ന്യൂഡൽഹി: ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയം നേപ്പാളിലാകെ ദുരിതം വിതയ്ക്കുമ്പോൾ, ടിബറ്റിലെ യാർലുങ് സാങ്പോ (ബ്രഹ്മപുത്ര) നദിക്ക് കുറുകെ ചൈന നിർമിക്കുന്ന കൂറ്റൻ ജലവൈദ്യുത പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. പ്രളയക്കെടുതിയിൽ അതിർത്തി മേഖലയിൽ 165 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഭൂകമ്പമാണ് ദുരന്തത്തിന് കാരണമായതെന്നായിരുന്നു പ്രാരംഭ റിപ്പോർട്ടുകൾ. എന്നാൽ, സാറ്റലൈറ്റ് ചിത്രങ്ങളുടെയും സീസ്മിക് ഡാറ്റയുടെയും അടിസ്ഥാനത്തിൽ ഇത് മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുള്ള ദുരന്തമാണെന്ന് യു.എസ്. ജിയോളജിക്കൽ സർവേ പിന്നീട് സ്ഥിരീകരിച്ചു. 5.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനാണ് ഇതേത്തുടർന്ന് ഉണ്ടായത്.
നിലവിലെ നേപ്പാൾ പ്രളയത്തിന് ചൈനയുടെ അണക്കെട്ടുമായി നേരിട്ട് ബന്ധമില്ലെങ്കിലും, വരാനിരിക്കുന്ന വലിയൊരു ആപത്തിന്റെ മുന്നറിയിപ്പായാണ് പ്രമുഖർ ഇതിനെ വിലയിരുത്തുന്നത്. റോയിട്ടേഴ്‌സ് 2025-ൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, തെക്കുകിഴക്കൻ ടിബറ്റിലെ മെഡോഗിൽ ഏകദേശം 1600 കോടി രൂപ ചിലവിലാണ് ചൈന അഞ്ച് അണക്കെട്ടുകളുടെ ഒരു ശൃംഖല പണിയുന്നത്.
ഈ പദ്ധതി പൂർത്തിയാകുമ്പോൾ 60 ഗിഗാവാട്ട് ശേഷിയോടെ ചൈനയിലെ പ്രശസ്തമായ ത്രീ ഗോർജസ് ഡാമിന്റെ മൂന്നിരട്ടി ഉത്പാദന ശേഷി ഇതിനുണ്ടാകും. യാർലുങ് സാങ്പോ നദി ഇന്ത്യയിലേക്ക് പ്രവേശിച്ച് ബ്രഹ്മപുത്രയായി മാറുകയും പിന്നീട് ബംഗ്ലാദേശിലേക്ക് ഒഴുകുകയും ചെയ്യുന്നതിനാൽ, അതിർത്തിക്കടുത്ത് ചൈന നിർമിക്കുന്ന ഈ അണക്കെട്ട് തകർന്നാൽ അത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബംഗ്ലാദേശിനെയും പൂർണമായി മുക്കിക്കളയുമെന്നും വൻ നാശനഷ്ടമുണ്ടാക്കുമെന്നും പ്രതിരോധ വിദഗ്ദ്ധൻ ബ്രഹ്മ ചെല്ലാനി എക്സിൽ കുറിച്ചു.
അണക്കെട്ടിന്റെ വലിപ്പം മാത്രമല്ല, അത് സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. പദ്ധതി പ്രദേശത്തിന് തൊട്ടുതാഴെയായി സജീവമായ ഒരു ഭൂകമ്പ ഭ്രംശരേഖ (Paizhen Fault) കണ്ടെത്തിയതായി ചൈനീസ് ഭൂഗർഭശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ-യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിമുട്ടുന്ന ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് ഡാം നിർമിക്കുന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാൻ അണക്കെട്ടിന് സാധിച്ചാൽ പോലും, അതിനെത്തുടർന്നുണ്ടാകുന്ന മണ്ണിടിച്ചിലും പ്രളയവും വലിയ അപകടങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഹിമാലയൻ മേഖലയിലെ ആഗോളതാപനം മൂലം മഞ്ഞുമലകൾ ഉരുകുന്നതും ഇത്തരം വൻകിട പദ്ധതികളുടെ സുരക്ഷയെക്കുറിച്ചുള്ള ഭയാശങ്കകൾ ഇരട്ടിയാക്കുകയാണ്.
Content Highlights: Nepal flash floods caused by a glacial collapse highlight extreme Himalayan vulnerabilities in 2026., China is building a massive 60-gigawatt hydropower project on the Yarlung Tsangpo (Brahmaputra) in Medog, Tibet., Experts and strategic analysts like Brahma Chellaney warn the dam is a potential 'water bomb' for downstream nations India and Bangladesh., Geological studies in 2026 revealed active fault lines and high seismic risks surrounding the mega-dam site.
Published: 27 Aug 2026, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented