
ഓർമ്മകൾ ഉണ്ടായിരിക്കണം…. തുടർച്ചയായി മഴ പെയ്യുമ്പോൾ അമ്പൂരി നിവാസികൾ ഇന്ന് ജാഗരൂകരാകും. കാൽനൂറ്റാണ്ട് മുൻപ് തോരാതെ പെയ്ത മഴയ്‌ക്കൊടുവിലെത്തിയ ദുരന്തം അവരെ പഠിപ്പിച്ച പാഠമാണത്. കനത്ത മഴ ഉണ്ടാകുന്ന വേളകളിൽ കുന്നുകളിലും മലയടിവാരത്തിലും താമസിക്കുന്നവർക്ക് ഗ്രാമപ്പഞ്ചായത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും മുന്നറിയിപ്പുകളെത്തും.
കുന്നത്തുമല, കൊണ്ടകെട്ടി, കുരിശുമല, പുറുത്തിപ്പാറ, ദ്രവ്യപ്പാറ, വാഴിച്ചലിനു സമീപം, നെല്ലിക്കാമല തുടങ്ങിയ പ്രദേശനിവാസികളെ ഈ സമയങ്ങളിൽ മാറ്റി താമസിപ്പിക്കാറുണ്ട്. അമ്പൂരി ഉരുൾപൊട്ടൽ ദുരന്തം പാഠമായി മുന്നിലുള്ളപ്പോഴും കുന്നുകളിലെ അശാസ്ത്രീയ നിർമാണവും തട്ടുകളായി തിരിച്ചുള്ള കൃഷിരീതികളും മണ്ണിടിച്ചിലിനു സാധ്യത കൂട്ടുന്നുവെന്ന് ചിലരെങ്കിലും മറന്നുപോകുന്നോ...
കുത്തിയൊലിച്ച മണ്ണിനടിയിൽ നഷ്ടമായത് 39 പേരുടെ ജീവൻ
നെയ്യാറ്റിൻകര: 2001 നവംബർ ഒൻപത് രാത്രി 8.45. തുടർച്ചയായി പെയ്ത മഴയ്ക്കുപിന്നാലെ അമ്പൂരി കുരിശുമലയിലെ അടിവാരത്തിൽ ഉരുൾപൊട്ടി ഒലിച്ചിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ നാലു വീടുകൾ തകർത്ത് അവിടം വലിയ കുന്നായി. അതിനടിയിൽ നാലു വീടുകളിലായി ഉണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ 39 പേരുടെ ജീവൻ ചെളിയും മണ്ണും നിറഞ്ഞ ആ കുന്നിനടിയിൽ പൊലിഞ്ഞു. നടുക്കുന്ന ആ ഓർമ്മകൾക്ക് തിങ്കളാഴ്ച കാൽനൂറ്റാണ്ട് പിന്നിടുന്നു.
അമ്പൂരി, പൂച്ചമുക്കിൽനിന്ന് കുമ്പിച്ചൽക്കടവിലേക്കും കുരിശുമലയിലേക്കും രണ്ട് റോഡുകളുണ്ട്. അതിൽ കുമ്പിച്ചൽക്കടവിലേക്കുള്ള റോഡുവശത്തെ ചിറയ്ക്കൽ തൊട്ടിയിൽ വീട്ടിൽ സി.ഡി. തോമസിന്റെ വീട്ടിലേക്കാണ് കുരിശുമലയിലെ അടിവാരത്തുണ്ടായ ഉരുള് പൊട്ടിയൊലിച്ച് മൺകൂനയായി മൂടിപ്പോയത്. ഇതിൽ ഉരുളിനൊപ്പം ഒലിച്ചിറങ്ങിയത് പൂച്ചമുക്ക്-കുരിശുമല റോഡിലെ അശോകന്റെ വീടാണ്.
ഉരുളും അശോകന്റെ വീടും അവിടത്തെ മണ്ണുമെല്ലാമായി ടൈറ്റസിന്റെയും സീനു പണിക്കർ എന്ന ജോസഫിന്റെയും വീടുകളുമായി തോമസിന്റെ റോഡരികിലെ വീട്ടിൽ പതിക്കുകയായിരുന്നു. അശോകന്റെ വീട്ടിൽ അശോകൻ, ഭാര്യ, മൂന്ന് മക്കൾ, അമ്മ, ചെറിയമ്മ എന്നിവരായി ഏഴുപേരാണുണ്ടായിരുന്നത്. സീനു പണിക്കരുടെ വീട്ടിൽ ഭാര്യ ത്രേസ്യാമ്മയും ടൈറ്റസിന്റെ വീട്ടിൽ ടൈറ്റസ്, ഭാര്യ, രണ്ട് മക്കൾ എന്നിവരും ഉണ്ടായിരുന്നു.
ഉരുൾ ചെന്നുപതിച്ച സി.ഡി.തോമസിന്റെ വീട്ടിൽ തോമസ് ഉൾപ്പെടെ 27 പേരാണുണ്ടായിരുന്നത്. തൊട്ടടുത്തദിവസം തോമസിന്റെ മകൻ ബിനുവിന്റെ ഒത്തുകല്യാണം നടക്കേണ്ടതായിരുന്നു. തോമസിന്റെ ഭാര്യ ലീലാമ്മ, മക്കളായ ബിനു, ബീന, ബിജി, മകൾ ബീനയുടെ ഭർത്താവ് സേവ്യർ, മക്കളായ ലിബിൻ, ലീനു എന്നിവരായി ഏഴുപേർ. ഈ ഒത്തുകല്യാണത്തിനായി എടത്വ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നെത്തിയ 20 പേരാണ് ആ കുത്തിയൊലിച്ചിറങ്ങിയ ചെളിക്കൂനയ്ക്കടിയിൽപ്പെട്ടു മരിച്ചത്.
ദുരന്തത്തിൽ 40 പേർ അകപ്പെട്ടെങ്കിലും ജീവനോടെ മൺകൂനയിൽനിന്നു പുറത്തെടുക്കാനായത് സി.ഡി. തോമസിനെ മാത്രമാണ്. ആദ്യ രണ്ടു ദിവസത്തെ തിരച്ചിലിൽ 38 പേരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ദുരന്തം നടന്ന് രണ്ടുവർഷം കഴിഞ്ഞ് തോമസിന്റെ വീടിനടുത്ത സിറിയക് ജോണിന്റെ പറമ്പ് കിളയ്ക്കുമ്പോഴാണ് അശോകന്റെ ചെറിയമ്മ അമ്മിണിയുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്.
കുരിശുമല അടിവാരത്തെ രണ്ടേക്കറോളം പ്രദേശത്തെ മണ്ണാണ് ഉരുളിനൊപ്പം താഴേക്കു കുത്തൊയൊലിച്ചിറങ്ങിയത്. പൂച്ചമുക്ക്-കുരിശുമല റോഡിന്റെ ഒരുഭാഗവും ഒലിച്ചുപോയി. ദുരന്തത്തിന്റെ നേർസാക്ഷ്യമായി ഈ റോഡ് ചാലായി കുറെമാസം അങ്ങനെ കിടന്നു. പിന്നീടാണ് അത്രയും ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. അമ്പൂരി ഉരുൾപൊട്ടൽ ദുരന്തത്തിന് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും 39 പേരുടെ ജീവനെടുത്ത സംഭവം ഇന്നാട്ടുകാരുടെ മനസ്സിൽനിന്നു മാഞ്ഞുപോകുന്നില്ല. പകരം അമ്പൂരി ദുരന്തം ഇവർക്ക് ഇന്ന് ജീവിതപാഠമായി മാറിയിരിക്കുകയാണ്.
'കൂട്ടയൊച്ച കേട്ടാണ് വീട്ടിൽനിന്ന് ഓടിയിറങ്ങിച്ചെന്നത്. അപ്പോഴേക്കും ഞാൻ പതിവായി നടക്കുന്ന റോഡ് വലിയ ചാലായി മാറിയിരുന്നു. മുകളിലും താഴെയുമായി ഉണ്ടായിരുന്ന വീടുകൾ കാണാനില്ല. പകരം ചെളിക്കുന്ന്. മണ്ണുമാന്തി എത്തിച്ച് തോമസിന്റെ വീട്ടിലും പറമ്പിലുമുള്ള കുന്നിലെ ചെളിയും മണ്ണുമെല്ലാം നീക്കിയപ്പോഴാണ് വീട്ടിലെ സ്ലാബിനും കോൺക്രീറ്റ് തൂണിനുമിടയിലായി തെങ്ങുമറിഞ്ഞുണ്ടായ വിടവിൽ തോമസിനെ കണ്ടത്.' - കുരിശുമല റോഡിൽ താമസിക്കുന്ന ടാപ്പിങ് തൊഴിലാളി 71-കാരൻ പീറ്റർ പറയുന്നു.
തോമസ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ഒറ്റയ്ക്ക്
നെയ്യാറ്റിൻകര: കൊച്ചുമക്കളും മക്കളും ബന്ധുക്കളുമൊത്ത്, അടുത്ത ദിവസം നടക്കുന്ന മകന്റെ ഒത്തുകല്യാണ ചർച്ചയിലായിരുന്നു അമ്പൂരി പൂച്ചമുക്കിലെ ചിറയ്ക്കൽതൊട്ടിയിൽ വീട്ടിൽ സി.ഡി. തോമസ്. തോമസും ഭാര്യ ലീലാമ്മയും മക്കളായ ബിനു, ബീന, ബിജി, മരുമകൻ സേവ്യർ, കൊച്ചുമക്കളായ ലിബിൻ, ലീനു എന്നിവരെക്കൂടാതെ വിവിധയിടങ്ങളിൽ നിന്നെത്തിയ 20 പേരും. അവർ സന്തോഷത്തോടെ കുടുംബകാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വലിയൊരൊച്ചയോടെ തലയ്ക്കു മുകളിലൂടെ ദുരന്തം ഇരച്ചെത്തിയത്.
നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ തോമസിനെമാത്രം ജീവനോടെ പുറത്തെടുത്തു. നിമിഷങ്ങൾക്കുമുമ്പ് സന്തോഷം പങ്കിട്ടിരുന്നവരിൽ ഒരാൾപോലും തനിക്കൊപ്പമില്ലെന്ന് തോമസ് പിന്നീടറിഞ്ഞു. പിന്നെ ദീർഘനാൾ ചികിത്സയിലും തോമസ് തനിച്ചായിരുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും 76-ാം വയസ്സിലും തോമസ് കൂട്ടപ്പൂ കവലയിലെ റബ്ബർ കടയിൽ പ്രകൃതി ബാക്കിവെച്ച ജീവിതവുമായി കഴിയുന്നു.
''2001 നവംബർ പത്തിനാണ് മകൻ ബിനുവിന്റെ ഒത്തുകല്യാണം നിശ്ചയിച്ചത്. അതിനായി തലേന്നുതന്നെ മകൾ ബീനയും മരുമകൻ സേവ്യറും കൊച്ചുമക്കളായ ലിബിനും ലീനും പുണെയിൽനിന്നെത്തി. കാഞ്ഞിരപ്പള്ളിയിലെയും എടത്വായിലെയും ബന്ധുക്കളുമെത്തി. രാത്രി 8.45-ന് ഭക്ഷണം കഴിച്ച് സന്തോഷവർത്തമാനങ്ങളുമായി ഇരിക്കുകയായിരുന്നു ആ വലിയ കുടുംബം.
രണ്ട് ദിവസമായി ഇടയ്ക്കിടെ മഴയുള്ളതിനാൽ ഒത്തുകല്യാണദിവസം മഴയുണ്ടാകുമോയെന്ന ആശങ്ക പറഞ്ഞിരിക്കുമ്പോഴാണ് ഉരുൾ പൊട്ടിയൊലിച്ചെത്തിയത്. നിന്നിടത്തുനിന്ന് ഒന്നനങ്ങുംമുന്പ് മൺകൂന വീടിനെ വിഴുങ്ങി. പിന്നെ കണ്ണ് തുറക്കുമ്പോൾ ആശുപത്രിക്കിടക്കയിലാണ്. ഉരുൾ വീടിന്റെ ഒരുതരിപോലും അവശേഷിപ്പിച്ചില്ല. അന്ന് സർക്കാർ പ്രഖ്യാപിച്ച സഹായധനം ലഭിച്ചതുകാരണം വീട് വെയ്ക്കാനെടുത്ത വായ്പത്തുക തിരിച്ചടയ്ക്കാനായി.
ചികിത്സ കഴിഞ്ഞിറങ്ങിയ ശേഷം ദുരന്തം നടന്ന സ്ഥലത്ത് വീട് പണിതു. ജീവിതമാർഗമായി കൂട്ടപ്പൂ കവലയിൽ റബ്ബർ ഷീറ്റുകൾ വിൽക്കുന്ന കട തുടങ്ങി. പേച്ചിപ്പാറ സ്വദേശിനി മേഴ്‌സിയെ അവശേഷിക്കുന്ന ജീവിതത്തിൽ കൂട്ടായി ചേർത്തു. തിങ്കളാഴ്ച ദുരന്തത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർഥിക്കണം'' - തോമസ് പറയുന്നു.
ആ കാഴ്ചയിൽ തറച്ചുനിൽക്കുന്നു ജോസഫിന്റെ ജീവിതം
കോട്ടയം വെണ്ണിക്കുളത്ത് റബ്ബർ നഴ്‌സറിയിൽ പതിവുജോലിയിലായിരുന്നു ശ്രീനു പണിക്കർ. പെട്ടെന്നാണ് നാട്ടിൽനിന്ന് ഫോൺ വന്നത്, പെട്ടെന്ന് വണ്ടികയറണം. പിന്നാലെ ഫോൺ കട്ടായി. കൈയിൽകിട്ടിയതുമെടുത്ത് തിരുവനന്തപുരത്തേക്കു വണ്ടികയറി.
അവിടെയെത്തിയപ്പോൾ അമ്പൂരിയിലേക്കു നിറയെ ബസുകൾ കിടക്കുന്നു, അമ്പൂരി തട്ടാൻമുക്കിലെത്തിയപ്പോൾ പോലീസ് ബസ് തടഞ്ഞു. അങ്ങോട്ടിനി പോകാനാവില്ല. റോഡു നിറയെ വാഹനങ്ങളും ജനക്കൂട്ടവും. അവിടെനിന്നു കഷ്ടിച്ച് മറ്റൊരു വാഹനത്തിൽ പഞ്ചായത്തോഫീസിനു കുറച്ചകലെയെത്തി.
അവിടെനിന്നു നടന്ന് വീട്ടിലേക്ക് എത്തിയപ്പോൾ കണ്ടത് നെഞ്ചുപിളരും കാഴ്ച. വീടും ചേർന്നുള്ള പെട്ടിക്കടയും അവിടെയില്ല. പകരം മണ്ണും പാറക്കഷണങ്ങളും കൂടിക്കിടക്കുന്നു. മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് അവ നീക്കുന്നു. അമ്മയെവിടെയെന്ന് മകനോട് ചോദിച്ചപ്പോൾ അവിടെയുണ്ടെന്ന് മറുപടി.
പള്ളിയങ്കണത്തിൽ പോയി നോക്കിയപ്പോൾ കണ്ടത് തന്റെ പ്രിയതമ ത്രേസ്യാമ്മയുടെ മൂടിപ്പൊതിഞ്ഞുകിടത്തിയ ചേതനയറ്റ ശരീരം. ശ്രീനു പണിക്കരെന്ന ജോസഫിന്റെ ജീവിതം ഇപ്പോഴും ആ ദാരുണ കാഴ്ചയിൽ തറച്ചുനിൽക്കുകയാണ്.
ഭാര്യ ത്രേസ്യാമ്മയും രണ്ടുമക്കളും ഉൾപ്പെട്ടതായിരുന്നു ജോസഫിന്റെ കുടുംബം. വിവാഹം കഴിഞ്ഞ മകൾ മക്കളോടൊപ്പം ഭർതൃവീട്ടിലും മകൻ ടാപ്പിങ് പണികൾക്കായി മറ്റൊരിടത്തുമായിരുന്നു. കൂട്ടപ്പൂ സ്വദേശിയുടെ കോട്ടയം വെണ്ണിക്കുളത്തിനു സമീപത്തുള്ള റബ്ബർ നഴ്‌സറിയിലാണ് ജോസഫ് പണി ചെയ്തിരുന്നത്. ദുരന്തസമയത്ത് ത്രേസ്യാമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട് നശിച്ചതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് കണ്ടെത്തിനൽകിയ കൂട്ടപ്പൂ അമ്മത കോളനിയിലെ മൂന്നര സെന്റിൽ വ്യാപാരിവ്യവസായി ഏകോപനസമിതി നിർമിച്ചുനൽകിയ വീട്ടിലാണ് ജോസഫ് ഇപ്പോൾ താമസിക്കുന്നത്. ശിഷ്ടകാല പങ്കാളിയായി ആനി ലെറ്റ് വസന്തകുമാരി ജോസഫിന്റെ ജീവിതത്തിലെത്തി. വീടിരിക്കുന്ന വസ്തുവിന് ഒരു വർഷത്തിനു മുൻപാണ് പട്ടയം ലഭിച്ചത്. സർക്കാരിൽനിന്നു ലഭിക്കുന്ന ക്ഷേമപെൻഷൻ മാത്രമാണ് ഈ രണ്ടംഗ കുടുംബത്തിന്റെ ആശ്രയം.
Content Highlights: In Neyyattinkara, on November 9, 2001, a landslide in Amburi Kurishumala resulted in the tragic loss of 39 lives, including children, as four houses were buried under mud and debris. The landslide affected multiple families, with only C.D. Thomas surviving from his household, which was preparing for his son's wedding the next day; 38 bodies were recovered in the initial search, with one more found two years later. Despite the passage of 25 years, the memory of the disaster remains vivid for the locals, serving as a life lesson, while Thomas continues to live with the memories, having rebuilt his life and started a rubber sheet business.
Published: 09 Nov 2026, 07:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented