തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ ദാതാവിൽനിന്ന് വൃക്ക സ്വീകരിച്ച ശ്രേയ എന്ന 10 വയസ്സുകാരി ആശുപത്രിവിട്ടു. അപകടത്തിൽ മരിച്ച 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ രണ്ടു വൃക്കകളും ശ്രേയയ്ക്കു നൽകുകയായിരുന്നു. ശ്രേയയ്ക്ക് വൃക്കകൾ തകരാറിലായി എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ഹീമോ ഡയാലിസിസ് നടത്തിവരുകയായിരുന്നു.

To advertise here,

മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ, ഡോ. ടോണി, പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ. സൂസൻ ഉതുപ്പ്, ഡോ. രാഗി കൃഷ്ണൻ, ഡോ. സി.ആർ.രാധിക, ഡോ. ക്രിസ്റ്റി കാതറിൻ തോമസ്, പീഡിയാട്രിക് സർജറിവിഭാഗം മേധാവി ഡോ. ശിവകുമാർ, ഡോ. സുരേഷ് കുമാർ, ഡോ. അൻസാർ, ഡോ. നൈജി എന്നിവരടങ്ങിയ സംഘമാണ് പന്ത്രണ്ടുമണിക്കൂറിലധികം സമയമെടുത്ത് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, കെസോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ബിന്ദു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി.ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രണ്ടു വൃക്കകളും ഒന്നിച്ച് കുട്ടിക്ക്‌ മാറ്റിവെക്കുന്ന ശസ്ത്രക്രിയ അതിസങ്കീർണമാണ്. ജനുവരിയിലാണ് എസ്.എ.ടി.യിൽ ആദ്യമായി 16 കിലോഗ്രാം മാത്രം ഭാരമുള്ള സാൻ മരിയ എന്ന കുട്ടിക്ക്‌ വൃക്ക മാറ്റിവെച്ചത്. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ശ്രേയയ്ക്ക് വൃക്കകൾ മാറ്റിവെച്ചത്.

സംസ്ഥാന സർക്കാരിന്റെ ചികിത്സാസഹായ പദ്ധതികളിൽ ഉൾപ്പെടുത്തി ഈ രണ്ടു കുട്ടികൾക്കും പൂർണമായും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.