
ഓഗസ്റ്റ് 15 ന് അമേരിക്കയില്‍ റഷ്യന്‍ പ്രസിഡന്റുമായി ഒരു സ്ഥലക്കൈമാറ്റത്തിനുള്ള ചര്‍ച്ച നടക്കാനൊരുങ്ങുകയാണ്. വെറും ഭൂമിക്കൈമാറ്റം എന്നതിനപ്പുറം റഷ്യയെ സംബന്ധിച്ച് അത് തങ്ങളുടെ പഴയ തറവാട്ടില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകൂടിയാണ്. മധ്യസ്ഥൻ ഡൊണാള്‍ഡ് ട്രംപ്. എതിര്‍വശത്ത് പുതിന്‍.
ചര്‍ച്ച വിജയിച്ചാല്‍ നാല് വര്‍ഷത്തോളമായി റഷ്യയേയും യുക്രൈനിനേയും മുള്‍മുനയില്‍ നിര്‍ത്തിയ രൂക്ഷയുദ്ധത്തിന്റെ പരിസമാപ്തിയാവാനുള്ള സാധ്യതയും ഉരുത്തിരിഞ്ഞുവരുന്നുണ്ട്. പറഞ്ഞുവരുന്നത് അലാസ്‌ക എന്ന അമേരിക്കന്‍ സംസ്ഥാനത്തെ കുറിച്ചും ഇവിടെ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ പ്രാധാന്യത്തെ കുറിച്ചുമാണ്. ഇനി എങ്ങനെയാണ് അമേരിക്കയിലെ ഒരു സംസ്ഥാനത്തിന് റഷ്യയുമായി ബന്ധമെന്ന് ചോദിച്ചാല്‍ അതിന് 1867 മുതലുള്ള ഒരു ചരിത്രം പറയാനുണ്ട്. യുദ്ധാനന്തരം ഒരിക്കല്‍ റഷ്യയ്ക്ക് സാമ്പത്തിക തിരിച്ചടി ഉണ്ടായപ്പോള്‍ പരിഹാരമെന്നോണം റഷ്യ അമേരിക്കയ്ക്ക് വിറ്റ അലാസ്‌ക ഇന്ന് മറ്റൊരു സ്ഥലക്കൈമാറ്റവുമായി ബന്ധപ്പെട്ട് ട്രംപ് വേദിയാക്കുന്നത് അപ്രതീക്ഷിതമായി സംഭവിച്ച കാര്യമല്ല. അതില്‍ ചില ഓര്‍മപ്പെടുത്തലുകൾ കൂടിയുണ്ട്.
അലാസ്‌ക എങ്ങനെ അമേരിക്കയ്ക്ക് കിട്ടി
1853 മുതല്‍ 1856 വരെ നീണ്ടുനിന്ന ക്രിമിയന്‍ യുദ്ധത്തിന് ശേഷം റഷ്യയുടെ ഖജനാവ് അപ്പാടെ ചോര്‍ന്നുപോയിരുന്നു. ഇതോടെ മോസ്‌കോയില്‍ നിന്ന് ഏറെ അകലെയുള്ള അലാസ്‌കയെ നിലനിര്‍ത്തുകയെന്നത് അവരെ സംബന്ധിച്ച് നടക്കാത്ത കാര്യമായി. ഇതിനു പുറമെ യുദ്ധം തുടര്‍ന്നാല്‍ ബ്രിട്ടന്‍ അലാസ്‌ക പിടിച്ചടക്കുമെന്ന തിരിച്ചറിവും അന്നത്തെ രാജാവും റഷ്യന്‍ ഭരണാധികാരിയുമായിരുന്ന ടിസാര്‍ അലക്‌സാണ്ടര്‍ രണ്ടാമനുണ്ടായി. ഇതോടെയാണ് അന്നത്തെ 72 ലക്ഷം യു.എസ് ഡോളറുകള്‍ക്ക് അലാസ്‌കയെ അമേരിക്കയ്ക്ക് വിറ്റത്. 1959 മുതല്‍ അലാസ്‌കയ്ക്ക് അമേരിക്കന്‍ സംസ്ഥാന പദവിയും ലഭിച്ചു. ഇന്ന് അവരുടെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് അലാസ്‌ക. 6,63,000 സ്ക്വയര്‍ മൈലില്‍ നീണ്ടുകിടക്കുന്ന അലാസ്‌ക ഇന്ന് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് കൂടിയാണ്. വലിയ വിലകൊടുത്ത് അലാസ്‌കയെ അമേരിക്കയുടെ ഭാഗമാക്കിയത് മണ്ടത്തരമാണെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് അവിടെ സ്വര്‍ണം കണ്ടെത്തിയതോട് കൂടിയാണ് ഇതിന് ലോകശ്രദ്ധയും ലഭിച്ചത്. അക്കാലത്ത് അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന വില്യം എച്ച് സീവാര്‍ഡായിരുന്നു ഈ വാങ്ങലിന് പിന്നില്‍. അതുകൊണ്ടു തന്നെ ഈ കച്ചവടത്തെ സീവാര്‍ഡിന്റെ വിഡ്ഢിത്തം എന്നും വിളിച്ചിരുന്നു. പിന്നീട് വമ്പന്‍ ധാതു നിക്ഷേപങ്ങളും പ്രകൃതിവാതക നിക്ഷേപങ്ങളുമൊക്കെയാണ് മേഖലയില്‍ നിന്നും കണ്ടെടുത്തിരുന്നത്. ഇതോടെ അലാസ്‌ക അമേരിക്കയെ സംബന്ധിച്ച് അഭിമാന സംസ്ഥാനവുമായി. ഒരു അമേരിക്കന്‍ നയതന്ത്ര പരിപാടിയില്‍ അലാസ്‌ക അവസാനമായി ശ്രദ്ധാകേന്ദ്രമായത്, 2021 മാര്‍ച്ചില്‍ ജോ ബൈഡന്റെ പുതുതായി രൂപീകരിച്ച നയതന്ത്ര-ദേശീയ സുരക്ഷാസംഘം അവരുടെ ചൈനീസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ്. ഇന്ന് യുക്രൈന്‍-റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാനും അലാസ്‌ക വേദിയാകുമ്പോള്‍ അതിനെ ലോകം കൗതുകത്തോടെ നോക്കുന്നുണ്ട്.
വഴങ്ങാത്ത പുതിനും ശിക്ഷിക്കുന്ന ട്രംപും
അധികാരമേറ്റാല്‍ 24 മണിക്കൂറിനിടെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ ഒരു തരത്തിലും വഴങ്ങാന്‍ പുതിന്‍ തയ്യാറല്ലായിരുന്നു. മാത്രമല്ല, റഷ്യ യുക്രൈനിൽ അധിനിവേശം നടത്തുന്ന കാലത്ത് താന്‍ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നുവെങ്കില്‍ ഒരിക്കലും യുദ്ധം സംഭവിക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അധികാരമേറ്റയുടന്‍ ഇതിനായുള്ള ശ്രമം നടന്നെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പുതിന്‍ തയ്യാറായിരുന്നില്ല. ഇതോടെ പുതിനെ ട്രംപ് ശത്രുപക്ഷത്തുമാക്കി. യുദ്ധം നിര്‍ത്താന്‍ പുതിന് താല്‍പര്യമില്ലെന്ന് പറഞ്ഞ ട്രംപ് റഷ്യയ്‌ക്കെതിരേ കടുത്ത നടപടിയിലേക്കും പോയി. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധമടക്കമുള്ള ഭീഷണി. ഇതിനിടെ ഓഗസ്റ്റ് എട്ടിന് മുന്നെ യുദ്ധം നിര്‍ത്തണമെന്ന അന്ത്യശാസനവും ട്രംപ് പുതിന് നല്‍കി. പക്ഷേ, ട്രംപിന്റെ അന്ത്യശാസനത്തെ അപ്പാടെ തള്ളിക്കളയുകയായിരുന്നു പുതിന്‍. ഇതില്‍ പ്രകോപിതനായി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് പിഴച്ചുങ്കമടക്കം ഏര്‍പ്പെടുത്തിക്കൊയായിരുന്നു ട്രംപിന്റെ ശിക്ഷിക്കല്‍. എന്നാല്‍, ഉപരോധം മറികടക്കാന്‍ റഷ്യയും ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ ഒന്നിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങിയത്. ഇതിനിടെയാണ് പുതിന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നുവെന്നും ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ വെച്ച് ചര്‍ച്ച നടക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ പെട്ടെന്നുള്ള മനംമാറ്റത്തെ ഏറെ കൗതുകത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇതിന് അലാസ്‌ക തന്നെ വേദിയാകുന്നതിന് പിന്നിലും ചില ഓര്‍മപ്പെടുത്തലും കണക്കുകൂട്ടലുമുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ട്രംപ് പിഴച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയുണ്ടായെന്ന് കഴിഞ്ഞ ദിവസവും ട്രംപ് പ്രതികരിച്ചിരുന്നു. മാത്രമല്ല കൂടുതല്‍ ഉപരോധങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അലാസ്‌കയിലെ ചര്‍ച്ചയും നടക്കാനിരിക്കുന്നത്.

യുക്രൈന് ഇല്ലാതെ യുക്രൈനുവേണ്ടി ചര്‍ച്ച
കഴിഞ്ഞയാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പുതിനുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് അലാസ്‌ക ചര്‍ച്ചയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, റഷ്യയും-യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി പങ്കെടുക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സെലെന്‍സ്‌കിയെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാന്‍ പുതിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിബിസി പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും യുക്രൈനിന്റെ താല്‍പര്യത്തിന് വിരുദ്ധമായി വരുന്ന ഒരു കരാര്‍ ഉടമ്പടിയേയും അംഗീകരിക്കില്ലെന്നുമാണ് സെലെന്‍സ്‌കിയും യുക്രൈന്‍ പ്രതിനിധികളും വ്യക്തമാക്കിയത്. ഇതോടെ ചര്‍ച്ചയ്ക്കുശേഷം എന്ത് സംഭവിക്കുമെന്നതും നിര്‍ണായകമാണ്. റഷ്യ യുക്രൈനില്‍ നിന്നും പിടിച്ചെടുത്ത ചില പ്രദേശങ്ങള്‍ യുക്രൈന് വിട്ടുകൊടുക്കേണ്ടി വരുമെന്ന തരത്തിലുള്ള പ്രസ്താവനയാണ് ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കി ട്രംപ് നേരത്തെ പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് പുതിന്‍ തയ്യറാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രൈനിന്റെ പ്രധാനപ്പെട്ട പല ഭാഗങ്ങളും ഇപ്പോള്‍ റഷ്യയുടെ കൈവശമാണ്. അതുകൊണ്ടു തന്നെ പിടിച്ചെടുത്ത ഭാഗം വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു മധ്യസ്ഥശ്രമത്തിന് പുതിന്‍ തയ്യാറായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ കടുത്ത നീക്കത്തിലേക്കായിരിക്കും ട്രംപിന്റെ നീക്കം. മാത്രമല്ല റഷ്യയ്‌ക്കെതിരേ ദ്വിതീയ ഉപരോധമടക്കമുള്ള മുന്നറിയിപ്പും ട്രംപ് നല്‍കിയിരുന്നു.
ഇതിനിടെ യുക്രൈന് വേണ്ടി അലാസ്‌കയില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ബന്ധമായും യുക്രൈനിനെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ ഇല്ലാതെ യുക്രൈന് വേണ്ടി എന്ത് ചര്‍ച്ചയാണ് പുതിനും ട്രംപും നടത്തുന്നതെന്നും അങ്ങനെ സംഭവിച്ചാല്‍ അത് യുക്രൈനിന്റെ പരാജയത്തിന്റെ തുടക്കമാവുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. യുക്രൈനിന്റെ പ്രാതിനിധ്യമില്ലാതെ ഒരു തീരുമാനവും ഉണ്ടാവാന്‍ പാടില്ലെന്നും ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, ബ്രിട്ടന്‍, ഫിന്‍ലൻഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുടെ നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയ്ക്കുശേഷം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, യുക്രൈനിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും പറഞ്ഞു.

ഭൂമി വിട്ടുനല്‍കിയുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറാവാതെ സെലെന്‍സ്‌കി
ഓഗസ്റ്റ് 15 ന് അലാസ്‌കയില്‍ ട്രംപും പുതിനും നടത്താനിരിക്കുന്ന മധ്യസ്ഥ ചര്‍ച്ചയെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നതെങ്കിലും ഭൂമി വിട്ടുനല്‍കിയുള്ള പരിഹാരമാര്‍ഗമാണ് സ്വീകരിക്കുകയെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനോട് പോസിറ്റീവായ പ്രതികരണമല്ല യുക്രൈന്‍ പ്രസിഡന്റ് വൊളാദിമിര്‍ സെലെന്‍സ്‌കിയില്‍ നിന്നും വരുന്നത്. വെടിനിര്‍ത്തലിന് പകരമായി തങ്ങളുടെ രാജ്യത്തിന്റെ കൂടുതല്‍ പ്രദേശം വിട്ടുനല്‍കാനുള്ള റഷ്യന്‍ നിര്‍ദേശം അംഗീകരിക്കില്ല. കാരണം, അങ്ങനെ നേടുന്ന പ്രദേശങ്ങളെ ഭാവിയില്‍ ഒരു യുദ്ധം തുടങ്ങാനുള്ള വഴിയായി മോസ്‌കോ ഉപയോഗിക്കുമെന്നാണ് സെലെന്‍സ്‌കി പ്രതികരിച്ചത്.
ഭൂമി വിട്ടുനല്‍കിക്കൊണ്ട് റഷ്യ ഉന്നയിക്കുന്ന ആവശ്യത്തെ ട്രംപ് പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ യുക്രൈനിനെ ട്രംപ് അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും സെലെന്‍സ്‌കി മാധ്യമങ്ങളോട് വ്യക്തമാക്കി. അലാസ്‌ക ഉച്ചകോടിക്കുശേഷം, റഷ്യയുടെ നിയന്ത്രണത്തിലല്ലാത്ത ഡോണ്‍ബാസിലെ ഭാഗങ്ങള്‍ ഏറ്റെടുക്കുമെന്നാണ് പുതിന്‍ പറയുന്നത്. ഇത് അംഗീകരിക്കാന്‍ യുഎസ് യുക്രൈനിനെ നിര്‍ബന്ധിക്കുന്നത് അപകടകരമാണ്. രാജ്യത്തിന്റെ ''ഏകദേശം 90,000 ചതുരശ്ര കിലോമീറ്റര്‍'' പ്രദേശമാണ് റഷ്യ ആവശ്യപ്പെടുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും സെലെന്‍സ്‌കി വ്യക്തമാക്കുന്നുണ്ട്.
റഷ്യ മുന്നേറ്റം നടത്തുന്ന ഡോണ്‍ബാസ് വിട്ടുകിട്ടണമെന്ന ആവശ്യമാണ് വെള്ളിയാഴ്ച ട്രംപുമായുള്ള ചര്‍ച്ചയില്‍ റഷ്യ മുന്നോട്ടുവെക്കുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, യുക്രൈനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഡോണ്‍ബാസ്. അതുകൊണ്ട് തന്നെ ഇത് വിട്ടുകൊടുത്തുള്ള ഒരു വെടിനിര്‍ത്തല്‍ ചര്‍ച്ചയും മുന്നോട്ട് പോവില്ലെന്ന് യുക്രൈന്‍ വൃത്തങ്ങളും പറയുന്നു. യുക്രൈനിലെ പ്രധാന നഗരങ്ങളെ സംരക്ഷിക്കുന്ന ഡോണ്‍ബാസ് എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും യുക്രൈന്‍ വ്യക്തമാക്കുന്നുണ്ട്.
പ്രദേശങ്ങള്‍ കൈമാറിയുള്ള വെടിനിര്‍ത്തല്‍ കരാറുണ്ടാക്കുന്നതിന് മുന്നെ റഷ്യ യുദ്ധമുഖത്ത് നിന്ന് പൂര്‍ണമായും പിന്‍മാറുകയും യുദ്ധത്തടവുകരെയും കാണാതായ കുട്ടികളെയുമെല്ലാം കൈമാറുക എന്ന ആവശ്യവും യുക്രൈന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഞങ്ങള്‍ക്കും യുക്രൈനുമെതിരേയുള്ള എന്ത് തീരുമാനവും അത് സമാധാനത്തിന് എതിരായ തീരുമാനമായിരിക്കുമെന്ന് സെലെന്‍സ്‌കി വ്യക്തമാക്കിയതും ഭൂമി വിട്ടുനല്‍കിയുള്ള ഒരു നീക്കുപോക്കിനും തയ്യാറല്ലെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗം കൂടിയാണ്. ഞങ്ങളില്ലാതെയുള്ള ഒരു ചര്‍ച്ചയും യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്കെത്തില്ല. യുക്രൈനിന് എന്നന്നേക്കുമുള്ള സമാധാനമാണ് ആവശ്യം. ഇതിനായി തങ്ങളുടെ സഖ്യകക്ഷികളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സെലെന്‍സ്‌കി പ്രതികരിച്ചു.
Content Highlights: Trump mediates Russia-Ukraine war talks in Alaska, where Russia once sold land to the US
Published: 14 Aug 2025, 03:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented