തിരുവനന്തപുരം: 15-നും 24-നും ഇടയില്‍ പ്രായമായ യുവാക്കളില്‍ എച്ച്ഐവി ബാധ കൂടിവരുകയാണെന്ന ആശങ്കാജനകമായ കണക്കുകളുമായി സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി.
2022-ല്‍ കേരളത്തിലെ ആകെ അണുബാധിതരില്‍ ഒന്‍പതുശതമാനം യുവാക്കളായിരുന്നു. 2023-ല്‍ ഇത് 12 ശതമാനമായി. 2024-ല്‍ 14.2 ആയി. 2025 ഏപ്രില്‍മുതല്‍ ഒക്ടോബര്‍വരെ അണുബാധിതരില്‍ 15.4 ശതമാനം ഈ പ്രായക്കാരാണ്. യുവജനങ്ങളുടെ അശ്രദ്ധമായ ജീവിതരീതിയില്‍ സൊസൈറ്റി മുന്നറിയിപ്പു നല്‍കുന്നുമുണ്ട്.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് കുത്തിവെക്കാന്‍ ഒരേ സിറിഞ്ച് പലരും ഉപയോഗിക്കുന്നത് എന്നിവയാണ് യുവാക്കളെ എച്ച്ഐവി വാഹകരാക്കുന്നത്. ഒറ്റത്തവണ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതുമൂലം അണുബാധിതരായവരും ഒട്ടേറെയാണ്.
ശരിയായ മേല്‍വിലാസമോ ഫോണ്‍ നമ്പറോ ഇല്ലാത്തതിനാല്‍ എച്ച്‌ഐവി ബാധിതരായ അതിഥിത്തൊഴിലാളികളുടെ തുടര്‍ചികിത്സയാണ് മറ്റൊരു വെല്ലുവിളി. അവരുടെ പങ്കാളികളുടെ പരിശോധന, ചികിത്സ എന്നിവയും പ്രായോഗികമാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ 23,608 അണുബാധിതര്‍; മാസംതോറും പുതിയ 100 കേസുകള്‍
സംസ്ഥാനത്ത് നിലവില്‍ 23,608 എച്ച്ഐവി ബാധിതരുണ്ട്. രാജ്യത്ത് ഇത് 25 ലക്ഷമാണ്. 2024-ല്‍ മാത്രം 6300 പേരെ രാജ്യത്ത് കണ്ടെത്തി. സംസ്ഥാനത്ത് 1213. ഒരുമാസം ശരാശരി 100. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍വരെ 818 പേര്‍ക്ക് കണ്ടെത്തി.
2022 ഏപ്രില്‍മുതല്‍ 2025 വരെയുള്ള കണക്കനുസരിച്ച് അണുബാധിതരായ(4,477)വരില്‍ 62.5 ശതമാനം പേര്‍ക്കും ഒന്നിലധികം പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. 24.6 ശതമാനംപേര്‍ക്ക് സ്വവര്‍ഗരതിയിലൂടെയാണ് അണുബാധയുണ്ടായത്. 8.1 ശതമാനത്തിന് സൂചിപങ്കിട്ടുള്ള മയക്കുമരുന്നുപയോഗത്തിലൂടെയും. ഗര്‍ഭകാലത്ത് അമ്മമാരില്‍നിന്ന് പകര്‍ന്നത് 0.9 ശതമാനം ശിശുക്കള്‍ക്ക്. 3.7 ശതമാനത്തിന് അണുബാധയുണ്ടായത് എങ്ങനെയെന്നറിയില്ല.
മൂന്നുവര്‍ഷത്തിനിടെ അണുബാധിതരായവരില്‍ 3393 പേര്‍ പുരുഷന്മാരും 1065 പേര്‍ സ്ത്രീകളും 19 പേര്‍ ട്രാന്‍സ്ജെന്‍ഡറുമാണ്. 90 പേര്‍ ഗര്‍ഭിണികളായിരുന്നു.
എച്ച്ഐവിയും സിഫിലിസും പകരുന്നതു തടയാന്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കാമ്പയിന് തുടക്കംകുറിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഡയറക്ടര്‍ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് പറഞ്ഞു. ഗര്‍ഭിണികളെ ആദ്യമൂന്നുമാസത്തിനുള്ളില്‍ത്തന്നെ എച്ച്ഐവി, സിഫിലിസ് പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പറഞ്ഞു.
Content Highlights: Alarming rise in HIV cases among Kerala`s youth (15-24). Unsafe sexual practices and shared syringes are major drivers. Learn more about prevention.
Published: 30 Nov 2025, 06:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented