നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടടുത്ത ദിവസമാണ് സിപിഎം ശക്തികേന്ദ്രമായ കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായ ചില നാടകീയ സംഭവവികാസങ്ങളുടെ അവസാന അധ്യായം എന്ന നിലയിലാണ് സി.പി.എമ്മിന്റെ ഉള്ളംകൈയിലുള്ള മലപ്പട്ടം സെന്‍ററില്‍ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതിമ അനാച്ഛാദനം ചെയ്തത്. 

To advertise here,

പാര്‍ട്ടി ശക്തികേന്ദ്രമെന്ന തന്റേടവും ഒരു കാരണവശാലും ചോദ്യം ചെയ്യപ്പെടില്ലെന്ന ആത്മവിശ്വാസവും സിപിഎമ്മിന്റെ രാഷ്ട്രീയ പേശിബലത്തിന് തിരിച്ചടിയാവുന്നതുമാണ് മലപ്പട്ടത് കണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അണികളുടെ അമിതാവേശവും നേതാക്കന്‍മാരുടെ അസഹിഷ്ണുതയും സമന്വയിച്ചപ്പോള്‍ പ്രാദേശികമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിപിഎമ്മിന് കാലിടറിയെന്നുമുണ്ട് വിലയിരുത്തൽ. അത്, മലപ്പട്ടത്തെ അവരുടെ അപ്രമാദിത്തത്തിനു നേരെ ഉയര്‍ന്ന ആദ്യത്തെ ചെറുത്തുനില്‍പ്പുമായെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പാര്‍ട്ടി ഗ്രാമങ്ങളിലെ സിപിഎമ്മിന്‍റെ അധൃഷ്യതയ്ക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിരോധത്തിന്‍റെ സൂചകമാണ് ഗാന്ധി പ്രതിമയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനന്‍ പറയുന്നു. 'നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ ഇത്തവണ പാര്‍ട്ടി ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉണ്ടാവും. പല പഞ്ചായത്തുകളിലും പ്രതിപക്ഷം ഉണ്ടാവും. സ്ഥാനാര്‍ഥികള്‍ നില്‍ക്കാന്‍ മടിക്കുന്ന പാര്‍ട്ടി കേന്ദ്രങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നല്‍കാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്', വിജില്‍ മോഹനന്‍ പറഞ്ഞു. 

പക്ഷേ, കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനങ്ങളെയും മലപ്പട്ടം സെന്‍ററില്‍ സ്ഥാപിച്ച പ്രതിമയെയും അവഗണിക്കാനാണ് സിപിഎം തീരുമാനം. 'മാധ്യമങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സൃഷ്ടിച്ച കോലാഹലമാണ് മലപ്പട്ടത്തേത്, ' സിപിഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി. രാഘവന്‍ പറയുന്നു. 'മലപ്പട്ടത്ത് എന്താണ് നടന്നതെന്നും എന്താണു നടക്കുന്നതെന്നും ഇവിടത്തെ നാട്ടുകാ‍ര്‍ക്കറിയാം. ഉന്നതമായ സാമൂഹികബോധമുള്ള ആളുകളാണ് മലപ്പട്ടത്തുകാര്‍. ആകെ വാര്‍ഡുകളെക്കാള്‍ വായനശാലകളുള്ള ഒരു പഞ്ചായത്താണിത്. നേരില്‍ കണ്ട കാര്യങ്ങള്‍ അവര്‍ക്ക് പുറത്തുനിന്നു വന്നവര്‍ വിശദീകരിച്ചു കൊടുക്കേണ്ടതില്ല'- രാഘവന്‍ പറയുന്നു. 

യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം ബ്ളോക്ക് സെക്രട്ടറി പി.ആര്‍. സനീഷിന്‍റെ അഡുവാപ്പുറത്തെ വീടിനു മുന്നില്‍ സ്ഥാപിച്ച ഗാന്ധിസ്തൂപം തകര്‍ക്കുന്നതോടെയാണ് മലപ്പട്ടം സംഘര്‍ഷഭരിതമാവുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സേവനത്തിനുശേഷമാണ് സനീഷ് നാട്ടിലേക്ക് 2023ല്‍ തിരിച്ചെത്തുന്നത്. 'ഒരു കോണ്‍ഗ്രസ് കുടുംബമാണ് എന്‍റേത്. പക്ഷേ, കോണ്‍ഗ്രസ് അനുഭാവികള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റിയ സാഹചര്യമല്ല മലപ്പട്ടത്തുള്ളത്'-സനീഷ് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ സാന്നിദ്ധ്യം അറിയിക്കാനും പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാനുമാണ് സനീഷ് തന്റെ വീടിനു മുന്‍വശത്തുള്ള മൂന്നു സെന്‍റ് സ്ഥലം വാങ്ങി അവിടെ ഒരു ഗാന്ധിസ്തൂപം നിര്‍മിക്കുന്നത്. 'മലപ്പട്ടത്ത് ഒരു ഗാന്ധിപ്രതിമ ഉയര്‍ന്നത് സിപിഎമ്മിന് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അത് സ്ഥാപിച്ച നാള്‍ മുതല്‍ തന്നെ അതു തകര്‍ക്കാന്‍ കാരണം അന്വേഷിച്ചു നടക്കുകയായിരുന്നു'-സനീഷ് പറയുന്നു. 

അതിന് ശക്തമായ ഒരു കാരണം തന്നെ സിപിഎമ്മിന് കിട്ടി. കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തി‍ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫ്ലക്​സ് ചവിട്ടിത്തെറിപ്പിക്കുന്ന സനീഷിന്‍റെ വീഡിയോ സിപിഎം മലപ്പട്ടത്തും പരിസരത്തുമുള്ള സിപിഎം അംഗങ്ങള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റു സാമൂഹികമാധ്യമങ്ങള്‍ വഴിയും വ്യാപകമായി പ്രചരിപ്പിച്ചു. പാര്‍ട്ടി ഗ്രാമത്തില്‍ മുഖ്യമന്ത്രിയെ അനാദരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പ്രതിഷേധം ഇരമ്പി. 

മേയ് ആറിന് സനീഷ് അഡുവാപ്പുറത്തെ വീട്ടില്‍ മകളോടൊത്ത് ഇരിക്കുമ്പോള്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ കട്ടപ്പാരയുമൊക്കെ ആയി വന്ന് ഗാന്ധി സ്തൂപം തകര്‍ക്കുകയും തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് ഇഷ്ടിക പെറുക്കി സനീഷിന്‍റെ വീടിനു നേരെ എറിയുകയും ചെയ്തു. കാര്യമറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍റെ നേതൃത്വത്തില്‍ മലപ്പട്ടത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. 

'പ്രതിഷേധ പ്രകടനത്തെ നേരിടാനും സിപിഎം സംഘടിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് മര്‍ദിച്ചു. പട്ടികയും മടലുമായി പ്രകടനത്തില്‍ പങ്കെടുത്തുവരെ ആക്രമിച്ചു. മലപ്പട്ടത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടായിരുന്നു സിപിഎമ്മിന്‍റേത്'-വിജില്‍ പറഞ്ഞു. 

സ്തൂപം തകര്‍ത്തതില്‍ പാര്‍ട്ടിക്ക് പങ്കൊന്നുമില്ലെന്ന് എം.സി. രാഘവന്‍ അസന്ദിഗ്ദ്ധമായി പറയുന്നു. 'സനീഷ് കോണ്‍ഗ്രസിനു വേണ്ടി ജില്ലയ്ക്കകത്തും പുറത്തുമെല്ലാം അക്രമങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. അത്തരത്തിലുള്ള ഒരാള്‍ക്കെതിരെയുള്ള ഒരു പ്രതികരണമായിരിക്കാം അത്. എന്തായാലും പാര്‍ട്ടിക്ക് ഇതില്‍ പങ്കൊന്നുമില്ല'-അദ്ദേഹം പറഞ്ഞു. 

അന്നു കെപിസിസി പ്രസിഡന്‍റ് ആയിരുന്ന കെ. സുധാകരന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും ഗാന്ധിസ്തൂപം സ്ഥാപിക്കാന്‍ കല്ലിട്ടെങ്കിലും ആ കല്ലും കമ്പിപ്പാരയുമായെത്തിയ സംഘം പിഴുതെറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കീഴടങ്ങാന്‍ തയ്യാറില്ലായിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന പ്രസിഡന്‍റ്  രാഹുല്‍ മാങ്കൂട്ടത്തിലുമായി സംസാരിക്കുന്നു. മേയ് 14ന് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രതിഷേധ പദയാത്ര നയിച്ച് രാഹുല്‍ അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ചു. അഡുവാപ്പുറത്തു നിന്ന് മലപ്പട്ടം വരെയുള്ള ആറു കിലോമീറ്റര്‍ യാത്രയില്‍ സിപിഎമ്മിന്‍റെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരേ പ്രതിഷേധവും മുദ്രാവാക്യങ്ങളും മുഴങ്ങി.

'സിപിഎമ്മിന്‍റെ കൊടികളും ബാനറുകളും ഒന്നും നശിപ്പിക്കരുതെന്ന് പ്രത്യേക നിര്‍ദേശം ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്കു നല്‍കിയിരുന്നു. അവരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമായതിനാല്‍ നേരിടാന്‍ സിപിഎമ്മും ആളെ സംഘടിപ്പിച്ചു. ഞങ്ങള്‍ മലപ്പട്ടത്തെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. മലപ്പട്ടം സെന്‍ററിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്കെതിരെ കല്ലേറ് വന്നു. ഞങ്ങളുടെ പ്രവര്‍ത്തകരും തിരിച്ചു പ്രതികരിച്ചിരുന്നു'-വിജില്‍ മോഹനന്‍ പറഞ്ഞു. സംഘര്‍ഷം തടയാന്‍ എത്തിയ പൊലീസ് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും അത് ആവര്‍ത്തിച്ചു. 

മലപ്പട്ടം സെന്‍ററിലെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയെന്നും ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നെന്നും സിപിഎം ആരോപിച്ചു. 'ഞങ്ങളുടെ ശക്തികേന്ദ്രമായതുകൊണ്ട് പ്രകോപനമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസുകാരുടെ ശ്രമം. അതു തിരിച്ചറിഞ്ഞതുകൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തകരോട് പ്രകോപിതരാവരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഞങ്ങളുടെ നേതാക്കന്‍മാരും സ്ഥലത്തുണ്ടായിരുന്നു. പക്ഷേ, പ്രകോപനമുണ്ടാക്കാനായി അവര്‍ പാര്‍ട്ടി ഓഫിസിനു നേരെ കുപ്പികള്‍ വലിച്ചെറിഞ്ഞു'- രാഘവന്‍ പറഞ്ഞു. 

പാര്‍ട്ടി ഓഫീസിനെതിരായ അക്രമത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചു. തൊട്ടടുത്ത ദിവസം, മേയ് 15ന്, നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സിപിഎമ്മിന് കാര്യങ്ങൾ കൈവിട്ട സ്ഥിതിയായിരുന്നു. സ്വന്തം തട്ടകത്തില്‍ ചോദ്യം ചെയ്യപ്പെട്ടതിന്‍റെ അമര്‍ഷവും രോഷവും നേതാക്കളുടെ പ്രസംഗങ്ങളിലുടനീളം പ്രതിഫലിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. ഗോപിനാഥും ഭീഷണികള്‍ മുഴക്കി. സനീഷിന്‍റെ വീട്ടിന്‍റെ മുന്നിലെന്നല്ല, അടുക്കളയില്‍ പോലും ഗാന്ധിപ്രതിമ വയ്ക്കാന്‍ അനുവദിക്കില്ലെന്ന ഗോപിനാഥിന്‍റെ വെല്ലുവിളി രാഷ്ട്രീയ മര്യാദയ്ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും എതിരായ വെല്ലുവിളിയായി വ്യാപകമായി ചിത്രീകരിക്കപ്പെട്ടതോടെ സിപിഎം പ്രതിരോധത്തിലായി.

ഇതോടെ ഗാന്ധിപ്രതിമ സ്ഥാപിക്കേണ്ടത് കോണ്‍ഗ്രസിന്‍റെയും അഭിമാനപ്രശ്നമായി. മലപ്പട്ടത്ത് തന്നെ പ്രതിമ സ്ഥാപിക്കും എന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിന്‍റെയും കെ. സുധാകരന്‍റെയും പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കേണ്ട ചുമതല യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. കോണ്‍ഗ്രസ് നേതാവും ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്‍റുമായ കെ. രാധാകൃഷ്ണന്‍റെ അച്ഛന്‍ മലപ്പട്ടം സെന്‍ററിലുള്ള തന്‍റെ സ്ഥലത്ത് പ്രതിമ സ്ഥാപിക്കാന്‍ അനുവാദം നല്‍കി. സ്ഥാപിക്കാനുള്ള പ്രതിമ പി.സി. വിഷ്ണുനാഥ് എം.എല്‍.എയും നല്‍കിയതോടെ തടസങ്ങള്‍ ഒന്നുമില്ലാതെയായി. 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഇരുമുന്നണികളിലെയും നേതാക്കന്‍മാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായി. മലപ്പട്ടത്ത് രാഷ്ട്രീയ സംഘര്‍ഷം തുടര്‍ന്നാല്‍ അത് തിരഞ്ഞെടുപ്പിന്‍റെ സാധ്യതകളെ ബാധിക്കുമെന്ന തിരിച്ചറിവില്‍ ഗ്രാമം ശാന്തമായി. തിരഞ്ഞെടുപ്പ് ഫലം വന്നതിന്‍റെ തൊട്ടടുത്ത ദിവസം ജൂണ്‍ 24ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മലപ്പട്ടം സെന്‍ററില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചു. പ്രതിമ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ത്രിവര്‍ണ പതാകയുമേന്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലപ്പട്ടം ടൗണിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. 

 'ഞങ്ങള്‍ ഇവിടം കൊണ്ട് അവസാനിപ്പിച്ചിട്ടില്ല. ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട് ജില്ലയില്‍. ആന്തൂര്‍ നഗരസഭ പോലെ. ചെറുകുന്ന്, കണ്ണപുരം, കരിവെള്ളൂര്‍, പെരളം, കാങ്കോല്‍ -ആലപ്പടമ്പ് പഞ്ചായത്തുകള്‍ പോലെ. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വരും'-വിജില്‍ മോഹനന്‍ പറഞ്ഞു. 

മലപ്പട്ടം ഒരു സൂചകമാണെന്നു തന്നെ ജില്ലയിലെ കോണ്‍ഗ്രസുകാര്‍ കരുതുന്നു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ കെ. സുധാകരന്‍ നേടിയ വോട്ടുകള്‍ ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ മടിയില്ലാത്തവര്‍ ആണെന്നുള്ളതിന്‍റെ തെളിവാണെന്ന് അവര്‍ പറയുന്നു. ശക്തനായ സ്ഥാനാര്‍ഥിയും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കില്‍ ഉലയാവുന്ന കോട്ടകള്‍ മാത്രമേ കണ്ണൂരിലുള്ളൂ- വിജില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തടുത്തായി നടക്കാനിരിക്കെ, കണ്ണൂരില്‍ പോരാട്ടം പൊടിപാറുമെന്നുറപ്പ്. 

'കോണ്‍ഗ്രസ് എവിടെ വേണമെങ്കിലും ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കട്ടെ. ഞങ്ങള്‍ക്ക് അതില്‍ ഒരു വിരോധവുമില്ല. പക്ഷേ, നിഷ്പക്ഷമതികളായ ജനങ്ങള്‍ എല്ലാം മനസ്സിലാക്കട്ടെ. മലപ്പട്ടത്തു നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറത്ത് അഡുവാപ്പുറത്തു നടന്നുവെന്ന് പറയപ്പെടുന്ന ഒരു സംഭവത്തില്‍ മലപ്പട്ടത്തെ പാര്‍ട്ടി ഓഫിസിനു മുന്നില്‍ പ്രതിഷേധം നടത്തിയതിനു പിന്നിലെ കോണ്‍ഗ്രസിന്‍റെ ഗൂഢലക്ഷ്യം എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ട്. ഞങ്ങള്‍ ഇതിനെച്ചൊല്ലി ഒരു വിവാദത്തിനോ സംഘര്‍ഷത്തിനോ തയ്യാറെടുക്കുന്നില്ല'-എം.സി. രാഘവന്‍ പറഞ്ഞു. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി അംഗങ്ങളുള്ള ജില്ലയാണ് കണ്ണൂര്‍. പരമ്പരാഗതമായി സിപിഎമ്മിന് വ്യക്തമായ മേല്‍ക്കൈയുള്ള ജില്ലയും. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ പോരാട്ടത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും വീരഗാഥകള്‍ ആവര്‍ത്തിച്ചു പാടിയും പറഞ്ഞും നേതൃത്വം ഇപ്പോഴും അണികളെ ആവേശഭരിതരാക്കുന്നുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളിലെ മേല്‍ക്കോയ്മ കൈവിടാന്‍ പാര്‍ട്ടി മടിക്കും. ഏതു വിധേനയും തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സ്വാധീനത ഉറപ്പിച്ചെടുക്കാനായിരിക്കും വരുന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎം ശ്രമിക്കുക. ഗാന്ധിപ്രതിമയുടെ പേരില്‍ തിരിച്ചടി നേരിട്ടതോടെ, മലപ്പട്ടം പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടികയില്‍ ഉറപ്പായും ഉണ്ടായിരിക്കും.