
തിരുവനന്തപുരം: മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയുടെ 36 വർഷത്തെ സർവീസിനിടയിൽ ഉയർന്നത് കുപ്രസിദ്ധവും അപൂർവവുമായ ആരോപണങ്ങൾ. ഇടത് അനുഭാവിയായ തച്ചങ്കരി പിണറായി വിജയന്റെ അടുത്ത അനുയായി ആയാണ് പോലീസിലും പാർട്ടിയിലും അറിയപ്പെട്ടത്.
അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയായിരുന്നപ്പോൾ വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തിനെതിരേ കർശനനടപടികളും എടുത്തിരുന്നു. ഒരു ഘട്ടത്തിൽ അച്യുതാനന്ദനും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും തമ്മിൽ തച്ചങ്കരിയുടെ പേരിൽ പരസ്യമായി ഏറ്റുമുട്ടുകയും ചെയ്തു.
വിദേശയാത്രയിൽ ഉടക്കി സ്ഥാനമോഹം പൊലിഞ്ഞു
വി.എസ്. സർക്കാരിന്റെ കാലത്തായിരുന്നു തച്ചങ്കരിയുടെ ഏറ്റവും വിവാദ വിദേശ യാത്ര. കണ്ണൂർ റെയ്‌ഞ്ച് ഐ.ജി. ആയിരിക്കേ 2010-ൽ നടത്തിയ യാത്രയിൽ ഗൾഫിൽ അനഭിമതരുടെ ആതിഥ്യം സ്വീകരിച്ചു. യാത്രച്ചെലവുകളെ സംബന്ധിച്ചും ആരോപണങ്ങളുയർന്നു. ഇന്ത്യൻ അംബാസിഡർ കേന്ദ്രസർക്കാരിന് കത്തയക്കുകയും എൻ.ഐ.എ. അന്വേഷണംവരെ എത്തുകയും ചെയ്തു. ഈ കേസിൽ രണ്ടുവർഷത്തോളം സസ്പെൻഷനിലുമായി.
ഈ വിവാദമാണ് പോലീസ് മേധാവി സ്ഥാനത്തേക്കുള്ള തച്ചങ്കരിയുടെ മോഹത്തിന് തടയിട്ടത്. തിരിച്ചെടുത്ത്് ദിവസങ്ങൾക്കുള്ളിൽ 2013-ൽ മാർക്കറ്റ് ഫെഡ് എം.ഡി.യായിരിക്കേ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ വിജിലൻസ് ആന്റികറപ്ഷൻ ബ്യൂറോയ്ക്ക് അനുമതി നൽകി.
അനധികൃത വിദേശയാത്രകളും 75 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദനവും വിദേശത്തുനിന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തെന്നുമായിരുന്നു വിജിലൻസ് കേസ്. 2002-ൽ അനുമതിയില്ലാതെ സിങ്കപ്പൂരിൽ പോയതിനും താക്കീത് ലഭിച്ചു.
വ്യാജ സി.ഡി. കേസിലും റെയ്ഡ്
2006-ലാണ് ടോമിൻ തച്ചങ്കരിയുടെ ഭാര്യയുടെ പേരിൽ കൊച്ചിയിലെ റിയാൻ സ്റ്റുഡിയോയിൽ അന്നത്തെ ആന്റി പൈറസി സെൽ തലവൻ ഐ.ജി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. വ്യാജ സി.ഡി.കൾ തയ്യാറാക്കി വിതരണം ചെയ്തെന്നായിരുന്നു ആരോപണം.
ഇടുക്കി ചിന്നക്കനാലിലെ തച്ചങ്കരി ഫൗണ്ടേഷന്റെ പേരിൽ അനധികൃത ഭൂമി െെകയേറ്റം കണ്ടെത്തിയതായിരുന്നു മറ്റൊരു വിവാദം. 15 ഏക്കർ സർക്കാർ ഭൂമി അനധികൃതമായി കൈവശം വെച്ചെന്നായിരുന്നു ആരോപണം.
ടി.പി. സെൻകുമാർ പോലീസ് മേധാവിയായെത്തിയപ്പോൾ പോലീസിന്റ നിയന്ത്രണം പിടിക്കാൻ ആദ്യ പിണറായി സർക്കാർ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യായി ടോമിൻ തച്ചങ്കരിയെ കൊണ്ടുവന്നു. ഇത് ഇരുവരും തമ്മിലുള്ള തുടർച്ചയായ ഏറ്റുമുട്ടിലിനും വഴിെവച്ചു.
2016-ൽ ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കേ ആർ.ടി.ഒ. ഓഫീസുകളിൽ ജന്മദിനം ആഘോഷിച്ചതും ഹെൽെമറ്റ് വെക്കാത്ത ഇരുചക്രവാഹനയാത്രക്കാർക്ക് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പമ്പുകളിൽനിന്ന് പെട്രോൾ നൽകരുതെന്ന ഉത്തരവും വിവാദമായി.
വിരമിച്ച ശേഷം ഔദ്യോഗികചിഹ്നം പതിച്ച വാഹനത്തിൽ യാത്രചെയ്തതാണ് അവസാനവിവാദം. ഇതിന് 250 രൂപ പിഴ ശിക്ഷയും ലഭിച്ചു.
Content Highlights: Tomin J. Thachankary, a former DGP known for his controversial career, faced allegations of illegal foreign trips and asset accumulation, leading to suspension and legal actions. His involvement in various controversies, including unauthorized foreign travel, illegal land acquisition, and a fake CD case, hindered his aspirations for higher police positions.
Published: 18 Sept 2026, 09:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented