അരുണാചൽപ്രദേശിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് ചൈനീസ് പട്ടാളം തടഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കഴിഞ്ഞ ജൂലായ് അവസാനവാരം ഇരുരാജ്യങ്ങളുടേയും പട്രോളിങ് സംഘങ്ങൾ തർക്കപ്രദേശത്ത് നേർക്കുനേർ എത്തിയതായ വാർത്തകൾക്ക് ശേഷമായിരുന്നു ഈ സംഭവം. അരുണാചലിൽ ഒരു ഇഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അതിർത്തിയിലെ എല്ലാ പോസ്റ്റുകളും ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലാണെന്നുമാണ് സൈന്യം വ്യക്തമാക്കിയത്.
ഈ പശ്ചാത്തലത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനീസ് സൈന്യം അരുണാചലിലെ അറുപത് കിലോമീറ്ററോളം പ്രദേശം കയ്യടക്കി എന്ന വാദത്തോടെയാണിത്.
20 സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ സൈന്യക യൂണിഫോമിലുള്ള ഏതാനും പേരും നാട്ടുകാരും എതിർ ദിശയിൽ നിൽക്കുന്ന പട്ടാള വേഷധാരികളെ നോക്കി രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്നതാണ്. ഇതിനിടയിൽ നിന്നൊരു യുവാവ് പകർത്തിയ സെൽഫി വീഡിയോയാണ് ഇപ്പോൾ വൈറലായത്. വീഡിയോയിൽ കേൾക്കുന്ന സംഭാഷണങ്ങൾക്ക് ബംഗാളി ഭാഷയോട് സാമ്യമുണ്ട്. ഇതിൽ കയർത്ത് സംസാരിക്കുന്ന സൈനികന്‍റെ യൂണിഫോമിലെ ഷോൾഡർ പാച്ചിൽ ബംഗാളി ഭാഷയിലാണ് ‘ബോർഡർ ഗാർഡ്’ എന്ന് എഴുതിയിരിക്കുന്നത്. ഇവരുടെ യൂണിഫോം പാറ്റേണും ഇന്ത്യ, ചൈനീസ് സൈന്യങ്ങളുടേതല്ല. അന്വേഷണത്തിൽ ബംഗ്ലാദേശ് അതിർത്തി രക്ഷാ സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശിന്‍റെ (ബിജിബി) യൂണിഫോമാണിത് എന്ന് സ്ഥിരീകരിച്ചു.
വൈറൽ ദൃശ്യങ്ങളിൽ നിന്ന് കീ ഫ്രേമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തതിൽ നിന്നും ഇതേ ദൃശ്യങ്ങളടങ്ങിയ ഒരു യൂട്യൂബ് വീഡിയോ ലഭിച്ചു. പ്രമുഖ ബംഗ്ലാദേശ് മാധ്യമമായ Ajker പത്രിക 2026 ജൂൺ 20ന് അപ്ലോഡ് ചെയ്തതാണിത്. വൈറൽ വീഡിയോയിൽ കാണുന്ന പട്ടാളക്കാരെയും ചില നാട്ടുകാരെയും ഈ വീഡിയോയിലും കാണാം. ഷിബ്ഗഞ്ച് അതിർത്തിയിലൂടെ ബിഎസ്എഫ് ഇരുപതോളം പേരെ ബംഗ്ലാദേശിലേക്ക് കടത്തിവിടാൻ ശ്രമിച്ചെന്നും ബിജിബി ഈ ശ്രമം പരാജയപ്പെടുത്തിയതായുമാണ് വാർത്തയിൽ പറയുന്നത്. ബിജിബി-ബിഎസ്എഫ് അംഗങ്ങൾ തമ്മിൽ കുറച്ചുനേരം നേർക്കുനേർ വന്ന സാഹചര്യമുണ്ടായിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യ ബംഗ്ലാദേശ് ബോർഡറിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്ര സർക്കാറിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ നേർക്കുനേർ വന്നു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ ഇന്ത്യ ബംഗ്ലാദേശ് ബോർഡറിൽ നിന്നുള്ളതാണ് എന്ന് വ്യക്തമായി.
Content Highlights: A viral video falsely claims that the Chinese army captured 60 km of territory in Arunachal Pradesh., Investigation revealed the video actually shows Border Guard Bangladesh (BGB) and locals at the Bangladesh border, dated June 20, 2026., PIB Fact Check officially confirmed that the India-Bangladesh border visuals are being shared with a false narrative.
Published: 14 Aug 2026, 07:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented