വിഴിഞ്ഞം: വിഴിഞ്ഞത്തെ അസ്‌മാക്‌ റസ്റ്ററന്റിൽനിന്ന് കടൽവിഭവങ്ങൾ കഴിച്ച് അവശനിലയിലായവരിൽ പ്രകടമാകുന്നത്‌ ഒരേ ലക്ഷണങ്ങളാണെന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വാഴമുട്ടം സ്വദേശിയും തൃക്കാക്കര ജയിലിലെ വീവിങ് ഇൻസ്‌പെക്ടറുമായ എസ്. അരുൺരാജിന്റെ (39) നില ഗുരുതരമായി തുടരുന്നു. ഈ ആശുപത്രിയിൽ കടൽവിഭവങ്ങൾ കഴിച്ച മറ്റ് രണ്ടുപേരും ചികിത്സയിലുണ്ടെന്നാണ്‌ വിവരം. നിലവിൽ വെന്റിലേറ്ററിൽ തുടരുന്ന അരുൺരാജിനെ അക്യൂട്ട് ഐ.സി.യുവിലേക്ക് മാറ്റുമെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചു.

To advertise here,

അരുൺരാജിനൊപ്പം ഭാര്യ പൂജാ ദിലീപ്, അഞ്ചുവയസ്സുള്ള മകൻ അയാൻ അരുൺ, ബന്ധുവായ പത്തു വയസ്സുകാരി ദിയാ ഗിരീഷ് എന്നിവരും ഭക്ഷണം കഴിച്ചിരുന്നു. സാധാരണ കൊഞ്ചും കണവയുമാണ് പുജ കഴിച്ചിരുന്നത്. കുട്ടികൾ പുട്ടും മീൻകറിയുമായിരുന്നു കഴിച്ചത്. ഇവർക്കൊന്നും ശാരീരിക ബുദ്ധിമുട്ടുണ്ടായില്ല.

നിലമേൽ സ്വദേശികളായ രണ്ടുപേർ മരിച്ചത് കൂടാതെ എട്ടോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഇത്തരം ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. നടക്കാൻ ബുദ്ധിമുട്ട്‌, ശ്വാസകോശങ്ങളുടെ മസിലുകൾക്ക് ശക്തിക്ഷയം, ഇരട്ടക്കാഴ്ച തുടങ്ങിയ ലക്ഷണങ്ങളാണ് വിഷാംശമുള്ള മീൻമുട്ടയടക്കമുള്ള കടൽവിഭവങ്ങൾ കഴിച്ചാലുണ്ടാകുക. ന്യൂറോ പോയിസിങ്ങിന് സമാനമായ ലക്ഷണങ്ങളാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. വിഴിഞ്ഞത്തെ അസ്‌മാക്ക് റസ്റ്ററന്റിൽനിന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഏഴുമുതൽ പുലർച്ചെ രണ്ടുവരെ ഭക്ഷണം കഴിച്ചവരാണ് അവശനിലയിലായത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയയും മകൾ ആർച്ചയും ശനിയാഴ്ച ഡിസ്ചാർജ് ചോദിച്ചു വാങ്ങിപ്പോയി. ചൂഴമ്പാല സ്വദേശി റിട്ട. എസ്‌.ഐ. മധുസൂദനനും രണ്ടു സുഹൃത്തുക്കളും വിഴിഞ്ഞത്തെ അസ്‌മാക്കിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവരിൽ മധുസൂദനന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്‌ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.