വയനാട്: ഉരുൾപൊട്ടലിൽ ജീവിതം തകർന്ന മുണ്ടക്കൈ, ചൂരൽമല നിവാസികൾക്കായി സംസ്ഥാന സർക്കാർ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാർ നൽകിയ വാക്ക് പാലിച്ചുവെന്ന് മുഖ്യമന്ത്രി ഈ ചടങ്ങിൽ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി 178 കുടുംബങ്ങൾ പുതിയ സ്‌നേഹവീടുകളിലേക്ക് മാറി. ദുരന്തം തകർത്തെറിഞ്ഞ ഒരു നാടിനെ വീണ്ടും പടുത്തുയർത്തുന്ന 'ദി റിയൽ കേരള സ്റ്റോറി'യാണിതെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

To advertise here,

വാഗ്ദാനം ചെയ്ത സഹായങ്ങളിൽ നിന്ന് ആരെങ്കിലും പിൻവാങ്ങിയാലും ബാക്കിയുള്ള വീടുകളുടെ നിർമാണം മുടങ്ങില്ലെന്നും പദ്ധതി പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇതിനോടകം നിർമാണം പൂർത്തിയായ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമായിക്കഴിഞ്ഞു. കൂടാതെ, ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ ആദിവാസി കുടുംബങ്ങൾക്കായി പുതിയ സ്ഥലത്ത് ഭൂമിയുടെ പട്ടയം നൽകുന്ന കാര്യവും മുഖ്യമന്ത്രി പരാമർശിച്ചു. വയനാടിനെ ചേർത്തുപിടിക്കുമെന്നും ആരും ഒറ്റയ്ക്കല്ലെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.

വിവിധ സംസ്ഥാന സർക്കാരുകളും വ്യക്തികളും നൽകിയ സംഭാവനകൾ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് അതിജീവനത്തിന് വലിയ കരുത്തായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉദ്ഘാടനപ്രസംഗത്തിനുശേഷം ദുരന്തബാധിതർക്ക് മുഖ്യമന്ത്രി വീടുകളുടെ പട്ടയം വിതരണം ചെയ്തു. ദുരന്തത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾക്കാണ് ആദ്യം പട്ടയം കൈമാറിയത്. കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനെക്‌സ് ബ്ലോക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.