അതിരു കാണാത്ത മരുപ്പരപ്പില് ചൈന നിര്മിക്കുന്നത് ശീതയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ ആണവകേന്ദ്രങ്ങളിലൊന്നാണ്.

ഷിൻജാങ് മരുഭൂമിയിൽ ചൈനയ്ക്ക് അണുവായുധ കേന്ദ്രമുണ്ടെന്ന് ലോകത്തിനറിയാമായിരുന്നു. എങ്കിലും കഴിഞ്ഞ ദിവസം റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഉപഗ്രഹചിത്രങ്ങൾ സുരക്ഷാവിദഗ്ധരെ പോലും ഞെട്ടിച്ചു. അതിരു കാണാത്ത മരുപ്പരപ്പിൽ ചൈന നിർമിക്കുന്നത് ശീതയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ ആണവകേന്ദ്രങ്ങളിലൊന്നാണ്. വൻശക്തികളുടെ ബലാബലത്തിൽ മാറ്റം വരുത്താൻ പോവുന്നത്രയും ബൃഹത്തായ പദ്ധതി.
ആദ്യം എതിരാളി ആണവാക്രമണം നടത്തിയാലും തിരിച്ചടിക്കാൻ വ്യാളിക്ക് കരുത്തു പകരുന്ന അതിസുരക്ഷിത സംവിധാനമാണ് നിർമിക്കപ്പെടുന്നത്. ആദ്യം ആണവായുധപ്രയോഗം നടത്തില്ലെന്നതാണ് ദീർഘകാലമായുള്ള ചൈനീസ് നയം. അതുകൊണ്ടാണ് 'സെക്കൻഡ് സ്ട്രൈക്ക്' ശേഷി അവർക്ക് ഇത്രയും പ്രധാനമാവുന്നത്. ഈ നയത്തെ സംശയത്തോടെയാണ് ഒരുവിഭാഗം നയതന്ത്രജ്ഞർ വീക്ഷിക്കുന്നത്. ആദ്യം അണുവായുധം പ്രയോഗിച്ചില്ലെങ്കിലും ആണവായുധശേഖരം കാട്ടി എതിരാളികളെ ഭയപ്പെടുത്താനും ലക്ഷ്യം നേടാനും ചൈനയ്ക്കു കഴിയും. ഉദാഹരണത്തിന്, തായ്വാനിൽ അമേരിക്ക ഇടപെടുന്നു. ആണവായുധപ്രയോഗമുണ്ടാവുമെന്ന് ചൈന പറയാതെ പറഞ്ഞാൽ ആർക്കും മുട്ടിടിക്കും. ഉത്തര കൊറിയ ഇത്രയും കാലം അതിജീവിച്ചത് അണുവായുധം പ്രയോഗിച്ചിട്ടല്ല!
അഷ്ടഭുജാകൃതിയിലുള്ള രണ്ട് പടുകൂറ്റൻ സൈനികനിർമിതികൾക്ക് ചുറ്റുമാണ് ഈ സംവിധാനം. കഴിഞ്ഞ ആറ് വർഷത്തിനിടെയാണ് ഇവ രണ്ടും (മൂന്നെണ്ണമുണ്ടെന്നും അഭ്യൂഹമുണ്ട്.) നിർമിച്ചതെന്ന് കരുതുന്നു. ഷിൻജാങിലെ നിലവിലെ ആണവ കേന്ദ്രങ്ങളുടെ തുടർച്ചയായാണ് ഈ വികസനം. തായ്വാൻ, ഇൻഡോ-പസിഫിക് മേഖലകളിൽ അമേരിക്കയും ചൈനയും തമ്മിലുള്ള കിടമത്സരത്തിന്റെ സംതുലനത്തെ നേരിട്ടു ബാധിക്കുന്ന സംഭവവികാസമാണിത്. ഇപ്പോൾ തന്നെ രണ്ടു യുദ്ധങ്ങളെയും എണ്ണമറ്റ സംഘർഷങ്ങളെയും അഭിമുഖീകരിക്കുന്ന ലോകത്തിന് ആണവയുദ്ധ ഭീഷണി ശക്തിപ്പെടുന്നത് ഒട്ടും നല്ലതല്ല.
ചൈനയുടെ ആണവ മരുക്കോട്ട
മരുഭൂമിയിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകളിലായി പരന്നു കിടക്കുന്ന കേന്ദ്രത്തിന്റെ ഹൃദയം സൈലോ ഫീൽഡുകളാണ് എന്നു പറയാം. സൈലോ (silo) എന്നാൽ കിണറുപോലെ ആഴത്തിൽ നിർമിച്ചിട്ടുള്ള കൂറ്റൻ സംരക്ഷിത ഭൂഗർഭക്കുഴൽ. ഇതിൽ ആണവമിസൈൽ സൂക്ഷിക്കാം, ആവശ്യമെങ്കിൽ നേരിട്ട് തൊടുക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള ഇരുനൂറിലധികം ഭൂഗർഭക്കുഴലുകളുടെ നിർമാണം ഷിൻജാങ് മരുഭൂമിയിൽ ചൈന നടത്തിവരുന്നു. കൂടാതെ, എൺപതിലധികം കോൺക്രീറ്റ് വിക്ഷേപണത്തറകൾ, കവചിത ബങ്കറുകൾ, കൂടുതൽ ബലപ്പെടുത്തിയ ആയുധസംഭരണ മേഖലകൾ, ഫൈബർ ഒപ്റ്റിക് ലിങ്കുകളോടുകൂടിയ ആശയവിനിമയ നോഡുകൾ തുടങ്ങിയവയുമുണ്ട്. ഇവയെല്ലാം റോഡ്, റെയിൽ, ആശയവിനിമയ ശൃംഖലകൾ എന്നിവയാൽ ബന്ധിതമാണ്. രണ്ടാം ആണവ തിരിച്ചടിക്കു വേണ്ട സമഗ്രനാഡീവ്യൂഹം എന്നു പറയാം.
കോൺക്രീറ്റ് വിക്ഷേപണത്തറകൾ ട്രക്കുകളിൽ ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകളുടെ വ്യൂഹത്തിന് വേണ്ടിയുള്ളതാണെന്ന് കരുതപ്പെടുന്നു. സ്ഥാവരമായ ഒരു സൈലോ എത്ര തന്നെ സുരക്ഷിതമാക്കിയാലും കണ്ടെത്താനും ലക്ഷ്യമിടാനും സാധിക്കും. എന്നാൽ, ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ മരുഭൂമിയിൽ ചിതറിക്കിടക്കുന്ന മൊബൈൽ ലോഞ്ചറുകൾ ഒരു യുദ്ധത്തിന്റെ പ്രാരംഭനിമിഷങ്ങളിൽ കണ്ടെത്താനും നശിപ്പിക്കാനും അങ്ങേയറ്റം ബുദ്ധിമുട്ടാണ്. ഇതിനൊപ്പമുള്ള വ്യോമ പ്രതിരോധസംവിധാനം മറ്റൊരു സുരക്ഷാവലയം കൂടി തീർക്കുന്നു.
ഷിൻജാങ്ങിലും അതിനോട് ചേർന്നുള്ള ഗാൻസു പ്രവിശ്യയിലുമായി ചൈന നടത്തുന്ന സൈലോനിർമാണം അഞ്ചുവർഷമായി പെന്റഗണും സ്വതന്ത്ര ഗവേഷകരും നിരീക്ഷിക്കുന്നുണ്ട്. 15,000 കിലോമീറ്റർ വരെ എത്താൻ കഴിയുന്ന ഡിഎഫ്-41 ഭൂഖണ്ഡാന്തര മിസൈലുകൾ ചൈനയുടെ ആവനാഴിയിലെ പ്രധാന ഇനമാണ്. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ ശേഷിയുള്ള പോർമുനകൾ വഹിക്കാനും അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏത് നഗരത്തെയും ആക്രമിക്കാനും കഴിയും. ആണവായുധരംഗത്ത് സമീപകാലത്തെ ഏറ്റവും ഗണ്യമായ പുരോഗതി കൈവരിച്ച രാജ്യമാണ് ചൈന. 2024ൽ ഏകദേശം 500 പോർമുനകളുണ്ടായിരുന്ന ചൈനയുടെ ആണവമിസൈൽ ശേഖരം പിറ്റേവർഷം ഏകദേശം 600 ആയി ഉയർന്നതായാണ് ഒരു കണക്ക്.
കഴിഞ്ഞ സെപ്റ്റംബറിൽ അഫ്ഗാനിസ്താനിൽ നിന്നും ബാഗ്രാം വിമാനത്താവളം സ്വന്തമാക്കണമെന്ന ആഗ്രഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രകടിപ്പിച്ചത് ഷിൻജാങ്ങിലെ ചൈനീസ് ആണവായുധകേന്ദ്രങ്ങൾ മനസ്സിൽ വെച്ചായിരുന്നു. ബാഗ്രാമിൽ നിന്നും 1,200 കിലോമീറ്റർ അകലെയാണ് ചൈനയുടെ ആണവപരീക്ഷണ കേന്ദ്രമായ ലോപ് നൂർ. താലിബാൻ ആവശ്യം തള്ളിക്കളഞ്ഞു. ഇന്ത്യയും ചൈനയും പാകിസ്താനും മേഖലയിൽ അമേരിക്കൻ സൈനികസാന്നിദ്ധ്യം തിരിച്ചുവരുന്നതിനെതിരായിരുന്നു. ഒരുകാര്യം വ്യക്തമാണ്: ചൈനയുടെ ആണവപ്പെരുംകോട്ട അമേരിക്കയുടെ മാത്രമല്ല, ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും തലവേദനയായി മാറുകയാണ്.
ഇന്ത്യയുടെ ആണവതലവേദനകൾ
രണ്ട് ആണവശക്തികൾ അയൽക്കാരായുള്ള രാജ്യമാണ് ഇന്ത്യ. പാകിസ്താനും ചൈനയും. ആദ്യത്തെ രാജ്യം ഇന്ത്യയ്ക്കെതിരേ നാല് യുദ്ധങ്ങൾ നടത്തി, ഭീകരരെ ഉപയോഗിച്ച് ഇന്ത്യയെ വിഷമിപ്പിക്കുന്നത് രാജ്യതന്ത്രമാക്കിയിരിക്കുന്നു. ചൈന ഒരു യുദ്ധം നടത്തി, 38,000 ചതുരശ്രകിലോമീറ്റർ ഭൂമി പിടിച്ചെടുത്തു; ഇപ്പോൾ അവർ കൂടുതൽ പ്രദേശങ്ങളിൽ അവകാശമുന്നയിക്കുന്നു, അതിർത്തി അശാന്തമാക്കി നിലനിർത്തുന്നു, പാകിസ്താനെ സൈനികമായി സഹായിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലും നമ്മളത് കണ്ടു. അതിനാൽ ചൈനയുടെ ആണവ ആവനാഴി വലിയ തോതിൽ വികസിക്കുന്നത് ഇന്ത്യയ്ക്കും ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്.
നിലവിലെ വേഗം തുടർന്നാൽ ഈ ദശകത്തിന്റെ അവസാനത്തോടെ ചൈനയുടെ ആണവപോർമുനകളുടെ എണ്ണം നാലക്കമെത്തും. ഇന്ത്യയ്ക്ക് നിലവിൽ ഏകദേശം 172 പോർമുനകളേയുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയെപ്പോലെ ഇന്ത്യയും അണുവായുധം ആദ്യം പ്രയോഗിക്കില്ല എന്ന നയം പിന്തുടരുകയാണ്. പക്ഷേ, അതിന് ചില വ്യവസ്ഥകളുണ്ട്. 1998ൽ ഇന്ത്യ 'ആദ്യം ഉപയോഗിക്കില്ല' എന്ന നയം സ്വീകരിച്ചിരുന്നുവെങ്കിലും ഇത് ആണവായുധങ്ങളില്ലാത്തതും ആണവശക്തിയുമായി സഖ്യമില്ലാത്തതുമായ രാജ്യങ്ങൾക്ക് മാത്രമേ ബാധകമാകൂ എന്ന് വ്യവസ്ഥ ചെയ്തിരുന്നു. 2003-ൽ ആണവനയം പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യ വലിയ രാസ, ജൈവ ആക്രമണങ്ങൾ രാജ്യത്തിനു നേർക്കുണ്ടായാൽ ആണവ തിരിച്ചടി ഉണ്ടായേക്കാമെന്ന് കൂട്ടിച്ചേർത്തു. സമീപകാലത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, 'ഇതുവരെ നമ്മുടെ നയം 'നോ ഫസ്റ്റ് യൂസ്' ആണ്. ഭാവിയിൽ എന്ത് സംഭവിക്കുമെന്നത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും' എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ചൈനയുടെ ആയുധശേഖരം വളരുകയും വൈവിധ്യവത്കരിക്കപ്പെടുകയും ചെയ്യുകയാണ്. ഇന്ത്യയിൽ എവിടെയും എത്തിച്ചേരാൻ ശേഷിയുള്ള ഡിഎഫ്-26 മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള ചൈനയുടെ പല വിക്ഷേപണ സംവിധാനങ്ങൾക്കും സാധാരണ പോർമുനകളും ആണവപോർമുനകളും ഒരുപോലെ വഹിക്കാൻ കഴിയും. വരുന്ന മിസൈൽ വഹിക്കുന്നത് അവയിലേതാണെന്ന് എപ്പോഴും തിരിച്ചറിയാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെന്ന് വരില്ല. ചൈന മനഃപൂർവ്വം സൃഷ്ടിക്കുന്ന ഈ അനിശ്ചിതത്വം ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന തത്വത്തെ അപകടകരമാക്കുന്നു. കൂടുതൽ അടിയന്തിരമായ ഭീഷണി പാകിസ്താന് മേൽ ചൈന നിവർക്കുന്ന ആണവ സംരക്ഷണക്കുടയാണ്. ചൈനയുടെ സെക്കൻഡ് സ്ട്രൈക്ക് ശേഷി കിടയറ്റതാകുമ്പോൾ പാകിസ്താന്റെ ആണവ നിലപാടുകൾക്ക് കൂടുതൽ പിന്തുണ നൽകാൻ ചൈന ധൈര്യം കാണിച്ചേക്കാം.
ആണവത്രയവും അഗ്‌നിപരിഹാരവും
കരയിലും വിമാനത്തിലും അന്തർവാഹിനികളിലും നിന്ന് തൊടുക്കാവുന്ന ആണവ മിസൈലുകളുടെ ത്രിമുഖ ശൃംഖലയുണ്ട് (ന്യൂക്ലിയർ ട്രയാഡ്) രാജ്യത്തിന്. അന്തർവാഹിനികളിൽ ഘടിപ്പിച്ച ആണവപോർമുനകൾ (എസ്എൽബിഎം) സമുദ്രത്തിൽ നിന്നുള്ള രണ്ടാം പ്രത്യാക്രമണം ഉറപ്പാക്കുന്നു. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള കലാം നാലാണ് (കെ-4) നിലവിൽ രാജ്യത്തിന്റെ ഏറ്റവും പ്രധാന എസ്എൽബിഎം. ചൈനയിലെ ഭൂരിഭാഗം പ്രധാന ലക്ഷ്യങ്ങളിലും എത്താൻ ശേഷിയുള്ള ആ മിസൈലുകൾ ഐഎൻഎസ് അരിഹന്തിലും ഐഎൻഎസ് അരിഘാതിലും വിന്യസിച്ചിട്ടുണ്ട്. അയ്യായിരം മുതൽ ആറായിരം കിലോമീറ്റർ വരെ എത്താവുന്ന കെ അഞ്ച് പരീക്ഷണഘട്ടത്തിലാണ്.
അഗ്നി അഞ്ച് അല്ലെങ്കിൽ അഗ്നി ആറ് (ഭൂമിയിൽ നിന്നും), കെ നാല് അല്ലെങ്കിൽ കെ അഞ്ച് (സമുദ്രം), ആണവ ബോംബുകൾ (വായു) എന്നിവ ചേരുമ്പോൾ മാത്രമേ ഇന്ത്യയുടെ ആണവ പ്രതിരോധത്രയം പൂർണവും ഫലപ്രദവുമാകൂ. വർധിക്കുന്ന ഭീഷണികൾക്കു മുന്നിൽ ഇന്ത്യ വെറുതെയിരിക്കുകയല്ല. നിരന്തരമായ മിസൈൽ പരീക്ഷണങ്ങൾ നടക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഡിആർഡിഒ (പ്രതിരോധഗവേഷണ, വികസന സ്ഥാപനം) അഗ്നി അഞ്ച് മിസൈലിന്റെ എംഐആർവി (ഒരേസമയം ഒന്നിലധികം മിസൈലുകൾ വിവിധ ലക്ഷ്യങ്ങളെ ആക്രമിച്ച ശേഷം തിരിച്ചെത്തുന്നത്) പതിപ്പ് വിജയകരമായി പരീക്ഷിച്ചുവരുന്നു. അയ്യായിരത്തിലധികം കിലോമീറ്റർ റേഞ്ചുള്ള അഗ്നി അഞ്ച് ചൈനയിലെ തന്ത്രപ്രാധാന്യമുള്ള ഭൂരിഭാഗം ലക്ഷ്യങ്ങളിലും എത്താൻ ശേഷിയുള്ളതാണ്.
ഇതിനൊപ്പം അതിവേഗത്തിൽ മുന്നേറുന്ന അഗ്‌നി ആറ് ലോകശ്രദ്ധ ആകർഷിക്കുകയാണ്. അഗ്നി ആറിന്റെ സാങ്കേതിക തയ്യാറെടുപ്പുകൾ പൂർത്തിയായതായി ഡിആർഡിഒ ചെയർമാൻ സമീർ വി. കാമത്ത് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. എണ്ണായിരം മുതൽ പന്തീരായിരം കിലോമീറ്റർ വരെ റേഞ്ചുള്ള ഈ മിസൈലിന് ചൈനയുടെ മുഴുവൻ ഭൂപ്രദേശം, യൂറോപ്പിന്റെ ഭാഗങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയവ ലക്ഷ്യമിടാനാകും. യഥാർത്ഥ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത് (ഐസിബിഎം). ഇനി കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടേണ്ടതുണ്ട്. ആറുമുതൽ പത്തുവരെ എംഐആർവി പോർമുനകൾ വഹിക്കാൻ കഴിയുന്ന മിസൈലിന് ചൈനയ്ക്ക് വളരെ ഉള്ളിലുള്ള ലക്ഷ്യങ്ങൾ പോലും ആക്രമിക്കാൻ സാധിക്കും.
പ്രതീക്ഷിച്ച പോലെ അഗ്‌നി ആറിന്റെ കാര്യത്തിൽ ഏറ്റവും ഉത്കണ്ഠ പാകിസ്താനും ചൈനയ്ക്കുമാണ്. 'മേഖലയിലെ സ്ഥിരത തകർക്കുന്നത്', 'ആഗോളഭീഷണി', 'അനാവശ്യ ആയുധമത്സരം' എന്നിങ്ങനെയാണ് പാക് വിദേശകാര്യ മന്ത്രാലയവും വിശകലന വിദഗ്ധരും അഗ്‌നി പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ചൈന അഗ്‌നി ആറിനെ നേരിട്ടുള്ള ഭീഷണിയായി കാണുന്നു. ഇന്ത്യയുടെ ദീർഘദൂര ഐസിബിഎമ്മുകൾ 'ചൈനയുടെ സുരക്ഷയ്ക്ക് ഭീഷണി' എന്ന് ഗ്ലോബൽ ടൈംസ് പോലുള്ള മാധ്യമങ്ങൾ. ഇത് തെക്കേ ഏഷ്യയിലെ തന്ത്രപരമായ സംതുലനം തകർക്കുമെന്ന് ചൈനയുടെ മിസൈൽ വിദഗ്ധർ. ചൈനയുടെ ഔദ്യോഗിക പ്രതികരണം വളരെ ശ്രദ്ധിച്ചാണ്. 'ഇന്ത്യയും ചൈനയും പങ്കാളികളാണ്, എതിരാളികളല്ല' എന്ന ഔദ്യോഗിക നിലപാട് ആവർത്തിക്കുന്നുണ്ടെങ്കിലും അഗ്‌നി ആറ് ചൈനയുടെ ചങ്കിൽ അസ്വസ്ഥത കൊളുത്തുന്നുണ്ട്. അമേരിക്കയിലെ ചില വിദഗ്ധർ പോലും അഗ്‌നിയുടെ പ്രഹരശേഷിയിലും ലോകത്ത് എവിടെയുമെത്താനുള്ള ശേഷിയിലും ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു.
ആണവ പോർമുനകളുടെ എണ്ണത്തിൽ ചൈനയുടെ മേൽക്കോയ്മയെ നേരിടാൻ ഇന്ത്യ ഗുണപരമായ ശേഷി ഉറപ്പാക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലും സൈന്യമായ പിഎൽഎയിലുമുള്ള കടുത്ത ആഭ്യന്തര ഭിന്നതകളും അഴിമതിയും ശുദ്ധീകരണങ്ങളും വർധിക്കുന്ന സാമ്പത്തിക വെല്ലുവിളികളും ചൈനയുടെ വൻകിട ആണവപദ്ധതികളെ ബാധിക്കാം. നടത്തിപ്പിന്റെ വേഗം മാത്രമല്ല, പദ്ധതികളുടെ ഗുണനിലവാരവും ബാധിക്കപ്പെടാം. ഓപ്പറേഷൻ സിന്ദൂറിൽ ലോകം കണ്ടത് ചൈനീസ് വ്യോമ പ്രതിരോധസംവിധാനങ്ങളുടെയും അത്യാധുനികമായ അഞ്ചാം തലമുറ പോർവിമാനങ്ങളുടെയും പരാജയമാണ്. (ചൈനയുടെ പ്രശ്നമല്ല, പാകിസ്താന് ഉപയോഗിക്കാനറിയാഞ്ഞിട്ടാണെന്ന വാദവുമുണ്ട്!)
എന്തായാലും ചൈനയുടെ ആണവ മരുക്കോട്ടയും ഇന്ത്യയുടെ അഗ്നി ആറും ലോകത്തെ ആണവസന്തുലനം മാറ്റിമറിക്കുകയാണ്. ആണവശക്തിയുള്ളത് എതിരാളികളെ അനാവശ്യമായ സാഹസങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുമെങ്കിലും അതു നൽകുന്ന അമിത ആത്മവിശ്വാസം അപകടകരമാണ്. സമാധാനത്തിന്റെ ഏറ്റവും വലിയ ഗ്യാരണ്ടി സുശക്തമായ പ്രതിരോധമാണ്. പക്ഷേ അത് ഉപയോഗിക്കേണ്ടി വരാത്തിടത്താണ് യഥാർത്ഥ വിജയം.
Content Highlights: China is building a massive network of over 200 nuclear silos in the Xinjiang desert to enhance its second-strike capability., China's nuclear arsenal is projected to reach 1,000 warheads by the end of the decade., India is advancing its nuclear triad, with the Agni-6 ICBM (8,000-12,000 km range) serving as a critical strategic deterrent., The geopolitical tension between China and India is escalating as both nations modernize their nuclear delivery systems in 2026., Operational challenges and internal issues within the PLA may impact the quality of China's rapid nuclear expansion.
Published: 30 May 2026, 08:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented