ശ്ചിമ ബംഗാളിലെ മീന്‍ പ്രിയരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന തീരുമാനം! പശ്ചിമബംഗാളിലെ വലിയ ആഘോഷങ്ങളിലൊന്നായ ദുര്‍ഗ പൂജയ്ക്ക് മുന്നോടിയായി ഇന്ത്യയിലേക്കുള്ള ഹില്‍സ(hilsa) മത്സ്യത്തിന്റെ കയറ്റുമതി ബംഗ്ലാദേശ് പൂര്‍ണമായും നിരോധിച്ചു. ബംഗ്ലാദേശിലെ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാരിലെ ഫിഷറീസ് ആന്‍ഡ് ലൈവ് സ്റ്റോക്ക് ഉപദേശക ഫരീദ അക്തറാ(Farida Akhter)ണ് നിരോധനം പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദുര്‍ഗ പൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതി നിരോധിച്ചത്. ബംഗാളികള്‍ തങ്ങളുടെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുന്ന വേളയിലെ ഈ നീക്കം ബംഗ്ലാദേശില്‍നിന്നുള്ള ഹില്‍സയുടെ വില കുതിച്ചുയരാന്‍ കാരണമായി. ഇതോടെ ദുര്‍ഗപൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നായ ആവിയില്‍ വേവിച്ച ഹില്‍സ വിളമ്പണമെങ്കില്‍ ബംഗാളികളുടെ കീശ ചോരും. 

To advertise here,

ബംഗ്ലാദേശിലെ പദ്മ നദിയില്‍ നിന്നുള്ള ഹില്‍സ മത്സ്യത്തിന് പശ്ചിമ ബംഗാളില്‍ ദുര്‍ഗ പൂജ സമയത്ത് ഏറെ ആവശ്യക്കാരാണുള്ളത്. ഇന്ത്യയില്‍ ഉത്പാദനം കുറഞ്ഞ പശ്ചാത്തലത്തില്‍ വര്‍ഷങ്ങളായി ഉത്സവ സീസണില്‍ ബംഗ്ലാദേശില്‍നിന്നുള്ള പദ്മ ഹില്‍സയാണ് ബംഗാളില്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യയോട് ഏറെ അടുപ്പം പുലര്‍ത്തിയ ഷൈഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത്, കയറ്റുമതി നിരോധനമുണ്ടായിരുന്നിട്ടും എല്ലാ വര്‍ഷവും ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ഹില്‍സ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഹസീനയെ പുറത്താക്കി സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇതിന് മാറ്റംവന്നു. ഉത്സവവേളകളിലെ കയറ്റുമതി ഇടക്കാല സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഹില്‍സയുടെ ആഭ്യന്തര ഉപയോഗത്തിന് പ്രാധാന്യം നല്‍കിയ സര്‍ക്കാര്‍ കള്ളക്കടത്ത് തടയാന്‍ കര്‍ശന നടപടിയും സ്വീകരിച്ചു. ഇതോടെ ബുദ്ധിമുട്ടിലായത് പശ്ചിമ ബംഗാളിലെ ഹില്‍സ പ്രിയരാണ്. എന്തുകൊണ്ടാണ് ബംഗ്ലാദേശ് ഹില്‍സയുടെ കയറ്റുമതി നിരോധനം ഇന്ത്യയെ ബാധിക്കുന്നത്?

placeholder
വില്പനയ്ക്കായി വെച്ചിരിക്കുന്ന ഹിൽസ മത്സ്യം (ഫയൽ ചിത്രം) | Phoo: UNI PHOTO

ബംഗ്ലാദേശിന്റെ ദേശീയ മത്സ്യം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വളരെ പ്രചാരമുള്ളതും ആവശ്യക്കാരുള്ളതുമായ ഹില്‍സ, ബംഗ്ലാദേശിന്റെ ദേശീയ മത്സ്യവും പശ്ചിമ ബംഗാളിലെ സംസ്ഥാന മത്സ്യവുമാണ്. ഇലിഷ് (Ilish) എന്നാണ് ബംഗാളിയില്‍ ഇത് അറിയപ്പെടുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മാര്‍, പാകിസ്താന്‍, ഇറാന്‍, ഇറാഖ്, ഇന്തോനീഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നിവയുള്‍പ്പെടെ ഏതാണ്ട് 11 രാജ്യങ്ങളില്‍ ഈ മത്സ്യം കാണപ്പെടുന്നുണ്ട്. പ്രധാനമായും ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്താന്‍, പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ തീരത്തും നദികളിലും അഴിമുഖങ്ങളിലുമാണ് ഇത് കാണപ്പെടുന്നത്. ഗംഗ- ബ്രഹ്മപുത്ര നദികളുടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ഡല്‍റ്റ പ്രദേശം ഹില്‍സ മത്സത്തിന്റെ സമ്പന്നമായ ഉറവിടമാണ്. ഇന്ത്യയില്‍ ഹില്‍സ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ബംഗാള്‍ ഉള്‍ക്കടലിലെ ഗംഗ ഡല്‍റ്റ മേഖല തന്നെയാണ്. ഹൂഗ്ലി, മഹാനദി, നര്‍മ്മദ, ഗോദാവരി നദികളിലും ചിലിക്ക തടാകത്തിലും ഈ മത്സ്യത്തെ കാണാറുണ്ട്. ബംഗ്ലാദേശില്‍, ബംഗാള്‍ ഉള്‍ക്കടലിലും മേഘ്ന, ജമുന, പദ്മ നദികളിലും മത്സ്യം വ്യാപകമായി കാണുന്നു. 2017 ഓഗസ്റ്റ് 6-ന്, ബംഗ്ലാദേശിലെ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പേറ്റന്റ് വകുപ്പ് ഹില്‍സയെ ബംഗ്ലാദേശിന്റെ ഉത്പന്നമായി പ്രഖ്യാപിച്ചു. 

ഭൂമധ്യരേഖാപ്രദേശത്തെ സമുദ്രജലത്തിലും ശുദ്ധജലത്തിലുമായി ജീവിക്കുന്ന ഹില്‍സ മുട്ടയിടാനായി ശുദ്ധജല സ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. മൂന്ന് കിലോ വരെ ഭാരംവെയ്ക്കുന്ന ഇതിന് 60 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. മഴക്കാലമാണ് ഹില്‍സയുടെ പ്രാധാന പ്രജനകാലം. ഈ സമയത്ത് ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഇവ ഗംഗ, ബ്രഹ്‌മപുത്ര നദികളിലേക്കു മുട്ടയിടാനായെത്തുന്നു. മുട്ടയിടുന്നതിനായി തീരദേശ ജലാശയങ്ങളില്‍ മത്സ്യം 50 മുതല്‍ 100 കിലോമീറ്റര്‍ വരെ മുകളിലേക്ക് കയറുന്നത് പതിവാണ്. കാലവര്‍ഷം ശക്തി പ്രാപിക്കുന്ന ജൂലായ് മാസത്തോടെ ഹില്‍സ മുട്ടയിടാനായി നദികളിലേക്ക് യാത്ര തുടങ്ങും. ഒക്ടോബര്‍-നവംബര്‍ വരെ ഇത് തുടരും. പ്രജനനത്തിന് ശേഷം ഇത് കടലിലേക്ക് മടങ്ങുന്നു. ഇക്കാലയളവിലെ വ്യാപകമായ മീന്‍ പിടുത്തം മത്സ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. നദികളിലെ ഉയര്‍ന്ന മലിനീകരണം കൂടിയായതോടെ ഹില്‍സ വലിയ വെല്ലുവിളി നേരിട്ടു. ഹില്‍സ ഉത്പാദിപ്പിക്കുന്ന പത്ത് പ്രധാന രാജ്യങ്ങളിലും ഉത്പാദനം കുറഞ്ഞു. പക്ഷേ, ബംഗ്ലാദേശ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഫലമായാണ് അവിടെ ഇവയുടെ ഉത്പാദനം വര്‍ധിച്ചത്. 2006-07 ലെ 2.7 ലക്ഷം ടണ്ണില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉല്‍പ്പാദനം 5.1 ലക്ഷം ടണ്ണിലെത്തി. 

ദക്ഷിണേഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും ആളുകള്‍ക്കിടയില്‍ ഈ മത്സ്യത്തിന് വലിയ പ്രീതിയാണുള്ളത്. ഇന്ത്യയുടെ കിഴക്കന്‍-വടക്കുകിഴക്കന്‍ മേഖലകളില്‍, പ്രത്യേകിച്ച് ബംഗാളി സമൂഹത്തിനിടയില്‍ വലിയ പ്രാധാന്യമുള്ള മത്സ്യമാണ് ഹില്‍സ. ഇന്ത്യയിലെ വിലകൂടിയ മത്സ്യങ്ങളിലൊന്നായ ഇതിന് പശ്ചിമ ബംഗാളിലും അസമിലും ത്രിപുരയിലും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ പ്രാധാന്യംകൂടിയുണ്ട്. ആഘോഷവേളകളില്‍ പശ്ചിമ ബംഗാള്‍, അസം, ത്രിപുര,  ഒഡീഷ സംസ്ഥാനങ്ങളിലെ തീന്‍മേശകളില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവിഭവമാണ് ഹില്‍സ മത്സ്യം. കടുക് അരച്ച മീന്‍ കറി ബംഗാളിലെ പ്രധാന വിഭവങ്ങളിലൊന്നാണ്. ഹില്‍സകൊണ്ടുള്ള ഒരു ജനപ്രിയ വിഭവമാണ് ഈ ബംഗാളി മീന്‍ കറി. ബംഗാളികള്‍ ഈ വിഭവത്തെ ഷോര്‍ഷെ ഇലിഷ് എന്ന് വിളിക്കുന്നു. പാചകം ചെയ്താല്‍ അതീവ രുചികരമായ ഈ മത്സ്യത്തിന് കിലോയ്ക്ക് 3000 രൂപയ്ക്കടുത്താണ് പലപ്പോഴും വില. പ്രാദേശികമായി ലോനൈലിഷ് എന്നറിയപ്പെടുന്ന ഇത് വടക്കുകിഴക്കന്‍ മേഖലയിലെയും ഒരു രുചികരമായ വിഭവമാണ്. ഇന്ത്യയെക്കൂടാതെ, ബംഗ്ലദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലും സാമ്പത്തികമായും സാമൂഹികമായും സാംസ്‌കാരികമായ പ്രാധാനം ഹില്‍സ മത്സ്യത്തിനുണ്ട്.

placeholder
അർജൻ്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ മാർട്ടിനെസിന് കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ ഹിൽസ മത്സ്യം സമ്മാനിച്ചപ്പോൾ (ഫയൽ ചിത്രം) | Photo: Swapan Mahapatra/ PTI

ഉത്പാദനത്തിന്റെ സിംഹഭാഗവും ബംഗ്ലാദേശില്‍

ലോകത്തിലെ ശുദ്ധജല മത്സ്യങ്ങളുടെ വലിയ ഉത്പാദകരിലൊരാളാണ് ബംഗ്ലാദേശ്. യുണൈറ്റഡ് നേഷന്‍സിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ശുദ്ധജലമത്സ്യ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനമാണവര്‍ക്ക്. ബംഗ്ലദേശ് ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2023-ല്‍ മൊത്തം 48 ലക്ഷം ടണ്‍ മത്സ്യമാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. അതില്‍ 32 ലക്ഷം ടണ്‍ ഫാമുകളിലാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 13 ലക്ഷം ടണ്‍ ശുദ്ധജലത്തില്‍ നിന്നും ബാക്കി ഭാഗം കടലില്‍ നിന്നും ശേഖരിച്ചു. ശുദ്ധജലത്തില്‍നിന്ന് പിടിച്ച മത്സ്യത്തിന്റെ പകുതിയും ഹില്‍സ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.

2023-ല്‍ ബംഗ്ലാദേശ് ആകെ 6.5 ലക്ഷം ടണ്‍ ഹില്‍സയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹില്‍സ ഉത്പാദനത്തില്‍ വലിയ വളര്‍ച്ചയാണ് ബംഗ്ലാദേശ് കൈവരിച്ചത്. ഫിഷറീസ് മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2008-09 സാമ്പത്തിക വര്‍ഷത്തിലെ 2.99 ലക്ഷം ടണ്ണില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ബംഗ്ലാദേശിലെ ഹില്‍സ ഉല്‍പ്പാദനം 5.71 ലക്ഷം ടണ്ണായാണ് ഉയര്‍ന്നത്. എല്ലാ വര്‍ഷവും പ്രജനന കാലയളവില്‍ ഹില്‍സ പിടിക്കുന്നതിനും വിപണനം ചെയ്യുന്നതിനും രാജ്യത്തുടനീളം സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ കാലയളവില്‍ ഹില്‍സ മത്സ്യബന്ധനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് സഹായം ഉള്‍പ്പെടെ നല്‍കിയാണ് സര്‍ക്കാര്‍ പിന്തുണച്ചത്. ഇതോടെ ഉത്പാദനം 90 ശതമാനമാണ് വര്‍ധിച്ചത്. 

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഹില്‍സ ഉത്പാദിപ്പിക്കുന്ന രാജ്യം ബംഗ്ലാദേശാണ്. ഇന്ത്യയും മ്യാന്‍മറുമാണ് അടുത്ത സ്ഥാനങ്ങളില്‍. ലോകത്തിലെ ഹില്‍സയുടെ ആകെ ഉത്പാദനത്തിന്റെ 95 ശതമാനവും ഈ മൂന്ന് രാജ്യങ്ങളുടെ സംഭാവനയാണ്. ശേഷിക്കുന്ന ചെറിയ ശേതമാനം മാത്രമാണ് ഇറാഖ്, ഇറാന്‍, കുവൈറ്റ്, തായ്ലന്‍ഡ്, മ്യാന്‍മര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്നത്. 2021-ലെ കണക്കനുസരിച്ച്, ലോകത്തിലെ മൊത്തം ഹില്‍സ ഉത്പാദനത്തിന്റെ 86% ബംഗ്ലാദേശിന്റെ സംഭാവനയണ്. ബംഗ്ലാദേശിലെ മൊത്തം മത്സ്യഉല്‍പ്പാദനത്തിന്റെ 12 ശതമാനവും ഹില്‍സയാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 1.15 ശതമാനവും ഈ മത്സ്യം സംഭാവന ചെയ്യുന്നു. മത്സ്യത്തൊഴിലാളികള്‍ പ്രതിവര്‍ഷം ശരാശരി ആറ് ലക്ഷം ടണ്‍ ഹില്‍സയാണ് പിടിക്കുന്നത്. ഏകദേശം നാലരലക്ഷത്തോളം ആളുകള്‍ അവരുടെ ഉപജീവനത്തിനായി ഹില്‍സ മത്സ്യം പിടിക്കുന്നതില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണാ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു വലിയ വിഭാഗം പരോക്ഷമായും ഇതിനെ ആശ്രയിക്കുന്നു. 

placeholder
ഷെയ്ഖ് ഹസീന | Photo:KIMIMASA MAYAMA / POOL / AFP

ഇന്ത്യയ്ക്ക് ഹില്‍സ നല്‍കാതെ ബംഗ്ലാദേശ് 

ബംഗ്ലാദേശി ഹില്‍സയുടെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമല്ല. 2012 ജൂലായില്‍ ഹില്‍സ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഉയര്‍ന്ന ആഭ്യന്തര ഡിമാന്റും ചെറിയ മത്സ്യങ്ങള്‍ പിടിക്കുന്നതിലെ ആശങ്കയും ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു നിരോധനം. എന്നാല്‍ ടീസ്റ്റ നദീജലം പങ്കിടല്‍ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് മറുപടിയായാണ് ഹില്‍സ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. നിരോധനം വന്നതോടെ ഇന്ത്യന്‍ വിപണികളില്‍ ഹില്‍സ മത്സ്യത്തിന്റെ വില ഉയര്‍ന്നു. പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കള്ളക്കടത്ത് വര്‍ധിപ്പിക്കുന്നതിനും ഇത് ഇടയാക്കി. ഇതോടെ കള്ളക്കടത്ത് വഴി ഇന്ത്യയിലേക്ക് മീന്‍ ധാരാളമായി എത്തി. പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിതരണം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2015 ഫെബ്രുവരിയില്‍ നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീനയോട് മമത നേരിട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇതോടെ ഷെയ്ഖ് ഹസീന ഇടപെട്ട് പ്രധാന ഉത്സവങ്ങളുടെ സമയത്ത് ഇന്ത്യയിലേക്കുള്ള മത്സ്യക്കയറ്റുമതി അനുവദിച്ചിരുന്നു. പ്രത്യേകിച്ച് ദുര്‍ഗ പൂജ പോലുള്ള ഉത്സവകാലങ്ങളില്‍. ദുര്‍ഗ പൂജക്കുള്ള ബംഗ്ലാദേശിന്റെ സമ്മാനമായാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാലിപ്പോള്‍ ഉത്സവസീസണില്‍ ഇന്ത്യയിലേക്ക് വലിയ തോതില്‍ ഹില്‍സ കയറ്റുമതി ചെയ്തിരുന്ന പതിവാണ് ബംഗ്ലാദേശ് തെറ്റിച്ചത്. ബംഗ്ലാദേശിലെ മത്സ്യത്തിന്റെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ഹില്‍സ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട വിവരം. രാജ്യത്തെ സാധാരണക്കാര്‍ക്ക് മത്സ്യലഭ്യത ഉറപ്പുവരുത്താനെന്ന പേരിലാണ് ഇടക്കാല സര്‍ക്കാരിലെ വാണിജ്യ മന്ത്രാലയ ഉപദേഷ്ടാവ് ഫരീദ അക്തര്‍ മത്സ്യക്കയറ്റുമതി നിരോധിച്ചത്.  ''നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കാത്ത തരത്തില്‍ ഇലിഷ് മത്സ്യക്കയറ്റുമതി അനുവദിക്കാനാവില്ല. അതുകൊണ്ട് ഈ വര്‍ഷം ദുര്‍ഗ പൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഇലിഷ് കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ വാണിജ് മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.''-ഫരീദയെ ഉദ്ധരിച്ച് ബംഗ്ലദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കയറ്റുമതി നിരോധനം നിലവില്‍വന്നിട്ടും പ്രാദേശിക വിപണിയില്‍ ഹില്‍സ വില കുതിച്ചുയര്‍ന്നതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കിലോഗ്രാം ഹില്‍സ ഏകദേശം 1500 ടാക്കയ്ക്കാണ് വിറ്റുപോയത്. ഈ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 150-200 ടാക്ക കൂടുതലാണെന്ന് വ്യാപാരികള്‍ പറയുന്നത്. ബംഗ്ലദേശില്‍നിന്നുള്ള ഇറക്കുമതി നിലച്ചതോടെ പശ്ചിമബംഗാളില്‍ ഹില്‍സയുടെ വില കുതിച്ചുയര്‍ന്നു. ബംഗ്ലദേശില്‍നിന്നു ഇറക്കുമതി ഇല്ലാതായതോടെ മ്യാന്‍മര്‍, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളില്‍നിന്നുള്ള ഹില്‍സയ്ക്ക് ബംഗാളില്‍ ആവശ്യക്കാര്‍ വര്‍ധിച്ചു. പക്ഷ, ഈ ബദലുകള്‍ക്കും പദ്മ ഹില്‍സയുടെ വിലപിടിച്ചുനിര്‍ത്താനായില്ല. നിരോധനത്തിന് പിന്നാലെ ഇന്ത്യയിലേക്കുള്ള ഹില്‍സ കള്ളക്കടത്തും വര്‍ധിച്ചു. പക്ഷേ, ഇതിനും വിപണിയില്‍ ഉയര്‍ന്ന വിലയാണ്. ബംഗ്ലാദേശ് കാരണങ്ങള്‍ പലത് നിരത്തുമ്പോഴും ഇത്തവണ മീന്‍ കയറ്റുമതി നിരോധിക്കാനുള്ള പ്രധാനകാരണം അവിടെ ഉയര്‍ന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബംഗ്ലാദേശ് വിവിധ കുറ്റങ്ങള്‍ ചുമത്തിയ ഷെയ്ഖ് ഹസീനയെ ഇന്ത്യ സംരക്ഷിക്കുന്നതിലും ബംഗ്ലാദേശിന് എതിര്‍പ്പുണ്ട്. ഇതെല്ലാം ഹില്‍സ നിരോധനത്തില്‍ പ്രതിഫലിച്ചതാകാം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ബംഗ്ലാദേശിന്റെ ഇന്ത്യാ വിരോധംമൂലം പണികിട്ടിയത് ബംഗാളിലെ മത്സ്യപ്രിയര്‍ക്കാണ്. ഹിൽസ നിരോധനം ഇന്ത്യ-ബം​​ഗ്ലാദേശ് ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയേണ്ടത്.