ഇരിട്ടി: കാട്ടുകൊമ്പന്‍ കള്ളുചെത്തുതൊഴിലാളിയെ അരമണിക്കൂറിലധികം തെങ്ങിന്റെ മുകളില്‍ ഇരുത്തി. അരിശം തീര്‍ക്കാന്‍ പാഞ്ഞടുത്ത കൊമ്പന്‍ ഒടുവില്‍ തോറ്റുപിന്‍മാറിയപ്പോള്‍ കള്ളുചെത്തുതൊഴിലാളിക്ക് ഇത് രണ്ടാംജന്മം. ആറളംഫാമിലെ കള്ളുചെത്തുതൊഴിലാളി മുണ്ടയാംപറമ്പിലെ വി.കെ. രാഘവന്‍ (50) ആണ് കാട്ടുക്കൊമ്പന് മുന്നില്‍ മരണം മുന്നില്‍ക്കണ്ട് അരമണിക്കൂര്‍ നേരം ഒളിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആറളംഫാമിലായിരുന്നു സംഭവം.

To advertise here,

ഫാമിലെ ചെത്തുതൊഴിലാളിയായ രാഘവന്‍ ആനയെ നിരീക്ഷിച്ചശേഷമാണ് തെങ്ങിന്‍തോപ്പിലെത്തിയത്. ആദ്യത്തെ തെങ്ങില്‍ കയറി കള്ള് ശേഖരിച്ച് ഇറങ്ങി. സമീപത്തെ തെങ്ങിലേക്ക് കയറി. തിരിച്ച് പാതി ഇറക്കത്തിനിടയില്‍ കാട്ടില്‍ അനക്കമില്ലാതെ മറഞ്ഞുനിന്ന കൊമ്പന്‍ രാഘവന്‍ കയറിയ തെങ്ങിന്‍ചുവട്ടിലേക്ക് പാഞ്ഞടുത്തു. വെപ്രാളപ്പെട്ട് തെങ്ങിന്റെ മുകളിലേക്ക് തിരിച്ചുകയറി. തിരിച്ചിറങ്ങുന്നതും കാത്ത് ആന തെങ്ങിന്‍ചുവട്ടിലും ഭയത്തോടെ രാഘവന്‍ തെങ്ങിന്റെ മുകളിലും.

സമീപത്തെ തെങ്ങിലുണ്ടായിരുന്ന ചെത്തുതൊഴിലാളികളായ ബിനീഷും ബിജിത്തിനുമൊപ്പം രാഘവനും ഒച്ചവെച്ചതോടെ ആന തെങ്ങിന്റെ ചുവട്ടില്‍നിന്ന് അല്പം മുന്നോട്ട് ഓടിയെങ്കിലും വീണ്ടും തിരിച്ചെത്തി. ഇതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ സമീപത്തെ തൊഴിലാളികളുടെ ഷെഡില്‍നിന്ന് പടക്കമെത്തിച്ച് ആന നിന്ന ഭാഗത്തേക്ക് എറിഞ്ഞു. രണ്ടുമൂന്ന് പടക്കം വലിയ ശബ്ദത്തില്‍ പൊട്ടിയതോടെ ആന പതുക്കെ തെങ്ങിന്‍ചുവട്ടില്‍നിന്ന് കാട്ടിലേക്ക് മറയുകയായിരുന്നുവെന്ന് രാഘവന്‍ പറഞ്ഞു. മുന്‍പും രാഘവന്‍ കാട്ടാനയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. ഫാമില്‍ നൂറുകണക്കിന് തെങ്ങുകളാണ് കാട്ടാനകള്‍ കുത്തിവീഴ്ത്തിയത്. രണ്ടുവര്‍ഷം മുന്‍പ് പട്ടാന്നൂര്‍ സ്വദേശിയായ കള്ളുചെത്ത് തൊഴിലാളി റിജേഷിനെ ഫാമില്‍ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.

കാട്ടാന ഫാമിലെ തൂക്കുവേലി തകര്‍ത്തു

ആറളംഫാമില്‍ കാട്ടാനയുടെ പരാക്രമം തുടരുകയാണ്. ഫാമിന്റെ അധീനതയിലുള്ള ഭൂമിയിലെ കൃഷി സംരക്ഷിക്കാന്‍ ബ്ലോക്കടിസ്ഥാനത്തില്‍ തൂക്കുവേലി കെട്ടി സംരക്ഷിക്കാനുള്ള ശ്രമവും ഫലം കാണുന്നില്ല. ഫാം സ്‌കൂളിന് സമീപം കാട്ടാന തൂക്കുവേലി തകര്‍ത്ത് കൃഷിയിടത്തിലേക്ക് പ്രവേശിച്ചു. 13-ഓളം ആനകള്‍ കൃഷിയിടത്തിലേക്ക്് പ്രവേശിച്ചിട്ടുണ്ടെന്നാണ് ഫാമില്‍ കള്ളുചെത്ത് തൊഴിലാളികള്‍ പറയുന്നത്. കഴിഞ്ഞ രാത്രിയാണ് ആനകള്‍ കൂട്ടമായി എത്തി തൂക്കുവേലിക്ക് സമീപത്തെ ചെറിയ കശുമാവ് വേലിക്ക് മുകളിലേക്ക് ചവിട്ടിവീഴ്ത്തി വേലി തകര്‍ത്തത്.

ഇതിലൂടെയാണ് കൃഷിയിടത്തില്‍നിന്നും പുറത്താക്കിയ ആനകള്‍ വീണ്ടും തിരികെ പ്രവേശിച്ചത്. കൃഷിയിടത്തില്‍ 30-ലധികം ആനകളെങ്കിലുമുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഫാമില്‍നിന്ന് തുരത്തുന്ന ആനകള്‍ പുനരധിവാസമേഖലയിലേക്കാണ് എത്തുന്നത്.

ഇതിനെതിരേ പുനരധിവാസമേഖലയിലുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ആനകളെ ഫാമില്‍നിന്നും പുനരധിവാസ മേഖലയില്‍നിന്നും പൂര്‍ണമായും തുരത്താതെ ലക്ഷങ്ങള്‍ മുടക്കി തൂക്കുവേലി നിര്‍മിച്ചതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകുന്നില്ല.