ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള നീക്കത്തിലാണ് ചൈന. നിലവിലെ ഏറ്റവും വലിയ മൂന്ന് അണക്കെട്ടുകൾ ഉത്പാദിപ്പിക്കുന്നതിനെക്കാള്‍ മൂന്നിരട്ടി വൈദ്യുതി ഉത്പാദനം സാധ്യമാക്കുന്ന, ഒരു ട്രില്യന്‍ യുവാനിലധികം (137 ബില്യന്‍ യു.എസ്. ഡോളര്‍-11.7 ലക്ഷം കോടി രൂപ) ചെലവ് വരുന്ന വമ്പന്‍ നിര്‍മിതിയാകുമെന്ന്‌ ചൈന ഘോഷിക്കുന്ന ഈ അണക്കെട്ട് പക്ഷേ ഇന്ത്യക്കും ബംഗ്ലാദേശിനും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ചൈനയുടെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ടിബറ്റിലൂടെ ഒഴുകുന്ന ബ്രഹ്‌മപുത്ര നദി(യാര്‍ലങ് സാങ്‌പോ)യിലാണ് ഈ അണക്കെട്ട് നിര്‍മാണം എന്നതുതന്നെയാണ് ഈ ആശങ്കയുടെ അടിസ്ഥാനം. ടിബറ്റന്‍ പീഠഭൂമിയുടെ ഒരറ്റത്ത്, ഭൂചലനസാധ്യതയുള്ള പ്രദേശത്താണ് ചൈന അണക്കെട്ട് നിര്‍മിക്കാനൊരുങ്ങുന്നത്. അണക്കെട്ടില്‍ സംഭരിക്കപ്പെടുന്ന ജലം, രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പശ്ചാത്തലത്തില്‍ ആയുധമായി ഉപയോഗിക്കപ്പെടുമോ എന്ന ഭയവും അന്തരീക്ഷത്തിലുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 

To advertise here,

ഹിമാലയത്തിലെ കൈലാസ് മേഖലയില്‍നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്‌മപുത്ര, ടിബറ്റിലൂടെ ഒഴുകി അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യയില്‍ പ്രവേശിച്ച് ബംഗ്ലാദേശ് കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. 2840 കിലോ മീറ്ററാണ് നദിയുടെ ദൈര്‍ഘ്യം. യാര്‍ലങ് സാങ്‌പോ എന്നാണ് ബ്രഹ്‌മപുത്ര ടിബറ്റില്‍ അറിയപ്പെടുന്നത്. ഇന്ത്യയില്‍ ബ്രഹ്‌മപുത്രയെന്നും ബംഗ്ലാദേശില്‍ ജമുന എന്നുമാണ് പേര്. യാര്‍ലങ് സാങ്‌പോയില്‍ എന്നാണ് നിര്‍ദിഷ്ട ഭീമന്‍ അണക്കെട്ടിന്റെ നിര്‍മാണം തുടങ്ങുകയെന്ന് ചൈന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, നിര്‍മാണം എത്രപേരെ ബാധിക്കും; പ്രദേശത്തുനിന്ന് എത്രയാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന കാര്യവും വ്യക്തമല്ല. മലിനീകരണത്തിന് വഴിവെക്കുന്ന ഇന്ധനങ്ങളില്‍നിന്ന് മോചനം അഥവാ ക്ലീന്‍ എനര്‍ജിയിലേക്കുള്ള വന്‍ചുവടുവെപ്പായും കാലാവസ്ഥാ വ്യതിയാനത്തിനുള്ള മറുപടിയായുമാണ് ചൈന നിര്‍ദിഷ്ട അണക്കെട്ട് നിര്‍മാണത്തെ കണക്കാക്കുന്നത്‌.

placeholder
File Photo: Getty Images 

എന്തുകൊണ്ട് ഒരു വമ്പന്‍ അണക്കെട്ട് നിര്‍മാണം

അണക്കെട്ട് നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനക്ഷമായി മാറുന്നതോടെ പ്രതിവര്‍ഷം 300 ബില്യന്‍ കിലോ വാട്ട്‌ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഓഫ് ചൈന 2020-ല്‍ നടത്തിയ വിലയിരുത്തലില്‍ പറയുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലുതും മധ്യചൈനയിലെ യാങ്‌സീ നദിയില്‍ സ്ഥിതി ചെയ്യുന്നതുമായ ജലവൈദ്യുത പദ്ധതിയില്‍നിന്ന് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത് 88.2 ബില്യന്‍ കിലോ വാട്ട്‌  വൈദ്യുതിയാണ്. ഈ കണക്കുതന്നെ വ്യക്തമാക്കുന്നുണ്ട് യാര്‍ലങ് സാങ്‌പോയില്‍ എന്തുകൊണ്ട് ഇത്ര വലിയൊരു ജലവൈദ്യുത പദ്ധതി നിര്‍മിക്കാന്‍ ചൈന ഒരുങ്ങുന്നു എന്നത്. ജലവൈദ്യുതോത്പാദനത്തിന് അനുകൂലമായ ഭൗമശാസ്ത്ര സവിശേഷതകള്‍ നദിക്ക് ആവോളമുണ്ടുതാനും. 

ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന ഒഴുകുന്ന യാര്‍ലങ് സാങ്‌പോ നദിയില്‍ ചൈന ആദ്യമായി അണക്കെട്ട് നിര്‍മിച്ചത്‌ 2010-ല്‍ ആയിരുന്നു. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ ചൈന ഈ നദിയില്‍ നിര്‍മിച്ചിട്ടുണ്ട്. ടിബറ്റിന് നല്‍കാനാകുന്ന ജലവൈദ്യുതശേഷി, പരമാവധി പ്രയോജനപ്പെടുത്തുക എന്ന സമീപനമാണ് ചൈന കൈക്കൊണ്ടിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജലവൈദ്യുത അണക്കെട്ടുകളുള്ള രാജ്യമാണ് ചൈന.

നദീജലത്തിന്റെ ഉടമസ്ഥത ചൈനയ്ക്ക് ലഭിക്കുമ്പോള്‍

അണക്കെട്ട് നിര്‍മാണത്തിന് പിന്നാലെ നദീജലത്തിന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിക്കും. ഇതോടെ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമോ മറ്റോ ഉണ്ടായാല്‍ ചൈനയ്ക്ക്, വലിയതോതില്‍ ജലം ഒഴുക്കിവിടാനും പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാക്കാനും സാധിക്കും എന്ന ആശങ്ക ഇന്ത്യ ഇതിനകം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കോ ബംഗ്ലാദേശിനോ ആശങ്കയുണ്ടാകേണ്ട ആവശ്യമില്ലെന്നാണ് ചൈനയുടെ വാദം. ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് ഡിസംബര്‍ 27-ന് നടത്തിയ പ്രസ്താവ ഇക്കാര്യം ആവര്‍ത്തിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട വിശദമായ പഠനങ്ങള്‍ക്കു ശേഷമാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് നിങ് പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും നദിയൊഴുകിയെത്തുന്ന തെക്കുഭാഗത്തെ രാജ്യങ്ങള്‍ക്ക് അതായത് ഇന്ത്യക്കും ചൈനയ്ക്കും അണക്കെട്ട് നിര്‍മാണം ദോഷകരമായി ബാധിക്കില്ലെന്നും അവര്‍ ആവര്‍ത്തിച്ചു പറയുന്നു. 

ചൈനയുടെ പതിനാലാമത് പഞ്ചവത്സരപദ്ധതി(2021-25)യുടെ ഭാഗമായാണ് അണക്കെട്ട് നിര്‍മിക്കുന്നത്. ടിബറ്റില്‍നിന്ന്, ദ ഗ്രേറ്റ് ബെന്‍ഡിലൂടെ വളഞ്ഞൊഴുകിയാണ് യാര്‍ലങ് സാങ്‌പോ അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഭാഗത്താകും അണക്കെട്ട് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. നേരത്തെ പറഞ്ഞതുപോലെ, ഭൂചലന സാധ്യതയുള്ള ദുര്‍ബലമായ ടെക്ടോണിക് പ്ലേറ്റ് ബൗണ്ടറിയിലാകും നിര്‍മാണം. എന്നിട്ടും അണക്കെട്ട് നിര്‍മാണത്തെ പേടിക്കേണ്ടതില്ലെന്നും തീര്‍ത്തും സുരക്ഷിതമാണെന്നും ചൈന പറയുന്നു. വലിയ അണക്കെട്ട്, വ്യാപ്തിയുള്ള റിസര്‍വോയര്‍, അണക്കെട്ടിന്റെ ഭാഗമായ വലിയ ടണലുകള്‍ ഇവയൊക്കെ മേഖലയില്‍ നിര്‍മിക്കുന്നതോടെ മണ്ണിടിച്ചിലിനും മറ്റുമുള്ള സാധ്യത വളരെയേറെയാണെന്നതില്‍ സംശയം വേണ്ട. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍, ഈ ജലവൈദ്യുതപദ്ധതി ലോകത്തിലെ ഏറ്റവും വലിയ നിര്‍മിതിയായി മാറുമെന്നാണ് ചൈനയുടെ അവകാശവാദം.

placeholder
Photo: PTI 

ഇരുരാജ്യങ്ങളിലുമായി ഒഴുകുന്ന നദികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2006-ല്‍ എക്‌സ്‌പേര്‍ട്ട് ലെവല്‍ മെക്കാനിസം (ഇ.എല്‍.എം.) എന്ന സംവിധാനത്തിന് ഇന്ത്യയും ചൈനയും ചേര്‍ന്ന് രൂപംകൊടുത്തിരുന്നു. ഇതിന്‍ പ്രകാരം പ്രളയകാലത്ത് ബ്രഹ്‌മപുത്ര, സത്‌ലജ് നദികളിലെ ജലവിതാനത്തെ കുറിച്ചുള്ള വിവരം ചൈന, ഇന്ത്യക്ക് കൈമാറുന്ന പതിവുണ്ട്. ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഈ സംവിധാനത്തിന് കീഴില്‍ പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇ.എല്‍.എമ്മിന്റെ യോഗം ഒടുവില്‍ ചേര്‍ന്നത് 2019-ലാണ്. 2020 ഏപ്രില്‍-മേയ് മാസങ്ങളില്‍ കിഴക്കന്‍ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ അതിര്‍ത്തി സംഘര്‍ഷത്തെയും പിന്നീടുണ്ടായ സൈനികവിന്യാസത്തെയും തുടര്‍ന്ന് ഇ.എല്‍.എമ്മിന്റെ യോഗങ്ങള്‍ നടന്നില്ല. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെ പരിഹരിക്കപ്പെട്ടതോടെ ഇന്ത്യയും ചൈനയും മേഖലയില്‍നിന്ന് സൈനികപിന്മാറ്റം നടത്തി. ഇത് പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളിലാണ് ടിബറ്റില്‍ ജലവൈദ്യുത പദ്ധതി നിര്‍മാണത്തിന് ചൈന മുന്നിട്ടിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

23-ാമത് ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധിയോഗം ബെയ്ജിങ്ങില്‍ നടന്നത് ഡിസംബര്‍ 18-ാം തീയതിയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇന്ത്യയെ പ്രതിനിധീകരിച്ചപ്പോള്‍, വിദേശകാര്യമന്ത്രി വാങ് യി ആയിരുന്നു ചൈനയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്. ഇരുരാജ്യങ്ങളിലൂടെയുമായി ഒഴുകുന്ന നദികളുടെ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ യോഗത്തില്‍ ധാരണയാകുകയും ചെയ്തിട്ടുണ്ട്‌. ക്ലീന്‍ എനര്‍ജി ഉള്‍പ്പെടെയുള്ളവ ലക്ഷ്യമാക്കിയാണ് അണക്കെട്ട് നിര്‍മാണമെന്ന് ചൈന അവകാശപ്പെടുമ്പോഴും അത് ഇന്ത്യക്കും ബംഗ്ലാദേശിനും സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. രാജ്യങ്ങള്‍ തമ്മിലെ ഉഭയകക്ഷിബന്ധത്തില്‍ ഉലച്ചിലുണ്ടാകുന്നപക്ഷം ആസൂത്രിത മിന്നല്‍ പ്രളയത്തിനോ ജലദൗര്‍ലഭ്യത്തിനോ സാധ്യതയുണ്ടായേക്കാം.

അണക്കെട്ടിന്റെ ഉടമസ്ഥത ചൈനയ്ക്കാകുന്നതോടെ ഇന്ത്യയിലേക്കുള്ള ജലവിതരണത്തെയും അണക്കെട്ട് നിര്‍മാണം ബാധിച്ചേക്കും. ബ്രഹ്‌മപുത്രയില്‍ ചൈന നടത്തുന്ന പ്രവര്‍ത്തികള്‍ ഇന്ത്യയുടെയോ ബംഗ്ലാദേശിന്റെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് മുന്‍പുതന്നെ ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. യാര്‍ലങ് സാങ്‌പോയില്‍ ചൈന ഇത്ര വലിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ അത് സ്വാഭാവികമായും ഇന്ത്യയിലേക്കുള്ള വെള്ളമൊഴുക്കിനെ ബാധിക്കും എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഇരുരാജ്യങ്ങളിലൂടെയുമായി ഒഴുകുന്ന നദികളിലെ ജലം പങ്കുവെക്കലിന് ഇന്ത്യയും ചൈനയും തമ്മില്‍ കരാറുകളൊന്നും നിലവില്‍ ഇല്ലെന്നത്‌ ഭാവിയില്‍ ഒരുപക്ഷേ സങ്കീര്‍ണതകളിലേക്ക് വഴിവെച്ചേക്കാം.