
എതിര്‍ത്താല്‍ അവരെ നിഴല്‍പോലെ തേടിയെത്തും മരണം. ചിലപ്പോള്‍ അപകടത്തിന്റെ രൂപത്തില്‍, വിഷപ്രയോഗത്തില്‍, അതുമല്ലെങ്കില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിക്കും. കാലങ്ങളായുള്ള ഏകാന്ത തടവില്‍ ജീവിതവും മനസ്സും നഷ്ടപ്പെടുത്തി അവരെ സ്വയം മരണത്തിലേക്ക് തള്ളിവിടുന്നതും റഷ്യയിലെ പുതിയ കാഴ്ചയല്ല. ലോകം ഇതിന് പുതിന്‍ സ്റ്റൈല്‍ വേട്ടയാടല്‍ എന്ന ഓമനപേരിട്ട് വിളിക്കാന്‍ തുടങ്ങി. ഉദാഹരണങ്ങളേറെ. റഷ്യന്‍ മാധ്യമ പ്രവര്‍ത്തക അന്ന പൊളിറ്റ്‌കോവ്‌സ്‌കയ മുതല്‍ അവസാനം വാഗ്നര്‍ നേതാവ് യെവ്‌ഗെനി പ്രിഗോസിനും റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവൽനി വരെ എത്തിയിരിക്കുന്നു-ഈ മരണലിസ്റ്റ്. അഴിമതിയെ എതിര്‍ത്ത പുതിനെ വെല്ലുവിളിച്ച നവൽനിക്ക് സംഭവിച്ചതെന്ത് അറിയാം വിശദമായി.
വിഷപ്രയോഗം ഏകാന്ത തടവ്, പക്ഷേ, അവിടേയും പോരാട്ടം
1125 ദിവസത്തെ തടവുജീവിതത്തിന് ശേഷമാണ് അലക്‌സി നവല്‍നി ഒടുവില്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. ജയിലിനകത്ത് കുഴഞ്ഞു വീണ ഈ 47 കാരന്റേത് കൊലപാതകമാണോയെന്ന് വരെ സംശയിക്കുന്നുണ്ട്. 2023 ഡിസംബര്‍ മാസം നവൽനിയെ താമസിപ്പിച്ച പീനല്‍ കോളനിയിലെ ജയിലില്‍ നിന്ന് നവൽനി അപ്രത്യക്ഷമായതും വലിയ വാര്‍ത്തയായിരുന്നു. പക്ഷേ, വിചാരണക്കിടയിലും തന്റെ ആദര്‍ശങ്ങളും നിലപാടുകളും കോടതിമുറികളില്‍ പോലും ഉറക്കെ പ്രഖ്യാപിക്കുന്ന നവല്‍നിയെ ആണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ തലേ ദിവസം പോലും ആരോഗ്യ പ്രശ്‌നമൊന്നും കാണിച്ചിരുന്നില്ലെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതുകൊണ്ടു തന്നെ സംശയമുനകള്‍ മുഴുവന്‍ പുതിനിലേക്കാണ്. പ്രത്യേകിച്ചും റഷ്യയില്‍ പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന വേളയില്‍. നവല്‍നിയുടെ ജീവിത കഥയും റഷ്യന്‍ വേട്ടയാടലും പ്രമേയമാക്കി വന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ വര്‍ഷം ഓസകര്‍ പോലും ലഭിച്ചിരുന്നുവെങ്കിലും ജീവിതം പക്ഷേ ജയിലിനുള്ളിലായി, ഒടുവില്‍ മരണം വരിച്ചു.

ബ്ലോഗുകള്‍ക്ക് പിന്നില്‍ അണി നിരന്ന ആരാധാകര്‍
പുതിന്റേയും റഷ്യന്‍ സര്‍ക്കാരിന്റേയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന റഷ്യന്‍ ബ്ലോഗര്‍ മാത്രമായിരുന്നു 14 വര്‍ഷം മുമ്പ് അലക്‌സി നവൽനി. ആ ചെറുപ്പക്കാരന്‍ ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലിറങ്ങിയതോടെ പുതിനു മാറാത്ത തലവേദനയായി. തന്റെ ബ്ലോഗുകള്‍ക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും വലിയ ആരാധകരും തനിക്ക് പിന്നില്‍ അണിനിരക്കാന്‍ വലിയ ജനക്കൂട്ടവും തയ്യാറായതോടെ ഒരുവേള പുതിന്റെ രാഷ്ട്രീയഭാവി പോലും അപകടത്തിലായി. ഇതോടെ കള്ളക്കേസിലും വിഷപ്രയോഗത്തിലും പെടുത്തി നവല്‍നിയെ ഇല്ലാതാക്കാനായിരുന്നു പുതിന്‍ ലക്ഷ്യമിട്ടിരുന്നത്. വിവിധ കേസുകളില്‍ പെടുത്തി അറസ്റ്റ് ചെയ്തതോടെ 2021 മുതല്‍ കൊടുംക്രിമിനലുകളെ താമസിപ്പിക്കുന്ന അതിസുരക്ഷാ ജയിലിലാണ് നവൽനിയെ താമസിപ്പിച്ചിരുന്നത്. പരോള്‍ ചട്ടലംഘനം ആരോപിച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കോടതിയലക്ഷ്യ കുറ്റം ആരോപിച്ച് ഒന്‍പത് വര്‍ഷവും ശിക്ഷിച്ചു. ഇതിന് തുടര്‍ച്ചയെന്നോണമാണ് തീവ്രവാദക്കുറ്റം ആരോപിച്ച് നവൽനിയെ കഴിഞ്ഞവര്‍ഷം 19 കൊല്ലത്തേക്ക് കൂടി ശിക്ഷിച്ച് ഉത്തരവ് വന്നത്. തുടര്‍ന്ന് നിഗൂഢമായിരുന്നു റഷ്യന്‍ നീക്കമെങ്കിലും പിനല്‍ കോളനയിലെ അതിസുരക്ഷാ ജയിലില്‍ ഏകാന്ത തടവിലാക്കിയിരുന്നു.
പതറാത്ത പോരാളി
പുതിനെതിരേയും സര്‍ക്കാരിനെതിരേയും ശബ്ദമുയര്‍ത്തിയാല്‍ മരണമായിരിക്കും ഫലമെന്ന സൂചന നല്‍കുന്നതായിരുന്നു അലക്‌സി നവൽനിക്കെതിരേ 2020-ല്‍ നടന്ന രാസായുധ പ്രയോഗം. പക്ഷേ, തലനാരിഴയ്ക്കു ജീവന്‍ തിരിച്ചുകിട്ടി. ഇക്കാര്യങ്ങള്‍ അറിയുന്നതിന് മുമ്പ് നവല്‍നിയുടെ രാഷ്ട്രീയജീവിതം കൂടിയറിയണം. 2011-ല്‍ അഴിമതിക്കെതിരേ പോരാടാന്‍ സന്നദ്ധ സംഘടന സ്ഥാപിച്ചതോടെയാണ് നവൽനി ശ്രദ്ധേയനായത്. പിന്നീട് റഷ്യ കണ്ടത് അഴിമതിക്കെതിരേ നവൽനിക്ക് പിന്നില്‍ ആയിരങ്ങള്‍ അണിനിരന്നുകൊണ്ടുള്ള മഹാറാലികളായിരുന്നു. ഇതോടെ സര്‍ക്കാരിനെ മനഃപൂര്‍വം കളങ്കപ്പെടുത്താനുള്ള ശ്രമം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. സര്‍ക്കാരിനും തനിക്കുമെതിരേ ശബ്ദമുയര്‍ത്തിയ നവൽനിയെ പല തവണ അറസ്റ്റ് ചെയ്തെങ്കിലും പുറത്തുള്ള വലിയ ജനക്കൂട്ടത്തിന്റെ വായടയ്ക്കാന്‍ പുതിന് കഴിഞ്ഞില്ല.
| പുതിനെ എതിര്‍ത്ത് മരണം ഏറ്റുവാങ്ങിയവര്‍ | ||||
|---|---|---|---|---|
| 1 | പേര് | സ്ഥാനം | മരണം | കാരണം |
| 2 | അലക്സി നവൽനി | റഷ്യന്‍ പ്രതിപക്ഷ നേതാവ് | ഫെബ്രുവരി 16 | ജയിലിൽ നിന്ന് ബോധക്ഷയം |
| 3 | യെവ്‌ഗെനി പ്രിഗോഷിന് | പുതിന്റ സുഹൃത്ത് വാഗ്നർ മേധാവി | ഓഗസ്റ്റ് 2023 | ഹെലികോപ്റ്റർ അപകടം |
| 4 | സെര്‍ഗെയിസി സ്ക്രിപ്പാല് | റഷ്യൻ ഏജന്റ് | മാർച്ച് 2018 | വിഷപ്രയോഗം |
| 5 | അലക്‌സാണ്ടര്‍ പെരെപില്ലിച്നി | റഷ്യന്‍ വ്യാപാരി | മാാർച്ച് 2012 | വിഷപ്രയോഗം |
| 6 | അലക്‌സാണ്ടര്‍ ലിറ്റ് വെന്കോ | റഷ്യന്‍ രഹസ്യാന്വേഷണ ഏജന്റ് | 2006 നവംബർ 23 | വിഷപ്രയോഗം |
| 7 | അന്ന പൊളിറ്റ് കോവ്കയ | റഷ്യൻ മാധ്യമ പ്രവർത്തക | 2006 ഒക്‌ബോര്‍ 7 | വെടിയേറ്റ് മരണം |
| 8 | വിക്ടർ യുഷ്ചെൻകോ | യുക്രൈൻ പ്രതിപക്ഷ നേതാവ് | 2004 ൽ വിഷപ്രയോഗമേറ്റു | |
| 9 | വ്ളാദിമിർ കാര മുർസ | റഷ്യൻ പ്രതിപക്ഷ പ്രവർത്തകൻ | 2015 ലും 2017 ലും വിഷപ്രയോഗം | |
ജയിലില്‍ കിടന്നുപോലും അണികളെ സമരമുഖത്തേക്കിറക്കിയപ്പോള്‍ പുറത്തുവന്നത് പുതിനെന്ന രാഷ്ട്രീയ ഏകാധിപതിയുടെയും റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഗോര്‍ ഷുവലോവ് അടക്കമുള്ളവരുടേയും തീരാത്ത അഴിമതിക്കഥകളായിരുന്നു. ഇത് തന്റെ കസേര തെറിപ്പിക്കുമോയെന്ന ആശങ്ക വരെ പുതിനിലുണ്ടായി. നവൽനിയുടെ അറസ്റ്റില്‍ രാജ്യത്തെങ്ങും വന്‍പ്രതിഷേധം നടന്നു. നവൽനി ജയിലില്‍ പതിനഞ്ച് ദിവസം നിരാഹാരമിരുന്നു. എന്നാല്‍, കേസിന് മുകളില്‍ കേസുകള്‍ ചാര്‍ത്തി എന്നന്നേക്കുമായി ജയിലിലടയ്ക്കുകയായിരുന്നു പുതിന്റെ ലക്ഷ്യം.
സാമ്പത്തികത്തട്ടിപ്പ് ആരോപണം, രാജ്യദ്രോഹക്കുറ്റം, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം എന്നിവയൊക്കെ നവൽനിക്കെതിരേ ഉയർന്നുവന്നു. ആരോപണങ്ങള്‍ നവൽനി നിഷേധിച്ചുവെങ്കിലും 2013-ല്‍ അഞ്ചു വര്‍ഷത്തെ ജയില്‍ശിക്ഷയായിരുന്നു കോടതി വിധിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നെങ്കിലും ഒന്നിലും കുലുങ്ങാതെ പുതിന്റെ ഏകാധിപത്യത്തിനേതിരേയും അഴിമതിക്കെതിരേയും പോരാടുകയായിരുന്നു നവല്‍നി. 2036 വരെ റഷ്യയുടെ ഭരണത്തില്‍ തുടരാന്‍ പറ്റാവുന്ന രീതിയില്‍ ഭരണഘടനവരെ പുതിന്‍ ഭേദഗതി ചെയ്തു. പക്ഷേ, തന്റെ ആശയ പ്രചാരണത്തിലൂടെയും ബ്ലോഗിലൂടെയും ഇതിനെതിരേ ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു നവൽനി. ഇതിനിടെ മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുന്നിലെത്തിയെങ്കിലും അദ്ദേഹത്തെ ഒതുക്കാനുള്ള പദ്ധതികളായിരുന്നു അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. കേസുകളും ജയിലുകളുമായിരുന്നു പിന്നീടുള്ള നവൽനിയുടെ വര്‍ഷങ്ങള്‍.

വിഷപ്രയോഗം അതിജീവനം
'പുതിന്‍ ഏറ്റവും പേടിക്കുന്ന മനുഷ്യന്‍' എന്നുവരെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ നവൽനിയെ വിശേഷിപ്പിച്ചിരുന്നത്. കോടതി ഉത്തരവ് പ്രകാരം ഇടയ്ക്ക് ജയിലില്‍നിന്ന് പുറത്തിറങ്ങിയെങ്കിലും എതിരാളിയെ വിഷപ്രയോഗത്തിലൂടെ തീര്‍ക്കാനായിരുന്നു പുതിന്റെ പദ്ധതി. 2020-ഓഗസ്റ്റ് 2020-ന് സൈബീരിയയില്‍നിന്നു മോസ്‌ക്കോയിലേക്കുള്ള യാത്രയ്ക്കിടെ അലക്‌സി നവൽനി വിമാനത്തില്‍ ബോധരഹിതനായി വീണു. അടിയന്തര ലാന്‍ഡിങ്ങിലൂടെ ജീവന്‍ രക്ഷിച്ചെങ്കിലും വിഷപ്രയോഗം ഏറ്റിട്ടുണ്ടെന്നായിരുന്നു നിഗമനം. ജര്‍മനിയിലെ പരിശോധനയില്‍ നോവിചോക് എന്ന വിഷവാതകമാണ് പ്രയോഗിച്ചതെന്ന് കണ്ടെത്തി. ജര്‍മന്‍ മിലിട്ടറി ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷം ഏതെന്ന് തിരിച്ചറിഞ്ഞത്.
വിഷത്തിന്റെ പൊതുവായ പേരാണിതെങ്കിലും ഈ വിഭാഗത്തില്‍ പെടുന്ന പലതരത്തിലുള്ള വിഷങ്ങളുണ്ട്. സോവിയറ്റ് കാലത്താണ് ഈ വിഷം കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇത് നവൽനിക്ക് നല്‍കിയതില്‍ ആശ്ചര്യമുണ്ടാക്കുന്നുവെന്ന് ജര്‍മന്‍ വിദേശകാര്യ വക്താക്കളും ആരോഗ്യപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നവൽനി മരിച്ചില്ല. ജര്‍മനിയിലെ അഞ്ചു മാസത്തെ ചികിത്സ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. 2021 ജനുവരി 17-ന് മോസ്‌ക്കോയിലേക്ക് തിരിച്ചുവരുന്നതിനിടെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു. ജര്‍മനിയില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ചു മാസം റഷ്യയിലെ പോലീസ് സ്റ്റേഷനില്‍ നവൽനി ഹാജരായില്ല എന്നാരോപിച്ച് കോടതിയലക്ഷ്യമായിരുന്നു കുറ്റം. വിചാരണയില്‍ നവൽനി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പരോള്‍ ലംഘനത്തിന് രണ്ടര വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു.
ജയിലില്‍ നിന്നും പോരാട്ടം
കോടതി തടവിന് വിധിച്ചെങ്കിലും ജയിലിലിരുന്ന് പുതിനെതിരേ പോരാട്ടം നയിക്കുകയായിരുന്നു നവൽനി. 2021-ല്‍ പുറത്തിറങ്ങിയ 'പുതിന്‍സ് പാലസ് ദ സ്റ്റോറി ഓഫ് വേള്‍ഡ്സ് ബിഗസ്റ്റ് ബ്രൈബ്' എന്ന ഡോക്യുമെന്ററി അക്കാലത്ത് വലിയ ചര്‍ച്ചയായി. പുതിനെതിരേയുള്ള ജയില്‍ബോംബ് തന്നെയായി ഡോക്യുമെന്ററി മാറി. നവൽനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്റി കറപ്ഷന്‍ ഫൗണ്ടേഷനായിരുന്നു പാലസ് ഫോര്‍ പുട്ടിന്‍ എന്ന രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഡോക്യുമെന്ററി പുറത്തുവിട്ടത്. കൈക്കൂലിപ്പണംകൊണ്ട് കരിങ്കടല്‍തീരത്ത് പുതിന്‍ നൂറു കോടി ഡോളറിന്റെ കൊട്ടാരം പണിയുന്നുവെന്നായിരുന്നു വിവരണം. കൊട്ടാരത്തിന്റെ ദൃശ്യങ്ങളും നവൽനിയുടെ വിവരണവും ഉള്‍പ്പെട്ട രണ്ടു മണിക്കൂര്‍ വീഡിയോ പുതിനെതിരേയുള്ള ബ്രഹ്‌മാസ്ത്രമായി. തനിക്കോ തന്റെ കുടുംബത്തിനോ കൊട്ടാരവുമായി ബന്ധമില്ലെന്ന് പറഞ്ഞ് ആരോപണം നിഷേധിച്ച് പുതിന്‍ രംഗത്ത് വരികയും ഉടമസ്ഥാവകാശം അവകാശപ്പെട്ട് പുതിനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആര്‍ക്കഡി റൊമനോവിച്ച് റോട്ടന്‍ബര്‍ഗ് എന്ന മറ്റൊരു കോടീശ്വരന്‍ എത്തുകയും ചെയ്തെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ റിലീസ് ചെയ്ത ഡോക്യുമെന്ററി കണ്ടത്. ഇതോടെയാണ് നവൽനിയെ ആജീവനാന്തം ജയിലില്‍ തളയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് റഷ്യന്‍ സര്‍ക്കാരെത്തിയത്. ഇതിന് പുറമെ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തേയും നവൽനി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ 19 വര്‍ഷത്തെ ശിക്ഷ.
നവല്‍നിയെ തടവിലിടുന്നതിനെതിരേ റഷ്യന്‍ നഗരങ്ങളില്‍ വന്‍പ്രതിഷേധമിരമ്പി. അത് റഷ്യ കണ്ട ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായി മാറുകയും ചെയ്തു. വന്‍നഗരങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു അതുവരെ പ്രതിഷേധങ്ങള്‍. മാത്രമല്ല, പ്രതിഷേധങ്ങള്‍ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു. പങ്കെടുത്തവരില്‍ 42 ശതമാനം പേരും പുതുമുഖങ്ങളായിരുന്നു. മുമ്പ് ഒരു പ്രതിഷേധത്തില്‍പ്പോലും പങ്കെടുക്കാത്തവര്‍. നവൽനിയുടെ ഭാര്യ യൂലിയ നവൽനിയുള്‍പ്പെടെ അയ്യായിരത്തിലേറെപ്പേര്‍ അറസ്റ്റിലായി. പോലീസ് വണ്ടികളില്‍ നാല്‍പതു മണിക്കൂറിലേറെ ഭക്ഷണവും വെള്ളവും നല്‍കാതെ കഴിയേണ്ടിവന്നിട്ടും നവൽനിക്ക് വേണ്ടിയുള്ള ആർപ്പുവിളിയായിരുന്നു പ്രതിഷേധക്കാരില്‍നിന്ന് ഉയര്‍ന്നുവന്നത്.

രാജ്യദ്രോഹക്കുറ്റം, വിദേശ ഏജന്റ് ആരോപണം
ആരോഗ്യം വഷളായിട്ടും ജയിലില്‍ നവൽനിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു റഷ്യന്‍ സര്‍ക്കാര്‍ ചെയ്തത്. ഇതോടെ നവൽനിക്ക് ചികിത്സ നല്‍കണമെന്നും വിഷപ്രയോഗം അദ്ദേഹത്തിന്റെ ആരോഗ്യം വഷളാക്കിയിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി റഷ്യയിലെ 400 ഡോക്ടര്‍മാര്‍ പുതിന് തുറന്ന കത്തെഴുതുക വരെയുണ്ടായി. പുതിനും റഷ്യന്‍ സര്‍ക്കാരിനും നവൽനി നിരന്തരം പ്രതിസന്ധിയുണ്ടാക്കിയതോടെ വിദേശ ഏജന്റാണ് നവൽനിയെന്നും വിദേശ ശക്തികളുടെ പിന്തുണയോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം അയാള്‍ നടത്തുകയാണെന്നുമായിരുന്നു പുതിന്റ ആരോപണം. ഇതില്‍ വിചാരണ നടന്നുവരികയുമായിരുന്നു. തന്നെ ആജീവനാന്തം ജയിലിലിടാന്‍ തനിക്ക് മേല്‍ തീവ്രവാദക്കുറ്റവും രാജ്യദ്രോഹക്കുറ്റവും ആരോപിക്കുന്നുവെന്നായിരുന്നു വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വിചാരണയ്ക്കിടെ നവൽനി വാദിച്ചത്. ജയിലില്‍ കിടന്നുകൊണ്ട് തീവ്രവാദ ആക്രമത്തിന് പദ്ധതിയിട്ടുവെന്നുവരെ തനിക്കെതിരേ ആരോപിക്കുന്നുവെന്ന് കോടതിയില്‍ നവൽനി പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് നവൽനിയുടെ പിന്നിലെന്നും പുതിന്‍ ആരോപിച്ചിരുന്നു. രാജ്യദ്രോഹക്കുറ്റമായതിനാല്‍ തന്നെ 20 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ നീട്ടണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതിലാണ് കഴിഞ്ഞ വര്‍ഷം 19 വര്‍ഷത്തേക്ക് കൂടി ജയില്‍ശിക്ഷ നീട്ടി ഉത്തരവ് നല്‍കിയത്.

സമരജീവിതം ഓസ്‌കര്‍ പുരസ്‌കാരം
തനിക്കെതിരേ ശബ്ദമുയര്‍ത്തുന്നവരെ എന്ത് വിലകൊടുത്തും ഇല്ലാതാക്കുന്ന പുതിന്റെ സ്റ്റാലിനിസ്റ്റ് നടപടിയെ തുറന്നുകാട്ടുന്നതായിരുന്നു 2022-ല്‍ പുറത്തിറങ്ങിയ ഡാനിയല്‍ റോഹര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ഡോക്യുമെന്ററി 'നവൽനി.'റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്സി നവൽനിയെ വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്താന്‍ നടന്ന ശ്രമത്തെ അടിസ്ഥാനമാക്കിയുള്ള കഥപറഞ്ഞ 'നവൽനി' അവാര്‍ഡുകള്‍ വാരിക്കൂട്ടി. 2023 -ലെ ബെസ്റ്റ് ഡോക്യുമെന്ററി ഓസ്‌കാര്‍ അവാര്‍ഡടക്കം 13 അവാര്‍ഡുകളാണ് 'നവൽനി'ക്ക് ലഭിച്ചത്. 98 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലെത്തി. അലക്സി നവൽനിയും ഭാര്യ യൂലിയ നവൽനി അടക്കമുള്ളവര്‍ അഭിനയിച്ച ഡോക്യുമെന്ററി വലിയ ചര്‍ച്ചയായി. ലോകമെമ്പാടും ഏറ്റെടുത്തു. എച്ച.ബി.ഒ. മാക്സ്, സി.എന്‍.എന്‍. ഫിലിംസ് സംയുക്തമായി നിര്‍മിച്ച ചിത്രം ബി.ബി.സി. ടു അടക്കമുള്ള മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്തു. എന്നാല്‍, ഡോക്യുമെന്ററി പറയുന്നത് പച്ചക്കള്ളമാണെന്നും ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചത് ഹോളിവുഡിന്റെ 'രാഷ്ട്രീയവല്‍ക്കരണത്തെ' കാണിക്കുന്നുവെന്നുമായിരുന്നു റഷ്യന്‍ പാര്‍ലമെന്റ് പ്രതികരിച്ചത്.
Content Highlights: Alexy Novalny and Vladimir putin
Published: 17 Feb 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented