
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ എന്നും ലോകത്തെ അമ്പരപ്പിക്കുന്ന രാജ്യമാണ് ചൈന. നൂതന സാങ്കേതികവിദ്യകള്‍ എല്ലാ മേഖലകളിലും പരീക്ഷിക്കുന്ന രാജ്യം. ഇപ്പോഴിതാ അവര്‍ വികസിപ്പിച്ച മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ (മാഗ്‌ലെവ്) ട്രെയിന്‍ പരീക്ഷണസമയത്ത് വേഗതയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ചൈന എയ്റോസ്പേസ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ (CASIC) രൂപകല്‍പന ചെയ്ത മാഗ്‌ലെവ് ട്രെയിന്‍ 623 കിലോ മീറ്ററിലേറെ വേഗത്തിലാണ് പരീക്ഷണ ഓട്ടം നടത്തി റെക്കോര്‍ഡ് ഇട്ടത്. രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ലോ-വാക്വം ട്യൂബിലൂടെ നടത്തിയ പരീക്ഷണയോട്ടത്തിലാണ് റെക്കോര്‍ഡ് മറികടന്നിരിക്കുന്നതെന്നാണ് സി.എ.എസ്.ഐ.സി. അവകാശപ്പെടുന്നത്. പുതുതായി കൈവരിച്ചിരിക്കുന്ന വേഗത മാഗ്‌ലെവ് വികസനത്തിലെ വലിയ മുന്നേറ്റത്തിന്റെ സൂചനയാണെന്നും സി.എ.എസ്.ഐ.സിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വേഗത്തിന്റെ കാര്യത്തില്‍ ചൈന ലോകത്തെ അമ്പരപ്പിക്കുന്നത് ഇതാദ്യമല്ല. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള അതിവേഗ മാഗ്‌ലെവ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതും ചൈനയിലാണ്. ഷാങ്ഹായ് മാഗ്‌ലെവ് മണിക്കൂറില്‍ 300 കിലോ മീറ്ററിലധികം വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 431 കിലോ മീറ്ററാണ് ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത. 600 കിലോ മീറ്ററിന് മുകളില്‍ വേഗതയിലുള്ള മഗ്‌ലെവ് എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇതും മറികടന്ന് ഏറെ വൈകാതെ തന്നെ വിമാനത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ എന്ന ആശയം ചൈന യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേഗതയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക എന്നതിലുപരി എയറോസ്പേസ്, റെയില്‍ ട്രാന്‍സ്പോര്‍ട്ട് സാങ്കേതികവിദ്യ എന്നിവയെ കൂട്ടിയോജിപ്പിച്ച് മണിക്കൂറില്‍ 1000 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈ-സ്പീഡ് ഫ്ളൈയര്‍ പ്രോജക്ട് ഒരുക്കാനുള്ള നീക്കത്തിലാണ് സി.എ.എസ്.ഐ.സി. എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാഗ്‌ലെവ് ട്രെയിനിന്റെ ചരിത്രം
ഗതാഗതമേഖല വര്‍ഷങ്ങളായി വലിയ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും നൂതനമായ മുന്നേറ്റങ്ങളിലൊന്നാണ് മാഗ്‌ലെവ് (Maglev) എന്നറിയപ്പെടുന്ന മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ (Magnetic Levitation). കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സാങ്കേതിക വിദ്യയായാണ് ഇത് കണക്കാക്കുന്നത്. വൈദ്യുതകാന്തികത അടിസ്ഥാനമാക്കിയാണ് മാഗ്‌ലെവ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. മാഗ്‌ലെവ് ട്രെയിനിന് എന്‍ജിനില്ല, പകരം ശക്തി കൂടിയ വൈദ്യുത കാന്തങ്ങളാണ് ഈ ട്രെയിനിനെ ചലിപ്പിക്കുന്നത്. കാന്തത്തിന്റെ ഒരേ മണ്ഡലങ്ങള്‍ വികര്‍ഷിക്കപെടുന്നു എന്ന വസ്തുതയാണ് ഇതിന്റെ പ്രവര്‍ത്തനത്തിന് അടിസ്ഥാനം. ട്രെയിനിനെ പാളത്തില്‍ ഉയര്‍ത്തി നിര്‍ത്താനും മുന്നോട്ട് നീക്കാനും കാന്തിക ശക്തിയാണ് ഇവിടെ ഉപയോഗിക്കുന്നത്. കാന്തിക വികര്‍ഷണത്തിന്റെ ശക്തി പ്രയോജനപ്പെടുത്തി ഒരു ട്രാക്കിന് മുകളിലൂടെ മാഗ്‌ലെവ് ട്രെയിനുകള്‍ ഒഴുകി നീങ്ങുകയാണ് ചെയ്യുന്നത്. റെയിലുകളിലെ ലോഹ കോയിലുകളും ട്രെയിനിലെ സൂപ്പര്‍കണ്ടക്റ്റിംഗ് ഇലക്ട്രോമാഗ്നറ്റുകളും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിലൂടെയാണ് കാന്തിക ശക്തി സൃഷ്ടിക്കുന്നത്. ട്രെയിന്‍ ട്രാക്കുകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങുന്നതിലൂടെ ചക്രത്തിന്റെ ഘര്‍ഷണം പൂര്‍ണ്ണമായും ഇല്ലാതാകുന്നു എന്നതാണ് പ്രധാനനേട്ടം. ഒപ്പം കാന്തികശക്തി ഉപയോഗിക്കുന്ന ട്രെയിനിന് അവിശ്വസനീയമാംവിധം ഉയര്‍ന്ന വേഗതയില്‍ എത്താനും ഇതിന് കഴിയും.
മാഗ്‌ലെവ് സാങ്കേതികവിദ്യയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1905-ല്‍, ജര്‍മന്‍കാരനായ ആല്‍ഫ്രഡ് സെഹ്ഡനാ(Alfred Zehden)ണ് മാഗ്‌ലെവില്‍ ഉപയോഗിക്കുന്ന മോട്ടോറിന്റെ അടിസ്ഥാന ആശയം അവതരിപ്പിക്കുന്നത്. 1941 ആയപ്പോഴേക്കും ജര്‍മനിയില്‍ നിരവധി പേറ്റന്റുകള്‍ ഉണ്ടായിരുന്നു. പക്ഷേ, സാങ്കേതികവിദ്യയുടെ മുന്നോറ്റുള്ള വികസനത്തിന് സമയമെടുത്തു. 1934-ല്‍ ജര്‍മന്‍കാരനായ ഹെര്‍മന്‍ കെമ്പര്‍ (Hermann Kemper) രജിസ്റ്റര്‍ ചെയ്ത പേറ്റന്റ് ഉപയോഗിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മാഗ്‌ലെവ് ട്രെയിനുകള്‍ എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്. 1980-ന് ശേഷം മാഗ്‌ലെവ് ട്രെയിന്‍ സംവിധാനങ്ങള്‍ പലരാജ്യങ്ങളും വികസിപ്പിച്ചു. മിക്കതും താരതമ്യേന കുറഞ്ഞ ദൂരത്തില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു. ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യകാല പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കപ്പെടുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. പിന്നീട് 1984-ലാണ് ആദ്യത്തെ വാണിജ്യ മാഗ്‌ലെവ് സിസ്റ്റം അവതരിപ്പിക്കപ്പെടുന്നത്.

ആദ്യകാല മാഗ്‌ലെവ് സര്‍വീസുകള്‍
1984-ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള മാഗ്‌ലെവ് സര്‍വീസ് ഔദ്യോഗികമായി ആരംഭിച്ചത്. ബര്‍മിങ്ഹാം അന്തര്‍ദേശീയ വിമാനത്താവളത്തെയും ബര്‍മിങ്ഹാം റെയില്‍വേ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു ലോ-സ്പീഡ് മാഗ്‌ലെവ് ഷട്ടില്‍ ആയിരുന്നു ലോകത്തിലെ ആദ്യത്തെ വാണിജ്യ മാഗ്‌ലെവ് സിസ്റ്റം. ഈ സര്‍വീസിന് 600 മീറ്റര്‍ മാത്രമായിരുന്നു ദൈര്‍ഘ്യം. മോണോറെയില്‍ ട്രാക്കില്‍ മണിക്കൂറില്‍ 42 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തിയിരുന്നത്. ഇത് 11 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. തുടക്കത്തില്‍ യാത്രക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ ഇലക്ട്രോണിക് സിസ്റ്റത്തിലെ കാലഹരണപ്പെട്ട സാങ്കേതികവിദ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയതോടെ ഇതിലെ യാത്ര വിശ്വസനീയമല്ലാതാക്കി. തുടര്‍ന്ന് സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം സര്‍വീസ് 1995-ല്‍ നിര്‍ത്തിവെച്ചു. പീറ്റര്‍ബറോ റെയില്‍വേള്‍ഡിലും യോര്‍ക്കിലെ നാഷണല്‍ റെയില്‍വേ മ്യൂസിയത്തിലും ഇതിന്റെ ഓരോ കാറുകള്‍വീതം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതേ കാലഘട്ടത്തില്‍ തന്നെ ജര്‍മനിയിലെ എംസ്ലാന്‍ഡി(Emsland)ല്‍ ജര്‍മന്‍ കമ്പനിയായ ട്രാന്‍സ്റാപ്പിഡിന് 31.5 കിലോമീറ്റര്‍ നീളമുള്ള ഒരു മാഗ്‌ലെവ് ടെസ്റ്റ് ട്രാക്ക് ഉണ്ടായിരുന്നു. ഓരോ അറ്റത്തും ടേണിംഗ് ലൂപ്പുകളോടെയുള്ള സിംഗിള്‍ ട്രാക്കില്‍ മണിക്കൂറില്‍ 420 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിയിരുന്നു. പരിശോധനയുടെ ഭാഗമായി പണം നല്‍കി യാത്രക്കാരെ കയറ്റിയിരുന്നു. 2006-ല്‍ ലാഥെനില്‍ മാഗ്‌ലെവ് ട്രെയിന്‍ അപകടത്തില്‍ 23 പേര്‍ മരിച്ചു. ഇതോടെ യാത്രക്കാരെ കയറ്റുന്നത് അവസാനിപ്പിച്ചു. 2011 അവസാനത്തോടെ ഇതിന്റെ ലൈസന്‍സ് കാലഹരണപ്പെട്ടു. പിന്നീടത് പുതുക്കിയില്ല.
ബെര്‍ലിനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 1991 വരെ പ്രവര്‍ത്തിച്ച മാഗ്‌ലെവ് ട്രെയിന്‍ ലൈനായിരുന്നു എം-ബാന്‍. പടിഞ്ഞാറന്‍ ബെര്‍ലിനില്‍ 1984-ലാണ് എം-ബാന്‍ നിര്‍മിച്ചത്. പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷം 1991 ജൂലൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബെര്‍ലിനിലെ റെയില്‍ ഗതാഗതത്തിന്റെ ഭാവി പദ്ധതി എന്നാണ് ഇത് അന്ന് വിശേഷിപ്പിക്കപ്പെട്ടത്. ബെര്‍ലിന്‍ മതിലിന്റെ നിര്‍മാണത്തിലൂടെ പശ്ചിമ ബെര്‍ലിനില്‍ പൊതുഗതാഗത ശൃംഖലയില്‍ സൃഷ്ടിക്കപ്പെട്ട വിടവ് നികത്താനാണ് ഇത് നിര്‍മിച്ചത്. പക്ഷേ, 1992-ല്‍ മതില്‍ പൊളിച്ചതിന് തൊട്ടുപിന്നാലെ ഇതും അടച്ചു.

ഷാങ്ഹായ് മാഗ്‌ലെവും ജപ്പാന്റെ ലിനിമോയും
ഇംഗ്ലണ്ടും ജര്‍മനിയും ദക്ഷിണ കൊറിയയും ഉള്‍പ്പെടെ പല രാജ്യങ്ങളും അവരുടെ ഗതാഗത സംവിധാനങ്ങളില്‍ മാഗ്‌ലെവ് സാങ്കേതികവിദ്യ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ലോകത്തു രണ്ട് മാഗ്‌ലെവ് സര്‍വീസുകള്‍ മാത്രമേ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്തുന്നുള്ളൂ. ഒന്ന് ചൈനയിലും മറ്റൊന്ന് ജപ്പാനിലും. 2004 ഏപ്രിലില്‍ ഷാങ്ഹായില്‍ തുടങ്ങിയ മാഗ്‌ലെവ് സര്‍വീസും 2005 മാര്‍ച്ചില്‍ ജപ്പാനില്‍ തുടങ്ങിയ ലിനിമോ എന്ന പേരുള്ള മാഗ്‌ലെവും. 2004 മുതല്‍ പ്രവര്‍ത്തനക്ഷമമായ ഷാങ്ഹായ് മാഗ്‌ലെവ് ഈ വിഭാഗത്തിലെ മികച്ച ഉദാഹരണമാണ്.
ഷാങ്ഹായ് എയര്‍പോര്‍ട്ടിനും ലോംഗ്യാങ് റോഡ് സ്റ്റേഷനും ഇടയിലുള്ള 30.5 കിലോ മീറ്റര്‍ ദൂരത്തിലാണ് മാഗ്‌ലെവ് സര്‍വീസ് നടത്തുന്നത്. 2001 മാര്‍ച്ച് ഒന്നിനാണ് പാതയുടെ നിര്‍മാണം ആരംഭിച്ചത്. 2004 ജനുവരി ഒന്നിന് സര്‍വീസ് ആരംഭിച്ചു. ജര്‍മന്‍ ട്രാന്‍സ്‌റാപ്പിഡ് സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള അതിവേഗ മാഗ്‌ലെവാണ് ഷാങ്ഹായിലേത്. മണിക്കൂറില്‍ 300 കിലോ മീറ്ററിന് മുകളില്‍ വേഗത്തിലാണ് സര്‍വീസ് നടത്തുന്നത്. 431 കിലോ മീറ്ററാണ് ഷാങ്ഹായ് മാഗ്‌ലെവിന്റെ ഉയര്‍ന്ന വേഗത. 2004 ഏപ്രിലില്‍ ആരംഭിച്ചത് മുതല്‍ 2021 മെയ് മാസത്തില്‍ വേഗത കുറക്കുന്നത് വരെ ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനായിരുന്നു ഇത്.
ബര്‍മിങ്ഹാം മാഗ്‌ലെവ്, ബെര്‍ലിന്‍ എം-ബാന്‍, ഷാങ്ഹായ് മാഗ്‌ലെവ് എന്നിവയ്ക്ക് ശേഷമുള്ള ലോകത്തിലെ നാലാമത്തെ വാണിജ്യ മാഗ്‌ലെവ് ആയിരുന്നു ജപ്പാന്റെ ലിനിമോ. ജപ്പാനിലെ ആദ്യത്തെ വാണിജ്യ മാഗ്‌ലെവും ക്രൂവില്ലാത്ത ലോകത്തിലെ ആദ്യത്തെ വാണിജ്യ നഗര മാഗ്‌ലെവ് സര്‍വീസുമായിരുന്നു ഇത്. ജപ്പാനില്‍ 2005-ലെ വേള്‍ഡ് ഫെയറിനായി നിര്‍മിച്ച ലിനിമോ ഏകദേശം 9 കിലോ മീറ്റര്‍ നീളത്തിലാണ് സര്‍വീസ് നടത്തുന്നത്. എക്സ്പോയ്ക്ക് വേണ്ടിയാണ് പ്രാഥമികമായി നിര്‍മിച്ചതെങ്കിലും പിന്നീട് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആചി റാപ്പിഡ് ട്രാന്‍സിറ്റ് കമ്പനി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ലിനിമോ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് സര്‍വീസ് നടത്തുന്നത്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ എയര്‍പോര്‍ട്ടിലും മാഗ്‌ലെവ് സര്‍വീസ് നടത്തിയിരുന്നു. ലിനിമോയ്ക്ക് ശേഷം വാണിജ്യപരമായി പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ഡ്രൈവറില്ലാത്ത മാഗ്‌ലെവ് ലൈനായിരുന്നു ഇത്. 2016 ഫെബ്രുവരി 3-ന് തുറന്ന ലൈന്‍ 2023 സെപ്റ്റംബര്‍ 1-ന് അടച്ചുപൂട്ടി.

ലക്ഷ്യം 1000 കിലോ മീറ്റര്‍ വേഗതയുള്ള മാഗ്‌ലെവ്
ലോകത്തെ ഏറ്റവും വേഗമേറിയതും ദൈര്‍ഘ്യമേറിയതുമായ റെയില്‍വെ നെറ്റ്‌വര്‍ക്ക് സ്വന്തമായുള്ള രാജ്യമാണ് ചൈന. പക്ഷേ അവരുടെ ഗതാഗത മേഖലയില്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. കൂടുതല്‍ വേഗതയേറിയ ട്രെയിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി രാജ്യത്ത് നടക്കുകയാണ്. നേരത്തെ കഴിഞ്ഞ വര്‍ഷം ജൂലായില്‍ മണിക്കൂറില്‍ 450 കിലോ മീറ്ററിന് മുകളില്‍ വേഗതയുള്ള അതിവേഗ ബുള്ളറ്റ് ട്രെയിന്‍ ചൈന വിജയകരമായി പരീക്ഷിച്ചിരുന്നു. കിഴക്കന്‍ ചൈനയിലെ ഫുജിയാന്‍ (Fujian) പ്രവിശ്യയിലെ ഫുക്കിംഗി (Fuqing)ല്‍നിന്ന് ക്വാന്‍ഷൂവിലേക്കുള്ള അതിവേഗ റെയില്‍ പാതയിലൂടെയാണ് മണിക്കൂറില്‍ 453 കിലോ മീറ്റര്‍ വേഗത്തില്‍ സിആര്‍ 450 എന്ന് പേരിട്ടിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ കുതിച്ചുപാഞ്ഞത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് അന്ന് അവകാശപ്പെട്ടത്. മണിക്കൂറില്‍ 450 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന തരത്തില്‍ ചൈന രൂപകല്‍പന ചെയ്തതാണ് സി.ആര്‍ 450 ബുള്ളറ്റ് ട്രെയിനുകള്‍. നിലവില്‍, ചൈനയിലെ അതിവേഗ ട്രെയിനുകളുടെ പരമാവധി ഓപ്പറേറ്റിംഗ് വേഗത മണിക്കൂറില്‍ 350 കിലോ മീറ്ററാണ്.
ബുള്ളറ്റ് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന് പുറമേയാണ് മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ട്രെയിനുകള്‍ വികസിപ്പിക്കാനും വലിയ തുക ചൈന ചെലവിടുന്നത്. ഇതുവഴി മണിക്കൂറില്‍ 600 കിലോ മീറ്ററിന് മുകളില്‍ സഞ്ചാരം സാധ്യമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. നിലവില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ പ്രോട്ടോടൈപ്പാണ് അവതരിപ്പിച്ചിട്ടുള്ളത്. രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ലോ-വാക്വം ടണലിലായിരുന്നു പരീക്ഷണം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ട്രെയിന്‍, സര്‍വീസിനായി ട്രാക്കിലെത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. നഗരങ്ങള്‍ തമ്മിലുള്ള ഗതാഗതം വേഗത്തിലാക്കാനുള്ള ചൈനയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ ട്രെയിന്‍ ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന. ഇതിന് പുറമേയാണ് ഡ്രൈവറില്ലാത്ത ട്രെയിനുകള്‍ ചൈന അവതരിപ്പിച്ചത്. ലോകത്ത് ആദ്യമായി ഇത്തരം ട്രെയിനുകള്‍ അവതരിപ്പിച്ചതും ചൈനയാണ്. ഇത്തരത്തില്‍ പരമ്പരാഗത ട്രെയിന്‍ ഗതാഗതത്തെ അപ്പാടെ മാറ്റിമറിക്കുകയാണ് ചൈന. ഇത് വലിയ വികസനക്കുതിപ്പാണ് രാജ്യത്തിന് നല്‍കുന്നത്.

അതിവേഗത്തിലെ ചൈനീസ് വിപ്ലവം
ചൈനയില്‍ നിലവില്‍ അതിവേഗ ട്രെയിനുകള്‍ സഞ്ചരിക്കുന്നത് മണിക്കൂറില്‍ 350 കിലോ മീറ്ററിലധികം വേഗത്തിലാണ്. ആഭ്യന്തര-ദീര്‍ഘദൂര യാത്രകള്‍ക്ക് അതിവേഗ തീവണ്ടികള്‍ വ്യാപകമാക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. എന്നാല്‍ അതിനപ്പുറം രാജ്യത്തിന്റെ വികസനത്തില്‍ ഈ തീവണ്ടികള്‍ക്ക് വലിയ പ്രധാന്യമുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെയും ദ്രുതഗതിയിലുള്ള ആധുനികവല്‍ക്കരണത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന സാങ്കേതിക വൈദഗ്ധ്യത്തിന്റെയും പ്രതീകമാണ് ഈ അതിവേഗ ട്രെയിനുകള്‍. അതിവേഗ ട്രെയിന്‍ വികസിപ്പിക്കുന്നതില്‍ മറ്റ് വികസിത രാജ്യങ്ങള്‍ എവിടെ നില്‍ക്കുന്നു എന്നത് പരിഗണിക്കുമ്പോഴാണ് ചൈനയുടെ നേട്ടത്തിന്റെ യഥാര്‍ഥമൂല്യം മനസിലാകുക. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും ഈ അതിവേഗ റെയില്‍പാത സാമൂഹിക ഐക്യത്തിനും രാഷ്ട്രീയ സ്വാധീനത്തിനുമുള്ള ശക്തമായ ഒരു ഉപകരണം കൂടിയാണ്. ഒപ്പം വ്യത്യസ്ത സംസ്‌കാരങ്ങളുള്ള പ്രദേശങ്ങളെ മുഖ്യധാരയിലേക്ക് സംയോജിപ്പിക്കാനും ഇതുവഴി അവര്‍ ശ്രമിക്കുന്നു. ചൈനീസ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നത് മാത്രമല്ല, അതിനപ്പുറം ബൃഹത്തായ പദ്ധതികളാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റേത് എന്നാണ് ഈരംഗത്തെ വികസനങ്ങള്‍ നിരീക്ഷിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
ഒരര്‍ത്ഥത്തില്‍ ഗതാഗതരംഗത്തെ വികസനത്തില്‍ ചൈന വിപ്ലവം സൃഷ്ടിക്കുകയാണ്. യൂറോപ്പിലും അതിന്റെ കോളനികളിലും വടക്കന്‍ അമേരിക്കയിലുമെല്ലാം റെയില്‍വെ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. റഷ്യയിലും ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടിഷ് സാമ്രാജ്യം തുടങ്ങിയ മേഖലകളുടെ കാര്യത്തിലും ഇതു കാണാം. ഇവിടങ്ങളില്‍ റെയില്‍വേ, രാഷ്ട്രീയവും സൈനികവുമായി സ്വാധീനിക്കുകയും സാമ്പത്തിക വികസനം ത്വരിതത്തിലാക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പതിറ്റാണ്ടുകളെടുത്ത് മറ്റ് രാജ്യങ്ങള്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ ചൈന ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സ്വന്തമാക്കി എന്നതാണ് അവരെ വ്യത്യസ്തരാക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് സാധിക്കാത്ത തരത്തിലുള്ള വ്യാപ്തിയിലും വേഗത്തിലുമാണ് ചൈന പുതിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നത്. അഭൂതപൂര്‍വമായ വ്യാപ്തിയിലും വേഗത്തിലുമാണ് ചൈനക്കാര്‍ അതിവേഗ റെയില്‍ ശൃംഖല സൃഷ്ടിച്ചതെന്നാണ് ഈ രംഗത്തുള്ളവര്‍ പോലും അഭിപ്രായപ്പെടുന്നത്. ചൈനയുടെ ആഭ്യന്തര വിമാനത്താവളങ്ങളേക്കാള്‍ വിശ്വസിക്കാവുന്നതും വേഗമേറിയതുമാണ് അതിവേഗ റെയില്‍ മേഖല എന്നാണ് പരക്കെയുള്ള അഭിപ്രായം.
Content Highlights: China on the way to its dream of high-speed maglev
Published: 21 Feb 2024, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented