
1989 ലെ പൊതുതിരഞ്ഞെടുപ്പ് കാലം. രാജ്യത്തെ തെരുവോരങ്ങളിലെങ്ങും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നു. അതില്‍ ഏറ്റവും വ്യത്യസ്തമായതായിരുന്നു രണ്ട് ടയറുകളും ഒരു കുഴലും ഘടിപ്പിച്ച കുഞ്ഞു വണ്ടികള്‍, ബോഫോഴ്സ് എന്ന് പേരിട്ട് രാജീവ് ഗാന്ധിയുടെ ചിത്രം വെച്ച് ആള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ, ഉരുണ്ടുനീങ്ങുന്ന ദൃശ്യം. സോഷ്യല്‍ മീഡിയയയും ദൃശ്യ മാധ്യമങ്ങളുമൊന്നുമില്ലാതിരുന്ന കാലമായിട്ടും ഈ പ്രചാരണ വണ്ടികള്‍ കോണ്‍ഗ്രസിനെതിരേയുള്ള പ്രധാന ആയുധമായി അക്കാലത്ത് ഉപയോഗിക്കപ്പെട്ടു. ജനങ്ങളില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തി. കാരണം അത്രമാത്രമായിരുന്നു അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ബോഫോഴ്സ് പീരങ്കിയിടപാടും തുടര്‍ന്നുണ്ടായ വിവാദങ്ങളുമെല്ലാം സ്ഥാനം പിടിച്ചിരുന്നത്.
രാഷ്ട്രീയ വിവാദങ്ങള്‍ മാറ്റിവെച്ചാൽ, ഇന്ത്യന്‍ സൈന്യത്തിന്റെ നെടുംതൂണായതാണ് ബോഫോഴ്സ് പീരങ്കികളുടെ ചരിത്രം. കാര്‍ഗില്‍ ഹീറോയും സൈന്യത്തിന്റെ തുറുപ്പുചീട്ടുമായിരുന്നു നാളിതുവരെ ഈ പീരങ്കികൾ. അന്ന് വാങ്ങിയ ബോഫോഴ്സ് പീരങ്കികള്‍ക്ക്, പക്ഷേ, ഇന്ന് വയസ്സായി. 200 എണ്ണം മാത്രം ബാക്കിയായി. കാലഹരണപ്പെട്ട സാങ്കേതികവിദ്യയായി. ഒടുവില്‍ 2030 മുതല്‍ ഇവയെ പൂര്‍ണമായും ഒഴിവാക്കാനൊരുങ്ങുകയാണ് സൈന്യം. പകരം തദ്ദേശീയമായി നിര്‍മിച്ച പീരങ്കികള്‍ വരും.

രാജീവ് ഗാന്ധിയും ബോഫോഴ്സ് പീരങ്കികളും
1984 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗന്ധിയുടെ അപ്രതീക്ഷിത മരണത്ത തുടര്‍ന്നായിരുന്നു മകൻ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. ഇന്ദിരാഗന്ധിയുടെ മരണവും വൈകാരിക സാഹചര്യവുമെല്ലാം പൊതു തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിക്കും കോണ്‍ഗ്രസിനും മൃഗീയ ഭൂരിപക്ഷം നല്‍കി. ആകെ മത്സരിച്ച 491 സീറ്റില്‍ 404 സീറ്റിലും വിജയിച്ചു. രാജീവ് പ്രധാനമന്ത്രിയായി. അടിയന്തരാവസ്ഥയുണ്ടാക്കിയ അലയൊലിക്കും ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിനുമെല്ലാം ശേഷം പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കുന്നത് കൂടിയായി രാജീവിന്റെ വിജയം. യുവ പ്രധാനമന്ത്രിയന്ന നിലയില്‍ വലിയ പിന്തുണയായിരുന്നു അക്കാലത്ത് രാജീവിന് ലഭിച്ചത്.
പാകിസ്താനില്‍ നിന്നുള്ള യുദ്ധഭീഷണിയും അവര്‍ നൂതന ആയുധങ്ങള്‍ വാങ്ങിക്കൂട്ടി യുദ്ധഭീതിയുണ്ടാക്കുന്നതുമെല്ലാം ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ അന്ന് പ്രധാന ചര്‍ച്ചയായിരുന്നു. ഇതോടെയാണ് രാജ്യത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വീഡിഷ് ആയുധക്കമ്പനിയായ എ.ബി ബോഫോഴ്സുമായി 140 കോടി ഡോളറിന്റെ കരാറില്‍ രാജ്യം ഒപ്പിടുന്നത്. എ.ബി ബോഫോഴ്സില്‍ നിന്ന് 155 എംഎം ന്റെ 410 ഹോവിറ്റ്സര്‍ ഫീല്‍ഡ് ഗണ്ണുകള്‍ വാങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇത് പിന്നീട് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാരോപണങ്ങളിലൊന്നായി മാറി.
1437 കോടി രൂപയുടെ കരാറുണ്ടാക്കാന്‍ ഇന്ത്യക്കാര്‍ക്ക് 64 കോടിയോളം രൂപ കൈക്കൂലിയായി നല്‍കിയെന്ന് സ്വീഡിഷ് റേഡിയോയുടെ വെളിപ്പെടുത്തലുണ്ടായതോടെയാണ് ബോഫേഴ്സ് ആദ്യമായി വിവാദങ്ങളിലേക്ക് വലിച്ചഴിക്കപ്പെടുന്നത്. കമ്പനിയും സ്വീഡിഷ് സര്‍ക്കാരും ഇത് നിഷേധിച്ചെങ്കിലും സ്വീഡിഷ് ഓഡിറ്റ് ബ്യൂറോവിന്റെ റിപ്പോര്‍ട്ട് ആരോപണം ശരിവെക്കുന്നതായിരുന്നു. ബോഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ അന്നത്തെ പ്രതിപക്ഷം കോണ്‍ഗ്രസിനെതിരേ പ്രധാന രാഷ്ട്രീയ ആയുധമാക്കിയതോടെ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും വഴിവെച്ചു. സമരങ്ങളുടെ വേലിയേറ്റമുണ്ടായി. മാസങ്ങളോളം പാര്‍ലമെന്റിലെ ചര്‍ച്ച ബോഫോഴ്‌സായി മാറി. ഒടുവില്‍ സഹികെട്ട്, സര്‍ക്കാരിന് അന്വേഷണം പ്രഖ്യാപിക്കേണ്ടിയും വന്നു. അന്വേഷണം വര്‍ഷങ്ങളോളം നീണ്ടുനിന്നെങ്കിലും ഇത് അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരിനെ മാത്രമല്ല പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളേയും ഇത് വേട്ടയാടി. പിന്നാലെ വന്ന 1989 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 197 സീറ്റിലൊതുങ്ങി. വലിയ ഇടവേളയ്ക്കുശേഷം പ്രതിപക്ഷത്തായി.
രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിലെ ധനകാര്യമന്ത്രിയായിരുന്ന വി.പി സിങ് തന്നെയായിരുന്നു സഭയില്‍ ആദ്യമായി ബോഫോഴ്സിനെതിരേ നിലപാടെടുത്തത്. വി.പി. സിങ്ങിനെ പിന്നീട് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെങ്കിലും ജനതാദൾ ഉണ്ടാക്കി അദ്ദേഹം പ്രധാനമന്ത്രിയായതും ചരിത്രം.
1990 ജനുവരി 22 ന് സിബിഐ ഫയല്‍ ചെയ്ത കേസില്‍ ബോഫേഴ്സില്‍ നിന്നും പീരങ്കി വാങ്ങിയതില്‍ രാജീവ് ഗാന്ധിയുടെ സൃഹൃത്തായ വിന്‍ ചദ്ദ, ഇറ്റാലിയന്‍ വ്യവസായി ഒട്ടോവിയോ ക്വട്രോച്ചി, പ്രതിരോധ സെക്രട്ടറി എസ്.കെ ഭട്‌നഗര്‍, മാര്‍ട്ടിന്‍ അര്‍ബഡോ, ഹിന്ദുജ സഹോദരന്‍മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ് ചന്ദ് എന്നിവര്‍ കമ്മീഷന്‍ വാങ്ങിയെന്നായിരുന്നു ആരോപണം. ഇവരെ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ രാഷ്ട്രീയ നേതൃത്വത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ടായിരുന്നു.
എ.ബി ബോഫോഴ്സിന്റെ അന്നത്തെ പ്രസിഡന്റ് മാര്‍ട്ടിന്‍ ആര്‍ദ്ബോ, ഇടനിലക്കാരന്‍ വിന്‍ ചദ്ദ, ഹിന്ദുജ സഹോദരന്‍മാര്‍ എന്നിവര്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോന, വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ അഴിമതി നിരോധന നിയമവും ഉപയോഗിച്ചായിരുന്നു കേസ്. സിബിഐയുടെ ആദ്യ കുറ്റപത്രത്തില്‍ ഛദ്ദ, ഒട്ടാവിയോ ക്വട്രോച്ചി, അന്നത്ത പ്രതിരോധ സെക്രട്ടറി എസ്.ഐ ഭട്നഗര്‍, ആര്‍ദ്ബോ, ബോഫോഴ്സ് കമ്പനി എന്നിവരേയും അനുബന്ധ കുറ്റപത്രത്തില്‍ ഹിന്ദുജ സഹോദരന്‍മാരേയും ഉള്‍പ്പെടുത്തി.
അന്വേഷണത്തിനൊടുവില്‍ 2011 ല്‍ ആണ് സി.ബി.ഐ കോടതി ക്വട്രോച്ചിയെ കേസിൽ നിന്ന് ഒഴിവാക്കിയത്. 2005 ല്‍ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, എന്നിവരേയും കുറ്റവിമുക്കരാക്കി. 2004 ഫെബ്രുവരി മാസം രാജീവ് ഗാന്ധിയേയും ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
തോക്കിടപാടില്‍ രാജീവ് ഗാന്ധിയോ പ്രതിരോധ സെക്രട്ടറി എസ്.കെ ഭട്ട്നഗറോ ബോഫോഴ്സ് കമ്പനിയില്‍ നിന്ന് കോഴ കൈപ്പറ്റിയതായി തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഖജനാവിന് 250 കോടി രൂപ നഷ്ടമുണ്ടാക്കിയ സിബിഐ അന്വേഷണത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കെട്ടടങ്ങിയ ബോഫോഴ്സും ക്വട്രോച്ചിയും
1989 ന് ശേഷം കേന്ദ്രത്തില്‍ മാറി മാറി വിവിധ സര്‍ക്കാരുകള്‍ വന്നെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ബോഫോഴ്സ് കേസില്‍ പ്രത്യേകിച്ചൊന്നും അന്വേഷണ ഏജന്‍സികള്‍ക്കോ സര്‍ക്കാരിനോ കണ്ടെത്താനായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വീഡനിലടക്കം പോയി കേസിന് പിറകെ കൂടിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല എന്നതാണ് സത്യം.
കേസിലെ പ്രധാന പ്രതികളിലൊരാളായ ഇറ്റാലിയന്‍ വ്യവസായി ഒട്ടോവിയോ ക്വട്രോച്ചിയെ ഇന്ത്യയിലെത്തിക്കാന്‍ പോലും അവര്‍ക്കായില്ല. ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നുവെങ്കിലും കേസന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം 2009- ല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചു. ഇതേവര്‍ഷം അവസാനം ക്വട്രോച്ചിക്കെതിരേയുള്ള എല്ലാ കേസുകളും പിന്‍വലിക്കാനും അന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു. 1993 ല്‍ ക്വട്രോച്ചി ഇന്ത്യ വിടുകയും 2013 ല്‍ മരണപ്പെടുകയും ചെയ്തു.
ബോഫോഴ്സ് കേസില്‍ അഴിമതി തെളിയിക്കപ്പെട്ടില്ലെന്ന് 2004 ല്‍ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐയും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ക്വട്രോച്ചിക്കെതിരേയുള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അഴിമതിയില്‍ തനിക്ക് പങ്കില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പലവട്ടം പാര്‍ലമെന്റിന് അകത്തും പുറത്തും ആവര്‍ത്തിച്ചിരുന്നുവെങ്കിലും അത് കൂടെയുള്ളവരെ പോലും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. പാര്‍ലമെന്റില്‍ സ്ഥിരം ബഹള വിഷയവും ബോഫോഴ്സായിമാറി. ഇതോടെയാണ് ആരോപണം അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ രാജീവ് ഗാന്ധി തീരുമാനിച്ചത്. 1987 ഓഗസ്റ്റ് ആറിന് രാംവിലാസ് മിര്‍ധ ചെയര്‍മാനായി ജെ.പി.സി രൂപവത്കരിക്കുകയും ചെയ്തു. ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് വ്യക്തമാക്കി രാജീവിന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് 1988 ഏപ്രില്‍ മാസം പാര്‍ലമെന്റില്‍ സമര്‍പ്പിക്കുകയും ചെയ്തു.
ഇതിനിടെ കോണ്‍ഗ്രസില്‍ രാജീവിനെതിരേ നീക്കം തുടങ്ങിയിരുന്നു. അതിന് വി.പി സിങ് തന്നെ നേതൃത്വം കൊടുത്തു. വി.പി സിങ്, അരുണ്‍ നെഹ്റു, ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളായിരുന്നു ആദ്യം കലാപക്കൊടി ഉയര്‍ത്തിയത്. ധനകാര്യ മന്ത്രിസ്ഥാനം രാജിവെച്ച് വി.പി സിങ് ജനമോര്‍ച്ച രൂപവത്കരിച്ച് രാജീവിനെതിരേ രാജ്യത്താകമാനം പ്രചാരണം നടത്തി. ഒടുവില്‍ 1989 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയെ പ്രതിപക്ഷത്തിരിക്കുന്നതിലേക്ക് ബോഫോഴ്സ് ചെന്നെത്തിച്ചു.
അധികാരത്തിലേറിയാല്‍ 24 മണിക്കറിനകം ബോഫോഴ്സ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നായിരുന്നു വി.പി സിങ് പ്രചാരണ വേദികളില്‍ പറഞ്ഞിരുന്നത്. അധികാരത്തിലേറിയ ഉടന്‍ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചു. 1990 ല്‍ ആണ് സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് കൈമാറിയത്. പക്ഷേ, കാര്യമായൊന്നും സംഭവിച്ചില്ല. വി.പി സിങ്ങിനുശേഷം വിവിധ സര്‍ക്കാരുകള്‍ അധികാരത്തിലേറിയിട്ട് പോലും പ്രതികളെയെല്ലാം വെറുതെവിടുന്ന നിലപാടെടുക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബോഫോഴ്സ് കേസ് 2018 ല്‍ വീണ്ടും കുത്തിപ്പൊക്കാന്‍ ശ്രമം നടന്നെങ്കിലും ഇത് സുപ്രീംകോടതി തടഞ്ഞു. പ്രതികളെ വെറുതെവിട്ട നടപടി ചോദ്യം ചെയ്ത് കൊണ്ട് സി.ബി.ഐ ഫയര്‍ ചെയത് അപ്പീലായിരുന്നു അന്ന് സുപ്രീംകോടതി തടഞ്ഞത്. അപ്പീല്‍ നല്‍കാന്‍ 4500 ദിവസത്തോളമെടുത്തത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. തുടര്‍ന്ന് 2019 ല്‍ സി.ബി.ഐ തന്നെ അപ്പീല്‍ പിന്‍വലിക്കുകയും ചെയ്തു.

155 എംഎം ഹോവിറ്റ്സര്‍ ഫീല്‍ഡ് ഗണ്‍
ദീര്‍ഘദൂരത്തേക്ക് ഉയര്‍ന്ന സ്ഫോടകശേഷിയുള്ള ഷെല്ലുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു തരം പീരങ്കിയാണ് 155 എംഎം ഹോവിറ്റ്സര്‍ ഫീല്‍ഡ് ഗണ്ണുകള്‍. സ്വീഡിഷ് കമ്പനിയായ ബോഫോഴ്‌സ് വികസിപ്പിച്ചെടുത്ത ഈ പീരങ്കികള്‍ ഇന്ത്യ, സ്വീഡന്‍, നോര്‍വേ എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. 155 എംഎം കാലിബറും 39 കാലിബര്‍ ബാരല്‍ നീളവുമുള്ള ഈ പീരങ്കികള്‍ക്ക് 30 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ വെടിയുതിര്‍ക്കാന്‍ കഴിയും.
155 എംഎം ഹോവിറ്റ്സര്‍ ഫീല്‍ഡ് ഗണ്ണുകളുടെ പ്രധാന സവിശേഷതകളിലൊന്ന് അവയുടെ ഉയര്‍ന്ന സഞ്ചാരശേഷിയാണ്. ട്രക്കോ ട്രാക്ടര്‍ പോലുള്ള ഒരു വാഹനം ഉപയോഗിച്ചോ ഈ പീരങ്കികള്‍ വലിച്ചുകൊണ്ടുപോകാന്‍ കഴിയും. വേഗത്തില്‍ യുദ്ധക്കളത്തില്‍ വിന്യസിക്കാനും സാധിക്കും.
155 എംഎം ഹോവിറ്റ്സര്‍ ഫീല്‍ഡ് ഗണ്ണുകള്‍ അവയുടെ വിശ്വാസ്യതയ്ക്കും കൃത്യതയ്ക്കും പേരുകേട്ടതാണ്. മിനിറ്റില്‍ നാല് റൗണ്ട് വരെ വെടിയുതിര്‍ക്കാന്‍ സാധിക്കും. കാലാള്‍പ്പടയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ദീര്‍ഘദൂര വെടിവെപ്പ് ശേഷി നല്‍കുന്നതിനും ഉള്‍പ്പെടെ വിവിധ ദൗത്യങ്ങള്‍ക്കായി ഈ പീരങ്കികള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവയുടെ വൈവിധ്യമാര്‍ന്ന ഉപയോഗവും ഫലപ്രാപ്തിയും ലോകമെമ്പാടുമുള്ള പീരങ്കി യൂണിറ്റുകള്‍ക്കിടയില്‍ ജനപ്രിയമാക്കുകയും ചെയ്തു.
Content Highlights: The Bofors scandal, involving Rajiv Gandhi`s government and a controversial arms deal
Published: 21 Apr 2025, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented