
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതന്റെ അംഗത്വം റദ്ദാകാതിരിക്കാൻ അവധി അപേക്ഷയുമായി ഭരണപക്ഷം. അതിനെ എതിരിടാനുറച്ച് പ്രതിപക്ഷവും. വെള്ളിയാഴ്ചചേരുന്ന തിരുവനന്തപുരം കോർപ്പറേഷന്റെ നിർണായക കൗൺസിൽ യോഗം സുഗതൻ വിഷയത്തിൽ കലുഷിതമാകും. അസാധാരണ സാഹചര്യത്തെ കോർപ്പറേഷൻ എങ്ങനെ നേരിടുമെന്ന് ഉറ്റുനോക്കുകയാണ് തലസ്ഥാനനഗരം.
വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ അവധി അപേക്ഷ മേയർ വി.വി.രാജേഷ് കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഈ അപേക്ഷയെ ശക്തിയുക്തം എതിർക്കാൻ എൽ.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. അപേക്ഷ വോട്ടിനിടണമെന്നും ആവശ്യപ്പെട്ടേക്കും. ഇത് പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത കാരണത്താൽ, മുനിസിപ്പൽ ആക്ട് പ്രകാരം സുഗതന്റെ കൗൺസിലർ സ്ഥാനം അയോഗ്യമാകുമെന്നാണ് കരുതുന്നത്.
വോട്ടിങ്ങിലേക്കു നീങ്ങിയാൽ കേവലഭൂരിപക്ഷം മാത്രമുള്ള ബി.ജെ.പി. ഭരണസമിതി പ്രതിരോധത്തിലാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുള്ള ബി.ജെ.പി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ഭരിക്കുന്നത്. യു.ഡി.എഫിന് 20-ഉം എൽ.ഡി.എഫിന് 29 സീറ്റുമാണുള്ളത്. പൗണ്ടുകടവ് വാർഡിൽ യു.ഡി.എഫ്. വിമതനായി മത്സരിച്ചുജയിച്ച അംഗത്തിന്റെ വോട്ട് ആ ഘട്ടത്തിൽ നിർണായകമാവും. എല്ലാ കൗൺസിലർമാരും വെള്ളിയാഴ്ചത്തെ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ബി.ജെ.പി. കർശനനിർദേശം നൽകിയിട്ടുണ്ട്. ഭരണപക്ഷത്തെ ഏതെങ്കിലും വോട്ട് അസാധുവായാലോ ആരെങ്കിലും വിട്ടുനിന്നാലോ ഭരണസമിതി അനിശ്ചിത്വത്തിലാകും.
ജയിലിൽ കഴിയുന്ന സുഗതൻ തനിക്ക് യോഗത്തിൽ പങ്കെടുക്കാനാകില്ലെന്നും അവധി നൽകണമെന്നും ആവശ്യപ്പെട്ട് ആഴ്ചകൾക്കുമുൻപേ മേയർക്ക് അപേക്ഷ നൽകിയിരുന്നു. ഇതിൽ നിയമോപദേശം തേടുകയും മുന്നോട്ടുപോകാൻ ഉപദേശം ലഭിക്കുകയും ചെയ്തതോടെയാണ് ബി.ജെ.പി. അവധി അപേക്ഷ കൗൺസിലിൽ എത്തിക്കാൻ തീരുമാനിച്ചത്. മേയർക്ക് കാരണം കാണിച്ച് കത്തുകൊടുത്താൽ മുനിസിപ്പൽ ആക്ട് പ്രകാരം ആറുമാസംവരെ കൗൺസിലിൽനിന്ന് വിട്ടുനിൽക്കാൻ അനുവാദം ലഭിക്കും. എന്നാൽ, ആരോഗ്യപ്രശ്‌നങ്ങൾക്കും മറ്റുമാണ് ഈ പരിഗണന ലഭിക്കുക.കാപ്പാ കേസിൽ ജയിലിൽ കഴിയുന്നയാൾക്ക് ഇത്തരത്തിൽ അവധി ഒരുകാരണവശാലും അനുവദിക്കാനാകില്ല എന്നാണ് എൽ.ഡി.എഫും യു.ഡി.എഫും ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Critical Thiruvananthapuram Corporation council meeting scheduled to address Councilor Sugathan's membership., Sugathan is currently in jail under the KAAPA act, risking disqualification for missing three consecutive meetings., Ruling BJP party seeks to approve a leave application to prevent disqualification., Opposition (LDF and UDF) is united in opposing the leave request, potentially triggering a vote., The thin majority of the BJP makes the council's stability dependent on this vote.
Published: 31 Jul 2026, 09:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented