തായ്വാന് വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് മേഖലയിൽ സംഘര്‍ഷം ഉടലെടുത്തത്.

സെൻകാകു ദ്വീപ് | Photo: mofa.go.jp/senkaku
കിഴക്കന്‍ ചൈന കടലില്‍ ചൈനയും ജപ്പാനും മുഖാമുഖം! ജപ്പാന്റെ അധീനതയിലുള്ള സെന്‍കാകു (Senkaku) ദ്വീപുകള്‍ക്കു സമീപം ചൈനീസ് തീരരക്ഷാസേനയുടെ റോന്ത് ചുറ്റലാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. അവകാശം ഉറപ്പാക്കാനുള്ള റോന്തുചുറ്റല്‍ എന്ന പ്രഖ്യാപനത്തോടെയായിരുന്നു ചൈനീസ് തീരരക്ഷാസേനയുടെ പ്രകോപനം. അതേസമയം, രണ്ട് ചൈനീസ് തീരസംരക്ഷണ കപ്പലുകള്‍ തടയുകയും തങ്ങളുടെ പ്രദേശത്ത് നിന്ന് പുറത്താക്കുകയും ചെയ്തതായാണ് ജപ്പാന് അവകാശപ്പെടുന്നത്. കിഴക്കന്‍ ചൈനാക്കടലില്‍ സ്ഥിതിചെയ്യുന്ന ഏതാനും അഗ്നിപര്‍വ്വത ദ്വീപുകളെയും പാറക്കെട്ടുകളെയും ചൊല്ലി ചൈനയും ജപ്പാനും തര്‍ക്കം തുടങ്ങിയിട്ട് കാലമേറെയായി. ജപ്പാന്‍കാര്‍ സെന്‍കാകു എന്നുവിളിക്കുന്ന ദ്വീപസമൂഹത്തെ ഡിയാവോയു എന്നാണ് ചൈന വിളിക്കുന്നത്. ജപ്പാന്റെ അധീനതയിലുള്ള ഈ ദ്വീപുകള്‍ക്കുമേല്‍ ചൈനയും തായ്വാനും ഒരേപോലെ അവകാശമുന്നയിക്കുന്നുണ്ട്.
ചൈന തങ്ങളുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സ്വയംഭരണപ്രദേശമായ തായ്വാനെക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി സനായെ താകായീച്ചി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് മേഖലയിൽ സംഘര്‍ഷം ഉടലെടുത്തത്. ജനാധിപത്യപരമായി ഭരണം നടക്കുന്ന തായ്വാനെ ചൈന ആക്രമിച്ചാല്‍ ജപ്പാന് സൈനികമായി നേരിടുമെന്നാണ് താകായീച്ചി (Sanae Takaichi) ജാപ്പനീസ് പാര്‍ലമെന്റില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ ചൈന ജാപ്പനീസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയിരുന്നു. ജപ്പാനിലേക്ക് യാത്രചെയ്യരുതെന്ന് ചൈനീസ് പൗരര്‍ക്ക് മുന്നറിയിപ്പുനല്കുകയും ചെയ്തു. പിന്നാലെയാണ് സെന്‍കാകുവില്‍ ചൈനയുടെ പ്രകോപനമുണ്ടായത്. എന്താണ് സെന്കാകുവിനെച്ചൊല്ലി ചൈനയും ജപ്പാനും തമ്മിലുള്ള പ്രശ്നം? എന്തുകൊണ്ടാണ് ഈ ദ്വീപുകള്‍ പ്രാധാന്യം ആര്‍ഹിക്കുന്നത്?
ജപ്പാന്റെ സെന്‍കാകു, ചൈനയുടെ ഡിയാവോയു
കിഴക്കന്‍ ചൈനാ കടലില്‍ ജപ്പാന്റെ ഭരണത്തിന് കീഴിലുള്ള ജനവാസമില്ലാത്ത ദ്വീപുകളുടെ ഒരു കൂട്ടമാണ് സെന്‍കാകു ദ്വീപുകള്‍. ചൈനയില്‍ ഇവ ഡിയാവോയു (Diaoyu) എന്നാണ് അറിയപ്പെടുന്നത്. അതേസമയം തായ്വാനില് അവയെ ഡിയാവു തായ് (Diaoyutai) ദ്വീപുകള്‍ എന്നാണ് വിളിക്കുന്നത്. അവകാശവാദങ്ങളില്‍ നിന്ന് നിഷ്പക്ഷത പാലിക്കാനായി പാശ്ചാത്യ രാജ്യങ്ങള്‍ പലപ്പോഴും ഇവയുടെ ഇംഗ്ലീഷ് പേരായ പിന്നക്കിള്‍ ദ്വീപുകള്‍ എന്നത് ഉപയോഗിക്കുന്നു. തായ്വാന്റെ വടക്കുകിഴക്കും ചൈനീസ് പ്രധാന ഭൂപ്രദേശത്തിന് കിഴക്കും ജപ്പാന്റെ തെക്കേ അറ്റത്തുള്ള ഒകിനാവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇവ സ്ഥിതിചെയ്യുന്നത്. ജപ്പാനിലെ ഒകിനാവയുടെ ഭാഗമായ ഇഷിഗാക്കി ദ്വീപില്‍നിന്ന് ഏകദേശം 170 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും തായ്വാനില് നിന്ന് ഏകദേശം 170 കിലോമീറ്റര്‍ വടക്കുകിഴക്കായും ചൈനയുടെ പ്രധാന ഭൂപ്രദേശത്തിന്റെ തീരത്ത് നിന്ന് ഏകദേശം 330 കിലോമീറ്റര്‍ അകലെയുമാണ് ഈ ദ്വീപുകള്‍. അഞ്ച് അഗ്നിപര്‍വ്വത ദ്വീപുകളും മൂന്ന് തരിശായ പാറക്കെട്ടുകളും ചേര്‍ന്നതാണ് ദ്വീപസമൂഹം. ഏകദേശം 6.3 ചതുരശ്ര കിലോമീറ്ററാണ് ഇവയുടെ മൊത്തം ഭൂവിസ്തൃതി. ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഉവോത്സുരി(Uotsuri)ക്ക് ഏകദേശം 3.6 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്.
1930-കളില്‍ ജപ്പാനില്നിന്നുള്ളവര് ഈ പ്രദേശത്ത് താമസിച്ചിരുന്നു. ഉവോത്സുരി ദ്വീപിലാണ് പ്രധാനമായും ആളുകള്‍ താമസിച്ചിരുന്നത്. 200-ലധികം ജാപ്പനീസുകാര്‍ അക്കാലത്ത് ഊത്സുരി ദ്വീപിലും മറ്റും താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവയിലൊന്നും ജനവാസമില്ല. മത്സ്യബന്ധനത്തിപ്പുറം ഈ മേഖലയ്ക്ക് യാതൊരു സാമ്പത്തിക മൂല്യവുമില്ലെന്നാണ് കണക്കാക്കിയിരുന്നത്. 1968-ല്‍ ഐക്യരാഷ്ട്രസഭയുടെ ഏഷ്യയും വിദൂര കിഴക്കും സംബന്ധിച്ച സാമ്പത്തിക കമ്മീഷന് നടത്തിയ സര്‍വേയിലാണ് ഈ പ്രദേശത്തിന്റെ സമ്പന്നമായ പെട്രോളിയം വിഭവങ്ങളുടെ സാധ്യത ലോകം അറിയുന്നത്. പ്രധാനപ്പെട്ട കപ്പല്‍ പാതകള്‍ക്ക് സമീപമാണ് എന്നതും സമ്പന്നമായ മത്സ്യബന്ധന സാധ്യതയുള്ളതിനാലും എണ്ണ, വാതക നിക്ഷേപമുണ്ട് എന്നതിനാലും ഈ ദ്വീപുകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഏഷ്യ-പസഫിക് മേഖലയിലെ സൈനിക മേധാവിത്വത്തിനായി അമേരിക്കയും ചൈനയും തമ്മില്‍ മത്സരം മുറുകുന്ന സാഹചര്യത്തിലും ഇവയുടെ സ്ഥാനം നിര്‍ണായകമാണ്.
ജപ്പാന്റെ കീഴില്‍, അവകാശവാദവുമായി ചൈന
ഒന്നാം ചൈന-ജാപ്പനീസ് യുദ്ധത്തില്‍ വിജയിച്ചതിനുശേഷം 1895-ലാണ് ജപ്പാന് തായ്വാനിന്റെയും സെന്‍കാക്കു ദ്വീപുകളുടെയും നിയന്ത്രണം ഏറ്റെടുക്കുന്നത്. അക്കാലത്ത് പത്ത് വര്‍ഷത്തോളം ദ്വീപുകളില്‍ സര്‍വേ നടത്തിയതായും അവ ജനവാസമില്ലാത്തതാണെന്ന് കണ്ടെത്തിയതായും ജപ്പാന് പറയുന്നു. 1895 ജനുവരി 14-ന് ജപ്പാന് പരമാധികാരസ്ഥാപിക്കുകയും ദ്വീപുകള്‍ ജാപ്പനീസ് പ്രദേശത്തേക്ക് ഔദ്യോഗികമായി ഉള്‍പ്പെടുത്തുകയും ചെയ്തു. അന്നുമുതല്‍ രണ്ടാം ലോകമഹായുദ്ധത്തിന്റെ തോല്‍വി സമ്മതിച്ച് കീഴടങ്ങുന്നതുവരെ ജപ്പാന്റെ നിയന്ത്രണത്തിലായിരുന്നു ദ്വീപുകള്‍. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം1951-ലെ സാന്‍ ഫ്രാന്‍സിസ്കോ ഉടമ്പടി പ്രകാരം തായ്വാന് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കും സമീപ ദ്വീപുകള്‍ക്കും മേലുള്ള അവകാശവാദം ജപ്പാന് ഉപേക്ഷിച്ചു. 1945 മുതല്‍ 1972 വരെ ദ്വീപുകള്‍ അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ഒക്കിനാവ റിവേര്ഷന് കരാര്‍ ഒപ്പുവച്ചതോടെ ദ്വീപുകള്‍ ജപ്പാന് തിരികെ നല്‍കുന്നതിനുള്ള വഴിയൊരുങ്ങി. ആ വര്‍ഷം അമേരിക്ക ഈ ദ്വീപുകള്‍ ജപ്പാന് കൈമാറി. ഒകിനാവ പ്രിഫെക്ചറിന്റെ ഭാഗമായാണ് ജപ്പാന് ഈ ദ്വീപുകള്‍ ഭരിക്കുന്നത്.
തായ്വാനും ചൈനയും ദ്വീപിനുമേല്‍ അവകാശവാദം ഉന്നയിക്കുന്നു. ചൈനയും തായ്വാനും ദ്വീപുകള്‍ ചൈനീസ് രാജവംശങ്ങളുടെ കീഴിലായിരുന്നുവെന്ന് കാണിക്കുന്ന പഴയപുസ്തകങ്ങളും ഭൂപടങ്ങളും ഉദ്ധരിക്കുന്നു. പുരാതനകാലം മുതല്‍ തന്നെ ഈ ദ്വീപുകള്‍ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായിരുന്നെന്നും തായ്വാന്റെ ഭരണത്തിന്റെ കീഴിലുള്ള പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങളാണെന്നും ചൈന അവകാശപ്പെടുന്നു. പുരാതനകാലം മുതല്‍ ദ്വീപ് തങ്ങളുടെ ഭാഗമായിരുന്നുവെന്നാണ് തായ്വാന് പറയുന്നത്. എന്നാല്‍ തായ്വാനെ തങ്ങളുടെ ഭാഗമായി കണക്കാക്കുന്നതിനാല്‍ ചൈന അവരുടെ ഈ അവകാശവാദം പരിഗണിക്കുന്നില്ല. ഒന്നാം ചൈന-ജാപ്പനീസ് യുദ്ധത്തിനുശേഷം ഷിമോനോസെക്കി ഉടമ്പടി പ്രകാരം തായ്വാനും സമീപ ദ്വീപുകളും ജപ്പാന് വിട്ടുകൊടുത്തുവെന്നാണ് ചൈന ചൂണ്ടിക്കാണിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്കോ ഉടമ്പടി പ്രകാരം തായ്വാന് തിരികെ നല്കിയപ്പോള് ദ്വീപുകളും തിരികെ നല്‍കേണ്ടതായിരുന്നുവെന്നും ചൈന പറയുന്നു. എന്നാല്‍ ഒക്കിനാവ റിവേര്ഷന് കരാറില്‍ ദ്വീപുകളുടെ കാര്യം പരിഗണിച്ചപ്പോള്‍ അന്നത്തെ തായ്വാന് നേതൃത്വം ഇതിനെ എതിര്‍ത്തിരുന്നില്ല. തായ്വാന് യുഎസിനെ പിന്തുണയ്ക്കാന്‍ ആശ്രയിച്ചിരുന്നതിനാലായിരുന്നു ഇത്.
ചരിത്രപരവും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി, സെന്‍കാകു തങ്ങളുടെ പ്രദേശമാണെന്ന് ജപ്പാന് വാദിക്കുന്നു. ''ആ കാലഘട്ടത്തിന് മുമ്പ് മറ്റൊരു രാജ്യത്തിന് സെന്‍കാകു ദ്വീപുകളില്‍ നിയന്ത്രണമില്ലെന്ന് ഉറപ്പാക്കിയ ശേഷം, 1895 ജനുവരിയില്‍, അക്കാലത്ത് നിലവിലുണ്ടായിരുന്ന അന്താരാഷ്ട്ര നിയമത്തിന് കീഴില്‍ നിയമാനുസൃതമായ മാര്‍ഗ്ഗങ്ങളിലൂടെ ജാപ്പനീസ് സര്‍ക്കാര്‍ ദ്വീപുകള്‍ ജപ്പാന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്തു'' എന്നാണ് ജപ്പാന് ഇക്കാര്യത്തില്‍ നല്കുന്ന വിശദീകരണം. സാന്‍ ഫ്രാന്‍സിസ്കോ കരാറില്‍ ചൈന ഒരു എതിര്‍പ്പും ഉന്നയിച്ചിട്ടില്ലെന്നും ജപ്പാന് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഏകദേശം 75 വര്‍ഷക്കാലം ചൈനീസ് സര്‍ക്കാര്‍ ജപ്പാന്റെ പരമാധികാരത്തെ ചോദ്യം ചെയ്തിരുന്നില്ല. 1970-കളില്‍, ഈ പ്രദേശത്തെ എണ്ണ വിഭവങ്ങളുടെ പ്രശ്നം ഉയര്‍ന്നുവന്നതിനുശേഷം മാത്രമാണ് ചൈനീസ്, തായ്വാന് അധികാരികള്‍ അവകാശവാദങ്ങള്‍ സംബന്ധിച്ച് നിലപാട് മാറ്റിയത് എന്നാണ് ജപ്പാന് ആരോപിക്കുന്നത്.
സെന്‍കാകു തര്‍ക്കം ചൂടുപിടിക്കുന്നു
പതിറ്റാണ്ടുകളായി നിശബ്ദമായി നിലനിന്ന തര്‍ക്കം ചൂടുപിടിക്കുന്നത് 2010-ന് ശേഷമാണ്. 2012 ഏപ്രിലില്‍, ടോക്കിയോ ഗവര്‍ണര്‍ പൊതുപണം ഉപയോഗിച്ച് സ്വകാര്യ ഉടമയില്‍നിന്ന് മൂന്ന് ദ്വീപുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയൊരു തര്‍ക്കം ഉടലെടുത്തു. ടോക്കിയോ ഗവര്‍ണറുടെ പദ്ധതി തടയാന്‍ ജാപ്പനീസ് സര്‍ക്കാര്‍ ഉടമയില്‍നിന്ന് ദ്വീപുകള്‍ വാങ്ങാന്‍ കരാറിലെത്തി. എന്നാല്‍, ഇത് ചൈനയെ പ്രകോപിപ്പിച്ചു. ചൈനയിലും തായ്വാനിലും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ടോക്കിയോ ഗവര്‍ണര്‍ ദ്വീപുകള്‍ വാങ്ങുന്നത് തടയാനുള്ള നീക്കമായാണ് ജപ്പാന് കണ്ടതെങ്കിലും ദ്വീപുകളെ പരമാധികാരത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ജപ്പാന്റെ ശ്രമമായാണ് ചൈന ഇതിനെ കണ്ടത്. ഇത് ചൈനയിലുടനീളം ജപ്പാനെതിരെ പ്രതിഷേധത്തിന് കാരണമായി. ജാപ്പനീസ് ഉല്‍പ്പന്നങ്ങളും വില്‍പ്പനശാലകളും ലക്ഷ്യമിട്ട് പ്രകോപനങ്ങളുണ്ടായി. പ്രതിഷേധക്കാര്‍ ബീജിംഗിലെ ജാപ്പനീസ് എംബസി ഉപരോധിക്കുകയും കുപ്പികളും കല്ലുകളും എറിയുകയും ചെയ്തു. നയതന്ത്രതലത്തിലും ചൈന പ്രതിഷേധമുയര്‍ത്തി.
ഇതിന് പിന്നാലെ ജപ്പാന് തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖല എന്ന് അവകാശപ്പെടുന്ന കടല്‍ പ്രദേശത്ത് ചൈനീസ് കപ്പലുകള്‍ പ്രവേശിക്കുന്നത് പതിവായി. 2013 നവംബര്‍ 23-ന്, സെന്‍കാകു ദ്വീപുകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ ചൈനാ കടല്‍ വ്യോമ പ്രതിരോധ തിരിച്ചറിയല്‍ മേഖല ചൈന സ്ഥാപിച്ചു. ഇതുപ്രകാരം ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന ഈ മേഖലയിലെ ഏതൊരു വിമാനവും ചൈന നിര്‍ദ്ദേശിച്ച നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ നീക്കത്തെ ഏകപക്ഷീയം എന്ന് വിശേഷിപ്പിച്ച ജപ്പാന് അമേരിക്കയെപ്പോലെ അത് അവഗണിക്കുമെന്ന് പ്രഖ്യാപിച്ചു. 2023-ല്‍ ചൈന പുറത്തിറക്കിയ ഭൂപടത്തില്‍ സെന്‍കാകു ഉള്‍പ്പെടുത്തി. ഇതോടെ യു.എസും ജപ്പാനും പ്രതിഷേധിച്ചു. ദ്വീപുകള്‍ക്ക് സമീപമുള്ള കടല്‍മേഖലയിലെ മത്സ്യബന്ധന ബോട്ടുകളെ ചൈനീസ് തീരസംരക്ഷണ കപ്പലുകള്‍ ഉപദ്രവിക്കുന്നു എന്നാണ് ജപ്പാന്റെ ആരോപണം. മേഖലയില്‍ ചൈനീസ് തീരസംരക്ഷണ കപ്പലുകള്‍ റോന്ത് ചുറ്റുന്നതും പതിവാണ്. മെഷീന് ഗണ്ണുകള്‍ ഘടിപ്പിച്ച ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ തുടര്‍ച്ചയായി ദ്വീപുകള്‍ക്ക് ചുറ്റുമുള്ള മേഖലയിലുണ്ടായിരുന്നുവെന്ന് 2024 മെയ് മാസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചൈന- ജപ്പാന് പ്രശ്നത്തില്‍ അമേരിക്ക ഇടപെടുമോ?
സെന്‍കാക്കു വിഷയത്തില്‍ പിന്നോട്ടില്ലെന്ന നിലപാടാണ് ചൈനയ്ക്ക്. അതുകൊണ്ട് തന്നെയാണ് തായ്വാനെക്കുറിച്ചുള്ള ജാപ്പനീസ് പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ ചൈന സ്വരം കടുപ്പിച്ചത്. കിഴക്കന്‍ ചൈനാ കടലിലെയും ദക്ഷിണ ചൈനാ കടലിലെയും തങ്ങളുടെ പ്രദേശിക അവകാശവാദങ്ങളോട് ചൈന സ്വീകരിച്ചുവരുന്ന ശക്തമായ മനോഭാവത്തെയും സെന്‍കാകു പ്രശ്നം എടുത്തുകാണിക്കുന്നു. ദ്വീപുകള്‍ക്ക് സമീപമുള്ള ചൈനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ അവരുടെ ദീര്‍ഘകാല തന്ത്രങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഒരു സായുധ നീക്കത്തിന് മുമ്പ് പ്രകോപനങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക നേട്ടമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് കരുതുന്നത്. തായ്വാനെ സ്വന്തം ഭൂപ്രദേശമായി കരുതുന്ന ചൈന, വേണ്ടിവന്നാല്‍ ബലംപ്രയോഗിച്ച് അതിനെ ഏറ്റെടുക്കുമെന്നു പറഞ്ഞിട്ടുണ്ട്. സമാന സമീപനം സെന്കാകുവിന്റെ കാര്യത്തിലും അവര്‍ പിന്തുടര്‍ന്നേക്കുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതുകൊണ്ട് തന്നെ ഒരു സമ്പൂര്‍ണ്ണ സായുധ സംഘട്ടനം ഉണ്ടായേക്കുമെന്ന് ഭയപ്പെടുന്ന സൈനിക വിദഗ്ധരുണ്ട്. നേരത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നിരുന്നാലും മേഖലയിലെ ചൈനീസ് നിലപാടില്‍ കാര്യമായ മാറ്റമുണ്ടായില്ല.
ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍, ജപ്പാന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക ആധുനികവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കയുമായുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയും ജപ്പാനും ഒരു സുരക്ഷാ സഖ്യം രൂപപ്പെടുത്തുകയും 1960-ല്‍ അത് ഔപചാരികമാക്കുകയും ചെയ്തു. ഈ കരാര്‍ പ്രകാരം, ആക്രമണമുണ്ടായാല്‍ ജപ്പാനെ പ്രതിരോധിക്കുമെന്ന വാഗ്ദാനത്തിന് പകരമായി അമേരിക്കയ്ക്ക് ജപ്പാനില്‍ സൈനിക താവളങ്ങള്‍ അവര്‍ അനുവദിക്കുന്നു. ചൈനയും ജപ്പാനും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍, ജപ്പാന് അമേരിക്കന്‍ സൈനിക പിന്തുണ ലഭിച്ചേക്കും. സുരക്ഷാ ഉടമ്പടി ദ്വീപുകള്‍ക്ക് ബാധകമാണെന്ന് അമേരിക്ക നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു സംഘര്‍ഷമുണ്ടായാല്‍ അതിന്റെ അനന്തരഫലം വലുതായേക്കും. അതിനാല്‍ തന്നെ നിലവിലെ തര്‍ക്കം വര്‍ദ്ധിക്കുന്നത് എല്ലാ കക്ഷികളെയും ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്.
Content Highlights: Tensions rise in the East China Sea over the Senkaku/Diaoyu Islands. Explore the historical claims and recent escalations between China and Japan.
Published: 04 Dec 2025, 04:00 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented