി. കശ്മീര്‍ വിഭജനമടക്കമുള്ള തീവ്രനടപടികളുമായി മോദി സര്‍ക്കാര്‍ മുന്നോട്ടു പോയി.
2018 മാര്‍ച്ചില്‍ ബിജെപി സര്‍ക്കാറിനെതിരേ സിപിഎം വര്‍ഗസംഘടനയായ കിസാന്‍സഭ സംഘടിപ്പിച്ച മുംബൈ ലോങ് മാര്‍ച്ച് രാജ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഈ സമരം മറ്റിടങ്ങളില്‍ സ്വാധീനമുണ്ടാക്കി. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നേരെ വെടിയുതിര്‍ത്തതും 2019ലെ രണ്ടാം മോദി സര്‍ക്കാര്‍ കര്‍ഷകബില്ലുകള്‍ കൊണ്ടുവന്നതുമൊക്കെ കര്‍ഷകരോഷം അണപൊട്ടാന്‍ വഴിമരുന്നായി. അഞ്ഞൂറോളം കര്‍ഷകസംഘടനകള്‍ ഒന്നിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രൂപവത്കരിച്ച് ഡല്‍ഹി മാര്‍ച്ച് നടത്തി. രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കര്‍ഷകപ്രക്ഷോഭം മോദി സര്‍ക്കാറിനെ പിടിച്ചുലച്ചു. ഈ സമരത്തില്‍ സജീവപങ്കാളിയായിരുന്നു സിപിഎമ്മിന്റെ കിസാന്‍സഭ. രാജ്യമാകെ കോവിഡ് മഹാമാരി ദുരന്തം വിതച്ചതും രോഗപ്രതിരോധത്തിലെ പ്രശ്‌നങ്ങളുമൊക്കെ രാഷ്ട്രീയവിവാദങ്ങള്‍ക്കു വഴിവെച്ചു. അപ്പോഴൊക്കെ ശക്തമായ പ്രതിപക്ഷസ്വരമായി യെച്ചൂരി ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധ നേടി.

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിലേക്കു കൂടി ബിജെപി സര്‍ക്കാര്‍ പ്രവേശിച്ചതോടെ, രാജ്യത്ത് വര്‍ഗീയധ്രുവീകരണം ശക്തിപ്പെടാനും വഴിയൊരുങ്ങി. മോദി സര്‍ക്കാറിന്റെ ഓരോ ചുവടും തമ്മില്‍ അപസ്വരങ്ങളിലാതെ ഒന്നിച്ചു നേരിടുകയെന്നതായിരുന്നു പ്രതിപക്ഷതന്ത്രം. അതില്‍ സിപിഎമ്മിനെ ഇഴ ചേര്‍ന്നു നിന്നു.
ഒന്നര വര്‍ഷം നീണ്ട കര്‍ഷകസമരത്തിന്റെ ഫലമായി കര്‍ഷകബില്ലുകള്‍ പിന്‍വലിച്ച് കീഴടങ്ങാന്‍ മോദി സര്‍ക്കാര്‍ തയ്യാറായി. ഈ പശ്ചാത്തലത്തിലായിരുന്നു 2022ല്‍ കണ്ണൂര്‍ വേദിയൊരുക്കിയ സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്. കര്‍ഷകപ്രക്ഷോഭത്തിന്റെ അനുഭവത്തില്‍ യെച്ചൂരി പുതിയൊരു സിദ്ധാന്തം മുന്നോട്ടുവെച്ചു. രാജ്യത്ത് മൂന്നുതരം വര്‍ഗവൈരുധ്യങ്ങള്‍ പ്രകടമാണെന്നായിരുന്നു ആ സിദ്ധാന്തം. ധനിക-ഇടത്തരം-ദരിദ്രരെല്ലാം ഉള്‍പ്പെട്ട കര്‍ഷകസമൂഹവും കോര്‍പറേറ്റുകളും തമ്മിലുള്ള വൈരുധ്യം, ചെറുകിട-സൂക്ഷ്മ-ഇടത്തരം വ്യവസായങ്ങളും സാമ്രാജ്യത്വമൂലധനവും തമ്മിലുള്ള വൈരുധ്യം, വന്‍കിട കോര്‍പറേറ്റ് സഖ്യത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ നയങ്ങളും സംസ്ഥാന സര്‍ക്കാറുകളും തമ്മിലുള്ള വൈരുധ്യം എന്നിവയാണവ. ഇത് കോര്‍പറേറ്റ്-ഹിന്ദുത്വ സഖ്യത്തിലൂന്നിയ ബിജെപി സര്‍ക്കാറിനെതിരേ വിട്ടുവീഴ്ചയില്ലാത്ത ഐക്യം ശക്തമാക്കി മുന്നേറുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു.
തൊഴിലാളി-കര്‍ഷകസഖ്യത്തിലുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വളക്കൂറൊരുക്കാന്‍ ഇടതുജനാധിപത്യ പരിപാടി ആവിഷ്‌കരിക്കണമെന്നും കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ കരടു രാഷ്ട്രീയപ്രമേയത്തില്‍ യെച്ചൂരി പറഞ്ഞുവെച്ചു. ഇങ്ങനെ, മോദി സര്‍ക്കാറിനെതിരേ ഇടതുപക്ഷ ഐക്യവും പ്രതിപക്ഷഐക്യവും ഒരുപോലെ വാര്‍ത്തെടുത്തുള്ള മുന്നേറ്റമായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും അവസരവാദവുമൊക്കെ ഉന്നയിച്ച് കേരള ഘടകം പതിവുവിമര്‍ശനം ആവര്‍ത്തിച്ചെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്നു താഴെയിറക്കാനുള്ള ലക്ഷ്യം ഊന്നിയൂന്നി പ്രഖ്യാപിച്ച് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യ സഖ്യത്തിന്റെ രൂപവത്കരണത്തില്‍ സീതാറാം യെച്ചൂരിയും സിപിഎമ്മും നായകത്വം വഹിച്ചു. പരസ്പരം പോരടിച്ചു നിന്ന പ്രതിപക്ഷ പാര്‍ട്ടികളെ ബിജെപി വിരുദ്ധരാഷ്ട്രീയത്തിന്റെ ഏകസ്വരമാക്കി മാറ്റിയെടുക്കാന്‍ തന്റെ സൗഹൃദം അദ്ദേഹം ആയുധമാക്കി. ബംഗാളില്‍ ശത്രുപക്ഷത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം പോലും ഇരിക്കാന്‍ മടിക്കാതെ സിപിഎം 'ഇന്ത്യ സഖ്യ'ത്തില്‍ ഭാഗമായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചതിലുള്ള പ്രതിഷേധറാലി ഉള്‍പ്പെടെ ഒട്ടേറെ ഐക്യനീക്കങ്ങള്‍ ഇന്ത്യ സഖ്യം നടത്തി. പാര്‍ലമെന്റിലും പുറത്തും മോദി സര്‍ക്കാറിനെതിരേയുള്ള പ്രതിരോധനിര പ്രബലമായി. 2024ലെ കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ ഇടതുപക്ഷത്തിനായി. കേരളത്തില്‍ ഒരു സീറ്റിലൊതുങ്ങിയെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം രാജസ്ഥാനില്‍ ഒരു സീറ്റ് നേടിയതും തമിഴ്‌നാട്ടിലെ രണ്ടു സീറ്റുകള്‍ നിലനിര്‍ത്തിയതുമൊക്കെ സിപിഎമ്മിന്റെ സഖ്യപരീക്ഷണത്തിന്റെ വിജയം അടിവരയിട്ടു. സര്‍വാധിപത്യത്തോടെയുള്ള മോദി സര്‍ക്കാറിന്റെ മൂന്നാംവരവിന് കടിഞ്ഞാണിട്ട് ഇന്ത്യ സഖ്യം വിജയിച്ചതില്‍ യെച്ചൂരിയുടെ വിയര്‍പ്പുണ്ടായിരുന്നു.
ബിജെപി വിരുദ്ധസഖ്യത്തിലൂടെയും വിജയത്തിലൂടെയും സിപിഎമ്മിനു പുതിയ മേല്‍വിലാസം എഴുതിച്ചേര്‍ത്ത സീതാറാം യെച്ചൂരി, മധുരയില്‍ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള തയ്യാറെടുപ്പിന്റെ ഘട്ടത്തില്‍ അന്തരിച്ചു. മധുരയില്‍ ഇന്ത്യന്‍ ഇടതുപക്ഷത്തെ പുനര്‍നിര്‍വചിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം അങ്ങനെ പാതിവഴിയില്‍ നിലച്ചു.
കസേരകളിക്കപ്പുറം, ആശയസംവാദത്തിന്റെയും രാഷ്ട്രീയദിശാനിര്‍ണയത്തിന്റെയും സാക്ഷ്യവും വേദികളുമായിരുന്നു വിശാഖപട്ടണം മുതല്‍ കണ്ണൂര്‍ വരെയുള്ള പാര്‍ട്ടി കോണ്‍ഗ്രസുകള്‍. ആ ചര്‍ച്ചകളുടെ ചൂടില്‍ ഉരുകിത്തെളിഞ്ഞ് സിപിഎമ്മിന്റെ മേല്‍വിലാസവും ദേശീയരാഷ്ട്രീയത്തില്‍ മിന്നിത്തിളങ്ങി. അതിനായി സ്വന്തം പാര്‍ട്ടിയില്‍ തന്നെ യെച്ചൂരിക്കു പൊരുതേണ്ടി വന്നു. അന്നൊക്കെ എതിര്‍ചേരിയെ നയിച്ച പ്രകാശ് കാരാട്ടാണ് ഇന്ന് പിബി കോര്‍ഡിനേറ്റര്‍. കോണ്‍ഗ്രസ് വിമര്‍ശനത്തില്‍ നിന്നും അദ്ദേഹം അണുകിട മാറിയിട്ടില്ല.
ഇന്ത്യ സഖ്യം കോണ്‍ഗ്രസിനു മാത്രം ഗുണകരമായി, സിപിഎമ്മിനു സ്വതന്ത്ര വളര്‍ച്ച സാധ്യമായില്ല എന്ന വാദമുഖങ്ങളുമായാണ് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരടു രാഷ്ട്രീയ പ്രമേയം. മോദി സര്‍ക്കാറിനെ ഫാസിസ്റ്റായി ചിത്രീകരിക്കാനില്ലെന്ന പിബി കുറിപ്പും വന്നു. ഇങ്ങനെ, കോണ്‍ഗ്രസ് ബാന്ധവം കാതലായി മാറിയ പഴയ സംവാദത്തിന് അടിത്തറയൊരുക്കുകയാണ് അദ്ദേഹം. നാളിതുവരെ യെച്ചൂരി നയിച്ച ദിശയില്‍ നിന്നും സിപിഎം പിന്നോട്ടു നടക്കുമോയെന്ന് മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ അറിയാം. യെച്ചൂരിയില്ലാത്ത യുദ്ധത്തില്‍ പ്രകാശ് കാരാട്ട് വിജയിക്കുമോയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് മധുര.
Content Highlights: 2015 Visakhapatnam CPM Party Congress saw intense internal struggles
Published: 01 Apr 2025, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented