
1999 ജൂലായ് നാല്. നേരം പുലരുന്നതിന് മുമ്പ് തന്നെ ഒരു സൈനിക നടപടിക്ക് തയ്യാറെടുക്കുകയായിരുന്നു ഒരു സംഘം ഇന്ത്യന്‍ സൈനികര്‍. പാക് നുഴഞ്ഞുകയറ്റക്കാര്‍ കൈയടക്കിയ കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിലെ തന്ത്രപ്രധാന മൂന്ന് ബങ്കറുകള്‍ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി ചുമതലപ്പെടുത്തിയ ഘട്ടക് പ്ലാറ്റൂണിന്റെ ഭാഗമായിരുന്നു ഗ്രനേഡിയര്‍ യോഗീന്ദര്‍ സിങ് യാദവ്. 17,000 അടി ഉയരത്തിലുള്ള ടൈഗര്‍ ഹില്ലില്‍ മഞ്ഞുമൂടിയ മലയുടെ മുകളിലായിരുന്നു ബങ്കറുകള്‍. ഇന്ത്യന്‍ സംഘം 16,000 അടി ഉയരത്തിലെത്തി. അപ്പോഴേക്കും തണുപ്പ് കനത്തു. എല്ലാവര്‍ക്കും അവിടേക്ക് കയറാനാകില്ല. ഇതോടെ സ്വയം സന്നദ്ധനായ യോഗീന്ദര്‍ മലകയറാന്‍ ആരംഭിച്ചു. ചെങ്കുത്തായ മഞ്ഞുപാറയില്‍ മഴുവെറിഞ്ഞുറപ്പിച്ച് അതീവദുഷ്‌കരമായ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ച് കയറി മുകളിലെത്തിയ അദ്ദേഹം കൂട്ടാളികള്‍ക്ക് കയറിവരാന്‍ കയര്‍ ഇട്ടു നല്‍കി. ഇതിനിടെ ശുത്രുവിന്റെ കണ്ണില്‍പ്പെട്ടതോടെ കനത്ത ആക്രമണം നേരിടേണ്ടിവന്നു. വെടിവെപ്പില്‍ പ്ലാറ്റൂണ്‍ കമാന്‍ഡറും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടു. യാദവിന് തോളിലും അടിവയറ്റിലുമടക്കം വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റിട്ടും അത് വകവെയ്ക്കായെ ആദ്യത്തെ ബങ്കറിലേക്ക് ഇഴഞ്ഞ് നീങ്ങിയ യാദവ് ഒരു ഗ്രനേഡ് അതിന് നേരെ എറിഞ്ഞു. ഇതോടെ നാല് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടുകയും ശത്രുവിന്റെ തോക്കുകള്‍ നിശബ്ദമാകുകയും ചെയ്തു. പിന്നാലെ മലമുകളിതെത്തിയ ഇന്ത്യന്‍ സംഘം പാക് സൈനികരെ കൊലപ്പെടുത്തി ടൈഗര്‍ ഹില്‍സ് പിടിച്ചടുത്തു. 17 വെടിയുണ്ടകളാണ് അന്ന് യാദവിന്റെ ശരീരത്തില്‍ പതിച്ചത്. പക്ഷേ, അതൊന്നു വകവെയ്ക്കാതെ ടൈഗര്‍ ഹില്‍സ് പിടിച്ചെടുക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരുന്നു ഈ നീക്കം. ടൈഗര്‍ ഹില്ലിലിരുന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ കൃത്യമായി മനസിലാക്കാനും നേരിടാനും പാക് സൈനികര്‍ക്ക് കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ ടൈഗര്‍ ഹില്‍ കീഴടക്കുക എന്നത്, കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു. ഇത് പിടിച്ചെടുത്തത് വഴി ഇന്ത്യന്‍ സൈന്യത്തിന് പാകിസ്താനെ മുട്ടുകുത്തിക്കാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി. കാര്‍ഗില്‍ യുദ്ധവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച സുപ്രധാന നാഴികക്കല്ലായിരുന്നു ടൈഗര്‍ ഹില്‍സ് കീഴടക്കല്‍. ജൂലായ് പതിനൊന്നോടെ പാക് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. പിന്നാലെ മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവില്‍ പാകിസ്താനെ തുരത്തി കാര്‍ഗിലില്‍ സൈന്യം ത്രിവര്‍ണപതാക ഉയര്‍ത്തി വിജയം ഉറപ്പിച്ചു. ജൂലായ് 14-ന് 'ഓപ്പറേഷന്‍ വിജയ്' വിജയിച്ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. 26-ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ നിര്‍ണായകമായ ഒരേടായിരുന്നു കാര്‍ഗില്‍ യുദ്ധം. ആ ഐതിഹാസിക പോരാട്ടവിജയത്തിന് 25 വയസ് തികഞ്ഞു!

കാര്‍ഗില്‍ കീഴടക്കാന്‍ പാകിസ്താന്റെ രഹസ്യപദ്ധതി
1971-ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തിന് ശേഷം ദീര്‍ഘകാലം അതിര്‍ത്തികള്‍ ഏറെക്കുറേ ശാന്തമായിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ സായുധപോരാട്ടങ്ങളൊന്നും ഇക്കാലത്ത് നടന്നിരുന്നില്ല. പക്ഷേ, 1990-കളില്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടായി. കശ്മീരിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു. അവയില്‍ ചിലതിനെ പാകിസ്താന്‍ പിന്തുണച്ചിരുന്നു. 1998-ല്‍ ഇരുരാജ്യങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തിയതോടെ മേഖലയില്‍ പിരിമുറുക്കങ്ങള്‍ വര്‍ധിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമമെന്ന നിലയില്‍ ഉഭയകക്ഷി പരിഹാരം വാഗ്ദാനം ചെയ്തുകൊണ്ട് 1999 ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. പക്ഷേ, അതിന് തൊട്ടുമുമ്പുള്ള ശൈത്യകാലത്ത് തന്നെ പാകിസ്താന്‍ സൈന്യത്തിലെ ചിലര്‍ക്ക് രഹസ്യമായി പരിശീലനം നല്‍കിയിരുന്നു. പിന്നാലെ 1999 മേയ് ആദ്യത്തോടെ പാകിസ്താന്‍ സൈനികരും അര്‍ധസൈനികരും നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ചു. ഇതിന് അവര്‍ 'ഓപ്പറേഷന്‍ ബാദര്‍' എന്ന് രഹസ്യനാമം നല്‍കി. കശ്മീരിനും ലഡാക്കിനും ഇടയിലുള്ള ബന്ധം വിച്ഛേദിക്കുകയും സിയാച്ചിന്‍ ഹിമാനിയില്‍ ഇന്ത്യന്‍ സൈന്യത്തെ ഒറ്റപ്പെടുത്തുകയുമായിരുന്നു പാകിസ്താന്റെ ലക്ഷ്യം. ഇതുവഴി കശ്മീര്‍ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാക്കാനാണ് അവര്‍ ലക്ഷ്യമിട്ടത്. പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് ഭീകരവാദികളുടെ വേഷത്തിലാണ് പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമേഖലകളില്‍ നുഴഞ്ഞുകയറുന്നത്. പ്രധാനമന്ത്രി നവാസ് ഷരീഫ് അറിയാതെയാണ് ജനറല്‍ പര്‍വേസ് മുഷറഫ് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് പില്‍ക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
കൊടുംശൈത്യത്തെത്തുടര്‍ന്ന് ഇന്ത്യ സൈനികരെ പിന്‍വലിച്ച തക്കത്തിലാണ് പാകിസ്താന്‍ ചതി പ്രയോഗം നടത്തിയത്. സമുദ്രനിരപ്പില്‍നിന്ന് 16000 മുതല്‍ 18000 വരെ അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു. പ്രത്യാക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ ഉയരത്തിന്റെ ആനുകൂലത്തില്‍ മുന്‍തൂക്കമുറപ്പാക്കുകയായിരുന്നു ലക്ഷ്യം. ശ്രീനഗറിനെയും ലേയെയും ബന്ധിപ്പിക്കുന്ന ദേശീയപാത വണ്‍ എയ്ക്ക് അഭിമുഖമായുള്ള പ്രദേശത്താണ് വലിയ നുഴഞ്ഞുകയറ്റമുണ്ടായത്. മേയ് മൂന്നിന് കാര്‍ഗില്‍ മലനിരകളില്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് സേനയ്ക്കു വിവരം ലഭിച്ചു. മേഖലയില്‍ അപരിചിതരായ ചിലരെ കണ്ടുവെന്ന് പ്രദേശവാസികളായ ആട്ടിടയന്മാരാണ് കാര്‍ഗില്‍ സെക്ടറിലെ ബാന്‍ജു സൈനിക ഹെഡ്ക്വാട്ടേഴ്‌സില്‍ അറിയിക്കുന്നത്. പിന്നാലെ സേനയുടെ റോന്തുചുറ്റല്‍ സംഘം നിരീക്ഷണം നടത്തി. അടുത്ത ദിവസങ്ങളില്‍, വിപുലമായ നിരീക്ഷണവും വ്യോമനിരീക്ഷണവും സൈന്യം നടത്തി. പാക് അധിനിവേശത്തിന്റെ വ്യാപ്തിയും തയ്യാറെടുപ്പുകളും മനസിലാക്കുകയായിരുന്നു ലക്ഷ്യം. നിയന്ത്രണരേഖയ്ക്ക് ഇപ്പുറത്ത് നിയലുറപ്പിച്ച പാക് സൈനികരെ തുരത്താനുള്ള പദ്ധതി വേഗത്തില്‍ തയ്യാറാക്കി. വേഗത്തിലും പരമാവധി ആള്‍നാശം ഒഴിവാക്കയും ഇത് ഇന്ത്യയ്ക്ക് പൂര്‍ത്തിയാക്കണമായിരുന്നു. ഇതിനിടെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കാര്‍ഗിലിലെ ഇന്ത്യന്‍ വെടിമരുന്ന് സംഭരണികള്‍ തകര്‍ന്നു. പിന്നാലെ കാര്‍ഗില്‍, ദ്രാസ്, ബതാലിക് മേഖലകളില്‍ നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന സ്ഥരീകരിച്ചു. ഇതോടെ ഇന്ത്യ കൂടുതല്‍ സൈനികരെ കാര്‍ഗില്‍ താഴ്‌വരയില്‍ വിന്യസിച്ചു.

പാക് സൈന്യത്തില്‍നിന്ന് പ്രദേശം തിരിച്ചുപിടിക്കുക ദുഷ്‌കരമാണെന്ന് ഇന്ത്യന്‍സേനയ്ക്ക് പെട്ടെന്നുതന്നെ മനസ്സിലായി. മലനിരകളിലെ ഉയര്‍ന്ന പ്രദേശത്ത് അവര്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ ഒന്നിലധികം ദിശകളില്‍ നിന്നുള്ള കനത്ത വെടിവയ്പിനെ പ്രതിരോധിക്കുക അസാധ്യമായിരുന്നു. പര്‍വതപ്രദേശം അവര്‍ക്ക് അനുകൂല സാഹചര്യമൊരുക്കിയിരുന്നതിനാല്‍ മുകളിലേക്ക് ആക്രമണം നടത്തി മുന്നേറുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതോടെ ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ വ്യോമാക്രമണത്തിലൂടെ നേരിടാം എന്ന നിര്‍ദേശമുയര്‍ന്നു. കരസേന ആക്രമണം തുടങ്ങുന്നതിന് മുമ്പ് വ്യോമാക്രമണം എന്ന പദ്ധതി അംഗീകരിക്കപ്പെട്ടു. ശത്രുക്കള്‍ക്കെതിരായ വ്യോമാക്രമണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ മേയ് 25-ന് ഇന്ത്യന്‍ വ്യോമസേന നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വ്യോമാക്രമണം ആരംഭിച്ചു. ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്നതായിരുന്നു ഇതിന് നല്‍കിയ പേര്. പിറ്റേന്ന് വ്യോമസേനയുടെ മിഗ് 27 തകര്‍ന്ന്, ഗ്രൂപ്പ് ക്യാപ്റ്റന്‍ നചികേത പാകിസ്താന്റെ പിടിയിലായി. നിയന്ത്രണരേഖയില്‍ രക്ഷാപ്രവര്‍ത്തനത്തിലായിരുന്ന മിഗ് 21 വിമാനം പാകിസ്താന്‍ വെടിവെച്ചിട്ടു. സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജയക്കമുള്ളവര്‍ കൊല്ലപ്പെട്ടു. മേയ് 28 മിഗ് 17 ഹെലിക്കോപ്റ്റര്‍ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും മരിച്ചു. വ്യോമസേന ഹെലിക്കോപ്റ്ററുകള്‍ പിന്‍വലിച്ചു. മേയ് 31 കാര്‍ഗിലില്‍ 'യുദ്ധസമാന സാഹചര്യ'മെന്ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് പ്രഖ്യാപിച്ചു.
പാകിസ്താനെ തുരത്തിയ ഓപ്പറേഷന്‍ വിജയ്
പാക് സൈന്യം കൈയടക്കിയ പ്രദേശത്ത് നിന്ന് അവരെ ഒഴിപ്പിക്കുകയും തുടര്‍ കൈയേറ്റം നിയന്ത്രിക്കുകയുമായിരുന്നു ഓപ്പറേഷന്‍ വിജയിന്റെ സൈനിക തന്ത്രം. ജൂണ്‍ ഒന്നിന് ദേശീയ പാത ഒന്നില്‍ പാക് സൈന്യം ഷെല്ലാക്രമണം ആരംഭിച്ചു. രണ്ട് ദിവസത്തിന് ശേഷം നചികേതയെ പാകിസ്താന്‍ ഇന്ത്യക്കു കൈമാറി. പിന്നാലെ സംഘര്‍ഷത്തില്‍ പാകിസ്താന്റെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരുന്ന രേഖകള്‍ ഇന്ത്യ പുറത്തുവിട്ടു. മൂന്ന് പാക് സൈനികരില്‍നിന്ന് കണ്ടെടുത്തതായിരുന്നു ഈ രേഖകള്‍. വൈകാതെ കാര്‍ഗിലിലും ദ്രാസിലും ഇന്ത്യന്‍ കരസേനയും വ്യോമസേനയും ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. ജൂണ്‍ ഒന്‍പതിന് ബതാലിക് സെക്‌റിലെ രണ്ട് നിര്‍ണായക സൈനിക പോസ്റ്റുകള്‍ പാക് സൈന്യത്തില്‍നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു. പിറ്റേന്ന് ആറു പട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറി. നുഴഞ്ഞുകയറ്റത്തില്‍ പാകിസ്താന്‍ സൈന്യത്തിന്റെ ഇടപെടലിന്റെ തെളിവായി സൈനിക മേധാവി പര്‍വേസ് മുഷറഫും ലെഫ്റ്റനന്റ് ജനറല്‍ അസീസ് ഖാനും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി വിദേശകാര്യമന്ത്രി ജസ്വന്ത് സിങ്ങും പാകിസ്താന്‍ വിദേശകാര്യമന്ത്രി സര്‍താജ് അസീസും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. നുഴഞ്ഞുകയറ്റക്കാര്‍ ഒഴിഞ്ഞുപോകുമെന്ന് അസീസ് പ്രഖ്യാപിച്ചു. തോലോലിങ് കൊടുമുടി ഇന്ത്യന്‍ സേന പിടിച്ചെടുത്തതോടെ യുദ്ധം വഴിത്തിരിവില്‍ എത്തി. കനത്ത ഷെല്ലാക്രമണത്തിനിടെ പ്രധാനമന്ത്രി വാജ്പേയ് കാര്‍ഗിലില്‍ സന്ദര്‍ശനം നടത്തി. ഇതിനിടെ കാര്‍ഗിലില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനോട് യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ആവശ്യപ്പെട്ടു.
ജൂണ്‍ 20-ന് പോയന്റ് 5140 സൈന്യം പിടിച്ചതോടെ തോലോലിങ്ങില്‍ ഇന്ത്യ പൂര്‍ണവിജയം നേടി. ഇതിനിടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് ജി-8 രാജ്യങ്ങള്‍ പാകിസ്താനോട് ആവശ്യപ്പെട്ടു. ഒപ്പം യു.എസ്. ജനറല്‍ ആന്തണി സിന്നി പാകിസ്താന്‍ സന്ദര്‍ശിക്കുകയും കാര്‍ഗിലില്‍നിന്നു പിന്‍മാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പിന്നാലെ യു.എസ്. പ്രസിഡന്റിന്റെ ദൂതന്‍ ഇന്ത്യയിലെത്തി. ജൂലായ് നാലിന് ഇന്ത്യന്‍ സേന ടൈഗര്‍ ഹില്‍ തിരിച്ചുപിടിച്ചു. 12 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് നിര്‍ണായകപ്രദേശം ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചത്. ഈ പോരാട്ടം ബാറ്റില്‍ ഓഫ് ടൈഗര്‍ ഹില്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇതിനിടെ നവാസ് ഷെരീഫ് വാഷിങ്ടണിലെത്തി ക്ലിന്റണെ കണ്ടു. നുഴഞ്ഞുകയറ്റക്കാരെ പിന്‍വലിച്ച് ചര്‍ച്ചതുടങ്ങാന്‍ ക്ലിന്റണ്‍ നിര്‍ദേശിച്ചു. ഇന്ത്യന്‍ സൈന്യം ദ്രാസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജൂലായ് 11-ന് പാക് നുഴഞ്ഞുകയറ്റക്കാര്‍ കാര്‍ഗിലില്‍നിന്ന് പിന്‍മാറ്റം തുടങ്ങി. ബാടാലിക്കിലെ മലനിരകള്‍ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂര്‍ണ പിന്‍മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു. ഇതിനിടെ പിന്‍മാറ്റം വിശദമാക്കി ഷരീഫിന്റെ പ്രസ്താവന പുറത്തുവന്നു. വാജ്പേയിയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്നും വ്യക്തമാക്കി. ജൂലായ് 14 'ഓപ്പറേഷന്‍ വിജയ്' വിജയിച്ചെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയി പ്രഖ്യാപിച്ചു. പാകിസ്താനുമായി ചര്‍ച്ചയ്ക്ക് ഇന്ത്യ ഉപാധികള്‍വെച്ചു. ജൂലായ് 16-ന് കാര്‍ഗില്‍ യുദ്ധം അവസാനിച്ചു. പാക് സൈന്യത്തെ പൂര്‍ണമായും തുരത്തിയെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ജൂലായ് 26-ന് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഐതിഹാസിക വിജയം
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണ് പിടിച്ചെടുക്കാന്‍ ശ്രമം നടത്തിയ ശത്രുവിനെ തുരത്തി ഐതിഹാസിക വിജയമാണ് ഇന്ത്യ കാര്‍ഗിലില്‍ കുറിച്ചത്. രണ്ടു മാസവും മൂന്നാഴ്ചയും രണ്ടു ദിവസവും നീണ്ടുനിന്നു ആ പോരാട്ടം. കാലാവസ്ഥയും ഭൂപ്രകൃതിയും എതിരുനിന്ന യുദ്ധഭൂമിയില്‍ ആത്മവിശ്വാസവും ധീരതയുംകൊണ്ടാണ് ഇന്ത്യന്‍ സൈന്യം പോരാടി ജയിച്ചത്. ജൂണ്‍ 19-ന് ടോടാലിങ്ങിലെ ആക്രമണം മുതല്‍ ജൂലായ് നാലിന് ടൈഗര്‍ ഹില്‍സ് പടിച്ചെടുക്കുന്നത് വരെ അത് നീണ്ടുനിന്നു. മലനിരകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താല്‍ ഇന്ത്യന്‍ സേനയെ സഹായിച്ചത് കര-വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കങ്ങളാണ്. കടുത്ത വ്യോമാക്രമണത്തില്‍ അവര്‍ക്ക് അടിതെറ്റി. മിഗ് -27, മിഗ് -21, എംഐ -17, മിറാഷ് -2000, മിഗ് 25 എന്നിവയെല്ലാം യുദ്ധത്തില്‍ ഇന്ത്യക്കായി അണിനിരന്നു. ഓപ്പറേഷന്‍ 'സഫേദ് സാഗര്‍' എന്നായിരുന്നു വ്യോമസേനാ ദൗത്യത്തിനുപേര്. നുഴഞ്ഞുകയറിയ പാക് സേനയെ നേരിടാന്‍ കരസേനയിറങ്ങി. 155 എംഎം എഫ്.എച്ച് 77 ബി ബൊഫോഴ്സ് തോക്കുകള്‍, 105 എംഎം ഫീല്‍ഡ് ഗണ്‍, 160 എംഎം മോര്‍ട്ടാര്‍, 122 എംഎം മോര്‍ട്ടാര്‍, ബിഎം 21 ഗ്രാഡ് മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍ എന്നിവയെല്ലാം കരയുദ്ധത്തിനുപയോഗിച്ചു. കാര്‍ഗിലില്‍ കരസേന ഉപയോഗിച്ചത് 2,50,000 ഷെല്ലുകളും ബോംബുകളും റോക്കറ്റുകളുമാണ്. ദിവസവും 300 തോക്കുകളും പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നിറയൊഴിച്ചു. പാക് തുറമുഖങ്ങള്‍ നാവികസേന ഉപരോധിച്ചതോടെ അവര്‍ പ്രതിരോധത്തിലായി. ഒടുവില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ജൂലായ് 14-ന് പ്രഖ്യാപിച്ചു. യുദ്ധം അവസാനിച്ചതായി ജൂലായ് 26-ന് ഔദ്യോഗിക പ്രഖ്യാപനവു.
കാര്‍ഗില്‍ യുദ്ധം ഇരുഭാഗത്തും കാര്യമായ നാശനഷ്ടങ്ങളാണ് വരുത്തിയത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഇരുരാജ്യങ്ങളും പുറത്തുവിട്ട കണക്കുകളില്‍ വലിയ അന്തരമുണ്ട്. പക്ഷേ, യുദ്ധത്തിലെ ആള്‍നാശം വലുതായിരുന്നു. ഇന്ത്യ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍പ്രകാരം രാജ്യത്തിന്റെ 527 ധീരജവാന്മാര്‍ക്കാണ് കാര്‍ഗിലില്‍ ജീവന്‍ നഷ്ടപ്പെട്ടു. 1363 പേര്‍ക്കാണ് പരിക്കേറ്റത്. മറുവശത്ത് പാക് സൈന്യത്തിന്റെ നഷ്ടം നിര്‍ണയിക്കാന്‍ പ്രയാസമാണ്. 737 മുതല്‍ 1200 പേര്‍ പാകിസ്താന്റെ ഭാഗത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യ അവകാശപ്പെട്ടത്. പാക് സൈനികരുടെ 249 മൃതദേഹങ്ങള്‍ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. തങ്ങളുടെ 453 സൈനികരാണ് കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്റെ അവകാശവാദം. പക്ഷേ, പാക് പക്ഷത്ത് പരിക്കേറ്റവരുടെ യഥാര്‍ത്ഥ സംഖ്യസംബന്ധച്ച് സ്ഥിരീകരണമില്ല. 700 ഓളം മരണങ്ങള്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റും കണക്കാക്കിയിരുന്നു. നവാസ് ഷെരീഫ് പുറത്തിവിട്ട കണക്കുകള്‍ പ്രകാരം 4,000-ത്തിലധികം മരണങ്ങള്‍ ഉണ്ടായി. മറ്റൊരു പ്രധാന പാക് രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും 'ആയിരക്കണക്കിന്' മരണമുണ്ടായതാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ കണക്കുകള്‍ പ്രകാരം 1,042 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധത്തിനിടെ ഒരു ഇന്ത്യന്‍ പൈലറ്റാണ് ഔദ്യോഗികമായി പാകിസ്താന്റെ പിടിയിലായത്. അതേസമയം യുദ്ധസമയത്ത് ഇന്ത്യ പിടികൂടിയ പാക് സൈനികരെ മാനുഷിക പരിഗണന നല്‍കി വിട്ടയക്കുകയും 1999 ഓഗസ്റ്റ് 13-ന് പാകിസ്താന് കൈമാറുകയും ചെയ്തു. 1999 ജൂലായ് 26-നാണ് കാര്‍ഗില്‍ യുദ്ധം ഔദ്യോഗികമായി അവസാനിക്കുന്നത്. സൈനികരുടെ ധീരതയെ ആദരിക്കുന്നതിനായി വര്‍ഷം തോറും ഈ ദിനം 'കാര്‍ഗില്‍ വിജയ് ദിവസ്' ആയി ആഘോഷിക്കുന്നു.
References
www.gallantryawards.gov.in/assets/wars
Content Highlights: 25 years of Kargil war Kargil Vijay Diwas Indo-Pakistani wars and conflicts
Published: 25 Jul 2024, 10:35 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented