താലിബാന്‍ മുഖ്യശത്രു, പാകിസ്താനും എതിരാളി; ആരാണ് അംറുള്ളയെന്ന ഇന്ത്യയുടെ സുഹൃത്ത്?പഹല്‍ഗാമിന് ഇന്ത്യ നല്‍കിയ തിരിച്ചടി, ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ അറിയിച്ചയാളാണ് അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സലേ. പാക് ഭീകരകേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ ഇന്ത്യ നടത്തിയത് ഉചിതമായ നടപടിയാണെന്ന അംറുള്ളയുടെ പ്രസ്താവന ഏറെക്കാലമായുള്ള അദ്ദേഹത്തിന്റെ നിലപാടുമായും യോജിച്ചുപോവുന്നതാണ്. ഭീകരവാദത്തിനെതിരേ, അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിനെതിരേ, താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്താന്റെ പക്ഷത്തിനെതിരേ ദീര്‍ഘകാലമായി വിമര്‍ശനമുന്നയിക്കുന്നയാളാണ് അംറുള്ള. അതുകൊണ്ടുതന്നെ പാകിസ്താനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടിനും മൂര്‍ച്ചയേറും. ഭീകരതയെ നേരിടുന്നതില്‍ ഇന്ത്യയുടെ പങ്ക് നിര്‍ണായകമാണെന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിനും പാക് നയങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും വിശാലമായ ഭൗമരാഷ്ട്രീയ പശ്ചാത്തലമാണുള്ളത്. എല്ലാ കാലത്തും ഇന്ത്യയ്‌ക്കൊപ്പം നിലനില്‍ക്കുന്ന, പഞ്ച്ശീറിന്റെ ഹീറോ എന്നറിയപ്പെടുന്ന അംറുള്ള സലേ ആരാണ്. അംറുള്ളയുടെ പ്രസ്താവന ഏത് തരത്തിലാണ് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. 

To advertise here,

ആരാണ് അംറുള്ള സലേ? 

അഫ്ഗാനിസ്ഥാന്റെ ചാരസംഘടനയുടെ മേധാവിയും ആഭ്യന്തരമന്ത്രിയുമായിരുന്നു അംറുള്ള സലേ. പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ ഭരണത്തിന് കീഴില്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. 2000ല്‍ ആണ് അധികാരത്തിലേറിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം താലിബാന്‍ ഭരണം പിടിച്ചതിനാല്‍ വളരെ ചെറിയ കാലയളവ് മാത്രമേ അംറുള്ളയ്ക്ക് ഭരണത്തില്‍ തുടരാന്‍ കഴിഞ്ഞുള്ളൂ. 

അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍ അംറുള്ള സലേ രാജ്യത്ത് തന്നെ തുടരുകയും താലിബാനെതിരേയുള്ള ചെറുത്തുനില്‍പ്പിന്റെ കേന്ദ്രമായിരുന്ന പഞ്ച്ശീറിലേക്ക് താമസം മാറ്റുകയും ചെയ്തു. അഫ്ഗാന്റെ ഭരണഘടന പ്രകാരം രാജ്യത്തിന്റെ കെയര്‍ ടേക്കര്‍ പ്രസിഡന്റാണ് താന്‍ എന്നായിരുന്നു അന്ന് അംറുള്ള സ്വയം പ്രഖ്യാപിച്ചത്. തുടര്‍ന്ന് താലിബാന്‍ ഭരണത്തിനെതിരേ ചെറുത്തുനില്‍ക്കാനായി അഹ്‌മദ് മസൂദുമായി ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (NRF) ന്റെ പ്രവർത്തനങ്ങളില്‍ സജീവമാവുകയും ചെയ്തു. എന്നാല്‍ സ്വയം പ്രസിഡന്റായിട്ടുള്ള അദ്ദേഹത്തിന്റെ അവകാശവാദം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്‍ആര്‍എഫിന്റെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പുകള്‍ തുടര്‍ന്നെങ്കിലും പഞ്ച്ശീറും താലിബാന്‍ കീഴടക്കി. നില്‍ക്കക്കളിയില്ലാതെ അംറുള്ള താജിക്കിസ്താനിലേക്ക് പാലായനം ചെയ്തു. എങ്കിലും എന്‍ആര്‍എഫിനുള്ള പിന്തുണ തുടര്‍ന്നു. 

പഞ്ച്ശീറിന്റെ ഹീറോ, ഒമ്പത് 'ജീവിതമുള്ള' അംറുള്ള

കൊല്ലപ്പെട്ട മുന്‍ അഫ്ഗാന്‍ ഗറില്ലാ കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെയും അംറുള്ള സലെയുടേയും നേതൃത്വത്തില്‍ രൂപീകരിച്ച നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ശക്തികേന്ദ്രമാണ് പഞ്ച്ശീര്‍. അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തിട്ടും പഞ്ച്ശീറില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതിരുന്നത് താലിബാന് വന്‍ തലവേദയാണുണ്ടാക്കിയിരുന്നത്. പഞ്ച്ശീര്‍ പിടിച്ചടക്കാനുള്ള താലിബാന്റെ കടുത്ത ആക്രമണത്തെ എന്‍.ആര്‍.എഫ് ശക്തമായി പ്രതിരോധിച്ചുകൊണ്ടിരുന്നു. സ്ഥിതിഗതികള്‍ കഠിനമാണെന്നും സമാനതകളില്ലാത്ത ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അംറുള്ള സലെ പഞ്ച്ശീറിൽ നിന്ന് നിരവധി വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. എന്‍.ആര്‍.എഫിന്റെ പ്രതിരോധങ്ങള്‍ക്കപ്പുറം 2021 സെപ്തംബറില്‍ താലിബാന്‍ പഞ്ച്ശീര്‍ പിടിച്ചെടുത്തു. മരണം വരെ താലിബാനെതിരേ പോരാടുമെന്നും പ്രഖ്യാപിച്ചു. ഈ സന്ധിയില്ലാ നിലപാട് മൂലമാണ് പഞ്ച്ശീറിന്റെ ഹീറോ എന്ന് അംറുള്ള അറിയപ്പെടുന്നത്. അഫ്ഗാന്റെ ചാരത്തലവനായി പ്രവര്‍ത്തിച്ചും വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നും പ്രമുഖമായ ഭരണചരിത്രമുള്ളയാളാണ് അംറുള്ള. അതുകൊണ്ടുതന്നെ വധഭീഷണികളുള്‍പ്പെടെ നിരന്തരമായ ഭീഷണികള്‍ അംറുള്ളയ്‌ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. ഒമ്പത് തവണയാണ് വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. അതിനാലാണ് 'ഒമ്പത് ജീവിതങ്ങളുള്ള' അംറുള്ളയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 

placeholder
അംറുള്ള സലേ

അംറുള്ളയും ഭൗമരാഷ്ട്രീയ സ്വാധീനവും 

പ്രസിഡന്റ് രാജ്യം വിട്ടുപോയപ്പോഴും രാജ്യത്തിന് വേണ്ടി നിലകൊണ്ട് താലിബാനെതിരേ സ്വീകരിച്ച കടുത്ത നയങ്ങളും അതിര്‍ത്തി കടന്ന് ഭീകരവാദം വളര്‍ത്തുന്നതില്‍ പാകിസ്താനെതിരേയുള്ള നിരന്തര വിമര്‍ശനത്തിലൂടേയും അംറുള്ള സലേ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു നിര്‍ണായക സ്വാധീനമായി തുടരുകയാണ്. അഫ്ഗാന്‍ ഇന്റലിജന്‍സ് മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ രാജ്യസുരക്ഷ, തീവ്രവാദം, രാഷ്ട്രീയ സ്വാധീനം, ഭൗമസംഘര്‍ഷങ്ങള്‍, സഖ്യങ്ങള്‍ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധമുള്ളയാളാണ് അംറുള്ള. ഇന്ത്യയുമായി വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന തന്ത്രപരമായ സഹകരണവും താലിബാന്‍ ചെറുത്തുനില്‍പ്പിനെതിരേയുള്ള നിലപാടുകളും രാജ്യസുരക്ഷാകാര്യത്തിലെ സമാന നയങ്ങളും അദ്ദേഹത്തെ ഇന്ത്യയുടെ സ്വാഭാവിക സഖ്യകക്ഷിയാക്കി മാറ്റുകയും ചെയ്തു. 

പ്രവാസത്തിലിരുന്നുകൊണ്ട് അഫ്ഗാനിലെ ജനാധിപത്യം പുനഃസ്ഥാപിക്കാനും പാകിസ്താന്റെ സൈനിക ഇന്റലിജന്‍സ് നയത്തിനെതിരേയും അന്താരാഷ്ട്ര വേദികളില്‍ സ്ഥിരമായി അദ്ദേഹം ശബ്ദമുയര്‍ത്തി. സമാന പ്രതികരണമാണ് ഇന്ത്യ-പാക് വിഷയത്തിലും അദ്ദേഹം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനകള്‍ ശ്രദ്ധേയമാവുന്നതും അതുകൊണ്ടാണ്. ദക്ഷിണേഷ്യയില്‍ മാറിമറിയുന്ന ഭൗമരാഷ്ട്രീയ കാലാവസ്ഥയില്‍ അംറുള്ളയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. രാഷ്ട്രീയ ചെറുത്തുനില്‍പ്പുകളുടെ ചരിത്രവും താലിബാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്നേറ്റവും അഫ്ഗാനിസ്ഥാനിലെ അധികാരത്തര്‍ക്കത്തില്‍ അംറുള്ളയെ പ്രധാന മുഖമാക്കി മാറ്റി. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്കും പാകിസ്താനും തന്ത്രപ്രധാനമായ അയല്‍രാജ്യമെന്ന നിലയ്ക്ക്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, അഭയാര്‍ഥി പ്രതിസന്ധി, ഇന്ത്യ-പാകിസ്താന്‍-താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാന്‍ എന്നീ മേഖലകളിലെ സ്ഥിരതയെ സ്വാധീനിക്കാന്‍ അംറുള്ളയുടെ വീക്ഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

അംറുള്ളയും പാകിസ്താനും

പാകിസ്താനെതിരെ, പ്രത്യേകിച്ച് അവരുടെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനെതിരേ നിരന്തരം കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നയാളാണ് അംറുള്ള. പാകിസ്താന്‍ താലിബാനെ പിന്തുണയ്ക്കുകയും അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതായി അംറുള്ള നിരന്തരം കുറ്റപ്പെടുത്തി. തങ്ങളുടെ പ്രതിനിധിയായ താലിബാനിലൂടെ പാകിസ്താന്‍ അഫ്ഗാനിസ്താനില്‍ നിയന്ത്രണം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിന്‍ ലാദനടക്കമുള്ള ഭീകരര്‍ക്ക് താവളമൊരുക്കുന്നത് പാകിസ്താനാണെന്ന് അദ്ദേഹം പലകുറി പരസ്യമായി പ്രഖ്യാപിച്ചു. 2010ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ഒബാമയുമായുള്ള ഒരു ബ്രീഫിങ്ങിനിടെ അദ്ദേഹം പറഞ്ഞത്, 'അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ പരാജയപ്പെട്ടുവെന്നാണ് പാകിസ്താന്‍ വിശ്വസിക്കുന്നത്' എന്നായിരുന്നു. അവര്‍ക്കിടയിലെ ഭിന്നിപ്പ് മുതലെടുക്കാനാണ് പാകിസ്താന്റെ ശ്രമമെന്നും അദ്ദേഹം അന്ന് ആരോപിച്ചു. ഒസാമ ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ള ഭീകര നേതാക്കള്‍ക്ക് അഭയം നല്‍കുന്നതില്‍ പാകിസ്താന്റെ പങ്കിനെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്, ഒപ്പം ഈ മേഖലയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനെ പ്രതിയാക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനോടുള്ള അദ്ദേഹത്തിന്റെ ശക്തമായ എതിര്‍പ്പും ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യ അനുകൂല നിലപാടും നയങ്ങളില്‍ നിന്ന് അംറുള്ള ഒട്ടും വ്യതിചലിച്ചില്ലെന്ന സൂചനയാണ് നല്‍കുന്നത്. 

'അയല്‍രാജ്യത്തെ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് പബ്ലിസിറ്റിക്കും മാധ്യമശ്രദ്ധയ്ക്കും വേണ്ടി ശ്രമിക്കുകയാണ്, അതിനുള്ള ഏറ്റവും നീചമായ വഴിയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്' എന്നാണ് ആക്രമണം നടന്ന തൊട്ടടുത്ത ദിവസം അംറുള്ള പ്രതികരിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ ഏറ്റവും ആദ്യം അപലപിക്കുകയും ആക്രമണത്തെ പാകിസ്താനുമായി ബന്ധിപ്പിക്കുകയും ചെയ്ത, മേഖലയിലെ ഏറ്റവും ആദ്യത്തെ നേതാവായിരുന്നു അംറുള്ള. പിന്നീടുള്ള ദിവസങ്ങളില്‍ സലെ പാക് ഭീകരതയ്‌ക്കെതിരേ നിരന്തരം പ്രതികരിക്കുകയും ഭീകരവാദത്തിന് പാകിസ്താന്‍ ദീര്‍ഘകാലമായി നല്‍കുന്ന പിന്തുണയെ നിശ്ശിതമായി വിമര്‍ശിക്കുകയും ചെയ്തു. പാകിസ്താന്റെ ഭീകരതയെ കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ആഗോള മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വരെ തുറന്നുപറഞ്ഞിട്ടുണ്ടെന്ന് അംറുള്ള പ്രതികരിച്ചിരുന്നു. 

പഹല്‍ഗാമിന് തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും അതിനെതിരേ പാക് പക്ഷത്തുനിന്നുണ്ടായ ഓപ്പറേഷന്‍ ബുന്യാന്‍ ഉല്‍ മര്‍സൂസും തമ്മില്‍ വ്യക്തമായ താരതമ്യം നടത്തിക്കൊണ്ട്, ഇന്ത്യ നടത്തിയത് ശക്തവും തന്ത്രപരവുമായ നീക്കമാണെന്നാണ് അംറുള്ള പറഞ്ഞത്. ഭീകരതയ്ക്കും അതിന്റെ പിന്തുണക്കാര്‍ക്കും എതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ പരമ്പരാഗത ചട്ടക്കൂടിന് പുറത്ത് മറ്റൊരു രാജ്യത്തിനെതിരേ നടപടി സ്വീകരിക്കാന്‍ ഇന്ത്യ ഒരുക്കമാണെന്ന ആത്മവിശ്വാസവും പരമാധികാരവുമാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ കാണിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്താന് ഐഎംഎഫ് സഹായം തേടേണ്ടി വന്നതായും സംഘര്‍ഷം തുടരാനുള്ള പാകിസ്താന്റെ കഴിവില്ലായ്മയാണ് ഇത് അടിവരയിടുന്നത്. ഓപ്പറേഷന്‍ ബുന്യാന്‍ ഉല്‍ മര്‍സൂസില്‍ ഒരു പ്രകടനത്തിനപ്പുറം മറ്റൊന്നുമില്ലെന്നാണ് അംറുള്ളയുടെ അഭിപ്രായം. വെടിനിര്‍ത്തല്‍ ഇല്ലായിരുന്നില്ലെങ്കില്‍ പാകിസ്താന്‍ ഒരു പേര് മാത്രമായി അവശേഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 

placeholder

താലിബാനെതിരേ പോരാട്ടം

1972ലാണ് ജനനം. പഞ്ച്ശീറില്‍ നിന്ന് കാബൂളിലേക്ക് കുടിയേറിയവരായിരുന്നു കുടുംബം. ഏഴാം വയസ്സിലേ രക്ഷിതാക്കളെ നഷ്ടപ്പെട്ട അനാഥബാല്യമായിരുന്നു അംറുള്ളയുടേത്. 80കളിലെ സോവിയറ്റ് അധിനിവേശ കാലത്തിലാണ് നാല് സഹോദരര്‍ക്കൊപ്പം കാബൂളില്‍ അംറുള്ള വളര്‍ന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിത്യകാഴ്ചയെന്നോണമായിരുന്നു അക്കാലം. സഹോദരരില്‍ രണ്ടുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റൊരു സഹോദരി താലിബാന്‍ ഭീകരവാദികളാല്‍ പീഡിപ്പിക്കപ്പെട്ട് മരിക്കുകയായിരുന്നു. അത് താലിബാനോട് കടുത്ത ശത്രുത വളര്‍ത്തുന്നതിലേക്ക് അംറുള്ളയെ എത്തിച്ചു. 22-ാം വയസ്സില്‍ അംറുള്ള പഞ്ച്‌സീറിലെ മസൂദിന്റെ ഗറില്ലാ പോരാളിയായി മാറി. അംറുള്ളയുടെ കഴിവും അറിവും കണ്ട് ആകൃഷ്ടരായ, താലിബാനെതിരേ പ്രവര്‍ത്തിക്കുന്ന അഹമ്മദ് ഷാ മസൂദ് വിഭാഗം അംറുള്ളയെ അവരുടെ പ്രധാനിയാക്കി. വളരെ പെട്ടന്ന് മസൂദിന്റെ പ്രധാന ഉപദേശകളിലൊരാളായി അംറുള്ള മാറിയിരുന്നു. മസൂദിന് വേണ്ടി താലിബാനുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയിരുന്നത് അംറുള്ളയായിരുന്നു. 1999കളില്‍ അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തപ്പോള്‍ മസൂദ് അംറുള്ളയെ ചാരസംഘടനയായ സിഐഎയ്ക്ക് കീഴില്‍ പരിശീലനത്തിനായി അമേരിക്കയിലേക്ക് അയച്ചു. അര്‍ധസൈനിക പഠനത്തേക്കാള്‍ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിലായിരുന്നു അംറുള്ളയ്ക്ക് അന്നേ താല്‍പര്യം. അതിനാല്‍ സിഐഎയിലെ പഠനത്തിനുശേഷം താജിക്കിസ്താനിലും റഷ്യയിലുമിരുന്ന് സിഐഎയ്ക്ക് വേണ്ടി ചാരവൃത്തി നടത്തി. അഫ്ഗാനില്‍ താലിബാനെതിരേ മസൂദിന്റെ നേതൃത്വത്തിലുള്ള നോര്‍ത്തേണ്‍ അലയന്‍സ് അപ്പോഴേക്കും ശക്തിപ്രാപിച്ചിരുന്നു. നോര്‍ത്തേണ്‍ അലയന്‍സിനായി ആയുധങ്ങള്‍ എത്തിക്കാന്‍ അംറുള്ളയാണ് നേതൃത്വം നല്‍കിയത്. അന്നേ ഇന്ത്യ അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ എതിര്‍ത്തിരുന്നു. പാകിസ്താൻ സൈന്യവും ഐഎസ്ഐയും ഈ സംഘത്തെ പിന്തുണയ്ക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 1997-2001 കാലഘട്ടത്തിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത്. താലിബാന്‍ വിരുദ്ധ പോരാട്ടത്തിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കാന്‍ അംറുള്ളയാണ് സുപ്രധാന പങ്ക് വഹിച്ചത്. 

2001ല്‍ അഹമ്മദ് ഷാ മസൂദിന്റെ വധം നടന്നത് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍ററിന് നേരെ നടന്ന ഭീകരാക്രമണത്തിന് രണ്ട് ദിവസം മുന്‍പായിരുന്നു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തി. ഇതോടെ താലിബാന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയും അമേരിക്കയുടെ പിന്തുണയോടെ ഹമീദ് കര്‍സായിയുടെ പുതിയ സര്‍ക്കാര്‍ അധികാരം കയ്യാളുകയും ചെയ്തു. കര്‍സായി സര്‍ക്കാരിലെ ഇന്റലിജന്‍സ് മേധാവിയായിരുന്നു അംറുള്ള. 2009 ആകുമ്പോഴേക്കും താലിബാന്‍ വീണ്ടും അഫ്ഗാനില്‍ അധികാരം പിടിക്കാന്‍ ശ്രമിക്കാന്‍ സാധ്യതയുള്ളതായി അംറുള്ള അന്നേ വിലയിരുത്തിയിരുന്നു. അത് തെറ്റിയില്ല, പാകിസ്താന്റെ ഭീകരസംഘടനകളുമായി ചേര്‍ന്ന് താലിബാന്‍ അഫ്ഗാനില്‍ ആക്രമണ പരമ്പരകള്‍ തന്നെ നടത്തിയിരുന്നു. ആ കാലയളവില്‍ ഇന്ത്യയ്ക്കും അംറുള്ളയുടെ സഹായം തേടേണ്ടി വന്നിട്ടുണ്ട്, അതില്‍ പ്രധാനമായിരുന്നു കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ നടന്ന ആക്രമണം. 2010ലാണ് അംറുള്ള ഇന്റലിജന്‍സ് മേധാവി സ്ഥാനം രാജിവെച്ചത്. 

അംറുള്ള വിട്ടുവീഴ്ചയില്ലാത്ത പാക് വിരോധയാണ്, ഭീകരവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചയാള്‍ കൂടിയായ അദ്ദേഹം ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്ന് 2010 മുതല്‍ 2013 വരെ ഇന്ത്യയുടെ അംബാസഡറായിരുന്ന ഗൗതം മുഖോപാധ്യായ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പാകിസ്താനോടുള്ള വിരോധത്തിലേറെയാണ് താലിബാനോടുള്ള അംറുള്ളയുടെ എതിര്‍പ്പ്. പഞ്ച്ശീറില്‍ താലിബാനെതിരേ ഒറ്റയ്ക്ക് പോരാടാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയതും ഇതാണ്. അതിനാല്‍ താലിബാനെ ഇല്ലാതാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി നിലകൊണ്ടു. താലിബാനോടുള്ള ഹമിദ് കര്‍സായിയുടെ മൃദുസമീപനത്തെയും പാകിസ്താന്റെ പിന്തുണ സ്വീകരിക്കുന്നതിനേയും അദ്ദേഹം ശക്തമായി വിമര്‍ശിച്ചിരുന്നു. താലിബാനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സലേ ബസേജ്-ഇ മില്ലി എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചത്. 

താലിബാനെതിരേയുള്ള അംറുള്ളയുടെ പോരാട്ടത്തിന് കാല്‍നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അവസാന വെടിയുണ്ട വരെ താന്‍ താലിബാനെതിരെ പോരാടുമെന്ന് അംറുള്ള പ്രഖ്യാപിച്ചിട്ടുണ്ട്. പാക് ഭീകരവാദത്തിനെതിരേയും അംറുള്ളയുടെ നിലപാട് മറ്റൊന്നല്ല. അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നത് പോലെ അഫ്ഗാനിലെ താലിബാന്‍ ഭരണത്തിനെതിരേയും പ്രവാസത്തിലിരുന്ന് അംറുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ഭീകരതയ്‌ക്കെതിരെയുള്ള നിലപാടുകള്‍, ഏത് ഭാഷയിലായാലും ഏത് മേഖലയിലായാലും അതിനൊരു അര്‍ഥമേയുള്ളൂവെന്ന് പരസ്പരം ഓര്‍മിപ്പിക്കുകയാണ് ഇന്ത്യയ്ക്കുള്ള കയ്യടിയിലൂടെ അംറുള്ള ആവര്‍ത്തിക്കുന്നത്.