
കണ്ണൂരിലെ ഒട്ടേറെ സി.പി.എം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തുടിച്ചുനില്‍ക്കുന്നത് ഇപ്പോഴൊരു കെട്ടിടമാണ്. ഇന്ന് നേതൃനിരയിലുള്ള ഒട്ടുമിക്ക സി.പി.എം നേതാക്കളുടെയും രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയമായ ഒരിടമായിരുന്ന അഴീക്കോടന്‍ സ്മാരക മന്ദിരം എന്ന സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസാണ് ഈ കെട്ടിടം. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യത്തോടെയുള്ള നാലുനില കെട്ടിടം പണിയുന്നതിനായാണ് പാര്‍ട്ടി നേതൃത്വം പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിലെത്തിയത്. ഇന്ന് കണ്ണൂരിലെ പാര്‍ട്ടിയുടെ നേതാക്കളുടെയെല്ലാം രാഷ്ട്രീയജീവിതത്തിന് ഊടും പാവും നല്‍കിയത് അവര്‍ അഭിമാനത്തോടെ 'ഡീസി' എന്ന് വിളിക്കുന്ന ഈ കെട്ടിടത്തിലെ രാഷ്ട്രീയചര്‍ച്ചകളും സൗഹൃദങ്ങളും തന്നെയായിരിക്കും. അതുകൊണ്ടുതന്നെയാണ് പൊളിക്കുന്നതിന് മുമ്പ് ഈ കെട്ടിടത്തിന് മുന്നില്‍ നിന്ന് ഒരു ഫോട്ടോ എടുത്ത് സമരതീക്ഷ്ണമായിരുന്ന ഓര്‍മകളെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത്.

സി.പി.എം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍ 1972 സപ്തംബര്‍ 23-ന് തൃശൂരില്‍വെച്ച് കുത്തേറ്റ് രക്തസാക്ഷിത്വം വരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനായി ഒരു വീട് നിര്‍മ്മിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തില്‍ നിന്നാണ് ഈ ഓഫീസിന്റെ പിറവിയും. വീട് നിര്‍മ്മിച്ചുനല്‍കിയതിന് ശേഷം മിച്ചം വന്ന പണമാണ് സ്മാരകമന്ദിരം എന്ന ആശയത്തിനായി ഉപയോഗിച്ചത്. അതുവരെ നഗരത്തിലെ ഒരു വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന പാര്‍ട്ടി ജില്ലാകമ്മിററി ഓഫീസിനായി ഒരു കെട്ടിടം കണ്ടെത്താനും അതിന് അഴീക്കോടന്റെ പേരിടാനുമുള്ള തീരുമാനത്തില്‍ നേതൃത്വം എത്തിച്ചേര്‍ന്നു. നഗരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തളാപ്പിലെ അക്കാലത്തെ വലിയ കെട്ടിടങ്ങളിലൊന്നായിരുന്നു ഇത്. മഹാകവി വള്ളത്തോളിന്റെ അടുത്ത സ്നേഹിതനായിരുന്ന വി. ഉണ്ണികൃഷ്ണന്‍ നായരുടെ കുടുംബസ്വത്തായിരുന്ന ഈ കെട്ടിടം അക്കാലത്ത് ഒരു ക്രിസ്ത്യന്‍ സഭയുടെ കൈവശമായിരുന്നു. അവരില്‍നിന്നാണ് സി.പി.എം. നേതൃത്വം വാങ്ങുന്നത്. ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും കെട്ടിടവും 80,000 രൂപക്കായിരുന്നു പാര്‍ട്ടി വാങ്ങിയത്. എന്നാല്‍ കൊടുത്തുതീര്‍ക്കാന്‍ പണം തികയാതെ വന്നപ്പോള്‍ സ്ഥലത്തിന്റെ ഒരു ഭാഗത്തെ 20 സെന്റോളം ഒരു സ്വകാര്യവ്യക്തിക്ക് കൈമാറി മന്ദിരം പാര്‍ട്ടി ആസ്ഥാനമാക്കി.
ഇ.എം.എസിന്റെ അധ്യക്ഷതയില്‍ 1973 ഡിസംബര്‍ അഞ്ചിന് എ.കെ.ജിയായിരുന്നു മന്ദിരം ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ സി.പി.എമ്മിന് ആളും അര്‍ത്ഥവും കൊണ്ട് ഇന്നും എന്നും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ല തന്നെ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉദയം കൊണ്ട പിണറായി പാറപ്രത്തെ ചരിത്രത്തിന്റെ പിന്‍ബലവും കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ നിരവധി സമരങ്ങളുടെയും അനവധി രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓര്‍മകളുമുള്ള സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത് അനിഷേധ്യമായ കാര്യവുമായിരുന്നു.
തളാപ്പിലെ അഴീക്കോടന്‍ മന്ദിരത്തിന് വിളിപ്പാടകലെയായിരുന്നു കോണ്‍ഗ്രസിന്റെ ജില്ലാ ആസ്ഥാനമായ വലിയ കെട്ടിടവും. സി.പി.എമ്മുകാര്‍ക്ക് ഡീസിയും കോണ്‍ഗ്രസുകാര്‍ക്ക് ഡീസിസിയും എന്നത് എഴുപതുകള്‍ മുതല്‍ വര്‍ഷങ്ങളോളം ഏറ്റുമുട്ടലുകളുടെ കൂടി ചരിത്രം പേറുന്ന ആസ്ഥാനമന്ദിരങ്ങളാണ്. സി.പി.എമ്മില്‍ എം.വി. രാഘവനും കോണ്‍ഗ്രസില്‍ എന്‍. രാമകൃഷ്ണനും മുഖത്തോട് മുഖം നിന്ന് പോരടിച്ച സമരകാലം. അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ രാഷ്ട്രീയം ഏറെ മാറി. എന്‍. രാമകൃഷ്ണന് ശേഷം എത്തിയ കെ. സുധാകരന്റെ കാലത്തും കോണ്‍ഗ്രസിന്റെ ഡി.സി.സി ഓഫീസ് വിവാദങ്ങളില്‍ പലതവണ കത്തിനിന്നു. കോണ്‍ഗ്രസുകാര്‍ നേരത്തെ തന്നെ ആ പഴയ മന്ദിരം പൊളിച്ച് ആധുനികമന്ദിരം പണിതിരുന്നു. വര്‍ഷങ്ങളോളം മുടന്തിനീങ്ങിയ നിര്‍മ്മാണത്തിന് ഒടുവില്‍ സതീശന്‍ പാച്ചേനിയെന്ന യുവനേതാവിന് സ്വന്തം വീട് വരെ വിറ്റ് പണം കണ്ടെത്തേണ്ട അവസ്ഥ വന്നു. സംഘടനാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായ സതീശന്‍ പിന്നീട് ഈ ലോകത്തോട് തന്നെ യാത്രപറഞ്ഞു. സതീശനായി പുതിയൊരു വീടിന്റെ നിര്‍മ്മാണവഴിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
തളാപ്പിലെ രണ്ട് കെട്ടിടങ്ങളിലെയും രാഷ്ട്രീയം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ നേതാക്കള്‍ പലരും പലവഴിയിലൂടെ സഞ്ചരിച്ച് അവരുടേതായ പാദമുദ്രകള്‍ രേഖപ്പെടുത്തി. ബദല്‍രേഖയുമായി എം.വി.ആര്‍. സി.പി.എം വിടുന്നതും എന്‍. രാമകൃഷ്ണന്‍ സി.പി.എമ്മിന്റെ പിന്തുണയോടെ സ്വതന്ത്രനായി കെ. സുധാകരന് എതിരേ മത്സരിക്കുന്നതിനുമെല്ലാം ഈ കെട്ടിടങ്ങള്‍ മൂകസാക്ഷികളായി.

അഴീക്കോടന്‍ മന്ദിരത്തിലേക്ക് തന്നെ വരാം. പാര്‍ട്ടി യോഗങ്ങള്‍ക്കായി വലിയൊരു ഹാള്‍ പിന്നീട് കെട്ടിടത്തിന് അനുബന്ധമായി നിര്‍മിച്ചു. എ.കെ.ജി. ഹാള്‍ എന്ന് പേരിട്ട ആ കെട്ടിടത്തില്‍ അനവധി നേതാക്കളുടെ ഭൗതികശരീരം അണികളുടെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങാനായി എത്തി. പാര്‍ട്ടിയുടെ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ഓഫീസുകള്‍ക്ക് പുതുതായി പണിത ചടയന്‍ ഗോവിന്ദന്‍ എന്ന മന്ദിരം തണല്‍ വിരിച്ചു. എ.കെ.ജി. ഹാളും ചടയന്‍ മന്ദിരവും അഴീക്കോടന്‍ സ്മാരക മന്ദിരത്തിനൊപ്പം പൊളിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അരനൂറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തില്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
നഗരത്തില്‍ സംഘടനാപ്രവര്‍ത്തനത്തിനായെത്താറുള്ള എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. ഉള്‍പ്പെടെയുള്ളവയിലെ സജീവപ്രവര്‍ത്തകര്‍ പലരും രാത്രികാലങ്ങളില്‍ ഇവിടെതന്നെയാണ് താമസിച്ചിരുന്നത്. ദേശാഭിമാനിയുടെ ജില്ലാ ബ്യൂറോയും അവിടെ തന്നെയായിരുന്നു. ഇതിടുത്തുതന്നെയുള്ള സ്ഥലത്തായിരുന്നു പാര്‍ട്ടി ഓഫീസിലെ വായനാമുറിയും. അക്കാലത്തെ മിക്ക ലേഖകരുടെയും താമസവും പാര്‍ട്ടി ആസ്ഥാനത്തു തന്നെയായിരുന്നു. കെ.വി. കുഞ്ഞിരാമന്‍,. സി.ഡി. ഷാജി, കെ.എം. മോഹന്‍ദാസ്, ജോണ്‍ ബ്രിട്ടാസ് എന്നിങ്ങനെ നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ അവിടെ താമസിച്ചിരുന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. നാട്ടുകാരായ കെ. ബാലകൃഷ്ണന്‍, കെ.സി. രാജഗോപാലന്‍, ടി.പി. വിജയന്‍ എന്നിവരെപോലുള്ളവര്‍ വീട്ടില്‍ പോയിവന്നു. എന്നാല്‍, അടിയന്തര ഘട്ടങ്ങളിലെല്ലാം അവര്‍ക്കും താവളം ഈ കെട്ടിടം തന്നെയായിരുന്നു.
പത്രപ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവുമായി അവിടെ താമസിക്കുന്നവര്‍ക്ക് പാര്‍ട്ടി വക രാത്രി കഞ്ഞിയും പയറും നല്‍കിവന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് രാത്രി താമസിക്കുന്നവര്‍ക്ക് കഞ്ഞി നല്‍കിയിരുന്നത് മെലിഞ്ഞ് പ്രായം ചെന്ന ഒരു മനുഷ്യനായിരുന്നു. എല്ലാവരും അദ്ദേഹത്തെ ഭരതേട്ടന്‍ എന്ന് വിളിച്ചു. പല കാരണങ്ങളാല്‍ ഇടക്കിടെ അവിടെ പോയിരുന്ന ഞങ്ങളും ആ മനുഷ്യനെ ഭരതേട്ടന്‍ എന്ന് വിളിച്ചു. ഹൃദ്യമായ, നിഷ്‌കളങ്കമായ ചിരിയായിരുന്നു ഭരതേട്ടന്റെ പ്രത്യേകത. രാത്രി കഞ്ഞിക്ക് ഉണ്ടാവുമെന്ന് പറഞ്ഞ് വരാതെ പോകുന്നവരെ അദ്ദേഹം ഓര്‍ത്തുവെക്കും. ആവര്‍ത്തിച്ചാല്‍ അത് പാര്‍ട്ടി നേതാക്കളെ അറിയിക്കും. അതോടെ ഒന്നുകില്‍ അവരുടെ കഞ്ഞികുടി മുട്ടും. അല്ലെങ്കില്‍ അവര്‍ നല്ലനടപ്പിലാവും. അതായിരുന്നു ഭരതേട്ടന്‍.
കെട്ടിടത്തിലെ കൂറ്റന്‍ വാതില്‍പ്പടികള്‍ക്ക് പിന്നിലെ റിസപ്ഷനില്‍ 1973 മുതല്‍ ഓഫീസ് മേധാവിയായി ശ്രീനിവാസന്‍ എന്ന പറശ്ശിനിക്കടവുകാരന്‍. ശ്രീനിയേട്ടന്‍ അച്ചടക്കത്തിന്റെ പ്രതീകമായിരുന്നു. എന്തും ചോദിക്കാം. പക്ഷെ, ഒരു വാക്കുപോലും അധികമായി അദ്ദേഹത്തില്‍നിന്ന് വരില്ല. ടെലഫോണ്‍ അപൂര്‍വ വസ്തുവായിരുന്ന കാലത്ത് ഇന്നത്തെ പല നേതാക്കളും ഒന്ന് ഫോണ്‍ ചെയ്യാന്‍ വേണ്ടി ശ്രീനിയേട്ടന് മുന്നില്‍ വിനീതരായി നിന്നിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയത് രാഘവേട്ടന്‍ എന്ന സഖാവ്. ഓഫീസിലെ മറ്റൊരു സ്ഥിരം സാന്നിധ്യം ചൊക്ലി നിടുമ്പ്രം സ്വദേശി ദാമുവേട്ടന്‍. അയല്‍നാട്ടുകാരനെന്ന നിലയില്‍ എന്നും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുമായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കെല്ലാം, വിശേഷിച്ച് പുറത്തുനിന്നെത്തുന്നവര്‍ക്ക് സഹായിയായിരുന്നു ഓഫീസിലെ സുനില്‍കുമാര്‍. പിന്നീട് ബാബു എന്ന ചെറുപ്പക്കാരനും അവരുടെ സംഘത്തിലെത്തി. എം.വി. രാഘവന്റെ കാലത്താണ് ഈ മന്ദിരം പാര്‍ട്ടിയുടെ ജില്ലാ ആസ്ഥാനമാവുന്നത്. തുടര്‍ന്ന് പാട്യം ഗോപാലന്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ടി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍, എം.വി. ഗോവിന്ദന്‍, പി. ശശി, പി. ജയരാജന്‍ എന്നീ സെക്രട്ടറിമാര്‍ക്ക് ശേഷം ഇപ്പോള്‍ എം.വി. ജയരാജനില്‍ എത്തി നില്‍ക്കുന്നു ജില്ലാ സാരഥികളുടെ നിര.

അടിയന്തരാവസ്ഥ കാലത്ത് സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം ഈ മന്ദിരമായിരുന്നു. കോണ്‍ഗ്രസുമായുള്ള സംഘര്‍ഷങ്ങളായിരുന്നു അതിന് മുമ്പും പിമ്പും സി.പി.എമ്മിന് തലവേദനയായത്. പിന്നീട് എ.കെ.ജി. ആശുപത്രി തെരഞ്ഞെടുപ്പ്, പരിയാരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പഴയ നേതാവ് എം.വി. രാഘവന് എതിരായുളള സമരതന്ത്രങ്ങള്‍ രൂപപ്പെട്ടതും ഇവിടെ വെച്ചുതന്നെ. പിന്നീടത് കെ. സുധാകരനുമായുള്ള യുദ്ധങ്ങളായി. ഇതിനിടയില്‍ കുറെ വര്‍ഷങ്ങള്‍ സംഘപരിവാര്‍ പ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടലുകളാലും ഈ കെട്ടിടത്തിന്റെ ഇടനാഴികകളില്‍ കണ്ണീര്‍ വീണു. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ചുമരുകളില്‍ തൂങ്ങിനില്‍ക്കുന്ന ബോര്‍ഡുകളില്‍ ആ രക്തസാക്ഷികളുടെ പേരുകള്‍ കാണാം. അത് വായിക്കാതെ, ഒരു നെടുവീര്‍പ്പിടാതെ ഒരു പ്രവര്‍ത്തകനും തിരിച്ചുപോയിരിക്കില്ല.
ഈ കെട്ടിടം വാങ്ങുമ്പോള്‍ ഇന്നത്തെ കാസര്‍കോട് ജില്ലയും മാനന്തവാടി താലൂക്കുമെല്ലാം ഉള്‍പ്പെട്ട വിശാലമായ ഭൂപ്രദേശമാണ് കണ്ണൂര്‍ ജില്ല. കാസര്‍കോട്ടുക്കാര്‍
ഭാഗം ചോദിച്ച് സ്വന്തം ജില്ലയുമായി പോയി. മാനന്തവാടി വയനാടിന്റെ ഭാഗമായി. എന്നിട്ടും പ്രതാപത്തിന് ഒട്ടും കുറവില്ലാതെ കണ്ണൂരില്‍ പാര്‍ട്ടിയുടെ ചെങ്കൊടി ഉയര്‍ന്നുനില്‍ക്കുന്നു. നേതാക്കളുടെ കാര്യത്തിലാണെങ്കില്‍ ആരെയും അസൂയപ്പെടുത്തുന്ന വിധത്തില്‍ വന്‍നിര തന്നെ നില്‍ക്കുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമെല്ലാം ഈ കെട്ടിടത്തില്‍നിന്നാണ് പാര്‍ട്ടി വിദ്യാഭ്യാസം നേടിയത്. പാര്‍ട്ടിയെ ശ്വസിച്ചതും ഇവിടെ നിന്നുതന്നെ. ആ കെട്ടിടമാണ് ചരിത്രമായി മാറാന്‍ പോകുന്നത്. എന്നാല്‍, കെട്ടിടം മാത്രമേ മാറുന്നുള്ളൂ. രണ്ടു വര്‍ഷത്തിനകം പുത്തന്‍ കെട്ടിടം ആ സ്ഥാനത്തുയരും. അത്യാധുനിക സംവിധാനങ്ങളും ഇരിപ്പിടങ്ങളും ടെക്നോളജിയുമെല്ലാം പുതിയ ഡീസിക്ക് പുതുകാലത്തിന്റെ ശോഭ നല്‍കും. അവിടെയുമുണ്ടാകും സമരതീക്ഷ്ണമായിരുന്ന ഒരു കാലത്തിന്റെ ഓര്‍മ്മകള്‍...ഈ കെട്ടിടം നല്‍കിയ ആവേശം, ഇവിടെ പൂത്തുലഞ്ഞുനില്‍ക്കുന്ന വിപ്ളവ സ്വപ്നങ്ങള്‍..
Content Highlights: Azheekkodan smaraka mandiram CPM Kannur
Published: 01 Aug 2023, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented