'കാസര്‍കോടെന്താ കേരളത്തിലല്ലേ'; എന്തിനീ സ്ത്രീയെ നിങ്ങള്‍ പട്ടിണിക്കിടുന്നു?


വിഷ്ണു കോട്ടാങ്ങല്‍ 

ദയബായി സമരത്തിൽ | Photo: NL Vishnu| Mathrubhumi

കാസര്‍കോട് എന്ന ജില്ല കേരളത്തിലേ അല്ലെന്ന സമീപനമാണ് ഭരണാധികാരികള്‍ക്കെന്നത് എല്ലാക്കാലത്തും ഉയരുന്ന ആരോപണമാണ്. അതില്‍ തരിമ്പും വാസ്തവമില്ലെന്ന് പറയാനുമാകില്ല. കാസര്‍കോട് എന്നു പറയുമ്പോള്‍ ഏറെപ്പേരുടെയും മനസ്സിലേക്ക് കടന്നുവരുന്നത് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീവ്രതയാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ഇരകള്‍ക്കുവേണ്ടി തിരുവവനന്തപുരത്ത് ഒരാള്‍ തെരുവില്‍ സമരത്തിലാണ്. ദയാബായി എന്നാണ് അവരുടെ പേര്. കേരളത്തിനോ ലോകത്തിനു തന്നെയോ ഒട്ടും അപരിചതയല്ല അവര്‍.

സമരത്തിന്റെയും സഹനത്തിന്റെയും കനലുകള്‍ താണ്ടി ഇങ്ങ് മലയാളനാടിന്റെ തലസ്ഥാനത്തെത്തി ദയാബായി എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് വേണ്ടി സമരത്തിലാണ്. ആ സമരത്തിന് ഒറ്റ മുഖമേയുള്ളു, അവരുടേത് മാത്രം. മഴയും വെയിലും കൊണ്ട് വാടുന്ന രാഷ്ട്രീയക്കാരെപ്പോലെയല്ല ദയാബായിയെന്ന് അവരെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ സമരത്തിനോട് ഭരണകൂടം മുഖം തിരിച്ചിരിക്കുന്നതെന്തിനാണ്?സമരം 12 ദിനരാത്രങ്ങള്‍ കടന്നുപോയി. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനുമൊക്കെ എത്തി സമരത്തിന് പിന്തുണ അറിയിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിര്‍ദ്ദേശ പട്ടികയില്‍ കാസര്‍കോട് ജില്ലയുടെ പേരും ചേര്‍ക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.

ദയാബായിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സന്ദര്‍ശിച്ചപ്പോള്‍ | Photo: Special arrangement

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി നിരവധി സമരങ്ങള്‍ നാളിതുവരെ അരങ്ങേറി. അന്നൊക്കെയും ഉറപ്പുകള്‍ നല്‍കി ഇരകളെ പറ്റിക്കുന്ന സമീപനമാണ് മാറിമാറിവന്ന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന യാഥാര്‍ഥ്യം പകല്‍പോലെ തെളിഞ്ഞുനില്‍ക്കുന്നിടത്താണ് ദയാബായി സമരം തുടങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റുകളില്‍ തളിക്കാന്‍ കൊണ്ടുവന്ന വിഷം തലമുറകളെ ബാധിക്കുന്ന അവസ്ഥയിലേക്കു പോയിട്ടും അവരെ അവഗണിക്കുന്ന സമീപം മാറിമാറിവന്ന സര്‍ക്കാരുകളുടെ മുഖമുദ്രയാണ്.

കാസര്‍കോട്ടെ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ചികിത്സിക്കാന്‍ ഒരുസൗകര്യവുമില്ല. ഓങ്കോളജി, ന്യൂറോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റി ചികിത്സകള്‍ വേണ്ടവരാണ് ദിരിതബാധിതര്‍. ഒരുപാട് നാള്‍ സമരം ചെയ്തിട്ടാണ് ന്യൂറോളജി വിഭാഗം അനുവദിച്ചുകിട്ടിയത്. പക്ഷെ, അത് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമല്ല. ഇത്രയും നാളായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരും സമരത്തിനോട് പ്രതികരിച്ചിട്ടില്ല. ആരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. കാസര്‍കോടിനോടുള്ള അതേ സമീപനം തന്നെയാണ് സമരത്തിനോടുമുള്ളത്- ദയാബായി

2006-ല്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് 50,000 രൂപവീതം സര്‍ക്കാര്‍ വിതരണം ചെയ്യുകയുണ്ടായി. എന്‍ഡോസള്‍ഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവര്‍ക്ക് ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും നല്‍കുന്നതിനും സര്‍ക്കാര്‍ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്‍ഡൊസള്‍ഫാന്‍ ദുരന്ത ബാധിതര്‍ക്ക് ഉറപ്പും നല്‍കി.

മാത്രമല്ല, അന്ന് ആരോഗ്യമന്ത്രിയായിരുന്ന പി.കെ. ശ്രീമതിയാണ് കാസര്‍കോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതരായവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതും. അന്ന് പറഞ്ഞതൊക്കെ യാഥാര്‍ഥ്യമായിരുന്നെങ്കില്‍ വീണ്ടുമൊരു ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് ദയാബായിക്ക് തെരുവില്‍ സമരം നടത്തേണ്ടിവരില്ലായിരുന്നു.

Photo: NL Vishnu\ Mathrubhumi

ഇത് എഴുതുമ്പോള്‍, നിരാഹാരസമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായി മൂന്നാം തവണയും ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും ആശുപത്രിയില്‍നിന്ന് തിരികെ വന്ന് ദയാബായി സമരം തുടര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഇല്ല. കാസര്‍കോട് ജില്ലയില്‍ ഒരു സംവിധാനവും ഇല്ല, ആ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമരത്തിനോട് മുഖം തിരിക്കുന്നതെന്തിനെന്നാണ് ചോദ്യം. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ടാറ്റയുടെ സഹായത്തോടെ കാസര്‍കോട് നിര്‍മിച്ച താത്കാലിക ആശുപത്രി വിപുലപ്പെടുത്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായകമാകുന്ന ആശുപത്രി സജ്ജമാക്കികൂടേയെന്ന എന്ന ചോദ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. അപ്പോള്‍ എയിംസ് കൊണ്ടുവരാന്‍ കാസര്‍കോടിനെയും പരിഗണിക്കണമെന്ന ആവശ്യത്തോട് എങ്ങനെ രാഷ്ട്രീയക്കാര്‍ പ്രതികരിക്കുമെന്നതില്‍ സംശയമൊന്നും വേണ്ട.

ചുരുങ്ങിയപക്ഷം, സമരത്തോട് പ്രതികരിക്കാനുള്ള സന്മനസ്സ് സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്താത്തത് അപമാനകരം തന്നെയാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നത് ഓര്‍മിക്കേണ്ടതാണ്. അത് മറന്നുപോകാതിരിക്കട്ടെ. ജനങ്ങളോടുള്ള വാക്കുപാലിക്കുക എന്നത് ജനാധിപത്യത്തിന്‍റെ ഭാഗമാണ്. അതുപോലും ചെയ്യാത്തവരോട് എന്ത് പറയാന്‍.

Content Highlights: why government is not intervening to end dayabayi protest for endosulfan victims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented