
ഈയിടെ സാമൂഹികമാധ്യമങ്ങളിൽ ഒരു വിഭാഗം ആൾക്കാർ ആഘോഷിച്ച ഒരു വീഡിയോ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അല്പം ബുദ്ധിമുട്ടി പടിക്കെട്ടുകൾ കയറുന്നതാണ്. മര്യാദയ്ക്ക് നടക്കാൻ പോലും പറ്റാത്തയാളാണോ ഇന്ത്യയുടെ സുരക്ഷാകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്ന് അവർ ചോദിച്ചു. ആ കാലുകളുടെ ഉടമ രാജ്യത്തിനു വേണ്ടി ഒരു ജീവിതകാലം മുഴുവൻ എന്താണ് ചെയ്തതെന്നും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവർ കണ്ടില്ല, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, രഹസ്യാന്വേഷണ ഏജൻസികളുടെ തലവൻ എന്ന നിലയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഇന്ത്യയ്ക്കു വേണ്ടി ഈ ഉത്തരാഖണ്ഡുകാരൻ നൽകിയ നിർണായകമായ സംഭാവനകൾ അത്രയെളുപ്പം മറക്കാനോ മായ്ച്ചു കളയാനോ കഴിയുന്നതല്ല.
ദീർഘകാലം വേഷംമാറി ലാഹോറിലെ തെരുവുകളിലൂടെ നടന്ന് വിവരങ്ങൾ ശേഖരിച്ചത് അദ്ദേഹമാണ്. 1988-ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ രണ്ടിൽ റിക്ഷക്കാരന്റെയും ഐഎസ്‌ഐ ഏജന്റിന്റെയും വേഷം കെട്ടി സുവർണക്ഷേത്ര സമുച്ചയത്തിൽ നുഴഞ്ഞുകയറി നിർണായക വിവരങ്ങൾ സൈന്യത്തിനു നൽകിയത് ഡോവലാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കത്തിയെരിഞ്ഞപ്പോൾ തീവ്രവാദികളെ ചർച്ചാമേശയിലേക്കെത്തിക്കാനും സമാധാനം കൊണ്ടുവരാനും അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കായി. ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ അശാന്തമായ കശ്മീരിലെയും കലാപത്തിൽ കത്തിയെരിഞ്ഞ ഡൽഹിയിലെയും തെരുവുകളിൽ ഇറങ്ങി നടന്ന് ജനങ്ങളെ സമാധാനിപ്പിക്കാൻ നിയോഗിക്കപ്പെട്ടതും മറ്റാരുമല്ല. അദ്ദേഹത്തിന്റെ ചുവടുകൾക്ക് ശക്തിയും വേഗതയും കുറവായിരിക്കാം. പക്ഷേ അതുകൊണ്ട് അളക്കാനാവില്ല രാജ്യത്തിനു സമർപ്പിച്ച ആ മസ്തിഷ്‌കത്തെ.
ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന പന്ത്രണ്ടുവർഷം കൊണ്ട് ഇന്ത്യയുടെ സുരക്ഷാസംവിധാനത്തിലും പ്രതികരണ രീതികളിലുമൊക്കെ വലിയ മാറ്റം കൊണ്ടുവരാൻ ഡോവലിനായി. ആ മാറ്റത്തിനു പിന്നിലെ തത്വശാസ്ത്രം ഡോവൽ നയം (ഡോവൽ ഡോക്ട്രിൻ) എന്നു വിളിക്കപ്പെടുന്നു. ശത്രു ആക്രമിച്ച ശേഷം സംയമനത്തോടെ പ്രതികരിക്കുകയോ ഒന്നും ചെയ്യാതിരിക്കുകയോ ചെയ്യുന്ന പതിവിനെ (പാർലമെന്റ് ആക്രമണത്തിനും മുംബൈ ആക്രമണത്തിനും ശേഷം കണ്ടതുപോലെ) ഈ നയം പൊളിച്ചെഴുതി. ഇന്ത്യയിൽ ഏതെങ്കിലും തരത്തിലുള്ള ദുസ്സാഹസത്തിന് മുതിർന്നാൽ കനത്ത വില ഭീകരരും പാകിസ്താനും നൽകേണ്ടി വരുമെന്ന സന്ദേശം നൽകി- വാക്കാലല്ല, പ്രവൃത്തി കൊണ്ട്. സർജിക്കൽ സ്‌ട്രൈക്കിലും ബാലാകോട്ട് ആക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും നമ്മളതു കണ്ടു. ഇന്ത്യക്കെതിരെ ആക്രമണത്തിന് തുനിയുമ്പോൾ പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിച്ച് ഭയന്ന് പിൻമാറാൻ പ്രേരിപ്പിക്കുന്നത്ര വേദനാജനകമായ പാഠം. അതു ഫലിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ അദ്ദേഹത്തിന് നൽകുന്നത് ഒരു രാഷ്ട്രത്തലവന് നൽകുന്ന ആദരവും സ്വീകരണവുമാണ്. യുക്രൈൻ യുദ്ധകാലത്ത് റഷ്യയുമായുള്ള സങ്കീർണ്ണമായ ബന്ധം അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തു. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജെയ്ക്ക് സള്ളിവൻ ഡോവലിനെ 'ലോകത്തിന്റെ നിധി' എന്നാണ് വിശേഷിപ്പിച്ചത്. ഡോവലിന്റെ രീതികളോട് വലിയ യോജിപ്പില്ലാത്ത മുൻ റോ തലവൻ എ എസ് ദുലത് തന്നെക്കാൾ മികച്ച ചാരമേധാവിയാണ് അദ്ദേഹമെന്ന് പറഞ്ഞിട്ടുണ്ട്. ബർഖാ ദത്തിന് നൽകിയ അഭിമുഖത്തിൽ രാജ്യത്തിന് വേണ്ടി റിസ്‌ക് എടുക്കാനുള്ള ഡോവലിന്റെ കഴിവിനെ അദ്ദേഹം അംഗീകരിച്ചു.
ഡോവലിന്റെ അനുഭവസമ്പത്തും കൂർമബുദ്ധിയും തന്ത്രജ്ഞതയും രാജ്യം മാത്രമല്ല, ലോകവും അംഗീകരിച്ചതാണ്. കേവലമൊരു സുരക്ഷാ ഉദ്യോഗസ്ഥനായല്ല, നിഴൽ വിദേശകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കുന്നു. ദേശീയ രഹസ്യാന്വേഷണ ഏജൻസികളുടെ ചുമതലയ്ക്ക് പുറമെ റഷ്യ, അമേരിക്ക, ചൈന എന്നിവയുമായുള്ള ഇന്ത്യയുടെ നിർണായക ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. പുതിന്റെ ഇന്ത്യൻ സന്ദർശനത്തിന് വഴിയൊരുക്കാൻ ഡോവൽ മോസ്‌കോയിലേക്ക് പറന്നിരുന്നു. ട്രംപിന്റെ രണ്ടാംവരവിനു ശേഷമുള്ള സങ്കീർണ്ണമായ യുഎസ് ബന്ധം ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം പണയപ്പെടുത്താതെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വലിയ പങ്കു വഹിച്ചു. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിലും ഡോവൽ നയത്തിന്റെ സ്പർശം കാണാം. അതുപോലെയാണ് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഇന്ത്യ- ഇസ്രയേൽ സുരക്ഷാസഹകരണം രൂപപ്പെടുത്തിയതും.
2026 ജൂൺ 22, 23 തീയതികളിൽ ന്യൂഡൽഹിയിൽ നടന്ന ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചത് അജിത് കുമാർ ഡോവൽ ആയിരുന്നു. ചൈനീസ് വിദേശമന്ത്രി വാങ് യീ, റഷ്യൻ സുരക്ഷാസമിതി സെക്രട്ടറി സെർജി ഷോയ്ഗു, ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാസമിതിയിൽ പ്രതിരോധകാര്യങ്ങളുടെ ഡെപ്യൂട്ടി സെക്രട്ടറി ഘാദിർ നിസാമിപുർ എന്നിവരടക്കമുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത സമ്മേളനം. 'ലോകം നേരിടുന്ന പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികൾ' എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ഡോവലിനെക്കുറിച്ചുള്ള പുസ്തകത്തിനു പറ്റുന്ന തലക്കെട്ടിന് ഇതിനെ 'സുരക്ഷാവെല്ലുവിളികളെ നേരിടാനുള്ള പരമ്പരാഗതമല്ലാത്ത രീതികളുടെ ആശാൻ' എന്നു മാറ്റിയാൽ മതിയാവും!
അജ്ഞാതദൗത്യങ്ങളും ഡിജിറ്റൽ പോരാളികളും
ഇതിനു പുറമേയാണ് പുസ്തകത്തിലില്ലാത്ത ചില 'അജ്ഞാത' ഓപ്പറേഷനുകളെന്ന് പറയപ്പെടുന്നു. കടുത്ത സുരക്ഷയിൽ ജീവിച്ചിരുന്ന ചില ഇന്ത്യാവിരുദ്ധ ഭീകരർ കൊല്ലപ്പെട്ടത് ലോകത്തെ കിടുകിടെ വിറപ്പിച്ച ഭീകരനേതാക്കൾ- ലഷ്‌കർ തലവൻ ഹാഫിസ് സയീദും ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹർ തുടങ്ങിയവരുടെ ഉറക്കം കെടുത്തുന്നു. 2020-നു ശേഷം മുപ്പതോളം ഭീകരരാണ് അജ്ഞാതരുടെ വെടിയുണ്ടകൾക്ക് ഇരയായത്. ഇവരെല്ലാം ഇന്ത്യാവിരുദ്ധ ഭീകരതയ്ക്ക് നേതൃത്വം നൽകിയവരായിരുന്നു. തുടരെത്തുടരെ ഇത്തരം കൊലപാതകങ്ങൾ നടന്നിട്ടും അജ്ഞാതരെ തിരിച്ചറിയാനോ, അവർക്കെതിരെ തെളിവുണ്ടാക്കാനോ പാകിസ്താനു കഴിഞ്ഞിട്ടില്ല.
രാജ്യത്തിനകത്തും പുറത്തുമുള്ള ഈ വിജയങ്ങൾക്കിടയിലും ഇന്ത്യയെ അലട്ടിയിരുന്ന പ്രശ്‌നം ആഖ്യാനത്തിന്റെ മേലുള്ള നിയന്ത്രണമില്ലായ്മയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ വൻവിജയം നേടിയെങ്കിലും ആറു റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക് ആഖ്യാനത്തിനു തുടക്കത്തിൽ സ്വീകാര്യത കിട്ടി. ഇന്ത്യക്കെതിരായ ആഖ്യാനം ചമയ്ക്കുന്നതിൽ പലപ്പോഴും പാക്- ചൈനീസ് സഖ്യവും അവരുടെ ബോട്ട് ഫാമുകളും വിജയം വരിക്കാറുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യം, ജാതിവ്യവസ്ഥ തുടങ്ങിയ കാര്യങ്ങൾ അന്താരാഷ്ട്രതലത്തിൽ സജീവചർച്ചയാക്കി നിലനിർത്താനാണ് ശ്രമം. 'ഭീകരവാദത്തിന്റെ ആവാസവ്യവസ്ഥയിലെ പ്രധാന ഘടകമാണ് മാധ്യമങ്ങൾ' എന്ന് 2019ൽ വ്യക്തമാക്കിയ ഡോവൽ, ആധുനികയുദ്ധം ആയുധങ്ങൾ കൊണ്ട് മാത്രമല്ല, ആശയങ്ങൾ കൊണ്ട് കൂടിയാണെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു.
2026 ജൂണിൽ ചൈനയുടെ സംഘടിത ബോട്ട്ഫാമുകൾ ജാതിവ്യവസ്ഥയെ കരുവാക്കി ആരംഭിച്ച വൻ ഇന്ത്യാവിരുദ്ധ പ്രചാരണത്തെ ഇന്ത്യൻ നെറ്റിസൻമാർ തകർത്തെറിഞ്ഞു. 'നാം പ്രതിരോധിച്ചാൽ മാത്രം പോരാ, കടന്നാക്രമിച്ചുള്ള പ്രതിരോധമാണ് വേണ്ടത്' എന്ന ഡോവലിന്റെ ദീർഘകാല കാഴ്ചപ്പാട് ഇവിടെ പ്രയോഗത്തിൽ വന്നു. (ഈ പ്രത്യാക്രമണത്തിൽ അദ്ദേഹത്തിനോ കേന്ദ്രസർക്കാരിനോ പങ്കുണ്ടാവണമെന്നില്ല.) പുരാതന ചൈനയിലെ ചാതുർവർണ്യമായ ഷീ (പണ്ഡിതൻ)- നോങ് (കർഷകൻ)- ഗോങ് (കരകൗശല വിദഗ്ധരും മറ്റും)- ഷാങ് (വൈശ്യർ) സംവിധാനത്തെയും കമ്യൂണിസ്റ്റ് ചൈനയിലെ ഹുക്കോവു സംവിധാനത്തെയും അവർ ലോകത്തിനു മുമ്പിൽ തുറന്നുകാട്ടി.
ജന്മസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ- ഗ്രാമം, നഗരം- ജനങ്ങളെ രണ്ടായി വിഭജിക്കുന്നതാണ് കമ്യൂണിസ്റ്റ് ചൈനയിലെ ഹുക്കോവു സംവിധാനം. ഗ്രാമീണരെ ജനിച്ചയിടത്തു തളച്ചിടുന്ന, ദാരിദ്ര്യം തലമുറകളിലേക്ക് കൈമാറുന്ന സംവിധാനം. കൂടുതൽ ആനുകൂല്യങ്ങൾ നഗരവാസികൾക്ക് കിട്ടും. ഇതുകാരണം 29 കോടിയിലധികം കുടിയേറ്റ തൊഴിലാളികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, താമസം തുടങ്ങിയ അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതായി കരുതുന്നു. ഈ സമ്പ്രദായം ചൈനയിലെ ജാതിസംവിധാനമാണെന്ന് സാമൂഹികമാധ്യമങ്ങളിൽ ഇന്ത്യക്കാർ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് 'ഞങ്ങളുടെ ജാതി അങ്ങനെയല്ല' എന്നു വാദിച്ച് ലേഖനമെഴുതേണ്ടി വന്നു.
ഡോവലും പാകിസ്താനും
2014 മെയ് മാസം ഡോവൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന്റെ ചുമതലയേൽക്കുമ്പോൾ അത് വളരെ ചെറിയൊരു സംവിധാനമായിരുന്നു. എൻഎസ്എയെ സഹായിക്കാൻ ഒരൊറ്റ ഡെപ്യൂട്ടി എൻഎസ്എ മാത്രം. ഇപ്പോളത് ഭരണഘടനാപരമായ അടിത്തറയുള്ള, വികേന്ദ്രീകൃതമായ വൻ സംവിധാനമാണത്. 2019 ഓഗസ്റ്റിൽ സെക്രട്ടേറിയറ്റിന് നിയമപരവും ഭരണഘടനാപരവുമായ പദവി ലഭിച്ചു. ദേശീയ സുരക്ഷാകാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ 'മുഖ്യ ഉപദേഷ്ടാവ്' എന്ന് എൻഎസ്എയുടെ പദവിയെ ഈ ഭേദഗതി പ്രത്യേകം നിർവ്വചിക്കുന്നു.
സ്ഥാപനപരമായ വളർച്ച ഇന്ത്യയുടെ സുരക്ഷാനയങ്ങളിലും പ്രകടമായി. പാകിസ്താനോടുള്ള ഇന്ത്യയുടെ സമീപനം മാറി. മണിപ്പുരിൽ 18 സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് 2015- ൽ മ്യാൻമർ അതിർത്തിയിൽ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തി (ഇതായിരുന്നു മോദി സർക്കാരിന്റെ ആദ്യത്തേത്). ഉറി ഭീകരാക്രമണത്തിന് പിന്നാലെ 2016ൽ പാകിസ്താനിൽ സർജിക്കൽ സ്‌ട്രൈക്ക്; പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്താനിലെ ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾക്ക് നേരെ 2019ൽ വ്യോമാക്രമണം. ഒടുവിൽ 2025 മെയ് മാസത്തിൽ 'ഓപ്പറേഷൻ സിന്ദൂർ'. പാകിസ്താനിലെ ഭീകരക്യാമ്പുകൾക്ക് നേരെ നടത്തിയ കൃത്യതയാർന്ന വ്യോമാക്രമണ പരമ്പരകളെ ഏകോപിപ്പിച്ചത് അദ്ദേഹമായിരുന്നു.
ഡോവൽ യുഗത്തിലെ ഏറ്റവും നിർണായകമായ ഒരു വശം ശത്രുരാജ്യങ്ങൾക്ക് സ്വന്തം മണ്ണിൽ നേരിടേണ്ടി വന്ന തിരിച്ചടികളാണ്. ഒരുകാലത്ത് ലാഹോറിലും റാവൽപിണ്ടിയിലും ഭയമില്ലാതെ നടന്നിരുന്ന ഭീകരത്തലവന്മാർ പാകിസ്താനിലും കനഡയിലും അമേരിക്കയിലുമൊക്കെ ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നു. ഇതിലൊന്നിലും ഇന്ത്യയുടെ പങ്കിന് തെളിവുകളില്ല. എന്നാൽ സന്ദേശം കിട്ടേണ്ടവർക്ക് കിട്ടും: ഇന്ത്യയുടെ ശത്രുക്കൾ എവിടെപ്പോയൊളിച്ചാലും രക്ഷയില്ല!
ഇന്ത്യക്കെതിരായ ഭീകരവാദത്തെ ധിക്കാരത്തോടെ സ്‌പോൺസർ ചെയ്തിരുന്ന പാകിസ്താൻ മാറിപ്പോയിരിക്കുന്നു. ആഭ്യന്തരയുദ്ധങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും കെടുതികളിലാണവർ. ഖൈബർ പഖ്തൂൺക്വയിലും ബലൂചിസ്താനിലും വിമതസേനകൾക്കു മുന്നിൽ തോറ്റോടുകയാണ് പാക് പട്ടാളം. ശത്രുപക്ഷത്തായ താലിബാൻ ഡ്രോണുകളുപയോഗിച്ച് പാക് മണ്ണിൽ ബോംബിട്ടു തുടങ്ങി. പാക്കധീന കശ്മീരിലും സിന്ധിലും ജനകീയ പ്രക്ഷോഭങ്ങൾ. തകർന്ന സമ്പദ്‌വ്യവസ്ഥ കാരണം കടംവാങ്ങാൻ ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും അറബി രാജ്യങ്ങളുടെയും മുന്നിൽ ഇടയ്ക്കിടെ ഇരക്കേണ്ട സാഹചര്യം. ഇന്ത്യ സിന്ധുനദീ ജലക്കരാറിൽ നിന്നും പിൻവാങ്ങിയതോടെ ജലയുദ്ധവും ആരംഭിച്ചിരിക്കുന്നു. പാകിസ്താനിലെ കുഴപ്പങ്ങൾക്കെല്ലാം പിന്നിൽ ഡോവലാണെന്ന് ആരോപിക്കപ്പെടാറുണ്ട്. പാകിസ്താനിലെ ആഭ്യന്തരദൗർബല്യങ്ങൾ ഇന്ത്യ ചൂഷണം ചെയ്യുന്നുണ്ടോയെന്ന് ആർക്കറിയാം! എന്തായാലും പതിറ്റാണ്ടുകളായി ഇന്ത്യയിലേക്ക് ഭീകരതയും അസ്ഥിരതയും കയറ്റി അയച്ച രാജ്യം ഇന്ന് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്.
വ്യാളിയോട് മുട്ടുമ്പോൾ
പാകിസ്താനെ കൈകാര്യം ചെയ്യുന്നത്ര ലളിതമല്ല ചൈനയുമായുള്ള ഇടപെടൽ. ഏറെ ക്ഷമയോടും കരുതലോടും കൂടിയാണ് ചൈനീസ് വ്യാളിയെ ഇന്ത്യ സമീപിക്കുന്നത് എന്നു വ്യക്തമാണ്. അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കർ, ചൈനയിലെ ഇന്ത്യൻ അംബാസഡർ വിജയ് കേശവ് ഗോഖലെ എന്നിവർക്കൊപ്പം നയതന്ത്ര ചർച്ചകളിലൂടെ ഡോക്ലാം പ്രതിസന്ധി പരിഹരിച്ചതിന്റെ ക്രെഡിറ്റ് ഡോവലിനാണ്. 2020 ജൂണിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം മേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഡോവലായിരുന്നു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിചർച്ചകളുടെ സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. 2017ലോ 2020ലോ കണ്ടതുപോലെ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ഇന്ന് ചൈന നടത്തുന്നില്ല. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യ വലിയ തോതിൽ അടിസ്ഥാനസൗകര്യങ്ങൾ നിർമിച്ചതും സൈനിക വിന്യാസം നടത്തിയതുമാണ് ഒരു പ്രധാനകാരണം. മറ്റൊന്ന് ഗൽവാനിൽ കിട്ടിയ അതിശക്തമായ തിരിച്ചടിയും. അതിർത്തിപ്രശ്‌നം അവിടെ നിൽക്കട്ടെ, വ്യാപാരത്തെ അതു ബാധിക്കേണ്ടതില്ല എന്ന ചൈനീസ് നിലപാട് ഇന്ത്യ തള്ളിക്കളഞ്ഞു. തന്ത്രപരമായ ലക്ഷ്യങ്ങൾക്കായി സാമ്പത്തിക നഷ്ടം സഹിക്കാൻ തയ്യാറാണെന്ന സന്ദേശം അണിയറ ചർച്ചകളിലൂടെ ചൈനയ്ക്ക് നൽകാൻ ഡോവലിനായി. അതേസമയം, രാജ്യതാത്പര്യം മുൻനിർത്തി വിട്ടുവീഴ്ചകൾ ചെയ്യാൻ ഇന്ത്യ മടിക്കാറില്ല. പക്ഷേ, ആ തീരുമാനമെടുക്കുന്നത് ഇന്ത്യയായിരിക്കണമെന്നും, ഇന്ത്യ നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണമെന്നും ഡോവലിന് നിർബന്ധമുണ്ട്.
പിഴച്ച ദൗത്യങ്ങളും ആരോപണങ്ങളും
എണ്ണിപ്പറയാൻ നേട്ടങ്ങളേറെയുണ്ടെങ്കിലും ഡോവലിനെതിരെയും വിമർശനങ്ങളുമുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനവും കൂട്ടഅറസ്റ്റുകളും ഡോവൽ മാതൃകയുടെ ഇരുണ്ട വശമായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ദശകങ്ങളായി തുടരുന്ന നാഗാ സമാധാന ചർച്ചകൾ ഇനിയും ലക്ഷ്യത്തിലെത്തിയിട്ടില്ല. അജ്ഞാതരുടെ വിളയാട്ടം ചിലപ്പോൾ പ്രശ്‌നമാവുന്നുണ്ട്. ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകം ഇന്ത്യ-കനഡ ബന്ധം പ്രതിസന്ധിയിലാക്കി. പുതിയ പ്രസിഡന്റ് വരേണ്ടി വന്നു ബന്ധങ്ങൾ പഴയ പടിയാവാൻ. അമേരിക്കയിൽ സിഖ് വിഘടനവാദി പട്‌വന്ത് സിംഗ് പന്നൂനെതിരായ വധശ്രമം രാജ്യത്തെ പ്രതിക്കൂട്ടിൽ നിർത്തി. വിപുലീകരിക്കപ്പെട്ട ദേശീയ സുരക്ഷാകൗൺസിൽ സെക്രട്ടേറിയറ്റിനും ഡോവലിന്റെ ഓഫീസിനും മേൽ ജനാധിപത്യ മേൽനോട്ടം കുറവാണെന്നും ആരോപണമുണ്ട്. രഹസ്യാന്വേഷണം സംബന്ധിച്ച എല്ലാ കാര്യങ്ങളും പരസ്യപ്പെടുത്താൻ പറ്റില്ലെന്ന ന്യായം താൽക്കാലികമായേ വിജയിക്കൂ. ഉത്തരം കിട്ടുംവരെ കാലം ചോദ്യം ചോദിച്ചുകൊണ്ടിരിക്കും.
'ധുരന്ധർ' എന്ന സിനിമ ഡോവലിന്റെ വ്യക്തിത്വത്തിന് പൊതുജനങ്ങളുടെ മനസിൽ അമാനുഷികമായ പരിവേഷം ചമച്ചിരിക്കുന്നു. പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റു വീഴുന്ന ഭീകരരുടെ വാർത്തകൾ അതിനെ കത്തിജ്ജ്വലിപ്പിക്കുന്നു. പക്ഷേ, ഇന്ത്യയുടെ സ്വന്തം ജെയിംസ് ബോണ്ട് വെറും കഥാപാത്രമല്ല, ജീവിച്ചിരിക്കുന്ന വ്യക്തിയാണ്, അദ്ദേഹത്തെക്കുറിച്ച് കേൾക്കുന്നവയിൽ ബഹുഭൂരിഭാഗവും വെറും കഥകളല്ല, സംഭവിച്ചവയാണ്. 81-ാം വയസ്സിലും ജോലി ചെയ്യുന്ന ഈ വയോവൃദ്ധന്റെ കർനിരതമായ മസ്തിഷ്‌കമാണ് പന്ത്രണ്ട് വർഷം കൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സുരക്ഷാ സമവാക്യങ്ങളെ മാറ്റിമറിച്ചത്. ഏറ്റവും നല്ല പ്രതിരോധം ആക്രമണമാണെന്നും ആനുപാതികമല്ലാത്ത തിരിച്ചടി ഭയന്ന് ആക്രമണത്തിനു തുനിയാൻ ശത്രു ധൈര്യപ്പെടാത്ത സാഹചര്യമുണ്ടാക്കുന്നതാണ് ഏറ്റവും മികച്ച പ്രതിരോധം (ഡിറ്ററൻസ്) എന്നും തെളിയിച്ച ഡോവലിന്റെ പാത അടുത്ത കാലത്തെങ്ങും അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ഉപേക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല.
Published: 23 Jun 2026, 08:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented