ആലപ്പുഴ: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ജില്ല യൂണിറ്റുകളിൽ വൻ അഴിച്ചുപണി. ലോക്കൽ പോലീസിൽനിന്നു 117 പേരെ വിജിലൻസ് യൂണിറ്റുകളിൽ നിയമിച്ചു. സിവിൽ പോലീസ് ഓഫീസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, എ.എസ്.ഐ. എന്നീ തസ്തികയിലാണു നിയമനം. അഞ്ചുവർഷമായി വിജിലൻസിൽ ജോലിചെയ്യുന്നവർ ഇതോടെ ലോക്കൽ പോലീസിലേക്കു തിരിച്ചുപോകണം. ഇതിനു നടപടി ഉടനുണ്ടാകും.

To advertise here,

പരീക്ഷ പാസായി റാങ്കുപട്ടികയിൽ ഉൾപ്പെട്ടിട്ടും ലോക്കൽ പോലീസിൽനിന്നു വിജിലൻസിൽ നിയമനം നൽകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം നിയമനയുത്തരവിറക്കിയത്.

തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേരെ നിയമിച്ചത്- 36. എറണാകുളം- 15, കോഴിക്കോട്- 12, തൃശ്ശൂർ- ഒൻപത്, പത്തനംതിട്ട- എട്ട്, പാലക്കാട്- എട്ട്, കൊല്ലം- ആറ്, കണ്ണൂർ- ആറ്, കോട്ടയം- അഞ്ച്, മലപ്പുറം- നാല്, ആലപ്പുഴ- മൂന്ന്, കാസർകോട്- മൂന്ന്, ഇടുക്കി- ഒന്ന്, വയനാട്- ഒന്ന് എന്നിങ്ങനെയാണ് പുതിയ നിയമനത്തിന്റെ മറ്റു ജില്ലകളിലെ കണക്ക്.

സിവിൽ പോലീസ് ഓഫീസർ മുതൽ ഇൻസ്‌പെക്ടർ വരെയുള്ള തസ്തികകളിൽ വിജിലൻസിൽ മൂന്നുമുതൽ അഞ്ചുവരെ വർഷം മാത്രമേ ജോലി ചെയ്യാനാകൂവെന്നാണു ചട്ടം. അതുകഴിഞ്ഞ് മാതൃവകുപ്പിലേക്കു മടങ്ങണം. എന്നാൽ, അഞ്ചുവർഷം കഴിഞ്ഞിട്ടും ലോക്കൽ പോലീസിലേക്കു മടങ്ങാതെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒട്ടേറെപ്പേർ വിജിലൻസിൽ തുടർന്നു.

ലോക്കൽ പോലീസ് ജോലിയിലെ ബുദ്ധിമുട്ടും അധികസമയ ജോലിയും ഒഴിവാക്കാനായിരുന്നിത്. വിജിലൻസിലെ ജോലിത്തുടർച്ച വിവാദമായതോടെയാണ് നിയമനത്തിനു നടപടിയായത്.

ലോക്കൽ പോലീസിൽനിന്നു നാലായിരത്തിലേറെപ്പേരാണ് വിജിലൻസിലേക്കുള്ള നിയമനത്തിനു പരീക്ഷയെഴുതിയത്. റാങ്കുപട്ടികയിൽ 598 പേരുൾപ്പെട്ടു. ഭാവിയിൽ വരുന്ന ഒഴിവുകളിലേക്കും ഈ പട്ടികയായിരിക്കും പരിഗണിക്കുക.