
കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ ഇ. ശ്രീധരനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനത്തെ കേന്ദ്രം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ അതിവേഗ റെയിൽ പാതയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി പറയുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അതിവേഗ പാതകൾ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ കേരളത്തിന് അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചത്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പൊന്നാനിയിൽ ഇത്തരമൊരു ഓഫീസ് തുടങ്ങുന്നത് ജനങ്ങളെ വഞ്ചിക്കാനുള്ള ഒരു മാർഗം മാത്രമാണ്. അതിവേഗ പാതയെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പോലും അനുകൂലമായ നിലപാട് പറയാത്ത സാഹചര്യത്തിൽ, ശ്രീധരന്റെ ഈ പരിപാടിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാൻ എന്നവകാശപ്പെട്ട് ഇ. ശ്രീധരൻ ഓഫീസ് തുറന്നത്. പൊന്നാനിയിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആർ തയ്യാറാക്കാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം. എന്നാൽ റെയിൽവേയുടെ ഭാഗത്ത് നിന്നോ മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങൾക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെയും വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിലും കേരളം ഉൾപ്പെട്ടിരുന്നില്ല.
Content Highlights: CPIM`s MV Govindan criticizes E. Sreedharan for opening a high-speed rail office in Ponnani, alleging it`s a move to deceive the public as central approval is pending.
Published: 03 Feb 2026, 06:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented