ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ ഡോ.മുഹമ്മദ് യൂനുസ് രാജിയുടെ വക്കിലെന്ന് വാര്‍ത്തകള്‍. പട്ടാളമേധാവിയായ ജനറല്‍ വക്കാര്‍ ഉസ് സമാനുമായുള്ള അഭിപ്രായ ഭിന്നതകള്‍ വഷളായതും വിവിധ രാഷ്ട്രീയകക്ഷികളുടെ നിസഹകരണവും കാരണം ഭരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് യൂനുസ്. തെരുവുകള്‍ നിറയെ പ്രതിഷേധക്കാരാണ്. മെയ് 22-ന് രാത്രി അദ്ദേഹം നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് നാഹീദ് ഇസ്ലാമിനെ സന്ദര്‍ശിക്കുകയും പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്ന് ധരിപ്പിക്കുകയും ചെയ്തിരുന്നു.
പട്ടാളമേധാവി വഖാര്‍ ഉസ് സമാനും യൂനുസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചുനാളായി. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് രാഖൈന്‍ മാനുഷികസഹായ ഇടനാഴിയെ കുറിച്ചുള്ള തര്‍ക്കം. മ്യാന്‍മാറിലെ രാഖൈന്‍ സംസ്ഥാനത്ത് മാനുഷികസഹായങ്ങള്‍ എത്തിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ള ഇടനാഴി ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് സൈന്യവും രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷികളും കണക്കാക്കുന്നു. ബുധനാഴ്ച ധാക്കയില്‍ നടന്ന സൈനിക ഓഫീസര്‍മാരുടെ യോഗത്തില്‍ അദ്ദേഹം യൂനുസിന് മുന്നറിയിപ്പ് നല്‍കി- നോ ബ്ലഡി കോറിഡോര്‍!, രാജ്യത്തിന്റെ പരമാധികാരത്തിന് ദോഷം ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തിലും ബംഗ്ലാദേശ് ഇടപെടുകയില്ല, മറ്റാരെയും ഇടപെടാന്‍ അനുവദിക്കുകയുമില്ല.
ഡിസംബറിനകം രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും സൈനിക കാര്യങ്ങളില്‍ ഇടപെടരുതെന്നും സൈന്യത്തെ അറിയിച്ചുവേണം സുപ്രധാന തീരുമാനങ്ങളെടുക്കാനെന്നും വഖാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'ബംഗ്ലാദേശിനു വേണ്ടത് രാഷ്ട്രീയ സ്ഥിരതയാണ്. അത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിലൂടെ മാത്രമേ സാധ്യമാവൂ. തെരഞ്ഞെടുക്കപ്പെടാത്ത ആള്‍ക്കാരിലൂടെയല്ല' എന്ന് അദ്ദേഹം പറഞ്ഞതായി ബംഗ്ലാദേശ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടനാഴിയെ എതിര്‍ത്തിരുന്ന വിദേശ സെക്രട്ടറി മുഹമ്മദ് ജഷീമുദ്ദീനെ പുറത്താക്കിയതായും വാര്‍ത്തയുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തെ അപകടപ്പെടുത്തുന്നതാണ് ഇടനാഴിയെന്നും അതുകാരണം രാജ്യത്തിന് തന്ത്രപരമായ മെച്ചങ്ങളൊന്നുമില്ലെന്നും അദ്ദേഹം കരുതുന്നു. 1971-ലെ വിമോചന യുദ്ധകാലത്തെ ക്രൂരതകള്‍ക്ക് പാകിസ്താനില്‍ നിന്നും ഔപചാരികമായ ക്ഷമാപണവും ബംഗ്ലാദേശിന്റെ കിട്ടേണ്ട പങ്കായ 4.52 ബില്യണ്‍ ഡോളറും ജഷീമുദ്ദീന്‍ ആവശ്യപ്പെട്ടിരുന്നു. അതും യൂനുസ് സര്‍ക്കാരിന് ഇഷ്ടമായില്ല.
യൂനുസ് രാജിവെക്കുകയും വൈകാതെ പുതിയ ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യുന്നതാണ് ഇന്ത്യയ്ക്കും അയല്‍പക്കത്തിനും നല്ലത്. മ്യാന്‍മാറിലെ ചൈനീസ് സ്വാധീനത്തെ ചെറുക്കാന്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി പ്രശ്നത്തെയും രാഖൈന്‍ പ്രവിശ്യയിലെ ആഭ്യന്തരയുദ്ധത്തെയും കരുവാക്കാനുള്ള പാശ്ചാത്യ നീക്കമാണ് ഈ മാനുഷിക ഇടനാഴി എന്നാണ് പൊതുവിലയിരുത്തല്‍. ഈ മേഖല കൂടുതല്‍ അസ്ഥിരമാവുന്നത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വീണ്ടും പ്രശ്നങ്ങളിലേക്ക് വലിച്ചിടാനും അതിര്‍ത്തി പ്രദേശങ്ങളില്‍ മതഭീകരത വളരാനുമുള്ള സാഹചര്യം ഉണ്ടാക്കിയേക്കാം.
രാഖൈന്‍ മാനുഷിക ഇടനാഴി
ബംഗ്ലാദേശിലെ ചത്തോഗ്രാം ഡിവിഷനില്‍ നിന്നും ആരംഭിക്കുന്ന ഇടനാഴി രാഖൈന്‍ മേഖലയിലെ യുദ്ധ, പ്രകൃതിദുരന്തക്കെടുതികള്‍ അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള മാര്‍ഗമായാണ് ഉദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭയുടെ അധ്യക്ഷന്‍ അന്തോണിയോ ഗുട്ടറസ് ധാക്ക സന്ദര്‍ശിച്ച വേളയിലാണ് രോഹിംഗ്യകളെ പുനരധിവസിപ്പിക്കാന്‍ മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്. അത് യൂനുസ് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. രോഹിംഗ്യ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉന്നത പ്രതിനിധിയായ ഖലീലൂര്‍ റഹ്‌മാനെ ദേശീയസുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചതും സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള ദൃഢനിശ്ചയത്തിന്റെ തെളിവായിരുന്നു. (റഹ്‌മാന്റെ നിയമനത്തില്‍ പട്ടാളമേധാവി വഖാറിനെ ഒതുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.)
ബംഗ്ലാദേശിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈന്‍, മ്യാന്‍മാറിലേക്ക് മാനുഷിക സഹായം എത്തിക്കാനും രോഹിംഗ്യ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനും വേണ്ടി ഇടനാഴി ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, തിരിച്ചുപോകാന്‍ താല്‍പര്യമില്ലെന്നാണ് 2017 മുതല്‍ രോഹിംഗ്യകള്‍ പറയുന്നത്. ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുമായി ഇടക്കാല സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഹസീനയുടെ അവാമി ലീഗും ബീഗം ഖാലിദ സിയയുടെ ബി.എന്‍.പിയും തീരുമാനത്തിനെതിരാണ്. തിരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാരിന് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശമില്ലെന്നും ഇടനാഴിയെ മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തിനെതിരെ പൊരുതാനുള്ള ഉപകരണമായി പാശ്ചാത്യര്‍ ഉപയോഗിച്ചേക്കുമെന്നും ബംഗ്ലാദേശിന്റെ പരമാധികാരത്തിനു കോട്ടം വരുത്തുമെന്നും രാഷ്ട്രീയകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. മ്യാന്‍മാറിലെ രാഖൈന്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായും അരാക്കാന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. അവര്‍ക്ക് ഇപ്പോള്‍ അമേരിക്കന്‍ സഹായവും കിട്ടുന്നുണ്ട്.
മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്തുനിന്നും എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോന്ന 13 ലക്ഷത്തോളം രോഹിംഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ് കഴിയുന്നത്. ഈ അഭയാര്‍ത്ഥികള്‍ക്ക് പാകിസ്താനും ബംഗ്ലാദേശും സൈനിക പരിശീലനം നല്‍കുന്നതായി ആരോപണമുണ്ട്. സി.ഐ.എ ഈ ഗ്രൂപ്പുകളെ മ്യാന്‍മാറില്‍ ചൈനയ്ക്കെതിരെ ഉപയോഗപ്പെടുത്തിയേക്കാം. അത് ഇന്ത്യയ്ക്കും തലവേദന സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യയും കരുതലോടെയാണ് ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്.

കുടിപ്പക; യൂനുസും വഖാറും
ഹസീനയുമായുള്ള കുടുംബബന്ധമുള്ള വഖാര്‍ ഉസ് സമാനെ അട്ടിമറിക്കാന്‍ യൂനുസ് ഭരണകൂടം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. അതിന് കാരണമായത് ഇന്ത്യയുടെ സമയോചിതമായ ഇടപെടലായിരുന്നു. പാകിസ്താനും ഇസ്ലാമിക തീവ്രവാദികള്‍ക്കും അഭിമതനായ ലെഫ്.ജനറല്‍ മുഹമ്മദ് ഫൈസുര്‍ റഹ്‌മാനെയാണ് മതനിരപേക്ഷ കാഴ്ചപ്പാടുള്ള വഖാറിനു പകരമായി യൂനുസ് കണ്ടിരുന്നത്. പക്ഷേ, മികച്ച രഹസ്യവിവര ശേഖരണ സംവിധാനങ്ങളും നയതന്ത്രനീക്കങ്ങളും ആഗോളരംഗത്തെ സ്വാധീനവുമുപയോഗിച്ച് ഇന്ത്യ അട്ടിമറി ചെറുത്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ശേഷവും ഇസ്ലാമിസ്റ്റ്, പാകിസ്താന്‍ അനുകൂല വിഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളെ വഖാര്‍ ധീരമായി ചെറുത്തുനിന്നു. പലപ്പോഴും ദേശീയ ഐക്യത്തെക്കുറിച്ചും സൈന്യമടക്കമുള്ള ദേശീയ സ്ഥാപനങ്ങള്‍ അച്ചടക്കം പാലിക്കേണ്ടതിനെക്കുറിച്ചും സംസാരിച്ചു, ആള്‍ക്കൂട്ട അക്രമത്തിനും ന്യൂനപക്ഷപീഡനത്തിനും എതിരെ നിലപാടെടുത്തു. പട്ടാളത്തിന്റെ ജോലി ക്രമസമാധാന പാലനമല്ലെന്നും ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ പട്ടാളം ബാരക്കുകളിലേക്കു മടങ്ങുമെന്നും പറയുന്ന വഖാര്‍ പട്ടാളഭരണത്തിന്റെ ചരിത്രമുള്ള ബംഗ്ലാദേശില്‍ അത്ഭുതമാണ്. സര്‍വ്വ സൈന്യാധിപനായ പ്രസിഡന്റ് പദവി ഒഴിവാക്കാന്‍ ഭരണഘടനാഭേദഗതി ചെയ്യാന്‍ യൂനുസ് സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തോടും വഖാര്‍ പരസ്യമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്തായാലും അദ്ദേഹത്തിന്റെ മുന്നറിയിപ്പിന് ഗുണമുണ്ടായി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് റഹ്‌മാന്‍, മാനുഷിക ഇടനാഴിയെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അങ്ങനെ ചെയ്യില്ലെന്നും വ്യക്തമാക്കി. നേര്‍ക്കുനേര്‍ നിന്ന് വഖാറിനെ നേരിടാന്‍ അമേരിക്കന്‍ പൗരനായ എന്‍.എസ്.എയ്ക്ക് ചങ്കൂറ്റമില്ലെന്ന് വ്യക്തമാണ്. യൂനുസിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകാനിടയില്ല!
സ്വതന്ത്രവും നീതിയുക്തവും എല്ലാവര്‍ക്കും പങ്കാളിത്തം ഉള്ളതുമായ തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി മാത്രമാണ് ഇടക്കാല സര്‍ക്കാരെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ യൂനുസിന് ഉത്സാഹം ഉള്ളതായി തോന്നുന്നില്ല. മാനുഷിക ഇടനാഴിക്ക് യൂനുസ് പച്ചക്കൊടി കാണിച്ചത് അമേരിക്കന്‍ താല്‍പര്യങ്ങളെ അംഗീകരിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടിയാണെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപിക്കുന്നു. തന്റെ സൈനിക ഉപദേഷ്ടാവ് ലെഫ്റ്റ് ജനറല്‍ കമ്രുള്‍ ഹസനെ പട്ടാളമേധാവിയാക്കാന്‍ യൂനുസ് ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 2009 ഫെബ്രുവരിയില്‍ 57 സൈനിക ഓഫീസര്‍മാരെയും മറ്റ് പതിനാറ് പേരെയും കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട 300 ബംഗ്ലാദേശ് റൈഫിള്‍ ഉദ്യോഗസ്ഥരെ യൂനുസ് മോചിപ്പിച്ചതും പട്ടാളത്തില്‍ വലി തോതിലുള്ള അമര്‍ഷത്തിന് കാരണമായിട്ടുണ്ട്..
ഇന്ത്യാവിരുദ്ധതയും ഉത്കണ്ഠകളും
അധികാരമേറ്റതു മുതല്‍ ഇന്ത്യയോട് ശത്രുതാപരമായ നിലപാടാണ് ഇടക്കാലസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനോട് സമാനരീതിയില്‍ ഇന്ത്യ പ്രതികരിച്ചത് ബംഗ്ലാദേശിലെ സാധാരണക്കാരെയാണ് വിഷമത്തിലാക്കിയത്. നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ചികിത്സയും വിദ്യാഭ്യാസവും വരെ, അസംസ്‌കൃത വസ്തുക്കള്‍ മുതല്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വസ്ത്രവ്യാപാര വിപണി വരെ ഇന്ത്യയായിരുന്നു ആ രാജ്യത്തിന്റെ നെടുംതൂണ്‍. സ്വതന്ത്രരാജ്യം സാധ്യമാക്കിക്കൊടുത്ത ഇന്ത്യയെ വെറുപ്പിച്ച് പാകിസ്താനുമായി ബന്ധം സ്ഥാപിക്കുക മാത്രമല്ല, ബംഗാള്‍ ഉള്‍ക്കടലിന്റെ കാവലാള്‍ തങ്ങളാണെന്നും പറഞ്ഞ് ചൈനയെ ഇന്ത്യയുടെ 'കടല്‍ത്തീരമില്ലാത്ത' വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ സമ്പദ്വ്യവസ്ഥയെ ബംഗ്ലാദേശിലേക്ക് വ്യാപിപ്പിക്കാന്‍ സ്വാഗതം ചെയ്യുന്നതുവരെയെത്തി യൂനുസിന്റെ അഹങ്കാരം.
തീസ്താ നദീജലത്തിന്റെ മാനേജ്മെന്റിനും വീണ്ടെടുപ്പിനുമുള്ള പദ്ധതി നടത്താന്‍ ചൈനീസ് കമ്പനികളെ ക്ഷണിച്ചതും ഇന്ത്യയ്ക്ക് രസിച്ചിട്ടില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട ലാല്‍മൊനീര്‍ഹാട്ട് വിമാനത്താവളം വികസിപ്പിക്കാന്‍ ചൈനയെ ക്ഷണിച്ചതാണ് മറ്റൊരു പ്രകോപനം. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ മാത്രം അകലെ, ചിക്കന്‍നെക്കില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഒരു പാകിസ്ഥാനി കമ്പനിയെ സബ് കോണ്‍ട്രാക്ടറായി വച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയ്ക്ക് യുദ്ധതന്ത്രപരമായ വലിയ ഭീഷണിയും ബാധ്യതയുമാണിത്. ഇപ്പോള്‍ കേള്‍ക്കുന്നത്, അമേരിക്കയ്ക്ക് മാനുഷിക ഇടനാഴി നല്‍കുന്നതിന് പകരമായി ചൈനയ്ക്കു വെച്ചുനീട്ടുന്ന സമ്മാനമാണ് വിമാനത്താവളം എന്നാണ്.
തീസ്ത നദീജലപദ്ധതിയെക്കാള്‍, ലാല്‍മൊനീര്‍ഹാട്ട് വിമാനത്താവളത്തെക്കാള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാകാം. ഈ ഇടനാഴി. സിലിഗുരിക്കടുത്ത് ഈ മാനുഷിക ഇടനാഴി വരുന്നത് മേഖലയില്‍ ആയുധക്കടത്തിനും മതതീവ്രവാദം വളരുന്നതിനും മേഖലയിലെ സായുധ കലാപങ്ങള്‍ ശക്തിപ്പെടുന്നതിനും കാരണമായേക്കാം. അതിനുപുറമേ, ഇന്ത്യയുടെ തന്ത്രപ്രധാന പദ്ധതികളായ കലാദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് (കൊല്‍ക്കത്തയില്‍ നിന്നും മ്യാന്‍മാറിലെ സിത്ത്വെ തുറമുഖം കടന്ന് മിസോറാമിലേക്കെത്തുന്ന ഗതാഗതമാര്‍ഗ്ഗം) പോലുള്ള അടിസ്ഥാനസൗകര്യ പദ്ധതികള്‍ നിലയ്ക്കുന്നതിനും കാരണമായേക്കും.
Content Highlights: No bloody corridor Bangladesh Army chief's warning makes Yunus govt blink
Published: 23 May 2025, 05:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented