തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ആർആർടിഎസ് പദ്ധതി ശുദ്ധവിവരക്കേടെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. താൻ മുന്നോട്ടുവെച്ച അതിവേഗപാതയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

ആർആർടിഎസ് അംഗീകരിക്കപ്പെട്ട റെയിൽവേ സംവിധാനമല്ല. ഇത് റെയിൽവേ ആക്ട് പ്രകാരം നടപ്പാക്കാൻ കഴിയില്ല. മെട്രോ ആക്ട് പ്രകാരം മാത്രമേ ആർആർടിഎസ് വിഭാവനം ചെയ്യാൻ സാധിക്കൂവെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

നേരത്തേ കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാനെന്ന് അവകാശപ്പെട്ട് ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി ഡിപിആർ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. ഇതിനിടെയാണ് സിൽവർ ലൈൻ പദ്ധതിക്ക് ബദലായി ആർആർടിഎസ്(റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുവന്നത്. ഇതിന് മന്ത്രിസഭയും അംഗീകാരം നൽകി. പിന്നാലെ ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറക്കി.

തിരുവനന്തപുരം മുതൽ കാസർകോട്വരെ 583 കിലോമീറ്റർ നീളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണ് ആർആർടിഎസ്. 12 വർഷം കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. നാല് ഘട്ടങ്ങളിലായാണ് ഈ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഒന്നാം ഘട്ടമായ തിരുവനന്തപുരം മുതൽ തൃശൂർ (ട്രാവൻകൂർ ലൈൻ) വരെയുള്ള 284 കിലോമീറ്ററിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഒന്നാം ഘട്ട നിർമാണം 2027-ൽ തുടക്കമിട്ട് 2033-ൽ പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.

കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും ഉയർന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് യാത്രസമയം കുറയ്ക്കാനും, പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്താനും, തൊഴിൽ-വിദ്യാഭ്യാസ അവസരങ്ങൾ വർധിപ്പിക്കാനുമാണ് ഈ അതിവേഗ റെയിൽ പദ്ധതി ലക്ഷ്യമിടുന്നത്. സിൽവർലൈൻ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേയിൽ നിന്നുള്ള സാങ്കേതിക തടസ്സങ്ങളും ചിലയിടങ്ങളിലെ ജനകീയ പ്രതിഷേധങ്ങളും നേരിട്ട സാഹചര്യത്തിലാണ് കൂടുതൽ പ്രായോഗികമായ ആർആർടിഎസ് പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്.

പരിസ്ഥിതി സംരക്ഷണവും ജനസാന്ദ്രതയും പരിഗണിച്ച്, ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിന്മേലുള്ള പാതകളായി (എലവേറ്റഡ് വയഡക്റ്റ് മോഡൽ) നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഈ അതിവേഗ റെയിൽ പദ്ധതി നിലവിലുള്ള കൊച്ചി മെട്രോയുമായും, വരാനിരിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുമായും ബന്ധിപ്പിക്കും. ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിലാണ് ഇതിന്റെ ഫണ്ടിങ് ഉദ്ദേശിക്കുന്നത്. ചെലവിന്റെ 20 ശതമാനം സംസ്ഥാന സർക്കാരും, 20 ശതമാനം കേന്ദ്ര സർക്കാരും, ബാക്കി 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പകളും വഴി കണ്ടെത്താനാണ് തീരുമാനം.