
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കപാത നിർമാണം താത്കാലികമായി നിർത്തിവെച്ചു. ദുരന്തത്തെപ്പറ്റി ഇരട്ട അന്വേഷണവും പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചശേഷമേ നിർമാണം പുനരാരംഭിക്കൂ.
ദുരന്തവുമായി ബന്ധപ്പെട്ട് സാങ്കേതികവും നിയമപരവുമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കൂടാതെ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ 50 ഇന മാർഗനിർദേശങ്ങൾ നിർമാണക്കരാറേറ്റെടുത്ത കമ്പനി പാലിച്ചോയെന്ന കാര്യവും പ്രത്യേകം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസി, സമയപരിധി എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതവരുത്തിയിട്ടില്ല.
ദുരന്തസ്ഥലത്തിനു തൊട്ടുമുകളിൽ ഉരുൾപൊട്ടലുണ്ടായെന്ന് പറയുന്നുണ്ട്. ഇതും അന്വേഷണപരിധിയിൽ പെടുത്തും. പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല എൻജിനിയറിങ് വിഭാഗം സാങ്കേതികകാര്യങ്ങൾ പരിശോധിക്കും.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നൽകും. പരിക്കേറ്റവർക്ക് സൗജന്യ വിദഗ്ധ ചികിത്സയും ഉറപ്പാക്കും. കാണാതായവർക്കായി ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൺകൂന ഇടിഞ്ഞതല്ല - കമ്പനി
നിർമാണജോലികളുടെ ഭാഗമായി സംഭരിച്ച മണ്ണ് ഇടിഞ്ഞതല്ലെന്നും വനഭൂമിയിൽ ഉരുൾപൊട്ടിയതാണെന്നുമുള്ള വിശദീകരണവുമായി നിർമാണക്കരാർ ഏറ്റെടുത്ത ദിലീപ് ബിൽഡ്കോൺ ലിമിറ്റഡും കൊങ്കൺ റെയിൽവേ അധികൃതരും. നിർമാണ ഭൂമിയിലല്ല ഉരുൾപൊട്ടിയത്. തുരങ്കപാതാ നിർമാണത്തിന്റെ ഭാഗമായുള്ള സംരക്ഷണഭിത്തികൾ ഉള്ളതിനാലാണ് മണ്ണിടിച്ചിലിന്റെ ആഘാതം കുറഞ്ഞത്. പ്രവൃത്തിയുടെ ഭാഗമായി സംഭരിച്ച മണ്ണ് ടാർപോളിൻകൊണ്ടുമൂടി സുരക്ഷിതമാക്കിയതാണ് -കന്പനി ജനറൽ മാനേജർ സെബാസ്റ്റ്യനും കൊങ്കൺ റെയിൽവേ പ്രതിനിധിയും വ്യക്തമാക്കി.
Content Highlights: Wayanad tunnel construction temporarily suspended, Dual investigation announced into the Kalladi landslide, Government to probe environmental compliance and technical safety, Compensation of 5 Lakhs announced for victims' families, Construction firm denies responsibility for the landslide
Published: 09 Jul 2026, 05:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented