ന്യൂഡൽഹി: 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ അഫ്ഗാനിസ്താനിലെ തോറ ബോറ മലനിരകളിൽനിന്ന് രക്ഷപ്പെട്ടത് സ്ത്രീവേഷത്തിലാണെന്ന് വെളിപ്പെടുത്തൽ. മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കു എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. 15 വർഷം സിഐഎയിൽ സേവനമനുഷ്ഠിക്കുകയും പാകിസ്താനിലെ സിഐഎ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തലവനായിരിക്കുകയും ചെയ്ത ഉദ്യോഗസ്ഥനായിരുന്നു കിരിയാക്കു.

To advertise here,

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം 2001 ഒക്ടോബറിൽ അഫ്ഗാനിലെ തോറ ബോറ മലകളിൽ അൽ-ഖ്വയ്ദ ഭീകരരെ യുഎസ് സൈന്യം വളഞ്ഞിരുന്നു. എന്നാൽ യുഎസ് സൈന്യത്തിന്റെ ഭാഗമായിരുന്ന പരിഭാഷകൻ യഥാർഥത്തിൽ സൈന്യത്തിൽ നുഴഞ്ഞുകയറിയ അൽ-ഖ്വയ്ദ ഏജന്റായിരുന്നുവെന്ന വിവരം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് കിരിയാക്കു പറഞ്ഞു.

ബിൻ ലാദനെയടക്കം വളഞ്ഞ സൈന്യം, അദ്ദേഹത്തോട് മലയിറങ്ങി വന്ന് കീഴടങ്ങാൻ പരിഭാഷകൻ വഴി ആവശ്യപ്പെട്ടു. എന്നാൽ പുലർച്ചെ വരെ സമയം നൽകാമോ എന്ന് പരിഭാഷകൻ വഴി ലാദൻ, സൈന്യത്തോട് ചോദിച്ചു. സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കാനാണെന്നും തുടർന്ന് ഇറങ്ങിവന്ന് കീഴടങ്ങാമെന്നുമായിരുന്നു ലാദന്റെ വാക്കുകൾ. ഇത് അംഗീകരിക്കാൻ പരിഭാഷകൻ ജനറൽ ഫ്രാങ്ക്സിനെ പ്രേരിപ്പിച്ചു. അത് അവരുടെ തന്ത്രമായിരുന്നു. ഒടുവിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീ വേഷം ധരിച്ച് ലാദൻ അന്ന് ഒരു പിക്കപ്പ് ട്രക്കിന്റെ പിന്നിലിരുന്ന് പാകിസ്താനിലേക്ക് രക്ഷപ്പെട്ടുവെന്ന് കിരിയാക്കു വ്യക്തമാക്കി.

പുലർച്ചെയായപ്പോൾ തോറ ബോറയിൽ കീഴടങ്ങാൻ ആരും അവശേഷിച്ചിരുന്നില്ലെന്നും ഇതോടെയാണ് യുഎസ്, പോരാട്ടം പാകിസ്താനിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് 2011 മേയ് മാസത്തിൽ വടക്കൻ പാകിസ്താനിലെ അബോട്ടാബാദിൽ വെച്ച് ഒസാമ ബിൻ ലാദനെ യുഎസ് കണ്ടെത്തി. മെയ് രണ്ടിന് അദ്ദേഹത്തിന്റെ ഒളിസങ്കേതത്തിൽ നടത്തിയ റെയ്ഡിനിടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌പെഷ്യൽ ഫോഴ്സ് അദ്ദേഹത്തെ കൊലപ്പെടുത്തി.