വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് മീൻപിടിത്തത്തിനുപോയ മത്സ്യത്തൊഴിലാളികളുടെ വള്ളം ശക്തമായ തിരയിൽപ്പെട്ട് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. പുല്ലുവിള പഴയതുറ പുരയിടം സ്വദേശി പി.ആന്റണി (53) ആണ് മരിച്ചത്. പുല്ലുവിള കിണറ്റടിവിളാകം പുരയിടത്തിൽ സ്റ്റെല്ലസിനെ (48) ആണ് കാണാതായത്.

To advertise here,

ഇയാൾക്കായി കോസ്റ്റ്‌ ഗാർഡും കോസ്റ്റൽ പോലീസും തിരച്ചിൽ നടത്തുകയാണ്. പൂവാർ കടലിൽനിന്ന് വെള്ളിയാഴ്ച രാവിലെ 10-ഓടെയാണ് കോസ്റ്റൽ പോലീസ് ആന്റണിയുടെ മൃതദേഹം കണ്ടെടുത്തത്.

വ്യാഴാഴ്ച രാത്രി 11-ഓടെ വിഴിഞ്ഞം തീരത്തുനിന്ന് നാലു നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വലവീശാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട് ഇവരുടെ വള്ളം മറിഞ്ഞ് അഞ്ചുപേരും കടലിൽ വീഴുകയായിരുന്നു. എല്ലാവരും പല ദിക്കുകളിലേക്കു നീന്തിയെങ്കിലും ആന്റണിയും സ്‌റ്റെല്ലസും കടലിൽ താഴ്‌ന്നു പോകുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി മുത്തപ്പൻ (48), പുതിയതുറ കൊച്ചുപള്ളിക്കു സമീപം പുഷ്പദാസൻ (65), തമിഴ്‌നാട് സ്വദേശി രജിൻ (42) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. വിഴിഞ്ഞം സ്വദേശി സാമന്റെ ‘അനു’ എന്ന വള്ളത്തിൽ മീൻപിടിത്തത്തിനു പോയതാണ് ഇവർ.

കടലിൽ വീണവരിൽ മുത്തപ്പനും പുഷ്പദാസനും രജിനും കര ലക്ഷ്യമാക്കി നീന്തി. മുത്തപ്പൻ വെള്ളിയാഴ്ച രാവിലെയോടെ അടിമലത്തുറയിലും പുഷ്പദാസൻ പുല്ലുവിള തീരത്തും നീന്തിക്കയറി. ഇവരിൽ രജിൻ കപ്പലുകൾ തുറമുഖത്തിന്റെ ബെർത്തിലേക്ക് എത്തുന്നതിനായി കടലിൽ സ്ഥാപിച്ചിട്ടുള്ള ബോയകളിലൊരെണ്ണത്തിൽ പിടിച്ചുനിന്നു. മറ്റുവള്ളക്കാരെത്തിയാണ് രജിനെ രക്ഷിച്ചത്.

ആന്റണിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി. മരിച്ച ആന്റണിയുടെ ഭാര്യ പുഷ്പ ലില്ലി. മക്കൾ: ബിജു, സുജി, അജിത്. കാണാതായ സ്റ്റെല്ലസിന്റെ ഭാര്യ ഡെയ്‌സി. മക്കൾ: സ്റ്റെജി, ഡിനോയി, ഡിക്‌സൺ. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.

രക്ഷതേടി കരയിലെത്താൻ അവർ നീന്തിയത് മൂന്നര മണിക്കൂർ

വിഴിഞ്ഞം: ആഞ്ഞടിച്ച തിരമാലകളിൽനിന്ന് അവർ മൂന്നുപേരും രക്ഷയുടെ കരങ്ങൾ തേടി നീന്തിയത് മൂന്നു മണിക്കൂർ. വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ നീന്തി രക്ഷപ്പെട്ടവരാണ് ആഴങ്ങളിൽ ആണ്ടുപോകാതെ ഭാഗ്യവശാൽ വിവിധ തീരങ്ങളിൽ വെള്ളിയാഴ്ച പുലർച്ചയോടെ എത്തപ്പെട്ടത്. പുതിയതുറയ്ക്കു സമീപം കൊച്ചുപള്ളി സ്വദേശി പുഷ്പദാസൻ(65), സുഹൃത്തും കോട്ടപ്പുറം സ്വദേശിയുമായ മുത്തപ്പൻ(48) തമിഴ്‌നാട്ടുകാരനായ രജിൻ(42) എന്നിവരാണ് രക്ഷപ്പെട്ടത്.

വ്യാഴാഴ്ച രാത്രി 11-ഓടെയായിരുന്നു അപകടം. വള്ളം മറിഞ്ഞ് താഴ്ന്നുപോയെങ്കിലും നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന് പുഷ്പദാസൻ പറഞ്ഞു. കരയെത്തുമെന്നു പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് മുത്തപ്പൻ പറഞ്ഞു. സർവശക്തിയുമെടുത്ത് കരയിലെ പൊട്ടുപോലുള്ള അടയാളങ്ങൾ ലക്ഷ്യംെവച്ചാണ് നീന്തിയത്.

നീന്തി അവശനിലയിലായ രജിൻ തുറമുഖത്തിനടുത്ത് കടലിൽ സ്ഥാപിച്ചിരുന്ന ബോയകളിൽ പിടിച്ചുകിടന്നു. മറ്റു വള്ളക്കാർ കണ്ടതിനെത്തുടർന്നാണ് രജിന് ജീവൻ തിരികെക്കിട്ടിയത്.