തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ ഓഗസ്റ്റ് 18 മുതൽ ആരംഭിക്കും. ഇതോടെ ട്രാൻഷിപ്മെന്റ് തുറമുഖത്തിൽനിന്ന് സമ്പൂർണ അന്താരാഷ്ട്ര ചരക്കുകവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് 'മിഷൻ സമുദ്ര' ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും.
ആഗോള ഷിപ്പിങ് കമ്പനികൾ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, കയറ്റുമതിക്കാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം മിഷൻ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.
കേരള സർക്കാർ-അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിൽ വികസിപ്പിച്ച വിഴിഞ്ഞം തുറമുഖം ലോകത്തെ അതിവേഗം വളരുന്ന കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി മാറിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനം ആരംഭിച്ച് 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു. കണ്ടെയ്നർ കൈകാര്യംചെയ്യുകയും ലോകത്തെ ഏറ്റവും വലിയ മദർഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചിട്ടുണ്ട്.
സർക്കാരിന്റെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി എക്സിം സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ വിഴിഞ്ഞം സമ്പൂർണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും. ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വർധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.
എക്സിം പ്രവർത്തനങ്ങളുടെ തുടക്കം സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ മിഷൻ സമുദ്രയുടെ സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണ മേഖല, ഉൾനാടൻ ജലഗതാഗതം, മൾട്ടിമോഡൽ കണക്റ്റിവിറ്റി എന്നിവയെ സമന്വയിപ്പിച്ച് രാജ്യത്തെ പ്രമുഖ മാരിടൈം - ലോജിസ്റ്റിക്സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷൻ സമുദ്രയുടെ ലക്ഷ്യം.
ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂർണ ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിങ് കമ്പനികൾക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതും പൊതുഉപയോഗത്തിനുള്ളതുമായ തുറമുഖമായി പ്രവർത്തനം തുടരും. ഇതിലൂടെ ആഗോള മാരിടൈം വ്യാപാരരംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടും.
Published: 18 Jul 2026, 12:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented