ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്ന് തോമസ് ഐസക് ഇന്നലെ പ്രതികരിച്ചിരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിദേശനിക്ഷേപ വിഷയത്തിൽ നിലപാട് മാറ്റി സിപിഐഎം മുഖപത്രമായ 'ദേശാഭിമാനി'. വിഴിഞ്ഞത്ത് വിദേശനിക്ഷേപം എത്തുന്നത് എൽഡിഎഫ് സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ വിജയമാണെന്നായിരുന്നു ബുധനാഴ്ച ദേശാഭിമാനി അവകാശപ്പെട്ടിരുന്നത്. എന്നാൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിഴിഞ്ഞത്തെ ഇടപാടിൽ ആശങ്കയുണ്ടെന്ന് ദേശാഭിമാനി പറയുന്നു. ഓഹരി കൈമാറ്റത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ യുടേൺ.
വിഴിഞ്ഞത്തെ ഓഹരികൈമാറ്റം എൽഡിഎഫ് നേട്ടമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ദേശാഭിമാനി നിലപാടെടുത്തത്. യുഡിഎഫ് സർക്കാർ ഒപ്പിട്ട കാരാറിൽ വിഴിഞ്ഞം പദ്ധതി 2045ൽ പൂർണമാക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ എൽഡിഎഫ് സർക്കാരാണ് കരാറിലെ വ്യവസ്ഥ മാറ്റി പദ്ധതി പൂർത്തീകരണം 17 വർഷം നേരത്തേയാക്കി 2028ൽ പൂർത്തിയാക്കാൻ വ്യവസ്ഥയാക്കിയത്. സംസ്ഥാന സർക്കാരിന് വരുമാനം പങ്കിടൽ നേരത്തെയാക്കി. അതിന് സഹായമാകുന്നതാണ് വിദേശനിക്ഷേപ ധാരണയെന്ന് ആദ്യം ദേശാഭിമാനി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഷയത്തിൽ ആശങ്ക ഉന്നയിച്ചതോടെ ദേശാഭിമാനി മലക്കം മറിഞ്ഞു.
കൺസഷൻ കരാറിന് വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് നടപടിയിൽ ആശങ്കയെന്നാണ് ഇന്നത്തെ വാർത്ത. കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം. എന്നാൽ, ഈ വ്യവസ്ഥ മറികടന്നാണ് അദാനി ഗ്രൂപ്പ്, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്സിക്ക് ഓഹരി വിൽക്കാൻ ശ്രമിക്കുന്നത്. വിൽപ്പന യാഥാർഥ്യമാകുന്നതോടെ തുറമുഖം പൂർണമായി എംഎസ്സിയുടെ കുത്തകയിലേക്ക് മാറുമെന്നായി വിലയിരുത്തപ്പെടുമെന്നും ദേശാഭിമാനിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു.
‘തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ നിലനിർത്തിയാലേ നാടിന് നേട്ടമുണ്ടാകൂ. ഇത് കാരണമാണ് നിശ്ചയിച്ചതിനേക്കാൾ ഏറെ മുമ്പ് തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ മുൻകയ്യെടുത്തത്. നിർമാണം വേഗം പൂർത്തിയായതാണ് ആഗോള ഷിപ്പിങ് കമ്പനികളെ വിഴിഞ്ഞത്തേക്ക് ആകർഷിച്ചത്. മറ്റ് ഷിപ്പിങ് കമ്പനികൾക്കുകൂടി തുറമുഖത്തിന്റെ സൗകര്യം ലഭിച്ചില്ലെങ്കിൽ മത്സരധിഷ്ഠിത സാഹചര്യം ഇല്ലാതാകും. ഒരു ഷിപ്പിങ് കമ്പനിയുടെ കുത്തകയായാൽ സംസ്ഥാന താൽപര്യവും ഹനിക്കപ്പെടും. വിഴിഞ്ഞം വഴി കേരളത്തിൽ നടപ്പാക്കേണ്ട വികസനവും തടസപ്പെടും. തുറമുഖത്തിന്റെ നേട്ടം ആരിലേക്ക് പോകുമെന്ന ആശങ്കയും ഉയരുന്നുണ്ടെന്ന് വാർത്തയിൽ പറയുന്നു.
വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തിന് തെറ്റിദ്ധാരണ ഉണ്ടായെന്നും അത് തിരുത്തുമെന്നും സി.പി.എം നേതാവ് തോമസ് ഐസക് ഇന്നലെ പ്രതികരിച്ചിരുന്നു. 13000 കോടി രൂപ നിക്ഷേപമായി കേരളത്തിലെ പശ്ചാത്തല വികസനത്തിന് ലഭിക്കുകയാണെന്ന് തെറ്റിദ്ധരിച്ചു. അതുകൊണ്ട് സംഭവിച്ച തെറ്റാണെന്നും അത് തിരുത്തിക്കോളുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Content Highlights: Deshabhimani reversed its positive stance on Vizhinjam foreign investment after Pinarayi Vijayan raised concerns., Adani Group's attempt to transfer 49% stake to MSC violates the concession agreement requiring state approval for transfers above 25%., Concerns exist that the port may fall under a single company's monopoly, impacting state interests and competitive pricing., Thomas Isaac admitted the newspaper's initial support was based on a misunderstanding of the investment structure.
Published: 02 Jul 2026, 11:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented