
അവിടെ ഇപ്പോൾ പച്ചപ്പിന്റെ തണലുണ്ട്. പൂക്കളുണ്ട്. ജലാശയങ്ങളുണ്ട്. അപ്പോഴും ഓർമ്മകൾ എരിയുന്നു. മനോഹരമായ ഒരു ജലാശയത്തിനു മുൻപിലാണ് ഞാൻ നിൽക്കുന്നത്. ചുറ്റും തണലും പച്ചപ്പിന്റെ ശാന്തതയും നൽകുന്ന ഓക്ക് മരങ്ങൾ. സമചതുരാകൃതിയിലുള്ള മനുഷ്യനിർമിതമായ ഈ ജലാശയത്തിന്റെ വശങ്ങളിലൂടെ ഒഴുകി ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി സൃഷ്ടിച്ച് അടിത്തട്ടിലേക്ക് പതിക്കുന്ന ജലം. അവിടെനിന്ന് വീണ്ടും ഒഴുകി നടുക്ക് സമചതുരാകൃതിയിലുള്ള ഒരു ഗർത്തത്തിന്റെ ആഴങ്ങളിലേക്കു പതിച്ച് അത് അപ്രത്യക്ഷമാകുന്നു. ഏതാണ്ട് ഇരുനൂറടി മാറി അതേ വലുപ്പത്തിലും ആകൃതിയിലും മറ്റൊരു ജലാശയംകൂടി. ഇരട്ട ജലാശയങ്ങൾ! ധ്യാനാത്മകമായ അന്തരീക്ഷം. എനിക്കു ചുറ്റുമൊരു മഹാനഗരമാണുള്ളത് എന്നു ഞാൻ മറന്നുപോകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നദികളെന്നപോലെ ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് സന്ദർശകരെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളും ഒരുക്കി വിസ്മയിപ്പിക്കുന്ന മാന്ത്രികഭൂമി! എത്രകണ്ടാലും മതിവരാത്ത ന്യൂയോർക്ക്!
നഗരത്തിന്റെ ശബ്ദകോലാഹലങ്ങൾ പക്ഷേ, ഞാൻ നിൽക്കുന്ന ഈ ഉദ്യാനത്തിലേക്ക് എത്തുന്നില്ല. ലോകത്തെ നടുക്കിയ ഒരു ദുരന്തത്തിന്റെ ഓർമ്മസ്ഥലമാണിത്. ന്യൂയോർക്കിന്റെ പ്രൗഢിയുടെ പ്രതീകമായി നിലകൊണ്ടിരുന്ന വേൾഡ് ട്രേഡ് സെന്റർ ഇരട്ടഗോപുരങ്ങളുടെ കാൽപ്പാടുകളിലാണ് മനോഹരങ്ങളായ ഈ ജലാശയങ്ങൾ ഒരുക്കിയിരിക്കുന്നത്. 110 നിലയുള്ള തലയെടുപ്പുള്ള ആ കെട്ടിടങ്ങൾ കേവലം രണ്ട് മണിക്കൂറിനുള്ളിൽ തകർന്നു ശൂന്യതയിലേക്കെന്നപോലെ അപ്രത്യക്ഷമായിട്ട് ഇരുപത്തിമൂന്ന് വർഷം കഴിഞ്ഞിരിക്കുന്നു. സെപ്‌റ്റംബർ 11, 2001-ലെ ശരത്കാലത്തിന്റെ ചെറുതണുപ്പുള്ള ഒരു സാധാരണ പ്രവൃത്തിദിനം തീവ്രവാദ ഭീകരതയുടെ രക്തസാക്ഷിയായി മാറിയത് എത്രപെട്ടെന്നായിരുന്നു.
8:46 A.M.
ബോസ്റ്റൺ ലോഗൻ എയർപോർട്ടിൽനിന്ന് ലോസ് ആഞ്ജലിസിലേക്ക് യാത്രതിരിച്ച അമേരിക്കൻ എയർലൈൻസ് ഫ്ളൈറ്റ് 11 (അഞ്ച് തീവ്രവാദികളുൾപ്പെടെ 92 യാത്രക്കാർ) നോർത്ത് ടവറിൽ 93-ാം നിലയുടെയും 99-ാം നിലയുടെയും ഇടയ്ക്കായി ഇടിക്കുന്നു.
9:03 A.M.
ബോസ്റ്റൺ ലോഗൻ എയർപോർട്ടിൽനിന്ന് ലോസ് ആഞ്ജലിസിലേക്ക് യാത്രതിരിച്ച യുണൈറ്റഡ് എയർലൈൻസ് ഫ്ളൈറ്റ് 175 (അഞ്ച് തീവ്രവാദികളുൾപ്പെടെ 65 യാത്രക്കാർ) വേൾഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിൽ 77-ാം നിലയുടെയും 85-ാം നിലയുടെയും ഇടയിൽ ഇടിക്കുന്നു.
9:37 A.M.
വെർജീനിയയിലെ വാഷിങ്ടൺ ഡാലസ് എയർപോർട്ടിൽനിന്ന് ലോസ് ആഞ്ജലിസിലേക്ക് തിരിച്ച അമേരിക്കൻ എയർലൈൻസ് ഫ്ളൈറ്റ് 77 (അഞ്ച് തീവ്രവാദികളുൾപ്പെടെ 53 യാത്രക്കാർ) വാഷിങ്ടൺ ഡി.സി.യിൽ അമേരിക്കൻ ഡിഫൻസ് ആസ്ഥാനമായ പെന്റഗണിന്റെ പടിഞ്ഞാറേ വശത്ത് ഇടിക്കുന്നു.
9:59 A.M.
വിമാനം ഇടിച്ച് ഒരുമണിക്കൂർ ആവുന്നതിനുമുൻപ് 110 നിലയിലുള്ള ട്രേഡ്‌സെന്റർ സൗത്ത് ടവർ തകർന്നുവീഴുന്നു.
10:03 A.M.
ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് എയർപോർട്ടിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് തിരിച്ച യുണൈറ്റഡ് എയർലൈൻസ് 93 (നാല് തീവ്രവാദികൾ ഉൾപ്പെടെ 44 യാത്രക്കാർ) പെൻസിൽവേനിയയിലെ ഷാങ്ക്‌സ്‌വിലിൽ തകർന്നുവീഴുന്നു
10:28 A.M.
ഒരു മണിക്കൂറിലേറെ തീയോടു പൊരുതി പരാജയപ്പെട്ട് വേൾഡ് ട്രേഡ് സെന്റർ നോർത്ത് ടവർ നിലംപതിക്കുന്നു. സിനിമയിൽപ്പോലും കണ്ടിട്ടില്ലാത്ത സംഭ്രമജനകമായ ദൃശ്യങ്ങൾ ലോകം മുഴുവൻ ടെലിവിഷനുകളിലൂടെ നിസ്സഹായരായി കണ്ടിരുന്നു. ജീവനുവേണ്ടി രക്ഷപ്പെട്ടോടുന്നവർ, അവർ വന്ന ദിശയിലേക്ക് ഒരു ജീവനെങ്കിലും രക്ഷിക്കണം എന്ന പ്രാർഥനയോടെ ഓടിക്കയറുന്ന രക്ഷാപ്രവർത്തകർ.
നിമിഷനേരംകൊണ്ട് ന്യൂയോർക്ക് നഗരത്തെ പൊടിപടലങ്ങളും പുകയും കൂടിച്ചേർന്ന ചാരനിറമുള്ള ഒരു സത്വം വിഴുങ്ങി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണോ എന്ന് അന്വേഷിച്ചുള്ള ഫോൺവിളികൾ ഒഴുകി. 2977 പേരാണ് മരണമടഞ്ഞത്. 343 അഗ്നിശമനസേനാംഗങ്ങളും 37 പോർട്ട് അതോറിറ്റി ജീവനക്കാരും 23 പോലീസ് ഓഫീസർമാരും ഉൾപ്പെടെ. ദുരന്തത്തിന്റെ തീവ്രത അറിഞ്ഞുകൊണ്ടുതന്നെ കർമനിരതരായവർ. അവരുടെ ആത്മബലിെകാണ്ട് ജീവൻ രക്ഷപ്പെട്ട സാധാരണക്കാരുടെ കഥകൾ പിന്നീട് നമ്മൾ കേട്ടു.
യുണൈറ്റഡ് എയർലൈൻസ് ഫ്ളൈറ്റ് 93-ലെ യാത്രക്കാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് റാഞ്ചികൾക്ക് ആസൂത്രിത ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ പെൻസിൽവേനിയയിലെ ഒരു കൃഷിസ്ഥലത്തേക്ക് വിമാനം വീഴ്ത്തേണ്ടിവന്നു. വൈറ്റ് ഹൗസോ, യു.എസ്. കാപിറ്റോൾ ബിൽഡിങ്ങോ ഒക്കെ ആവാമായിരുന്നു ലക്ഷ്യം. രക്ഷാപ്രവർത്തകരെപ്പോലെത്തന്നെ വീരമരണം പ്രാപിച്ചവരാണ് ഈ യാത്രക്കാരും. പോലീസും പാരാമെഡിക്സും അഗ്നിരക്ഷാസേനാംഗങ്ങളും ന്യൂയോർക്കിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തി. ന്യൂയോർക്ക് നഗരവാസികൾ രക്ഷാപ്രവർത്തനത്തിനായി നിരത്തിലിറങ്ങി. തങ്ങളുടെ സഹോദരങ്ങളെ ചേർത്തുപിടിച്ചു. സബ്‌വേ സ്റ്റേഷനുകളും പാലങ്ങളും അടച്ചപ്പോൾ ഫെറികളും ബോട്ടുകളും ഒറ്റപ്പെട്ടുപോയ മൻഹാട്ടൻ ദ്വീപിൽനിന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചു.
ഓഫീസുകളും റസ്റ്ററന്റുകളും ദേവാലയങ്ങളും രക്ഷാപ്രവർത്തകർക്കു വാതിലുകൾ തുറന്നുകൊടുത്തു. വേൾഡ് ട്രേഡ് സെന്റർ എന്ന മേൽവിലാസം ഗ്രൗണ്ട് സീറോയായി മാറി.
ഞാനും ഭർത്താവും ആ സമയത്ത് കാനഡയിലാണ് താമസിക്കുന്നത്. അപ്പച്ചന് വയ്യാതായതിനാൽ സെപ്‌റ്റംബർ ആദ്യം ഞാൻ നാട്ടിലെത്തിയിരുന്നു. അപ്പച്ചൻ അബോധാവസ്ഥയിൽ ഐ.സി.യു.വിലാണ്. സെപ്‌റ്റംബർ 12-ലെ പത്രവുമായി ഐ.സി.യു.വിലിരുന്ന് ആ വാർത്ത ഞാൻ അപ്പച്ചനെ വായിച്ചുകേൾപ്പിച്ചു. എല്ലാ വാർത്തകളെയും വിശകലനം ചെയ്തിരുന്ന ഞങ്ങൾ അവസാനമായി പങ്കുവെച്ച ലോകവാർത്ത അതായിരുന്നു. സെപ്‌റ്റംബർ 22-ന് അപ്പച്ചൻ യാത്രയായി. 2001 സെപ്‌റ്റംബർ എന്റെ ജീവിതത്തിലും നഷ്ടം എന്നു കുറിക്കപ്പെട്ട മാസമാണ്.
9/11 ദുരന്തം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ദിശ തന്നെ മാറ്റി. തീവ്രവാദത്തിനെതിരേയുള്ള അമേരിക്കയുടെ വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിന്റെ അലകൾ പല രീതിയിൽ ലോകത്തെ ബാധിച്ചു. അതിശക്തമായ സുരക്ഷാനടപടികൾ, അതിർത്തി നിയമങ്ങൾ, സാമ്പത്തികമാന്ദ്യം, വർധിച്ച അഭയാർഥിപ്രവാഹം ഒക്കെ അവയിൽ ചിലതുമാത്രമാണ്. വർധിച്ചുവന്ന ഇസ്‌ലാമോഫോബിയ മനുഷ്യരുടെ മനസ്സിൽ മതിലുകളുയർത്തി. അമേരിക്കയിൽ പലയിടങ്ങളിലും സംഘർഷങ്ങൾക്ക് അതിടയാക്കി. നിരപരാധികൾ ആക്രമിക്കപ്പെട്ടു.
വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ നിന്ന എട്ട് ഏക്കറിലാണ് ഇന്ന് മെമ്മോറിയൽ പ്ലാസ ഒരുക്കിയിരിക്കുന്നത്. ‘Reflecting pools’ എന്നറിയപ്പെടുന്ന ഓരോ ഏക്കർ വീതം വലുപ്പമുള്ള രണ്ട് ജലാശയങ്ങളാണ് ഈ ഉദ്യാനത്തിന്റെ ഹൃദയഭാഗം.
ഞാൻ നിൽക്കുന്നത് നോർത്ത് ടവർ നിന്നിടത്തെ ജലാശയത്തിനു മുൻപിലാണ്. വെങ്കലത്തിൽ പണിതിരിക്കുന്ന അരഭിത്തിയിൽ മരിച്ചവരുടെ പേരുകൾ കൊത്തിവെച്ചിരിക്കുന്നു. ചില പേരുകളുടെയടുത്ത് പൂക്കൾ തിരുകിവെച്ചിട്ടുണ്ട്. രണ്ട് ജലാശയങ്ങളിലുമായി 2983 പേരുടെ പേരുകളാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
1993-ൽ നോർത്ത് ടവറിലുണ്ടായ ബോംബാക്രമണത്തിൽ മരിച്ച ആറുപേരും അതിലുൾപ്പെടും. പേരുകൾ അക്ഷരമാലക്രമത്തിലല്ല മറിച്ച് ഒരുമിച്ച് ജോലിചെയ്തവർ, ഒരേ വിമാനത്തിലെ യാത്രികർ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിങ്ങനെയുള്ള ബന്ധങ്ങൾ കണക്കിലെടുത്താണ് ക്രമീകരിച്ചിരിക്കുന്നത് (Meaningful Adjacencies) ഈ ജലാശയങ്ങളുടെ ശില്പി മൈക്കിൾ അറഡ് എന്ന ആർക്കിടെക്ടാണ്.
Reflecting Absence എന്ന ആശയമാണ് ഇതിന്റെ രൂപകല്പനയുടെ പിന്നിൽ. മധ്യഭാഗത്തുള്ള ശൂന്യത നഷ്ടത്തെയും നിരന്തരമായി ഒഴുകുന്ന ജലം ഉയിർത്തെഴുന്നേൽപ്പിനെയും പ്രതിനിധാനം ചെയ്യുന്നു. പ്രാർഥനയ്ക്കും പ്രതിഫലനത്തിനുമായുള്ള ശാന്തമായ അന്തരീക്ഷം.
പീറ്റർ വോക്കർ എന്ന ലാൻഡ് സ്കേപ് ആർക്കിടെക്ട് ആണ് മരങ്ങൾ നിറഞ്ഞ മെമ്മോറിയൽ പ്ലാസ ഒരുക്കിയിരിക്കുന്നത്. നാനൂറിലധികം ഓക്ക് മരങ്ങളാണ് ജലാശയങ്ങൾക്കു ചുറ്റും തണൽ വിരിക്കുന്നത്. ചുറ്റുവേലിക്കുള്ളിൽ നിൽക്കുന്ന മറ്റൊരു മരത്തിനുസമീപം ടൂറിസ്റ്റുകൾ ധ്യാനനിരതരായി നിൽക്കുകയും ഫോട്ടോയെടുക്കുകയുമൊക്കെ ചെയ്യുന്നു.
സർവൈവർ ട്രീ എന്ന് പേരിട്ടിരിക്കുന്ന ഈ കാലറി പെയർ ഇനം മരം അതിജീവനത്തിന്റെ പ്രതീകമാണ്. കത്തിനശിച്ച് ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയ ഒരു മരമാണിത്. ആ ചുറ്റുപാടും മറ്റൊരു മരംപോലും അവശേഷിച്ചിരുന്നില്ല. ഒടിഞ്ഞ ശാഖകളും കത്തിക്കരിഞ്ഞ തായ്‌ത്തടിയും പൊട്ടിയ വേരുകളുമൊക്കെയായി അവശേഷിച്ച മരത്തിലെ ജീവന്റെ തുടിപ്പുകണ്ട് ഈ മരത്തിന്റെ സംരക്ഷണം ന്യൂയോർക്ക് സിറ്റി പാർക്ക് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. പതുക്കെ ആരോഗ്യം വീണ്ടെടുത്ത മരം 2010-ൽ അത് വളർന്നുവന്ന മണ്ണിലേക്ക് തിരിച്ചെത്തി. ഇന്ന് തലയുയർത്തി നീലാകാശത്തിലേക്ക് ശാഖകൾ വിരിച്ച് വളരുന്ന ഈ പെയർ മരം പ്രത്യാശയുടെയും ഉയിർത്തെഴുന്നേൽപ്പിന്റെയും പ്രതീകമാണ്.
ന്യൂയോർക്ക് എന്ന അദ്‌ഭുത നഗരത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും കഥയും അതു തന്നെയാണ്. അനേകായിരം വൊളന്റിയർമാരുടെയും സിറ്റി അധികൃതരുടെയും. സന്ദർശകരുടെയും ഒട്ടേറെ ചേർത്തുപിടിക്കലിലൂടെയാണ് ന്യൂയോർക്കിന്റെ ആത്മാവിലേറ്റ മുറിവ് ഉണങ്ങിയത്. ദുഃഖിച്ചിരിക്കാൻ കൂട്ടാക്കാത്ത നഗരമാണിത്. ‘Show must go on’ എന്ന് ഉറച്ചുവിശ്വസിക്കുന്നു നഗരവാസികളും.
മെമ്മോറിയൽ പ്ലാസയിൽ കാണുന്ന മറ്റൊരു കെട്ടിടം 9/11 മെമ്മോറിയൽ മ്യൂസിയമാണ്. ദുരന്തത്തിന്റെ ചരിത്രമാണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. മരിച്ച മൂവായിരത്തോളം മനുഷ്യർക്കായാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തിയ തകർന്ന സ്റ്റീൽ ബീമുകൾ, ഭാഗികമായി തകർന്ന ഫയർ ട്രക്ക്, അവശേഷിച്ച കോണിപ്പടികൾ, രക്ഷപ്പെട്ടവരുടെ ശബ്ദരേഖകൾ, ചിത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ തുടങ്ങി പലതും ഓർമ്മയ്ക്കായി അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇവിടെ പൊതുജനത്തിന് പ്രവേശനമില്ലാത്ത ഒരു മുറിയിൽ ഇനിയും തിരിച്ചറിയാൻ സാധിക്കാത്ത പകുതിയിലേറെപ്പേരുടെ അവശിഷ്ടങ്ങൾ പവിത്രമായി സൂക്ഷിച്ചിരിക്കുന്നു. മെഡിക്കൽ എക്സാമിനർക്കും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കുംമാത്രം പ്രവേശനമുള്ള ഈ മുറിയിൽ നൂതന സാങ്കേതിക മാർഗങ്ങളുപയോഗിച്ച് തിരിച്ചറിയലിനുള്ള ശ്രമങ്ങൾ തുടരുന്നു. 2023-ൽ രണ്ട് പേരുടെ അവശിഷ്ടങ്ങൾകൂടി തിരിച്ചറിഞ്ഞു.!!!
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾ, ദുരന്തത്തെ അതിജീവിച്ചവർ, പലവിധമായ ആരോഗ്യപ്രശ്നങ്ങളാൽ ഇപ്പോഴും കഷ്ടപ്പെടുന്നവർ, മാനസികമായി തകർന്നവർ, യഥാർഥ ബലിയാടുകളുടെ കേൾക്കാത്ത കഥകളാണ് ഏത് ദുരന്തത്തിന്റെയും തിരുശേഷിപ്പ്.
എവിടെനിന്നോ ഒരു നീലത്തുമ്പി പറന്ന് എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്നു. ഞാൻ ജലാശയത്തിന് ചുറ്റും നടക്കുമ്പോഴും ഫോട്ടോകൾ എടുക്കുമ്പോഴും അനങ്ങാതെ അത് എന്നോട് ചേർന്നിരുന്നു.
പ്രകൃതിയിൽനിന്നുള്ള അടയാളങ്ങളിൽ വിശ്വസിക്കുന്ന എനിക്കുള്ള പ്രത്യേക സന്ദേശം കൈമാറി എപ്പോഴോ അത് പറന്നകന്നു. എല്ലാവർഷവും മെമ്മോറിയൽ പ്ലാസയിൽവെച്ച് സെപ്റ്റംബർ 11-ന് നടക്കുന്ന ഓർമ്മച്ചടങ്ങിൽ മരണമടഞ്ഞവരുടെ പേരുകൾ ഉറക്കെച്ചൊല്ലി അവർക്കായി ആദരാഞ്ജലികൾ അർപ്പിക്കുന്നു. അന്ന് രാത്രിയിൽ ആകാശത്തിലേക്ക് ഉയരുന്ന രണ്ട് പ്രകാശ ഗോപുരങ്ങൾ നഷ്ടത്തെയും അതിജീവനത്തെയും പ്രതിനിധാനം ചെയ്യുന്നു.
അപ്രത്യക്ഷമായ ഇരട്ടഗോപുരങ്ങൾക്കുപകരം മൻഹാട്ടൻ ആകാശരേഖയിൽ ഇന്ന് തലയുയർത്തി നിൽക്കുന്നത് ഫ്രീഡം ടവർ എന്നറിയപ്പെടുന്ന വൺ വേൾഡ് ട്രേഡ് സെന്ററാണ്. 1776 അടി ഉയരത്തിൽ നിൽക്കുന്ന ഈ സ്വാതന്ത്ര്യഗോപുരം അമേരിക്ക സ്വതന്ത്രമായ വർഷത്തെക്കൂടി പ്രതിനിധാനം ചെയ്യുന്നു. ഓഫീസുകളും കടകളും റസ്റ്ററന്റുകളുമൊക്കെയുൾപ്പെടുന്ന ഈ കെട്ടിടം അമേരിക്കയുടെ തകർക്കാൻ പറ്റാത്ത ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്.
ഗ്രൗണ്ട് സീറോ എന്ന പേര് ദുരന്തത്തിന്റെ തീവ്രതയെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ മെമ്മോറിയൽ പ്ലാസ പ്രാർഥനാഭരിതമായ ഓർമ്മപ്പെടുത്തലും. ഒരു ജനതയുടെ പ്രത്യാശയോടെയുള്ള തിരിച്ചുവരവുമാണ് ഉൾക്കൊള്ളുന്നത്. ‘we will forgive, but never forget’ എന്ന പ്രാർഥനയോടെ!
Content Highlights: about the world trade centre attack 23 years ago
Published: 08 Sept 2024, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented