
അതിര്‍ത്തികളിലേക്ക് കുതിക്കുകയാണ് ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരേയും വഹിച്ച് നിരനിരയായി സഞ്ചരിക്കുന്ന ട്രക്കുകളും ബസ്സുകളും. അനധികൃത കുടിയേറ്റക്കാര്‍ക്ക് പാകിസ്താന്‍ വിടാനുള്ള അന്ത്യശാസനത്തിന്റെ കാലാവധി ഒക്ടോബര്‍ 31ന് പൂര്‍ത്തിയായതോടെയാണ് കൂട്ടപലായനം. സ്വമേധയാ പോകാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നാണ് പാക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇതോടെ ലക്ഷക്കണക്കിന് അഫ്ഗാനികളാണ് പാകിസ്താന്‍ വിടാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
അഫ്ഗാനികളുടെ നാടുകടത്തലിന് പിന്നിലെന്ത്?
പാകിസ്താനില്‍ 40 ലക്ഷത്തിലധികം അഭയാര്‍ഥികള്‍ ഉണ്ടെന്നാണ് അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഐക്യരാഷ്ട്രസഭയുടെ സമിതിയായ യുണൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസിന്റെ കണക്കുകള്‍. ഇതില്‍ പതിനേഴ് ലക്ഷത്തിലേറെ പേര്‍ അനൗദ്യോഗികമായാണ് രാജ്യത്ത് തങ്ങുന്നത് എന്നാണ് പാകിസ്താന്‍ വ്യക്തമാക്കുന്നത്. ഇതിൽ ഏറെയും അഫ്ഗാനിസ്താനില്‍ നിന്നുള്ളവരാണ്. അഫ്ഗാനിലെ താലിബാന്‍ ഭരണത്തിന് ശേഷമാണ് പല അഫ്ഗാനികളും പാകിസ്താനിലേക്ക് എത്തിയതെങ്കിലും 1979ലെ സോവിയറ്റ് അധിനിവേശത്തിന് ശേഷം എത്തിയവരാണ് ഭൂരിഭാഗവും.
പാകിസ്താനില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് സ്വയം രാജ്യം വിട്ടുപോകാന്‍ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചിട്ടും പുറത്തുപോകാത്തവരെ നവംബര്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി അറസ്റ്റ് ചെയ്ത് നടുകടത്തുമെന്നാണ് പാക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. ഡിവിഷന്‍, ജില്ലാതലങ്ങളില്‍ ഇതിനായുള്ള കമ്മിറ്റികള്‍ രൂപീകരിച്ചതായി ആഭ്യന്തരമന്ത്രാലയം മന്ത്രി സര്‍ഫ്രാസ് ബുഗ്തി പറഞ്ഞു. മതിയായ യാത്രാരേഖകളില്ലാത്തവരെയാണ് ആദ്യഘട്ടത്തില്‍ പുറത്താക്കുക. വര്‍ഷങ്ങളായി പാകിസ്താനില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാരെ നവംബര്‍ ഒന്നിന് ശേഷം താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവര്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും ബുഗ്തി പറഞ്ഞു.

അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് യാതൊരു വിധത്തിലുള്ള ന്യായീകരണവുമില്ല. അറസ്റ്റ് ചെയ്ത് നാടുകടത്തുന്നവരെ താല്‍ക്കാലികമായി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയതിനുശേഷമാവും അതിര്‍ത്തി കടത്തുക. സ്ത്രീകളേയും കുട്ടികളേയും ബഹുമാനത്തോടെ പരിഗണിക്കും. മതിയായ രേഖകളില്ലാത്ത അഫ്ഗാനികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന പാക് സ്വദേശികള്‍ക്കെതിരേയും നിയമനടപടിയുണ്ടാവുമെന്ന് ബുഗ്തി വ്യക്കമാക്കി.
അതേസമയം അനുവദിച്ച സമയം കഴിയുന്നതിന് മുന്‍പേ തന്നെ പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പരിശോധനയും അറസ്റ്റും ആരംഭിച്ചിരുന്നുവെന്നാണ് കറാച്ചിയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്മാര്‍ പ്രതികരിച്ചത്. അറസ്റ്റ് പേടിച്ച് രാജ്യംവിടാൻ പോയ അഫ്ഗാന്‍ അഭയാര്‍ഥികളാല്‍ ശ്വാസം മുട്ടുകയാണ് പാക് അതിര്‍ത്തികള്‍. കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ള വലിയ സംഘം അതിര്‍ത്തികളില്‍ കാത്തുനില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാക് സര്‍ക്കാര്‍ നല്‍കിയ സമയപരിധിക്കുള്ളില്‍ തന്നെ അഞ്ച് ലക്ഷത്തോളം അഫ്ഗാനികള്‍ അതിര്‍ത്തി കടന്നുകഴിഞ്ഞു. രാജ്യം വിടാനായി സ്വമേധയാ അതിര്‍ത്തിയിലേക്ക് പോയ അഭയാര്‍ഥികളെ മാനസിക-ശാരീരിക പീഡനത്തിനിരയാക്കുന്നതായി സമൂഹമാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളുണ്ട്.
സാമ്പത്തിക പ്രതിസന്ധി, അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍, വര്‍ധിച്ചുവരുന്ന ഭീകരവാദം എന്നിവയാണ് അഫ്ഗാനികളെ നാടുകടത്തലിന് പിന്നിലെ കാരണങ്ങളായി പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നത്.
പൗരത്വമോ ജനിച്ച രാജ്യമോ പരിഗണിക്കാതെ രാജ്യത്തെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യ വക്താവ് മുംതാസ് സാറാ ബലോച്ച് പറഞ്ഞു. പാകിസ്താന്റെ പരമാധികാര ആഭ്യന്തര നിയമങ്ങള്‍ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് തീരുമാനം നടപ്പാക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി പാകിസ്താന്‍ അഭയം നല്‍കിയ ആളുകളുടെ ലക്ഷക്കണക്കിന് എണ്ണം മാത്രം മതി അഭയാര്‍ഥികളോട് പാകിസ്താനുള്ള നിലപാട് എന്താണെന്ന് വ്യക്തമാവാനെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാടേ തകര്‍ന്ന പാകിസ്താന്‍
പാകിസ്താന്റെ സാമ്പത്തിക സ്ഥിതിയും പാടേ തകര്‍ന്നിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നുപോവുന്നത്. പണപ്പെരുപ്പവും കാര്‍ഷിക പ്രതിസന്ധി സൃഷ്ടിച്ച പ്രളയത്തിനും ഊര്‍ജക്ഷാമത്തിനും ഒപ്പം വിദേശകടവും പെരുകിയപ്പോള്‍ ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലേക്ക് വീണുപോവുകയായിരുന്നു പാകിസ്താന്‍. ദക്ഷിണേഷ്യയില്‍ തന്നെ ഏറ്റവും കുറവ് പ്രതിശീര്‍ഷ വരുമാനമുള്ള രാജ്യമാണ് പാകിസ്താന്‍. 2000ത്തിനും 2020നും ഇടയില്‍ വെറും 1.7 ശതമാനം വര്‍ധനവ് മാത്രമാണ് പാകിസ്താന്റെ പ്രതിശീര്‍ഷ വരുമാനത്തിലുണ്ടായത്. സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാന്‍ നികുതി-ജിഡിപി അനുപാതം അഞ്ച് ശതമാനമെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് ലോകബാങ്കിന്റെ നിര്‍ദേശം. ഭരണത്തിലുണ്ടായിരുന്ന സര്‍ക്കാരിന് പാകിസ്താനെ താങ്ങിനിര്‍ത്താനാവുന്ന തരത്തില്‍ യാതൊരു നടപടികളും കൈക്കൊള്ളാനായില്ല.
അഭയാര്‍ഥി പ്രവാഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സാമ്പത്തിക ശക്തിയോ കഴിവോ പാകിസ്താനില്ലെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പറഞ്ഞിരുന്നു. അഫ്ഗാനിസ്താനില്‍ നിന്ന് തുടര്‍ച്ചയായി അതിര്‍ത്തി കടന്ന് അഭയാര്‍ഥികളെത്തുന്നത് തടയുമെന്ന് പാക് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. അതിര്‍ത്തികളിലൂടെ നിയമംലംഘിച്ച് നടത്തുന്ന കള്ളക്കടത്ത് തടയാനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതിന് പിന്നില്‍ അതിര്‍ത്തിയിലൂടെയുള്ള കള്ളക്കടത്താണെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്. അതിര്‍ത്തി കടക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് കള്ളക്കടത്ത് തടയാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
തകര്‍ന്നിരിക്കുന്ന രാജ്യത്തിന് അഭയാര്‍ഥികളെ താങ്ങാനാവുന്ന കെല്‍പില്ലെന്നാണ് പാകിസ്താനിലെ സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ഇത്രയും കൂടുതല്‍ അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പാകിസ്താനില്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. അഫ്ഗാന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തെ രാജ്യത്തെ മാധ്യമങ്ങളും സ്വാഗതം ചെയ്തു. ബുദ്ധിപരമായ തീരുമാനം എന്നാണ് രാജ്യത്തെ പ്രമുഖ ദിനപത്രമായ 'ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍' മുഖപ്രസംഗത്തില്‍ എഴുതിയത്. തീരുമാനം നടപ്പിലാക്കാന്‍ വൈകിയെങ്കിലും ഏറെ വൈകിയിട്ടില്ല. പാക് സര്‍ക്കാര്‍ നല്‍കിയ സമയപരിധി അഭയാര്‍ഥികള്‍ക്ക് വലിയ വെല്ലുവിളി ആണെങ്കിലും അത് പൂര്‍ണമായും നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അഭയാര്‍ഥികളെ തിരിച്ചയക്കുമെന്ന വാക്ക് വെറും വാഗ്ദാനമായി ചുരുങ്ങിപ്പോവരുതെന്ന് മുഖപ്രസംഗം പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ക്ക് താവളമായ രാജ്യങ്ങളിലൊന്നാണ് പാകിസ്താന്‍. യുദ്ധത്തിന്റേയും ഭീകരവാദത്തിന്റേയും മറ്റും തുടര്‍ച്ചയായി അഫ്ഗാനിസ്താനില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് പാകിസ്താനിലേക്ക് പ്രതിവര്‍ഷം എത്തുന്നത്. 1979-ലെ സോവിയറ്റ് അധിനിവേശത്തിന് ശേഷം നാല് പതിറ്റാണ്ടായി അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ പാകിസ്താനിലാണ് കഴിയുന്നത്.
അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ഭൂരിഭാഗവും അഫ്ഗാന്‍-പാകിസ്താന്‍ അതിര്‍ത്തി പ്രദേശമായ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലാണ് താമസിക്കുന്നത്. അഫാഗിനില്‍ താലിബാന്‍ ഭരണത്തിലേറിയതിന് ശേഷം കുറഞ്ഞത് ആറ് ലക്ഷം ആളുകളെങ്കിലും പാകിസ്താനിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സിയുടെ കണക്കുകള്‍. അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ ചട്ടങ്ങളൊന്നും ഇല്ലാത്ത രാജ്യമാണ് പാകിസ്താന്‍. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചിട്ടില്ലാത്തതിനാലാണ് അഭയാര്‍ഥികളായി എത്തുന്നവര്‍ പാകിസ്താന്റെ നയമാറ്റങ്ങള്‍ക്ക് ഇരയാവുന്നത്.
സെപ്തംബറില്‍ പ്രതിദിനം 300 പേരാണ് പാകിസ്താനില്‍ നിന്ന് അതിര്‍ത്തി കടന്ന് അഫ്ഗാനിസ്താനിലേക്ക് എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 4000 വരെ ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് അഭയാര്‍ഥി വിഷയങ്ങളില്‍ ഇടപെടുന്ന അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍. വരും ദിവസങ്ങളില്‍ ഈ എണ്ണം കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാല്‍ അതിര്‍ത്തിയില്‍ മൂന്ന് ക്രോസ് ബോര്‍ഡര്‍ പോയിന്റുകള്‍ കൂടി തുറന്നതായി ബലൂചിസ്ഥാന്‍ പ്രവിശ്യാമന്ത്രി വ്യക്തമാക്കി.

അതിര്‍ത്തിയില്‍ വര്‍ധിക്കുന്ന ഭീകരവാദം
അടുത്തിടെ പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍ സുരക്ഷാ പ്രതിസന്ധിയും അഫ്ഗാനികളെ നാടുകടത്തുന്നതിന് പിന്നിലുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ആക്രമണങ്ങള്‍ അഫ്ഗാനികളെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നതെങ്കിലും പാകിസ്താനും തൊട്ടടുത്തുള്ള അഫ്ഗാനിസ്താൻ ഭരിക്കുന്ന താലിബാന്‍ സര്‍ക്കാരും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ആക്രമണസാധ്യതകള്‍ തള്ളിക്കളയാനും സാധിക്കില്ല.
സെപ്തംബര്‍ 30ന് പാകിസ്താനിലെ രണ്ട് പള്ളികളില്‍ നടന്ന ചാവേര്‍ സ്‌ഫോടനങ്ങളിലായി ഏഴ് കുട്ടികളുള്‍പ്പെടെ അറുപതോളം പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ പോലീസ് സൂപ്രണ്ടും ഉള്‍പ്പെടുന്നു. ജനുവരി മുതല്‍ 24 ചാവേര്‍ ആക്രമണങ്ങളാണ് ഉണ്ടായത്. ഇതില്‍ 14 എണ്ണവും അഫ്ഗാന്‍ പൗരന്മാരെ ഉപയോഗിച്ചുള്ളവയായിരുന്നുവെന്ന് പാകിസ്താന്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തെളിവുകളൊന്നും പാകിസ്താന്‍ പുറത്തുവിട്ടിട്ടില്ല.
ടി.ടി.പി (പാകിസ്താനി താലിബാന്‍) പോലെയുള്ള താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ അഫ്ഗാനിസ്താനില്‍ അഭയം കണ്ടെത്തുകയാണ്. ഇവര്‍ക്ക് നേരെ അഫ്ഗാന്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.
ക്രൂരവും പ്രാകൃതവുമെന്ന് അഫ്ഗാനിസ്താൻ
അഫ്ഗാന്‍ പൗരന്മാരെ നാടുകടത്താനുള്ള പാക് തീരുമാനത്തെ ക്രൂരവും പ്രാകൃതവുമെന്നാണ് അഫ്ഗാനിലെ സാമൂഹിക നേതാക്കള്‍ വിശേഷിപ്പിച്ചത്. ഈ നടപടി കാബൂളിന് ഇസ്ലാമാബാദുമായുള്ള ബന്ധം വഷളാക്കുന്നതിലേക്കെത്തിക്കും. അഫ്ഗാനിസ്താനിലെ ജനങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഇപ്പോള്‍ തന്നെ വലിയ മാനുഷിക പ്രതിസന്ധി നേരിടുന്നുണ്ട്. സ്ത്രീകളെ് ജോലി ചെയ്യാനോ കുട്ടികളെ ആറാം ക്ലാസിനപ്പുറത്തേക്ക് പഠിക്കാനോ താലിബാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. സുരക്ഷയും ഭീഷണിയിലാണ്. അതുകൊണ്ടാണ് അഭയം തേടി അഫ്ഗാനിലെ ജനങ്ങള്‍ പാകിസ്താനിലേക്കെത്തിയത് എന്നാണ് അഫ്ഗാനിലെ സാമൂഹിക നേതാക്കള്‍ പ്രതികരിച്ചത്.
സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 22 വരെ 60000 പൗരന്മാര്‍ പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയതായാണ് താലിബാന്‍ സര്‍ക്കാര്‍ പറയുന്നത്. പാകിസ്താന്‍ നാടുകടത്തല്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ അഫ്ഗാനിലേക്കുള്ള തിരിച്ചുവരവിന്റെ തോത് മൂന്ന് മടങ്ങ് വര്‍ധിച്ചതായി താലിബാന്‍ റെഫ്യൂജി മന്ത്രാലയം വക്താവ് അബ്ദുള്‍ മുതലിബ് ഹക്കാനി പറഞ്ഞു.
പാകിസ്താനില്‍ നിന്ന് ജനങ്ങളെ നാടുകടത്തുന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്ന് അഫ്ഗാനിലെ ആത്മീയ നേതാവായ ഹസ്രത് അബൂബക്കര്‍ മൊജാദിദിയും പ്രതികരിച്ചു. കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പാകിസ്താനിലെ അഫ്ഗാന്‍ പൗരന്മാരെ നാടുകടത്തുന്നത് മാനുഷിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നത് തീര്‍ച്ച. പാക് സര്‍ക്കാര്‍ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അഭയകേന്ദ്രങ്ങളൊരുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഫ്ഗാന്‍ പൗരന്മാരെ ബലമായി തിരിച്ചയക്കാനുള്ള തീരുമാനം ഉടന്‍ മരവിപ്പിക്കണമെന്നും ഇല്ലെങ്കില്‍ അത് വലിയ മനുഷ്യാവകാശ ധ്വംസനത്തിലേക്കാണ് നയിക്കുകയെന്നും യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മീഷണറുടെ ഓഫീസ് (ഒ.എച്ച്.സി.എച്ച്.ആര്‍) മുന്നറിയിപ്പ് നല്‍കി. പാകിസ്താന്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്ഗാന്‍ സര്‍ക്കാറും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാര്‍ഥികള്‍ പോലീസിന്റെ പീഡനങ്ങള്‍ക്കും കൊള്ളയടിക്കലിനും ഇരകളാവുന്നുവെന്നും പലരും താമസസ്ഥലം തകര്‍ക്കപ്പെട്ട് പുറത്താക്കപ്പെടുകയുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അഭയാര്‍ഥികളോട് അല്‍പം കൂടി കരുണ കാണിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും രാജ്യം വിടാനുള്ള സമയപരിധി കൂട്ടിനല്‍കണണെന്നുമുള്ള ആവശ്യങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. പാകിസ്താനില്‍ നിന്ന് നാടുകടത്തപ്പെട്ട് അഫ്ഗാനിസ്താനിലേക്ക് തിരിച്ചുവരുന്നവര്‍ കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരയാവുമെന്ന് UNHCR അഭയാര്‍ഥി ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അറസ്റ്റും തടങ്കലും, പീഡനവുമുള്‍പ്പെടെ മനുഷ്യത്വരഹിതവുമായ പെരുമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഏജന്‍സി പറയുന്നത്.

സമ്മര്‍ദത്തിലായി അഫ്ഗാനിസ്താന്‍
താലിബാന്‍ ഭരണം ഏറ്റെടുത്തതിനു ശേഷം അഫ്ഗാനിസ്താന്റെ സാമ്പത്തിക-സാമൂഹിക സ്ഥിതിഗതികള്‍ ഗുരുതരമാണ്. ബാങ്കിങ് മേഖലയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളും വിദേശസഹായം വെട്ടിക്കുറച്ചതുമെല്ലാം സ്വതവേ ദുര്‍ബലമായ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ലോകബാങ്കിന്റെ കണക്കനുസരിച്ച്, താലിബാന്‍ ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിലുള്ളതിനേക്കാള്‍ ഇരട്ടിയാണ് നിലവിലെ തൊഴിലില്ലായ്മാ നിരക്ക്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും മാനുഷിക സഹായം ആവശ്യമാണൊണ് യുഎന്‍ ഏജന്‍സികള്‍ പറയുന്നത്. അതിനൊപ്പമാണ് ഇപ്പോഴത്തെ അഭയാര്‍ഥികളുടെ തിരിച്ചുവരവും.
പാകിസ്താനില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അവരെ താല്‍ക്കാലിക ക്യാമ്പുകളില്‍ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അഫ്ഗാന്‍ അഭയാര്‍ഥി മന്ത്രാലയം അറിയിക്കുന്നത്. മടങ്ങിയെത്തുന്നവര്‍ക്ക് ജോലി കണ്ടെത്താന്‍ ശ്രമിക്കുമെന്ന് താലിബാന്‍ ഭരണകൂടവും വ്യക്തമാക്കുന്നു.
അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവും പാകിസ്താനുമായുള്ള നിയമപരമായ വ്യാപാരത്തിനായുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതും അന്താരാഷ്ട്ര സഹായത്തെ വളരെയധികം ആശ്രയിക്കുന്ന അഫ്ഗാനിസ്താന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്യുക. ഇരു സര്‍ക്കാരുകളും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരകളാവുന്നത് അഫ്ഗാന്‍ അഭയാര്‍ഥികളാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.
Content Highlights: Afghans return to Taliban rule as Pakistan moves to expel 1.7 million
Published: 06 Nov 2023, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented