തിരുവനന്തപുരം: ഓഫീസ് വിവാദത്തിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ് ആണ് അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്. 871 രൂപ മാസവാടയുള്ള കെട്ടിടത്തിലാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതെന്നും എന്നാൽ, ഓഫീസിനായി ഇതിൽ കൂടുതൽ തുക നിയമസഭയിൽനിന്ന് കൈപ്പറ്റിവരുന്നതായുമാണ് പരാതിയിൽ പറയുന്നത്.

To advertise here,

ഹെൽത്ത് ഇൻസ്‌പെക്ടർ കാര്യാലയം പ്രവർത്തിക്കുന്ന തിരുവനന്തപുരം കോർപ്പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തിലാണ് വി.കെ. പ്രശാന്തിന്റെ എംഎൽഎ ഓഫീസും പ്രവർത്തിക്കുന്നത്. ഇതിന്റെ വാടകയായി മാസംതോറും കോർപ്പറേഷനിൽ അടയ്ക്കുന്നത് 871 രൂപയാണ്. അതിനാൽ, പ്രസ്തുത തുകയിൽ കൂടുതൽ കെട്ടിടവാടകയായി കാണിച്ച് നിയമസഭയിൽനിന്ന് തുക കൈപ്പറ്റുന്നത് കുറ്റകരമാണെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ പലയിനങ്ങളിലായി നൽകുന്ന അലവൻസുകൾ ഒരുമിച്ചുചേർത്ത് ന്യായീകരിക്കാനാണ് എംഎൽഎയുടെ ശ്രമമെന്നും പരാതിക്കാരൻ ആരോപിച്ചു.

ഓഫീസ് കെട്ടിടത്തിന് ചെറിയതുക വാടകയായി നൽകുകയും ഇതേപേരിൽ വലിയതുക നിയമസഭയിൽനിന്ന് കൈപ്പറ്റുകയുംചെയ്യുന്നത് നിയമവിരുദ്ധവും സർക്കാരിന് നഷ്ടമുണ്ടാക്കുന്ന പ്രവൃത്തിയുമാണെന്നും അഡ്വ. കുളത്തൂർ ജയങ്‌സിങ് ചൂണ്ടിക്കാട്ടി.