മാസം ബംഗ്ലാദേശില്‍ നടന്ന വിദ്യാര്‍ത്ഥി 'വിപ്ലവ'ത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ച് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നതും രണ്ടുവര്‍ഷം മുമ്പ് പാകിസ്താനില്‍ ഇമ്രാന്‍ ഖാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി ഷഹബാസ് ഷെരീഫ് സര്‍ക്കാര്‍ അധികാരമേറ്റതും തമ്മില്‍ സമാനതകളേറെ. ഈ രണ്ട് ഭരണകൂട മാറ്റങ്ങള്‍ക്കും ചരടുവലിച്ചത് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. ആയിരിക്കാമെന്ന് ആരോപിക്കപ്പെടുന്നു. 'അനുസരണക്കേട്' കാണിച്ചതിനാണ് ഇരുവരെയും മാറ്റി വേണ്ടപ്പെട്ടവരെ ആ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചതെന്നും അവര്‍ പറയുന്നു.  

To advertise here,

പ്രൊഫസര്‍ മുഹമ്മദ് യൂനുസ് തലവനായ ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റ ശേഷം ഇന്ത്യയില്‍വെച്ച് ഷേക്ക് ഹസീന അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞത് തന്റെ പുറത്താകലിനു പിന്നില്‍ അമേരിക്കയ്ക്ക് കൈയുണ്ടെന്നു തന്നെ. നാവികത്താവളമുണ്ടാക്കാന്‍ ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് വിട്ടുകിട്ടണമെന്ന ആവശ്യവും ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഭാഗത്ത് മണിപ്പുര്‍, മിസോറാം, ബംഗ്ലാദേശിന്റെയും മ്യാന്‍മാറിന്റെയും ചില ഭാഗങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയും ചെവിക്കൊള്ളാത്തതിനാണ് തനിക്കെതിയായ പ്രക്ഷോഭത്തിന് അമേരിക്ക ഇന്ധനം പകര്‍ന്നതെന്ന് അവര്‍ പറയുന്നു. എന്തായാലും അട്ടിമറിയെക്കുറിച്ച് അമേരിക്ക നടത്തിയ പ്രതികരണം കേട്ടാല്‍ അവര്‍ക്ക് അതില്‍ സന്തോഷമുള്ളതായി തോന്നും.

ഹസീനയ്ക്കു സമാനമായ ആരോപണം ഇമ്രാന്‍ ഖാനും ഉയര്‍ത്തിയിരുന്നു. പക്ഷേ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തരയുദ്ധങ്ങളിലും രാജ്യം പതറുന്ന കാലത്ത്, എവിടെ കടം കിട്ടുമെന്നന്വേഷിച്ച് പാകിസ്താന്‍ ഉഴറി നടക്കുന്ന കാലത്ത് ഖാന്‍ പറഞ്ഞതൊന്നും ആരും വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ല. 2022 ഏപ്രിലില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഇമ്രാന്‍ ഖാന്‍ അതിനു മുമ്പു തന്നെ അമേരിക്കയ്ക്കു നേരെ വിരല്‍ ചൂണ്ടിയിരുന്നു. 2018-ല്‍ പാകിസ്താനിലെ സര്‍വശക്തരായ പട്ടാളത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇമ്രാന്‍ അധികാരത്തിലെത്തിയത്. തീര്‍ച്ചയായും, ആ പട്ടാഭിഷേകത്തിന് അമേരിക്കന്‍ പിന്തുണയും ഉണ്ടായിരുന്നിരിക്കണം. അത്രയ്ക്ക് അടുത്ത ബന്ധമാണ് സി.ഐ.എയും പാകിസ്താനും തമ്മില്‍. കാരണം, മുന്‍ ഐ.എസ്.ഐ മേധാവി ഹമീദ് ഗുല്‍ പറഞ്ഞതു പോലെ, അമേരിക്കയ്ക്ക് അനഭിമതനായ ഒരാള്‍ക്ക് അവിടെ സൈന്യത്തലവനാകാന്‍ കഴിയില്ല.

placeholder
ബംഗ്ലാദേശിൽ നടന്ന പ്രതിഷേധം | Photo: Ida Marie Odgaard / Ritzau Scanpix / AFP)

അധികാരത്തിലെത്തിയ ശേഷം ഇമ്രാന്‍ ചില സ്വതന്ത്ര നിലപാടുകള്‍ക്ക് മുതിര്‍ന്നത് അമേരിക്കയെ പ്രകോപിപ്പിച്ചുവെന്നു വേണം കരുതാന്‍. പ്രത്യേകിച്ച്, ചൈനയും റഷ്യയുമായി അടുത്ത ബന്ധമുണ്ടാക്കാനുള്ള ശ്രമം. ഇടയ്ക്ക് അമേരിക്കയ്ക്കെതിരെ നടത്തിയ ചില പ്രസ്താവനകള്‍ അകല്‍ച്ച കൂട്ടി. പാകിസ്താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ വാഷിങ്ടണും ഐ.എം.എഫും സഹായിക്കാത്തത് ഇമ്രാനെ ചൊടിപ്പിച്ചു. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ യുദ്ധത്തില്‍ പൊരുതിയതും അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതും തങ്ങളാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു.

ഇമ്രാന്റെ കഷ്ടകാലത്തിനാവണം, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ യുക്രെയിനുമായി യുദ്ധം പ്രഖ്യാപിക്കുന്ന ദിവസം- 2022 ഫെബ്രുവരി 22-ന്- ഇമ്രാന്‍ മോസ്‌കോയിലുണ്ടായിരുന്നു. ആ കാഴ്ച പാശ്ചാത്യലോകത്തെ അസ്വസ്ഥരാക്കി. യുദ്ധമല്ല, ഒരുമിച്ചിരുന്നുള്ള ചര്‍ച്ചയിലൂടെ വേണം തര്‍ക്കം പരിഹരിക്കാന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ, പാശ്ചാത്യ അനുകൂല നിലപാട് വേണമെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും വാശി പിടിച്ചെങ്കിലും ഇമ്രാന്‍ വഴങ്ങിയില്ല. അടുത്ത മാര്‍ച്ച് ആറിന്‌, വടക്കന്‍ പാകിസ്താനില്‍ നടന്ന മഹാറാലിയില്‍ ഇതൊക്കെ അദ്ദേഹം ജനങ്ങളോടു പറഞ്ഞു. യുക്രെയിന്‍ യുദ്ധത്തില്‍ നിഷ്പക്ഷ നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയ്ക്ക് ഖാന്റെ പോക്ക് തീരെ ഇഷ്ടമായില്ല. പിറ്റേന്ന് പാകിസ്താന്റെ അമേരിക്കയിലെ അംബാസഡര്‍ അസദ് മജീദ് ഖാനുമായി സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ ഏഫയേഴ്സ് ബ്യൂറോയിലെ അസിസ്റ്റന്റ് സെക്രട്ടറി ഡോണള്‍ഡ് ലൂ കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്ത പരന്നു. അതിന്റെ വിവരങ്ങള്‍ മജീദ് ഖാന്‍ രഹസ്യരേഖയായി നാട്ടിലേക്കയച്ചു. അതിലെ വിവരങ്ങള്‍ പിന്നീട് പാക് സൈന്യത്തിലെ ആരോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. ഈ രേഖയുടെ വിവരം പരസ്യമാക്കിയത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് അവകാശപ്പെട്ട പാക് സര്‍ക്കാര്‍ അതിനും ഇമ്രാനെതിരെ കേസെടുത്തിട്ടുണ്ട്! ചാരവൃത്തിയാണ് ആരോപിക്കപ്പെടുന്ന കുറ്റം. ചില പൊതുയോഗങ്ങളില്‍ അദ്ദേഹം ആ 'രേഖ' ഉയര്‍ത്തിക്കാട്ടി തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും രാജ്യത്തിന്റെ വിദേശനയത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ചിരുന്നു.

ഇനി ആ രഹസ്യരേഖയിലേക്കു വരാം. ഖാന്റെ റഷ്യന്‍ സന്ദര്‍ശനം അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായി കാണുന്നുവെന്നും അവിശ്വാസത്തില്‍ അദ്ദേഹം തോറ്റാല്‍ രാജ്യത്തിന് പ്രശ്നമില്ലെന്നും അല്ലങ്കില്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ലൂ പറഞ്ഞെന്നാണ് രേഖയില്‍. (ഈ രേഖ 'ഇന്റര്‍സെപ്ട്' കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടിരുന്നു.) ഇമ്രാന്റെ അട്ടിമറിയില്‍ പങ്കില്ലെന്ന് അമേരിക്ക വാദിച്ചിരുന്നെങ്കിലും 2022 ഏപ്രിലില്‍ അവിശ്വാസത്തിലേക്കു വഴിവെച്ച പ്രക്ഷോഭങ്ങളുടെ ശൈലിക്ക് പിന്നീട് ധാക്കയില്‍ കണ്ട സമരത്തോട് സാമ്യമുണ്ടായിരുന്നു. എന്തായാലും 2023 ആഗസ്ത് അഞ്ചിന് ഒരു നിസ്സാര അഴിമതിക്കേസില്‍ ഇമ്രാന്‍ ജയിലിലായി. മൂന്നുവര്‍ത്തെ തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും അദ്ദേഹം ജയിലില്‍ തുടരുകയാണ്. ആദ്യചാന്‍സിന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടാന്‍ ഹസീനയെ പ്രേരിപ്പിച്ചത് ഇമ്രാന്റെ അനുഭവമാകണം.

അതുപോലെ, ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നല്‍കാന്‍ അമേരിക്കയും യു.കെയുമടക്കമുള്ള പാശ്ചാത്യശക്തികള്‍ തയ്യാറാകാത്തതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നതാണ്. സാമ്പത്തിക കുറ്റവാളികള്‍ക്കും ക്രൂരതയുടെ പര്യായമായിരുന്ന ഏകാധിപതികള്‍ക്കും- കംബോഡിയയിലെ പോള്‍പോട്ടിനും ചിലിയിലെ പിനോഷെയ്ക്കും ഹെയ്തിയിലെ ഡുവാലിയര്‍മാര്‍ക്കും ദക്ഷിണാഫ്രിക്കയിലെ ബോത്തയ്ക്കും എത്യോപ്യയിലെ ഹെയ്ലി സെലാസിക്കും അതുപോലെ നിരവധി പേര്‍ക്കും- അഭയം കൊടുത്ത അമേരിക്ക ഹസീനയുടെ വീസ റദ്ദാക്കിയതായി കേട്ടിരുന്നു. ഏതാനും വര്‍ഷം മുമ്പുവരെ ലോകരാജ്യങ്ങള്‍ അതിവേഗത്തിലുള്ള വികസനത്തിന്റെ മാതൃകയായി ഉയര്‍ത്തിക്കാട്ടിയ രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു ഹസീന എന്ന ഓര്‍മ്മ പോലും അവര്‍ക്കില്ല!

placeholder
ധാക്കയിൽ ഷെയ്ഖ് ഹസീനയുടെ ഛായാചിത്രം | Photo: AP

ഭരണകൂട അട്ടിമറിയ്ക്ക് അമേരിക്ക ഉപയോഗിക്കുന്ന പതിവുരീതികള്‍ ഇങ്ങനെയാണ്: പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് രഹസ്യ ധനസഹായവും പിന്തുണയും നല്‍കുക, എന്‍.ജി.ഒകളുടെ സഹായത്തോടെ സാമൂഹിക മാധ്യമങ്ങള്‍ ഭംഗിയായി ഉപയോഗിച്ച് സര്‍ക്കാര്‍ വിരുദ്ധ വികാരം വളര്‍ത്തുക, മാധ്യമങ്ങളെ ഉപയോഗിച്ച് ശത്രുക്കളെ തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കുന്ന പ്രതിച്ഛായയില്‍ തളയ്ക്കുക (ലക്ഷ്യമിടുന്ന രാജ്യങ്ങളെ വില്ലന്‍മാരായി ചിത്രീകരിക്കുക), ചാരപ്പണിയിലൂടെ കിട്ടുന്ന രഹസ്യ വിവരങ്ങളുപയോഗിച്ച് രാഷ്ട്രീയനേതാക്കളെയും അവരെടുക്കുന്ന തീരുമാനങ്ങളെയും സ്വാധീനിക്കുക, പ്രതിപക്ഷങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ സൈനിക പരിശീലനവും ഉപകരണങ്ങളും നല്‍കുക, ആവശ്യമുള്ളിടത്ത് നയതന്ത്ര സമ്മര്‍ദ്ദം കൊണ്ട് പ്രതിരോധത്തിലാക്കുക.. മറിച്ചിടാന്‍ ഉദ്ദേശിക്കുന്ന സര്‍ക്കാരിന് ജനപ്രീതി കുറയുന്ന സമയം, അസംതൃപ്തി കൂടുന്ന സമയം നോറ്റ് അവരിരിക്കും. അപ്പോള്‍ എന്തു ചെയ്യണമെന്ന് അവര്‍ക്കറിയാം. പാകിസ്താനിലും ബംഗ്ലാദേശിലും നമ്മളതു കണ്ടു.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗബന്ധു ഷേക്ക് മുജീബുര്‍ റഹ്‌മാന്റെ കൊലപാതകത്തിനും തുടര്‍ന്നുള്ള സൈനിക അട്ടിമറിക്കും സി.ഐ.എയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. 1975-ലായിരുന്നു അത്. പാകിസ്താനില്‍ അമേരിക്ക പലതവണ ഭരണകൂട മാറ്റങ്ങളില്‍ രഹസ്യമായി പങ്കെടുത്തിട്ടുണ്ടെന്ന് ആരോപണമുണ്ട്. ജനറല്‍ അയൂബ് ഖാന്റെ 1958 ലെ അട്ടിമറി, പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിലേറ്റുന്നതിലേക്ക് നയിച്ച 1977-ലെ ജനറല്‍ സിയാ ഉള്‍ ഹഖിന്റെ അട്ടിമറി, ജനറല്‍ പര്‍വേസ് മുഷറഫിനെ അധികാരത്തിലെത്തിച്ച 1999-ലെ അട്ടിമറി എന്നിവയില്‍ സി.ഐ.എയ്ക്കു പങ്കുണെന്ന് കരുതപ്പെടുന്നു. ഈ പരമ്പരയിലെ അവസാനത്തേതാണത്രെ 2023 ല്‍ ഇമ്രാന്‍ ഖാനെ പുറത്താക്കിയ സംഭവം. ഇമ്രാനു പകരമായി വന്ന ഷഹബാസ് ഷെരീഫും അമേരിക്കയ്ക്ക് പ്രിയപ്പെട്ടവനാണ്!