ഒരു പൊതുകറൻസി എന്ന ആശയം ബ്രിക്സ് ഗ്രൂപ്പ് ഗൗരവമായി ചിന്തിച്ചുവരികയാണെങ്കിലും ഇതിപ്പോഴും പ്രാരംഭഘട്ടത്തിലാണ്.

ബ്രിക്സ് രാജ്യങ്ങൾ അവരുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ പരസ്പരം ബന്ധിപ്പിക്കുന്നത് പരിഗണിക്കണമെന്ന ശുപാർശയുമായി റിസർവ് ബാങ്ക്. ബ്രിക്‌സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും ടൂറിസം ഇടപാടുകളും എളുപ്പമാക്കുന്നതിനായാണ് ആർബിഐയുടെ നിർദേശം. വാണിജ്യ ഇടപാടുകൾക്കും ടൂറിസത്തിനും ഈ ഡിജിറ്റൽ കറൻസികൾ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും വിഷയം 2026-ലെ ബ്രിക്‌സ് ഉച്ചകോടിയിൽ ഉന്നയിക്കാമെന്നും ആർബിഐ കേന്ദ്ര സർക്കാറിനോട് ശുപാർശ ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ വർഷത്തെ ബ്രിക്‌സ് സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്റെ ഈ ശുപാർശ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് യു.എസ്. ഡോളറിനെ ആശ്രയിക്കുന്നതു കുറയ്ക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.
ഒരു പൊതു കറൻസി സൃഷ്ടിക്കുന്നതിനെക്കുറിച്ച് ബ്രിക്സ് ഗ്രൂപ്പ് ഗൗരവമായി ചിന്തിച്ചുവരികയാണ്. ഈ ആശയം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും യു.എസ്. ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കാനും സ്വന്തം സമ്പദ് വ്യവസ്ഥകളിൽ കൂടുതൽ നിയന്ത്രണം നേടാനുമുള്ള വഴികൾ ബ്രിക്‌സ് രാജ്യങ്ങൾ ഏറെക്കാലമായി പരിഗണിക്കുന്നുണ്ട്. ബ്രിക്‌സ് കറൻസിയെക്കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി നടക്കുന്നുണ്ടെങ്കിലും സമീപകാലത്ത് ഇതിന് വേഗം കൂടിയിട്ടുണ്ട്. എന്നാൽ പുതിയ ബ്രിക്സ് കറൻസി സൃഷ്ടിക്കുകയോ യു.എസ്. ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസിയെ പിന്തുണയ്ക്കുകയോ ചെയ്യരുതെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കുമ്പോഴാണ് പുതിയ നീക്കം.
ബ്രിക്‌സ് കറൻസിക്കായുള്ള ശ്രമങ്ങൾ
അന്താരാഷ്ട്ര വ്യാപാരത്തിൽ യു.എസ്. ഡോളറിന്റെ പ്രാധാന്യം കുറയ്ക്കാൻ ഒരു ദശാബ്ദത്തിലേറെയായി ബ്രിക്‌സ് രാജ്യങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപാരത്തിനായി സ്വന്തം കറൻസികളുടെ ഉപയോഗം വർധിപ്പിക്കാനായിരുന്നു ശ്രമം. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ ഒരു പുതിയ കറൻസി അവതരിപ്പിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. യു.എസ്. ഡോളറിനെയോ മറ്റ് പാശ്ചാത്യ പിന്തുണയുള്ള സംവിധാനങ്ങളെയോ ആശ്രയിക്കാതെ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു നിർദ്ദിഷ്ട സംയുക്ത സാമ്പത്തിക സംവിധാനമാണ് ‘ബ്രിക്‌സ് കറൻസി’. യൂറോ പോലുള്ള ഒരൊറ്റ കറൻസിക്ക്പകരം, ഒരു ഡിജിറ്റൽ അല്ലെങ്കിൽ കമ്മോഡിറ്റി പിന്തുണയുള്ള അക്കൗണ്ട് യൂണിറ്റായിട്ടാണ് ബ്രിക്‌സ് കറൻസി വിഭാവനം ചെയ്തിരിക്കുന്നത്. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഗോള സാമ്പത്തിക രംഗത്ത് അമേരിക്കൻ കുത്തക അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബ്രിക്‌സ് കറൻസി ആശയത്തിന്റെ ഉത്ഭവം.
ഐഎംഎഫ്, ലോക ബാങ്ക് തുടങ്ങി പാശ്ചാത്യ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള സ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്ന ചർച്ചകളിൽ നിന്നാണ് ബ്രിക്‌സ് കറൻസി എന്ന ആശയം ഉയർന്നുവന്നത്. 2009-ലെ ഉച്ചകോടിയിലാണ് ഇത് ആദ്യമായി ഔപചാരികമായി പ്രകടമായത്. ഒരു ബഹുധ്രുവ ലോകക്രമത്തിനായി യു.എസ്. ഡോളറിന് പകരമായി ഒരു പുതിയ ആഗോള കറൻസിക്കായി ബ്രിക് രാജ്യങ്ങൾ ആഹ്വാനം ചെയ്തു. ബ്രിക്സിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ അടിത്തറയായി ഇത്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, ഡോളറിന് ആധിപത്യമുള്ള സാമ്പത്തിക ക്രമത്തിന്റെ അസ്ഥിരതയെയും അപകടസാധ്യതകളെയും കുറിച്ച് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ ‘ബ്രിക്’ രാജ്യങ്ങൾക്ക് ആശങ്ക ഉണ്ടായിരുന്നു. പ്രത്യേകിച്ച് റഷ്യയ്ക്ക്. ആഗോള സമ്പദ് വ്യവസ്ഥയെ യു.എസ്. നേതൃത്വത്തിൽനിന്ന് മോചിപ്പിക്കാൻ കരുതൽ സംവിധാനം ആവശ്യമാണെന്ന് വാദിച്ചുകൊണ്ട് റഷ്യ ചർച്ചയ്ക്ക് നേതൃത്വം നൽകി.
2013-14 കാലഘട്ടത്തിൽ ബ്രസീലിലെ ഫോർട്ടലേസ ഉച്ചകോടിയിൽ ന്യൂ ഡെവലപ്മെന്റ് ബാങ്ക് (എൻഡിബി) രൂപീകരണവും 100 ബില്യൺ ഡോളറിന്റെ കണ്ടിജന്റ് റിസർവ് അറേഞ്ച്മെന്റും ഉണ്ടായതോടെയാണ് സാമ്പത്തിക സഹകരണത്തിലേക്കുള്ള പ്രാരംഭ നീക്കങ്ങൾ ആരംഭിച്ചത്. പൊതുകറൻസി, പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പിൽക്കാല സംഭാഷണങ്ങളുടെ അടിത്തറ രൂപപ്പെട്ടത് ഇതോടെയായിരുന്നു. കൂട്ടായ്മയിലെ പ്രധാന അംഗരാജ്യമായ റഷ്യക്കെതിരായ ഉപരോധങ്ങളും ആഗോള സാമ്പത്തിക രംഗത്തെ ചാഞ്ചാട്ടങ്ങളും കാരണം 2022-ന് ശേഷം ഡോളറിന് ഒരു ബദൽ കറൻസിയെക്കുറിച്ചുള്ള ഔപചാരിക ചർച്ചകൾക്ക് ആക്കം കൂടി. സാമ്പത്തികരംഗത്തെ അമേരിക്കൻ ആധിപത്യത്തിൽ നിന്ന് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിക്സ് കൂട്ടായ്മ ‘ഡീ-ഡോളറൈസേഷൻ’ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അംഗരാജ്യങ്ങൾ പ്രാദേശിക കറൻസികളിൽ വ്യാപാരത്തിനുള്ള ശ്രമം ആരംഭിച്ചു. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഉൾപ്പെടെയുള്ള നേതാക്കൾ വ്യാപാരത്തിനും നിക്ഷേപത്തിനുമായി ഒരു സംയുക്ത കറൻസി എന്ന വാദം ഉന്നയിച്ചു.
എന്തുകൊണ്ട് ഒരു ബ്രിക്‌സ് കറൻസി?
സമീപകാല ആഗോള സാമ്പത്തിക വെല്ലുവിളികളും യു.എസ്. വിദേശനയങ്ങളുമടക്കം ബ്രിക്‌സ് രാജ്യങ്ങൾക്ക് പുതിയൊരു കറൻസി രൂപീകരിക്കാൻ ആഗ്രഹിക്കുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. യു.എസ്. ഡോളറിനെയും യൂറോയെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം സ്വന്തം സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ബ്രിക്‌സ് ലക്ഷ്യമിടുന്നു. ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് നിർദ്ദിഷ്ട ബ്രിക്‌സ് കറൻസിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ആഗോള വ്യാപാരത്തിന്റെ 85 ശതമാനത്തിലധികവും ആഗോള ബാങ്ക് കരുതൽ ശേഖരത്തിന്റെ 60 ശതമാനത്തിലധികവും നിലവിൽ ഡോളറാണ്. ഇത് യു.എസിന് വലിയ സ്വാധീനം നൽകുന്നു. സ്വന്തം കറൻസി വികസിപ്പിക്കുന്നതിലൂടെ, ബ്രിക്‌സ് രാജ്യങ്ങൾ ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്.
സാമ്പത്തിക പരമാധികാരവും ഉപരോധ പ്രതിരോധശേഷിയുമാണ് മറ്റൊരു ഘടകം. റഷ്യ, ഇറാൻ, വെനിസ്വേല എന്നിവയ്ക്കെതിരായ അമേരിക്കൻ ഉപരോധങ്ങൾ ഡോളറിനെ ആശ്രയിക്കുന്നതിന്റെ ദുർബലതകൾ എടുത്തുകാണിക്കുന്നതാണ്. ആഗോള കറൻസി കരുതൽ ശേഖരത്തിന്റെ വൈവിധ്യവൽക്കരണവും ഒരു കാരണമാണ്. ലോകരാഷ്ട്രീയത്തിൽ വന്ന മാറ്റവും ചൂണ്ടിക്കാണിക്കാവുന്നതാണ്. ബ്രിക്‌സ് രാജ്യങ്ങൾ പ്രാദേശിക കറൻസി വ്യാപാരം അതിവേഗം വികസിപ്പിക്കുകയാണ്. ആഗോള ജിഡിപിയുടെ 46 ശതമാനവും ലോക ജനസംഖ്യയുടെ 55 ശതമാനവും പ്രതിനിധീകരിക്കുന്ന ബ്രിക്‌സിന് ഇക്കാര്യത്തിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഒരു ബ്രിക്‌സ് കറൻസിക്ക് വെല്ലുവിളികളും ഏറെയുണ്ട്. ഒരു പൊതുകറൻസി എന്നത് പ്രാബല്യത്തിൽ വരുത്തുക വെല്ലുവിളി നിറഞ്ഞതാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്തമായ സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കുമെന്നതിനാൽ, ബ്രിക്‌സ് കറൻസി ഒരു വികലമായ ആശയമാണെന്നും വാദമുണ്ട്. മറ്റ് അംഗങ്ങൾക്ക് വ്യാപാരത്തിൽ ചൈനീസ് കറൻസിയായ യുവാന് മുൻതൂക്കം ലഭിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. രൂപ-റൂബിൾ വ്യാപാരപ്രശ്‌നങ്ങളും ബ്രിക്‌സിന് മുന്നിലുണ്ട്. ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്കുമാത്രം ഉപയോഗമുള്ള രൂപകൊണ്ട് റഷ്യയ്ക്ക് യാതൊരു ഉപയോഗവും വന്നില്ല. ഇന്ത്യൻ രൂപ കുമിഞ്ഞുകൂടുക മാത്രമാണ് ഉണ്ടായത്. ഒരു പുതിയ ബ്രിക്‌സ് റിസർവ് കറൻസി ആഗോള ഇടപാടുകളിൽ ഉപയോഗിക്കാൻ തക്ക സ്ഥിരതയുള്ളതോ വിശ്വസനീയമോ ആയിരിക്കുമോയെന്നും പല വിദഗ്ധരും സംശയിക്കുന്നു. അതിനിടയിലാണ് ബ്രിക്‌സ് രാജ്യങ്ങൾ അവരുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ പരസ്പരം ബന്ധിപ്പിക്കുന്നത് പരിഗണിക്കണമെന്ന ശുപാർശയുമായി റിസർവ് ബാങ്ക് രംഗത്ത് എത്തിയത്.
ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ചാൽ നേട്ടമാർക്ക്?
ബ്രിക്സ് രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികളെ ബന്ധിപ്പിക്കുന്നത് അംഗങ്ങൾക്കിടയിലെ വ്യാപാരം സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'സ്വിഫ്റ്റ്' പോലുള്ള ഡോളർ ആധിപത്യ സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇടപാട് ചെലവുകളും സമയവും കുറയ്ക്കും. വ്യാപാരം, ടൂറിസം, നിക്ഷേപങ്ങൾ എന്നിവയ്ക്കുള്ള വേഗത്തിലുള്ള ഇടപാടുകൾ ബ്രിക്‌സ് രാജ്യങ്ങൾക്കിടയിലുള്ള വാണിജ്യത്തെ വർധിപ്പിക്കും. അതേസമയം യു.എസ്. ബാങ്കുകളെയും കറസ്‌പോണ്ടന്റ് നെറ്റ്വർക്കുകളെയും ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും.
ബ്രിക്‌സ് രാജ്യങ്ങൾ ഒരു പുതിയ കറൻസി ആരംഭിക്കുകയോ, ഡിജിറ്റൽ കറൻസികൾ തമ്മിൽ ബന്ധിപ്പിക്കുകയോ ചെയ്താൽ അത് യു.എസ്. ഡോളറിനോടുള്ള ആഗോള ആശ്രിതത്വം കുറയ്ക്കുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് വലിയ ആശങ്കയുണ്ട്. ഈ നീക്കം അമേരിക്കയെ കൂടുതൽ പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്. ബ്രിക്സ് രാജ്യങ്ങളുടെ ഡിജിറ്റൽ കറൻസികളെ പരസ്പരം ബന്ധിപ്പിച്ചാൽ അമേരിക്കയുടെ 'സ്വിഫ്റ്റ്' സംവിധാനത്തെ ആശ്രയിക്കാതെ സ്വന്തം കറൻസികളിൽ വ്യാപാരം നടത്താൻ ബ്രിക്സ് രാജ്യങ്ങൾക്കാകും. അത് അമേരിക്കൻ ഡോളറിനു കനത്ത ആഘാതമാവും.
എല്ലാ ബ്രിക്സ് സമ്പദ് വ്യവസ്ഥകളും നിലവിലുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. പക്ഷേ, അവയിൽ മിക്കതും പരീക്ഷണ ഘട്ടങ്ങളിലാണ്. 2022 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഇ-റുപ്പിയിൽ ഏകദേശം 8.3 മില്യൺ റീട്ടെയിൽ ഉപയോക്താക്കളുണ്ട്. ഡിജിറ്റൽ യുവാന്റെ ഉപയോഗം വർധിപ്പിക്കാനും ചൈന പദ്ധതിയിടുന്നു. ബ്രിക്സ് സഖ്യം തന്നെ അമേരിക്കൻ വിരുദ്ധമാണെന്ന് ട്രംപ് പറയുകയും അതിലെ അംഗങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാൽ ഡിജിറ്റൽ കറൻസികളെ തമ്മിൽ ബന്ധിപ്പിക്കാനുള്ള നീക്കത്തെ അമേരിക്ക എങ്ങനെയാണ് നേരിടുക എന്നത് കൗതുകകരമാണ്. എന്നാൽ ഡീ-ഡോളറൈസേഷൻ അല്ല ലക്ഷ്യമെന്ന് ബ്രിക്‌സ് ഇതനികം വ്യക്തമാക്കിയിട്ടുണ്ട്.
Published: 22 Jan 2026, 06:55 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented