
പട്ടാമ്പി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ തോറ്റത് എസ്.ഐ.ആർ. കാരണമാണെന്ന സി.ജെ.പി. നേതാവ് അഭിജിത് ദീപ്‌കെയുടെ പരാമർശത്തെ തള്ളി സാമൂഹികമാധ്യമത്തിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിന്റെ കുറിപ്പ്. ‘ഓവറാക്കി ചളമാക്കരുത് എന്ന് ഈ ടൈപ്പ് ഈയാംപാറ്റകളോട് പറയേണ്ടിവരുന്നത് ഇതൊക്കെ കാണുമ്പോഴാണ്’ എന്നാണ് കുറിപ്പിൽ പറയുന്നത്.
“കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ അടപടലം തോറ്റതെങ്ങനെയാണെന്ന് പിണറായി വിജയന്റെ സ്വന്തം പാർട്ടി ബ്രാഞ്ചുമുതൽ സംസ്ഥാനതലംവരെ വിശദമായി ചർച്ചചെയ്ത് കണ്ടെത്തിയിട്ടുണ്ട്. അവർക്ക് സംഭവിച്ച തെറ്റുകൾ കുറെയൊക്കെ അവർതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഏതാണ്ടൊക്കെയോ തെറ്റുതിരുത്തലുകളും അവർതന്നെ നടത്തുന്നുണ്ടെന്ന് പറയപ്പെടുന്നു. അപ്പോഴാണ് ഇന്നലെവരെ അമേരിക്കയിലായിരുന്ന ഇദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തങ്ങൾ” -വി.ടി. ബൽറാം പറഞ്ഞു.
കേരളത്തിൽ എസ്.ഐ.ആർ. നടന്ന സമയത്ത് പിണറായി വിജയന്റെ പാർട്ടിയായിരുന്നു അധികാരത്തിൽ. അന്നത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർമുതലുള്ള ഉദ്യോഗസ്ഥരെല്ലാം പിണറായിസർക്കാർ പ്രത്യേകം തിരഞ്ഞുപിടിച്ച് നിയോഗിച്ചവരുമായിരുന്നു. അന്നത്തെ പ്രതിപക്ഷമായിരുന്നു പല വീഴ്ചകളും ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷത്തിന്റെ നിതാന്തജാഗ്രതയിലും നിരന്തര ഇടപെടലിലുമായിരുന്നു കേരളത്തിലെ എസ്.ഐ.ആർ. താരതമ്യേനെ ഭേദപ്പെട്ട രീതിയിൽ പൂർത്തീകരിച്ചത്. അതിന്റെ ഗുണമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ചതെന്നും വി.ടി. ബൽറാം പറയുന്നു.
പത്തുവർഷത്തെ ദുർഭരണത്തിൽ പൊറുതിമുട്ടിയ കേരളജനതയാണ് പിണറായി വിജയനെയും പാർട്ടിയെയും 2021-നുശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ആവർത്തിച്ച് തോൽപ്പിച്ചത്. അതൊന്നും വേറെ ഏതെങ്കിലും കണക്കിൽ കൊണ്ടുവന്ന് കെട്ടാൻ ഒരു പാറ്റപ്പാർട്ടിയും വൃഥാശ്രമം നടത്തേണ്ടെന്നും ബൽറാം പറഞ്ഞു.
Content Highlights: VT Balram dismissed CJP leader Abhijit Deepke's claim regarding Pinarayi Vijayan's election defeat., Balram stated that the defeat was a result of ten years of misrule, not SIR., UDF benefited from the opposition's vigilance during the SIR process in Kerala.
Published: 10 Oct 2026, 08:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented