കോഴിക്കോട്: തിരുത്താനുള്ള കരുത്തും മുന്നോട്ടുള്ള കുതിപ്പിന് ഊർജവും പകർന്ന്, ചൊവ്വാഴ്ച ലക്ഷംപേർ കോഴിക്കോട് കടപ്പുറത്ത് ചെങ്കൊടിക്ക് പിന്നിൽ അണിനിരക്കും. സി.പി.എം. വിശാല സംസ്ഥാനസമിതി യോഗത്തിന് സമാപനംകുറിച്ചാണ് വൈകീട്ട് മൂന്നിന് ഒന്നേകാൽ ലക്ഷംപേർ പങ്കെടുക്കുമെന്ന് സി.പി.എം വ്യക്തമാക്കിയ റാലി നടക്കുന്നത്.

To advertise here,

വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ 1200-ലേറെ വാഹനങ്ങളിൽ റാലിക്കായി എത്തിച്ചേരും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഒറ്ററാലിക്കു പകരം ചെറുജാഥകളായാണ് ഇവർ വൈകീട്ട് അഞ്ചോടെ ബീച്ച് ഫ്രീഡം സ്‌ക്വയറിൽ എത്തിച്ചേരുക.

തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ സി.പി.എം. അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവർ സംസാരിക്കും.

ഗ്രീൻ പ്രോട്ടക്കോൾ കർശനമായി പാലിച്ചായിരിക്കും പരിപാടികൾ. ഇതിന്റെ ഭാഗമായി പ്രവർത്തകർക്കുള്ള ലഘുഭക്ഷണം വാഹനങ്ങളിൽവെച്ച് കഴിക്കുന്നരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റാലി കഴിഞ്ഞ് രാത്രിതന്നെ പ്രവർത്തകർ ബീച്ചും റോഡുകളും ശുചീകരിക്കും. ഇതിനായി മുന്നൂറിലധികം വൊളന്റിയർമാരടങ്ങിയ പ്രത്യേകസേനയും ഒരുങ്ങിക്കഴിഞ്ഞു.

നഗരത്തിൽ ഇന്ന് വൈകീട്ട് ഗതാഗത നിയന്ത്രണം

കോഴിക്കോട്: ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന റാലിയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതൽ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി അറിയിച്ചു. ബീച്ച് ഭാഗത്തേക്ക് വൈകുന്നേരം മൂന്നുമുതൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

എലത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലി ഓവർബ്രിഡ്ജ് കയറി വെസ്റ്റ്ഹിൽ ചുങ്കം വഴി നഗരത്തിലേക്ക് പ്രവേശിക്കണം. ചരക്കുലോറികൾ, കണ്ടെയ്‌നറുകൾ അടക്കമുള്ള വലിയവാഹനങ്ങൾ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴി പോകണം.

റാലിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഇങ്ങനെ

  • റാലിയിൽ പങ്കെടുക്കാൻ കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെങ്ങാലിയിൽനിന്ന് പുതിയാപ്പ-വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധിറോഡ് ജങ്ഷനിൽ ആളെയിറക്കി ഭട്ട് റോഡ് പുതിയാപ്പ (നോർത്ത് ബീച്ച്) ഭാഗത്തെത്തി പാർക്ക് ചെയ്യണം.
  •  പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം-നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് ഗാന്ധി റോഡ് ജങ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളെയിറക്കി സരോവരത്തുള്ള ട്രേഡ് സെന്ററിന് അടുത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
  • രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുഷ്പ റോഡ് ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളെയിറക്കി തിരിച്ച് കോതി ബീച്ച് ഭാഗത്തേക്കുപോയി പാർക്ക് ചെയ്യണം
  • സിറ്റി ഭാഗത്തുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം നടക്കാവ് വഴി വന്ന് ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജങ്ഷനിൽ ആളെയിറക്കി തിരിച്ച് സരോവരം ജങ്ഷനിലുള്ള പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.

ഗതാഗതനിയന്ത്രണം രാത്രി 10.00 മണിവരെ ഉണ്ടായിരിക്കും. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകേണ്ട ആളുകൾ നിയന്ത്രണങ്ങൾക്കനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ചരക്കുവാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പരിപൂർണ നിയന്ത്രണം ഉണ്ടാകും. ബഹുജനങ്ങളും ഡ്രൈവർമാരും ബദൽപ്പാതകൾ ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു. അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാവുന്ന പോലീസ് ഹെൽപ്പ് ലൈൻ നമ്പറുകൾ: 0495 2721017, 9497975656.