കൊല്ലം: ശക്തമായ തിരയിൽപ്പെട്ട് നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്ണ (47)ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണൻ്റെ മകൻ ഗൗതം കൃഷ്ണ(26)യെ കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവൻ (76) അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.

To advertise here,

വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. ഗൗതംകൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന വള്ളമാണ് മുങ്ങിയത്. വ്യാഴാഴ്ച രാവിലെ പുത്തൻതുറയിൽനിന്ന് 14 പേരുമായാണ് വള്ളം മീൻപിടിത്തത്തിനായി പുറപ്പെട്ടത്. നീണ്ടകര അഴിമുഖത്തെത്തിയപ്പോൾ ഉയർന്നുപൊങ്ങിയ വലിയ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു.

തൊട്ടുമുന്നിൽപ്പോയ വള്ളങ്ങളിലുണ്ടായിരുന്നവർ ഉടൻതന്നെ തിരിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി. വള്ളത്തിലുണ്ടായിരുന്ന മറുനാടൻതൊഴിലാളികൾ ഉൾപ്പെടെ 11 പേരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. തുടർന്ന് ഇവരെ മറ്റ് വള്ളങ്ങളിൽകയറ്റി കരയ്ക്കെത്തിച്ചു. വള്ളത്തിലേക്കു കയറ്റുമ്പോൾത്തന്നെ രാജീവൻ മരിച്ചിരുന്നു.