റാനെ ലക്ഷ്യമിട്ട് അമേരിക്കയുടെ രാക്ഷസപക്ഷികള്‍. ഇറാന്റെ പ്രധാനപ്പെട്ട ആണവകേന്ദ്രങ്ങളായ നതാന്‍സ്, ഫൊര്‍ദോ, ഇസ്ഫഹാന്‍ എന്നിവയെ തകര്‍ക്കാന്‍ അമേരിക്ക കൂട്ടുപിടിച്ചത് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെയാണ്. ഭൂഗര്‍ഭകേന്ദ്രങ്ങളെ പോലും പിടിച്ചുലച്ച അപ്രതീക്ഷിത ആക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഇറാനും സമ്മതിച്ചിട്ടുണ്ട്. ലോകത്ത് അമേരിക്കയുടെ കൈവശം മാത്രമുള്ളവയാണ് ബി-2 വിമാനം. 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയുന്ന ഇവ ഇറാന്റെ പുതിയ പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. അത്യാധുനിക സംവിധാനമായ ബി-2 യുദ്ധത്തിന്റെ ഗതി തന്നെ മാറ്റുകയാണ്. 

To advertise here,

എന്താണ് ബി-2 സ്പിരിറ്റ്? 

അമേരിക്ക ഏറ്റവും പുതിയതായി ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ച ദീര്‍ഘദൂര ഭൂഖണ്ഡാന്തര ബോംബര്‍ വിമാനമാണ് ബി-2 സ്പിരിറ്റ്. നാല് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന, ഇരട്ടശേഷിയുള്ള ഈ ബഹുമുഖ ഹെവി ബോംബര്‍ വിമാനം, അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ബോംബുകളും ആണവായുധങ്ങളും വഹിക്കാന്‍ ശേഷിയുള്ള ഏക ബോംബര്‍ കൂടിയാണ്. നിര്‍മാണത്തിലെ പ്രത്യേകതകള്‍ കാരണം റഡാറുകളില്‍ കണ്ണില്‍പ്പെടാതെ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് സാധിക്കും. ചിറകുകളുടെ ഡിസൈന്‍, ഉപയോഗിച്ച മെറ്റീരിയലുകള്‍ എന്നിവയുടെ സവിശേഷതകള്‍ കൊണ്ടാണ് ഇവ റഡാറില്‍ നിന്ന് രക്ഷപ്പെടുന്നത്. എല്ലാ ബി-2 ബോംബറുകള്‍ക്കും ആണവായുധങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ ക്രൂസ് മിസൈലുകളെ വഹിക്കാനാവില്ല. ബങ്കര്‍ ബസ്റ്റര്‍ എന്നറിയപ്പെടുന്ന മാസ്സീവ് ഓര്‍ഡനന്‍സ് പെനിട്രേറ്റര്‍ അഥവാ ജിബിയു-57 ബോംബുകളെ വഹിക്കാന്‍ ശേഷിയുള്ള ഏക ബോംബറാണ് ബി-2. 

52.5 മീറ്റാണ് ബി-2ന്റെ വിങ് സ്പാന്‍, ആകെ നീളം 21 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവും 5.1 മീറ്റര്‍ ഉയരവുമുണ്ട്.  ഓരോ ബോംബറിലും രണ്ട് വീതം ജിബിയു-57നെ വഹിക്കാന്‍ സാധിക്കും. നിര്‍മാണത്തിലെ പ്രത്യേകതയും സവിശേഷമായ കഴിവുകളുമാണ് ബി-2വിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. രണ്ട് പൈലറ്റുകളുള്ള ക്രൂ അംഗങ്ങളാണ് ബി-2 വില്‍ ഉണ്ടാവുക. നിറയെ ഇന്ധനവുമായി പരമാവധി ഒറ്റപ്പറക്കലിന് 11,000 കിലോമീറ്റര്‍ ദൂരമാണ് യു.എസിന്റെ ബി2 ബോംബറുകള്‍ക്ക് സഞ്ചരിക്കാനാകുക. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന കെ.സി-46 പെഗാസസ് എന്ന ടാങ്കര്‍ വിമാനത്തിന്റെ സഹായത്തോടെ അതിലും കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും. ഇത്തരം വിമാനങ്ങളുടെ സഹായത്തോടെ നിലത്തിറങ്ങാതെ ലോകത്തെവിടെ വേണമെങ്കിലും ഈ വിമാനത്തിന് പോകാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. 

placeholder
ബി-2 ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നു | Photo: Getty Images

അമേരിക്കയുടെ അഭിമാനം, ശക്തി

അമേരിക്കയുടെ വ്യോമസേനയുടെ ശക്തി ലോകത്തെ കാണിക്കാന്‍ ഒരൊറ്റ ബി-2 സ്‌റ്റെല്‍ത് വിമാനം മതിയാവും. ലോകത്തിന്റെ ഏത് കോണിലും ആക്രമണം നടത്താന്‍ യു.എസിന് സാധിക്കുന്ന സ്ട്രാറ്റജിക് ബോംബര്‍ വിമാനമാണ് ബി2. നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന യു.എസ് ആയുധ നിര്‍മാതാക്കളാണ് ഈ യുദ്ധവിമാനം വികസിപ്പിച്ചത്. ഒരൊറ്റ വിമാനത്തിന് ഏകദേശം രണ്ട് ബില്ല്യണ്‍ ഡോളര്‍ ആണ് വില, അതായത് ഏകദേശം 18182 കോടി ഇന്ത്യന്‍ രൂപ. ലോകത്ത് ഇതുവരെ നിര്‍മിച്ചതില്‍വെച്ച് ഏറ്റവും വിലകൂടിയ സൈനിക വിമാനമാണ് ബി-2 ബോംബര്‍ വിമാനം. 

1988-ല്‍ ആണ് ബി-2 വിമാനങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ നിര്‍മാണം നിയന്ത്രിക്കേണ്ടി വന്നു. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയില്‍ നിന്ന് അമേരിക്കന്‍ വ്യോമസേന പിന്നാക്കം പോയതോടെ 21 എണ്ണം മാത്രമാണ് പിന്നീട് നിര്‍മിക്കപ്പെട്ടത്. 19 ബി-2 വിമാനങ്ങളാണ് അമേരിക്കന്‍ വ്യോമസേനയുടെ കൈവശമുള്ളത്.  ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ഡിഫന്‍സ് കോണ്‍ട്രാക്ടര്‍ സ്ഥാപനമാണ് ബി-2 വിമാനങ്ങളുടെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി നോര്‍ത്‌റോപ് ഗ്രമ്മന്‍. (ലോക്ക് ഹെഡ് മാര്‍ട്ടിന്‍, ആര്‍ടിഎക്‌സ് കോര്‍പ്പറേഷന്‍ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍. ഇരുകമ്പനികളും അമേരിക്കന്‍ പ്രതിരോധവകുപ്പുമായാണ് പ്രധാനമായും സഹകരിക്കുന്നത്). 

ദീര്‍ഘദൂരം പറക്കാനും ആഴത്തില്‍ കുഴിച്ചിട്ട ബങ്കറുകളും സൗകര്യങ്ങളും തുളച്ചുകയറി ആക്രമിക്കാനും കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെ വഹിക്കാനുമുള്ള ശേഷിയാണ് ഇവയുടെ പ്രത്യേകത. ബി-2 ബോംബര്‍ അതിന്റെ രൂപഘടന കൊണ്ടും സ്റ്റെല്‍ത്ത് സാങ്കേതികവിദ്യകൊണ്ടും ദീര്‍ഘദൂരങ്ങളെ ലക്ഷ്യം വെക്കാനുള്ള കഴിവ് കൊണ്ടുമാണ് മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒരുതവണ ഇന്ധനം നിറച്ചാല്‍ 11,112 കിലോമീറ്റര്‍ ദൂരം (6000 നോട്ടിക്കല്‍ മൈല്‍) വരെ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. വായുവില്‍വെച്ച് ഇന്ധനം നിറച്ചാല്‍ ലോകത്തിന്റെ ഏത് മൂലയിലുള്ള ലക്ഷ്യത്തേയും ഭേദിക്കാന്‍ ഇവയ്ക്ക് സാധിക്കും. അമേരിക്കന്‍ വ്യോമതാവളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും ലിബിയയിലേക്കും ഇപ്പോള്‍ ഇറാനിലേക്കും നടത്തിയ ആക്രമണങ്ങള്‍ ബി-2 വിമാനങ്ങളുടെ കഴിവ് തെളിയിക്കുന്നവയാണ്. 

മിസോറിയിലെ കാന്‍സാസ് സിറ്റിയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസ് 19 ആണ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകളുടെ മുഴുവന്‍ വ്യൂഹത്തിന്റെയും ആസ്ഥാനം. 

placeholder
Photo: Getty Images

റഡാര്‍ കണ്ണുകളേയും വെട്ടിക്കും ബി-2

റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ശത്രുക്കളുടെ റഡാറുകള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലുള്ള സ്റ്റെല്‍ത്ത് വിമാനമായി (അല്ലെങ്കില്‍ ലോ-ഒബ്‌സര്‍വബിള്‍) ഇത് കണക്കാക്കപ്പെടുന്നു. ഒരു ഭീമന്‍ പക്ഷി പറന്നുപോകുന്നത് പോലെയാണ് ദൂരെനിന്ന് നോക്കിയാല്‍ ഇവയെ കാണാനാവുക. ഇതിനൊപ്പം റഡാര്‍ ക്രോസ് സെക്ഷനില്‍ ഇവയെ ചെറിയൊരു പക്ഷിയുടെ അത്രയുമേ കാണിക്കു. അതിനാല്‍ ഇവ വരുന്നതും പോകുന്നതും തിരിച്ചറിയാനാകില്ല. ഇവയെ കണ്ടെത്തണമെങ്കില്‍ അതിശക്തമായ റഡാര്‍ സംവിധാനങ്ങള്‍ വേണം. നിലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല. ഫ്‌ളൈയിംഗ് വിംഗ് ഡിസൈന്‍ അഥവാ ത്രികോണാകൃതിയിലാണ് ഇവയുടെ രൂപം. നിര്‍മാണത്തിനുപയോഗിച്ച സംയുക്തങ്ങള്‍, കോട്ടിംഗ് എന്നിവയാണ് ഇതിന്റെ റഡാര്‍ ക്രോസ് സെക്ഷന്‍ കുറയ്ക്കുന്നത്. അതിനാല്‍ ഇതിന് വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും.

ബങ്കര്‍ ബസ്റ്റര്‍ ബോംബുകളെ വഹിക്കാനുള്ള ശേഷി

ഇറാനിലെ ഫൊര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവകേന്ദ്രങ്ങളിലാണ് യു.എസ് ബോംബറുകള്‍ ഞായറാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയത്. ഫൊര്‍ദോ ആണവകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഭൂഗര്‍ഭ അറകളിലാണ്. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 

യു.എസിന്റെ പക്കല്‍ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബായ ജിബിയു-57എ/ബി എന്ന ബോംബുള്ളത്. ഈ ബോബിന് എത്രശക്തമായ കോണ്‍ക്രീറ്റ് കവചത്തെയും തുളച്ചിറങ്ങി ഉള്ളില്‍ ചെന്ന് കനത്ത സ്ഫോടനം നടത്താനുള്ള ശേഷിയുണ്ട്. ഈ ബോംബ് പ്രയോഗിക്കാന്‍ യു.എസിന്റെ ബി-2 ബോംബറിന് മാത്രമേ സാധിക്കു. മാസ്സീവ് ഓര്‍ഡിനന്‍സ് പെനട്രേറ്റര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. 13.6 ടണ്‍ ഭാരമുള്ള മാസ്സീവ് ഓര്‍ഡിനന്‍സ് പെനട്രേറ്റര്‍ അഥവാ MOP ആണ് യു.എസ്. ആയുധശേഖരത്തിലെ ഏറ്റവും വലിയ പരമ്പരാഗത ബോംബ്. എത്ര കഠിനമായ ഭൂഗര്‍ഭ ബങ്കറുകളേയും തകര്‍ക്കാനായി പ്രത്യേകം രൂപകല്‍പന ചെയ്തവയാണ് ഇവ. മറ്റൊരു ബോംബിനും ഈ ശേഷിയില്ല. കൂടിയ വലിപ്പം കാരണം ഒരു ദൗത്യത്തില്‍ ഒന്നോ രണ്ടോ MOPകള്‍ മാത്രമേ B-2 വിമാനത്തിന് വഹിക്കാന്‍ കഴിയുകയുള്ളൂ. ആറ് ജിബിയു-57എ/ബി ബോംബുകളാണ് ഇറാനില്‍ പ്രയോഗിച്ചത്. മൂന്ന് ആണവ കേന്ദ്രങ്ങളിലും കുറഞ്ഞത് രണ്ട് ബോംബുകള്‍ എങ്കിലും യു.എസ് പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

20.5 അടി(6.25 മീറ്റര്‍) നീളമുള്ള ഇത് ജിപിഎസ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യമായി ലക്ഷ്യം നിര്‍ണയിക്കാനുള്ള സംവിധാനം ബോംബിനുണ്ട്. എത്ര കഠിനമായ കോണ്‍ക്രീറ്റിലൂടേയും 200 അടിയിലേറെ താഴ്ചയിലേക്ക് തുളച്ചുകയറാനുള്ള സംവിധാനം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഭൂഗര്‍ഭ കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കുന്നവയ്ക്ക് പോലും ഭീഷണിയാണ്. 

placeholder

ബി-2വും അമേരിക്കയും

1988 നവംബറിലാണ് കാലിഫോര്‍ണിയ പാല്‍മേഡിലെ എയര്‍ഫോഴ്‌സ് പ്ലാന്റില്‍ ബി-2 വിമാനം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 1989 ജൂലായിലായിരുന്നു ആദ്യ പറക്കല്‍. മിസൂറിയിലെ വൈറ്റ്മാന്‍ എഫ്ബിയാണ് ബി-2 വിമാനങ്ങളുടെ ഏക ഓപ്പറേഷണല്‍ ബേസ്. സ്പിരിറ്റ് ഓഫ് മിസൂറി എന്ന പേരിലുള്ള ആദ്യത്തെ വിമാനം സേനയ്ക്ക് കൈമാറിയത് 1993ലാണ്.  ബി-2 വിമാനങ്ങളുടെ ഡിപ്പോ അറ്റകുറ്റപ്പണികളുടെ ചുമതല എയര്‍ഫോഴ്‌സ് കോണ്‍ട്രാക്ടര്‍ സപ്പോര്‍ട്ട് വഴിയാണ് നിര്‍വഹിക്കുന്നത്. 

സേനയ്ക്ക് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ രണ്ട് മാസം മിസൂറിയിലെ എയര്‍ബേസില്‍ നിന്ന് കൊസോവയിലേക്കും തിരിച്ചും നിര്‍ത്താതെ പറന്നുകൊണ്ടാണ് പരീക്ഷണം നടത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സെര്‍ബിയയിലെ ലക്ഷ്യങ്ങളില്‍ 33 ശതമാനത്തേയും നശിപ്പിക്കാന്‍ അന്ന് ഇവയ്ക്ക് സാധിച്ചിരുന്നു. പിന്നീട് വൈറ്റ്മാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചും പറന്ന് ബി-2 പരീക്ഷണം നടത്തി. അതുവരെ നടത്തിയതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബി-2 റൂട്ടായിരുന്നു അത്. അമേരിക്ക നടത്തിയ ഓപ്പറേഷന്‍ ഇറാഖി ഫ്രീഡത്തിന് പിന്തുണ നല്‍കിക്കൊണ്ടും ആയുധം പ്രയോഗിക്കപ്പെട്ടു. ബി-2ന്റെ ആദ്യത്തെ യുദ്ധവിന്യാസമായിരുന്നു അത്. 680 ടണ്ണിലേറെയുള്ള ബോംബുകളും ആയുധങ്ങളുമാണ് അന്ന് ബി-2 വിന്യസിച്ചത്. ബി-2 ശക്തി ലോകം കണ്ട മറ്റൊരു അവസരമായിരുന്നു അത്. 2003 ഡിസംബറിലാണ് ബി-2 പൂര്‍ണ പ്രവര്‍ത്തനസജ്ജതാ പദവി നേടിയത്. 2009 ഫെബ്രുവരി 1-ന്, യുഎസ് വ്യോമസേനയുടെ ഏറ്റവും പുതിയ കമാന്‍ഡായ എയര്‍ഫോഴ്‌സ് ഗ്ലോബല്‍ സ്‌ട്രൈക്ക് കമാന്‍ഡ്, ബി-2 ന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നിലവില്‍ ബി-2ന്റെ സിസ്റ്റം രൂപകല്‍പനയ്ക്കും അസംബ്ലിങ്ങിനുമുള്ള കോണ്‍ട്രാക്‌സ് നോര്‍ത്‌റോത് ഗ്രമ്മന്‍ എന്ന കമ്പനിക്കാണ്. ബോയിങ് മിലിട്ടറി എയര്‍പ്ലെയിന്‍സ്, ഹ്യൂസ് റഡാര്‍ സിസ്റ്റംസ് ഗ്രൂപ്പ്, ജനറല്‍ ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് എഞ്ചിന്‍ ഗ്രൂപ്പ്, വോട്ട് എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇവര്‍ക്ക് കീഴിലെ മറ്റ് അംഗങ്ങള്‍. 

മിസൂറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ 20 20 ബി-2 ബോംബറുകളാണുണ്ടായിരുന്നത്. 2022-ല്‍ ഉണ്ടായ ഒരു അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഒരു ബോംബറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വലിയ ചെലവാണ് കണക്കാക്കുന്നത്. അതിനാല്‍ ഇത് ഒഴിവാക്കാന്‍ പദ്ധതിയിടുന്നതായി എയര്‍ഫോഴ്‌സ് സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ, വ്യോമസേനയുടെ കൈവശം 19 ബി-2 വിമാനങ്ങളാകും ഉണ്ടാകുക. 

ബി-12 പ്രയോഗിച്ചത് ഗുവാം ദ്വീപില്‍ നിന്ന് 

ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളെ ആക്രമിക്കാനായി അമേരിക്ക ബി-2 വിക്ഷേപിച്ചത് പസഫിക് സമുദ്രത്തിലെ ഗുവാം നാവിക താവളത്തില്‍ നിന്നാണ്. പശ്ചിമ പസഫിക്കിലെ യു.എസിന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രമാണ് ഗ്വാമിലേത്. പസഫിക്കിലെ വളരെ ചെറിയൊരു ദ്വീപാണ് ഗ്വാം. ഈ ദ്വീപിലാണ് യു.എസിന്റെ ആന്‍ഡേഴ്സണ്‍ വ്യോമതാവളവും സ്ഥിതിചെയ്യുന്നത്.

ശനിയാഴ്ചയാണ് ആക്രമണത്തിന്റെ സൂചനകള്‍ നല്‍കി ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളെ ഗ്വാമിലേക്ക് മാറ്റിയത്. യു.എസിലെ മിസൂറിയില്‍ നിന്നാണ് ഗ്വാമിലേക്ക് യുദ്ധവിമാനങ്ങളെ എത്തിച്ചത്. നേരിട്ട് യു.എസില്‍ നിന്ന് ആക്രമണത്തിന് പോകുന്നതിന് പകരം ഗ്വാമില്‍ നിന്നാകുമ്പോള്‍ പെട്ടെന്ന് ആക്രമണത്തിന് തീരുമാനമുണ്ടായാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കും. ഇത് കണക്കിലെടുത്താണ് ഇറാനെതിരായ നീക്കത്തിന് ഗ്വാം തിരഞ്ഞെടുത്തത്. ഗ്വാമിൽ നിന്ന് 7500 കിലോമീറ്റര്‍ ആകാശദുരമകലെയാണ് ഇറാന്‍ സ്ഥിതിചെയ്യുന്നത്. മറ്റൊരു കാര്യം, പശ്ചിമേഷ്യയിലുള്ള ഏത് യു.എസ് സൈനിക കേന്ദ്രങ്ങളും ഇറാന്റെ മിസൈല്‍ പരിധിക്കുള്ളില്‍ വരുന്നവയാണ്. അതിനാലാണ് ഇറാന്റെ പരിധിയില്‍പ്പെടാത്ത ഗ്വാം തന്നെ അമേരിക്ക തിരഞ്ഞെടുത്തത്. കോടികള്‍ വിലമതിക്കുന്ന ബി-2 എന്ന സൈനിക ആസ്തിയെ ഇറാന്റെ പ്രത്യാക്രമണത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതും ഗ്വാമിനെ കേന്ദ്രമാക്കി ആക്രമണം നടത്താനുള്ള തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. 

യു.എസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഈ ദ്വീപ് രണ്ടാം ലോകമഹായുദ്ധ കാലത്ത് 1941 ല്‍ ജാപ്പനീസ് സൈന്യം പിടിച്ചെടുത്തിരുന്നു. പിന്നീട് 1944ല്‍ ദ്വീപിന്റെ നിയന്ത്രണം യു.എസ് തിരികെ പിടിച്ചു. പസഫിക് മേഖലയില്‍ യു.എസ് അപ്രമാധിത്വം നിലനിര്‍ത്താനും നിരവധി സൈനിക നീക്കങ്ങള്‍ക്കും നിര്‍ണായകമായ സൈനികകേന്ദ്രമാണ് ഗ്വാം. നിലവില്‍ സൈനികരും അവരുടെ കുടുംബങ്ങളും വിരമിച്ച സൈനികരുമടങ്ങുന്ന ജനസമൂഹമാണ് ഇവിടെ അധികവും. 1898ലെ സ്പാനിഷ് അമേരിക്കന്‍ യുദ്ധത്തിന് ശേഷമാണ് ഈ ദ്വീപ് യു.എസിന്റെ അധീനതയിലാകുന്നത്. നിലവില്‍ ഈ സൈനികകേന്ദ്രത്തില്‍ യു.എസിന്റെ ആണവായുധശേഷിയുള്ള അന്തര്‍വാഹിനികള്‍, ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍ ആണവായുധങ്ങള്‍ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്.

Reference